യൂറോപ്പും ഏഷ്യകളും ആഗോള രാഷ്ട്രീയവും

By |June 25th, 2013|മലയാളം, ലേഖനങ്ങള്‍|0 Comments

ഡോ. ടി ടി ശ്രീകുമാര്‍ (മാതൃഭുമി ആഴ്ചപ്പതിപ്പ് 2013 ജൂണ്‍ 23)   ഏതാനും വര്‍ഷങ്ങള്‍ക്കു മുന്പ് ഒരു അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവൽ വേദിയില്‍ വച്ചാണ് ദീപക് കുമരന്‍ മേനന്‍ എന്ന ചെറുപ്പക്കാരനെ ഞാന്‍ പരിചയപ്പെടുന്നത്. അവിടെ അയാളുടെ ഒരു സിനിമ പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു. സിനിമയുടെ പേര് ‘ചെമ്മണ്‍ ചാലൈ’ (The Gravel Road). കുമരന്‍ മേനന്‍ എന്നത് കുമാരന്‍ മേനോന്‍ ആണ് എന്നും അയാള്‍ മലയാളി ആണ് എന്നും ഞാന്‍ സംശയിച്ചു. സംശയം പൂര്‍ണ്ണമായും തെറ്റായിരുന്നില്ല. അച്ഛന്‍ കുമാരന്‍ മേനോന്‍ തന്നെ. പക്ഷെ അമ്മ തമിഴ് വംശജ ആയിരുന്നു. മലേഷ്യയിലെ ബ്രിട്ടീഷ് തോട്ടങ്ങളിലൊന്നില്‍ ആയിരുന്നു അവര്‍ പണിയെടുത്തിരുന്നത്‌. മലയാളം അല്ല, തമിഴാണ് മാതൃഭാഷയായി കരുതിപ്പോരുന്നത്. അച്ഛനും തമിഴാണ് സംസാരിച്ചിരുന്നത്. മലയാളം പറയാറെയില്ല. തീരെ അറിഞ്ഞുകൂടാ എന്നുതന്നെ പറയാം. റബ്ബര്‍ തോട്ടത്തിലാണ് ദീപക് ജനിച്ചു വളര്‍ന്നത്‌. അന്ന് ഇരുപതുകളില്‍ എത്തി നിന്ന ആ ചെറുപ്പക്കാരന്റെ ചെമ്മണ്‍ ചാലൈ എന്ന സിനിമയുടെ പ്രദര്‍ശനം കൂടാതെ അയാളുമായുള്ള ആശയ സംവാദവും ഉണ്ടായിരുന്നു. ആ സിനിമ കാണാന്‍ പോകാനുള്ള കാരണം അതിനെ കുറിച്ചുള്ള ലഘുവിവരണത്തില്‍ ഉണ്ടായിരുന്ന രണ്ടു രസകരമായ പരാമര്‍ശങ്ങള്‍ കൂടി ആയിരുന്നു. ഒന്ന് ഇത് മലേഷ്യയിലെ ആദ്യത്തെ തമിഴ് ചിത്രമാണ്; രണ്ട്, ഇത് ഡാന്‍സും പാട്ടുമില്ലാത്ത തമിഴ് ചിത്രമാണ്!. ഡാന്‍സും പാട്ടുമില്ലാത്തത് മലേഷ്യയില്‍ അതെല്ലാം നിരോധിച്ചിട്ടൊന്നുമല്ല. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമെന്നത് കേള്‍ക്കുമ്പോള്‍ അതെക്കുറിച്ച് മുന്‍വിധികള്‍ ഉള്ളവര്‍ക്ക് മാത്രമേ അങ്ങനെ തോന്നേണ്ടതുള്ളു. അടൂരിന്റെ ‘സ്വയംവരം’ പോലെ നിശിതമായ റിയലിസത്തിന്റെ ചട്ടക്കൂടില്‍ എടുത്തിട്ടുള്ള സിനിമയായിരുന്നു ചെമ്മണ്‍ ചാലൈ. മാത്രമല്ല മലേഷ്യയിലെ ഇന്ത്യന്‍ വംശജർക്കി ടയില്‍ ഇന്ത്യയില്‍ നിന്നുള്ള മുഖ്യ ധാര തമിഴ് സിനിമകള്‍ക്ക് വലിയ പ്രചാരമാണുള്ളത്. അത്തരം സിനിമകളുമായുള്ള ഒരു നിഷേധപരമായ താരതമ്യം ബോധപൂര്‍വം കൊണ്ട് വരിക ആയിരുന്നു പരസ്യത്തില്‍ ദീപക് ചെയ്തത്. എന്നാല്‍ അതൊന്നുമല്ല ദീപക്കിന്റെ സിനിമയെ ശ്രദ്ധേയമാക്കിയത്. ഹതാശമായ ഒരു ചരിത്രത്തില്‍ നിന്ന് കുടിയേറ്റക്കാരുടെ ജീവിതത്തിന്റെ ഒരു വശം കണ്ടെടുക്കുകയും ആത്മാംശത്തോടെ അത് അവതരിപ്പിക്കുകയും ചെയ്തു എന്നതായിരുന്നു ആ ചെറിയ സിനിമയെ ലോക വേദികളില്‍ ശ്രദ്ധേയമാക്കിയത്. നിരവധി പുരസ്കാരങ്ങള്‍ ആ 35 mm ചിത്രത്തിനു ലഭിച്ചിട്ടുണ്ട്. ഒരു തോട്ടം തൊഴിലാളി കുടുംബത്തിലെ പെണ്‍കുട്ടി അവള്‍ക്കു അപ്രാപ്യമായിരുന്ന യൂനിവേര്‍സിറ്റി വിദ്യാഭ്യാസത്തിന് പോകാന്‍ തയ്യാറെടുക്കുന്നതായിരുന്നു ചിത്രത്തിന്റെ ലളിതമായ ഇതി വൃത്തം. ഈ സിനിമയെ കുറിച്ച് വിശദമായി ഡേവിഡ് വാല്‍ഷ് വേള്‍ഡ് സോഷ്യലിസ്റ്റ് വെബ്‌ സൈറ്റില്‍ എഴുതിയിട്ടുണ്ട്. 2005 -ലെ ഏറ്റവും നല്ല ലോക ചിത്രങ്ങളില്‍ ഒന്നായി അദ്ദേഹം ഈ സിനിമ തിരഞ്ഞെടുത്തിരുന്നു. സിനിമയോളം തന്നെ ശക്തമായിരുന്നു ദീപക് നടത്തിയ ഒരു പ്രസ്താവനയും. സിനിമാ പ്രദര്‍ശനം കഴിഞ്ഞു ആശയ സംവാദം തുടങ്ങിയപ്പോള്‍ ആവേശഭരിതരായി ഇരുന്ന കാണികളോട് ദീപക് പറഞ്ഞു: “I am a foreign Director in my own country”. ഏറെ അര്‍ഥങ്ങള്‍ ഉള്ള പ്രസ്താവനയാണത്. കാരണം മലേഷ്യയില്‍ തമിഴ് ഒരു അംഗീകൃത ഭാഷയല്ല. ആ ഭാഷയില്‍ എടുക്കുന്ന സിനിമ വിദേശ സിനിമയാണ്. അതിനു സര്‍ക്കാരിന്റെ യാതൊരു സബ്സിഡികള്‍ക്കും അര്‍ഹതയില്ല! […]