ധിഷണയും പ്രതിബദ്ധതയും ഒന്നിച്ചൊഴുകുമ്പോള്‍…

By |March 25th, 2012|മലയാളം, ലേഖനങ്ങള്‍|0 Comments

ഡോ. ടി.ടി ശ്രീകുമാര്‍ 2012 മാര്‍ച്ചില്‍ നാലാമിടത്തില്‍ പ്രസിദ്ധീകരിച്ചതു് ലോകത്തെ മാറ്റാന്‍ അദ്ധ്യാപകര്‍ക്കു കഴിയുന്ന ഒരേയൊരു സ്ഥലം ക്ളാസ് മുറി മാത്രമാണെന്ന് എന്നോട് പറഞ്ഞത് സന്ദര്‍ഭവശാല്‍ എന്റേയും അദ്ധ്യാപിക കൂടിയായിട്ടുള്ള പ്രശസ്ത ചിന്തകയും അക്കാദമിക് പണ്ഡിതയുമായ ഗായത്രി സ്പിവാക് ചക്രവര്‍ത്തി ആണ്. ഇങ്ങനെ ലോകത്തെ മാറ്റാനുള്ള ഒരിടം കൂടിയാണ് ക്ളാസ്സ്മുറി എന്നറിയുന്ന അദ്ധ്യാപകരുണ്ടാവുക എന്നതാണ് പ്രധാനം. എത്ര പരിമിതമായ ഒരിടപെടലിന്റെ സാദ്ധ്യതയെക്കുറിച്ചാണ് താന്‍ പറയുന്നതെന്ന ഉത്തമബോധ്യത്തോടെയാണ് പ്രൊഫ. സ്പിവാക് അതു പറഞ്ഞതെന്ന് എനിക്കറിയാം. എങ്കിലും തങ്ങള്‍ നില്‍ക്കുന്ന ക്ളാസ് മുറിക്ക് ഇത്തരം രാഷ്ട്രീയതലം ഉണ്ടെന്ന് മനസ്സിലാക്കുകയും അതിന്റെ എല്ലാ ഗൌരവത്തോടെയും അത് ഉള്‍ക്കൊണ്ട് അദ്ധ്യാപനത്തിലേര്‍പ്പെടുകയും ചെയ്യുക എന്നത് കനത്ത ഒരു വെല്ലുവിളിയാണ്. അദ്ധ്യാപകരെന്നാല്‍ നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥ, സ്വന്തം ശമ്പളക്കാരായി വ്യവസ്ഥയുടെ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കാന്‍ നിയമിക്കപ്പെട്ടവരാണെന്നും ഒറ്റപ്പെട്ട അദ്ധ്യാപകര്‍ എന്തു ചെയ്തിട്ടും കാര്യമില്ല, ഈ പൊതുധര്‍മ്മത്തിന്റെ പ്രഹരശേഷി കുറയ്ക്കാന്‍ അത്തരം ഇടപെടലുകള്‍ക്ക് കഴിയില്ല എന്നും അല്‍ത്തൂസര്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ഒരു സവിശേഷ ചട്ടക്കൂടില്‍ നിന്നു നോക്കുമ്പോള്‍ ഇതു ശരിയാണെന്ന് തോന്നാം. എന്നാല്‍ ക്ളാസ്സ്മുറിയിക്കും അതിന്റേതായ ഒരു സജീവതയുണ്ട്. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേരുന്ന ഒരു വിനിമയ സാകല്യത്തിന്റെ സാധ്യതകളെ അത് പൂര്‍ണ്ണമായും മനസ്സിലാക്കുന്നില്ല. […]