അവസാനത്തെ പാര്‍ട്ടിയും കാലഹരണപ്പെടുമ്പോള്‍

By |April 20th, 2012|മലയാളം, ലേഖനങ്ങള്‍|0 Comments

ഡോ.ടി.ടി. ശ്രീകുമാര്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ ഏപ്രില്‍ 9 ലക്കത്തില്‍ പ്രസിദ്ധീകരിച്ചതു് ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് സി.പി.എം പുറത്തിറക്കിയ കരട് പ്രത്യയശാസ്ത്ര രേഖയില്‍ പൊതുസമൂഹത്തിന് താല്‍പര്യമുള്ള ചില കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നുണ്ട്. ഇത്തരമൊരു രേഖ ഇതിന് മുമ്പ് സി.പി.എം പ്രസിദ്ധീകരിച്ചിരുന്നത് ഇരുപതു കൊല്ലം മുമ്പാണ്. രണ്ടു ദശാബ്ദക്കാലത്തെ ഇടവേളക്കുശേഷം അവതരിപ്പിച്ചിരിക്കുന്ന പുതിയ പ്രത്യയശാസ്ത്രരേഖ പരിശോധിക്കുമ്പോള്‍ ചില സുപ്രധാന വസ്തുതകള്‍ അതിന്‍െറ പശ്ചാത്തലം എന്ന നിലയില്‍ ഊന്നിപ്പറയേണ്ടതുണ്ട്. ഒന്ന്, കഴിഞ്ഞ ഇരുപതു കൊല്ലത്തിനിടയില്‍ ഒരു പാര്‍ട്ടി എന്ന നിലയില്‍ പാര്‍ലമെന്‍റിനകത്തും പുറത്തും സി.പി.എം ഒരു പ്രധാന രാഷ്ട്രീയശക്തി അല്ലാതായി എന്നുള്ളതാണ്. അഖിലേന്ത്യാ രാഷ്ട്രീയത്തില്‍ പ്രായേണ പാര്‍ശ്വവത്കരിക്കപ്പെടുകയും പല സംസ്ഥാനങ്ങളിലും നാമമാത്രമാവുകയും ശക്തികേന്ദ്രങ്ങളായിരുന്ന ചില സംസ്ഥാനങ്ങളില്‍ കാര്യമായ ശക്തിക്ഷയം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പഴയ ജനസംഘം ഉള്‍പ്പെട്ട എഴുപതുകളിലെ വലതുപക്ഷ മുന്നണിയില്‍നിന്ന് സി.പി.എം പുറത്തുവന്നതിനുശേഷം ശക്തമായി മുന്നോട്ടുവെച്ച മൂന്നാം മുന്നണി സങ്കല്‍പം പല ഘട്ടങ്ങളിലും പാര്‍ട്ടിക്ക് പ്രതീക്ഷ ഉണര്‍ത്തിയെങ്കിലും അതിനു നേതൃത്വം നല്‍കുന്നതിന് പോയിട്ട്, അത്തരമൊരു ധ്രുവീകരണത്തിന്‍െറ ചാലകശക്തിയാവാന്‍പോലും തങ്ങള്‍ക്കാവില്ലെന്ന് സി.പി.എം തിരിച്ചറിഞ്ഞ കാലഘട്ടമായിരുന്നു കടന്നുപോയത്. രണ്ട്, 1992ല്‍ പ്രത്യയശാസ്ത്രരേഖ പുറത്തിറക്കുമ്പോള്‍ ഉണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യം പാടേ മാറിപ്പോയിരിക്കുന്നു. അന്ന് അത്തരമൊരു രേഖ ആവശ്യമായിത്തീര്‍ന്നതുതന്നെ സോവിയറ്റ് യൂനിയനിലെയും മറ്റ് വാഴ്സാ സഖ്യരാജ്യങ്ങളിലെയും കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ അവിടങ്ങളില്‍ ഉണ്ടായ വലിയ ജനകീയ മുന്നേറ്റത്തിലും പ്രക്ഷോഭത്തിലും തകര്‍ന്നടിഞ്ഞ സാഹചര്യത്തിലായിരുന്നു. എന്നാല്‍, ഈ സാഹചര്യത്തെ മനസ്സിലാക്കുന്നതിനോ ശരിയായി വിലയിരുത്തുന്നതിനോ കഴിയുന്ന രാഷ്ട്രീയ, സൈദ്ധാന്തിക സമീപനം അക്കാലത്ത് സി.പി.എമ്മിന് ഉണ്ടായിരുന്നില്ല. […]