ഡോ. ടി ടി ശ്രീകുമാര്‍
“നവ സാമൂഹികത: ശാസ്ത്രം ചരിത്രം, രാഷ്ട്രീയം” എന്ന പുസ്തകത്തില്‍ നിന്ന്. ആദ്യ പ്രസിദ്ധീകരണം, മാധ്യമം ആഴ്ചപ്പതിപ്പ്, 2009 ഏപ്രില്‍ 6 (ചിത്രങ്ങള്‍ ഇത്  പുന: പ്രസിദ്ധീകരിച്ച  http://samudhayam.blogspot.in/2013/03/blog-post_5562.html എന്ന ബ്ലോഗില്‍ നിന്ന്.)
ഭൂസമരം എങ്ങനെ പരിഹരിക്കാം എന്ന പ്രശ്നം കേരളത്തിലെ സിവില്‍സമൂഹത്തിനും ഭരണകൂടത്തിനും മുന്നില്‍ ഒരുപോലെ ഉയര്‍ന്നുനില്‍ക്കുന്നു. സമരങ്ങള്‍ ആരംഭിച്ച ഘട്ടത്തില്‍ അവഗണിക്കാനും, ശക്തിപ്രാപിച്ചപ്പോള്‍ പരാജയപ്പെടുത്താനും ഒടുവില്‍ കേരളത്തിലെ ഭൂപ്രശ്നത്തെക്കുറിച്ച സംവാദത്തിന്റെ തലത്തിലേക്ക് അതുയര്‍ന്നപ്പോള്‍ കായികമായി തന്നെ നശിപ്പിക്കാനും ശ്രമം നടന്നത് നാം കണ്ടുകഴിഞ്ഞു. ഭൂപരിഷ്കരണം താരതമ്യേന ഫലപ്രദമായി നടപ്പാക്കിയെന്ന പൊതുധാരണയെ അടിസ്ഥാനപരമായി ചോദ്യം ചെയ്യുന്ന പ്രത്യയശാസ്ത്ര തലം ഭൂസമരങ്ങള്‍ക്കുണ്ടെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടിരിക്കുന്നു.
ഭൂപരിഷ്കരണത്തെക്കുറിച്ച് ഇതഃപര്യന്തമുള്ള വിമര്‍ശനങ്ങളുടെ കാതല്‍ രണ്ടു നിരീക്ഷണങ്ങളില്‍ ചുരുക്കാം. ഒന്ന്, കേരളത്തിലെ ഭൂപരിഷ്കരണം തോട്ടംമേഖലയെ ഒഴിവാക്കി; രണ്ട്, കര്‍ഷകത്തൊഴിലാളികള്‍ക്ക് കൃഷിഭൂമി നല്‍കുന്നതില്‍ പരാജയപ്പെട്ടു. ഈ രണ്ടു വിമര്‍ശങ്ങളും കുറെ വര്‍ഷങ്ങളായി ഇവിടെ ഉയരുന്നുണ്ട്. വ്യത്യസ്ത രീതിയില്‍ വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികളും സിവില്‍ സമൂഹ പ്രവര്‍ത്തകരും അക്കാദമിക് ചിന്തകരും ഈ പ്രശ്നത്തോട് പ്രതികരിച്ചിട്ടുണ്ട്.
ഇടതുപക്ഷ പൊതുസമ്മതി
കര്‍ഷകത്തൊഴിലാളികളുടെ കാര്യത്തിലും തോട്ടം മേഖലക്കനുവദിച്ച ഇളവിന്റെ കാര്യത്തിലും ‘ഒരു പൊതുസമ്മതി’ നിര്‍മിച്ചതെങ്ങനെ എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം പല കാര്യങ്ങളിലും അങ്ങേയറ്റം പിന്തിരിപ്പനായ ആശയങ്ങള്‍ ‘ഇടതുപക്ഷ പൊതുസമ്മതി’യിലൂടെ നടപ്പാക്കിയിട്ടുണ്ട്. ഇടതുപക്ഷ പൊതുസമ്മതി എന്നത് കേരളരാഷ്ട്രീയത്തില്‍ അപനിര്‍മിക്കപ്പെടേണ്ട ഒരു സാമൂഹിക യാഥാര്‍ഥ്യമാണ്. സിവില്‍സമൂഹത്തെ പുറത്തുനിറുത്തിയും വലതുപക്ഷവുമായി സന്ധിചെയ്തും കേരളീയ യാഥാര്‍ഥ്യത്തെക്കുറിച്ച ലളിതവത്കരിക്കപ്പെട്ട ധാരണകളെ സൈദ്ധാന്തികവത്കരിച്ചുമാണ് ഇത്തരം ഇടതുപക്ഷ പൊതുസമ്മതികള്‍ നിര്‍മിച്ചെടുക്കുന്നത്. ഭൂപരിഷ്കരണത്തിന്റെ നേട്ടങ്ങളെയും അതിന്റെ അപര്യാപ്തതകളെയും സംബന്ധിച്ച് മുഖ്യധാരയില്‍ ഇന്നും നിലനില്‍ക്കുന്നത് ഇടതുപക്ഷ പൊതുസമ്മതിയുള്ള ധാരണകള്‍ തന്നെയാണ്. കേരളത്തിലെ ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എഴുപതുകളില്‍ എന്‍.ഇ. ബലറാം മുതല്‍ ഇപ്പോള്‍ ഡോ. തോമസ് ഐസക്വരെയുള്ളവര്‍ നിര്‍മിച്ചെടുക്കാന്‍ ശ്രമിച്ച ഇടതുപക്ഷ പൊതുസമ്മതിയെ മറനീക്കി കാണിക്കുകയും അതിന്റെ പ്രായോഗികവും പ്രത്യയശാസ്ത്രപരവുമായ മര്‍മങ്ങളില്‍ ആഞ്ഞടിക്കുകയും ചെയ്യുന്നു എന്നതാണ് ചെങ്ങറ സമരത്തിന്റെ രാഷ്ട്രീയവും സൈദ്ധാന്തികവുമായ പ്രാധാന്യം.
ഈ പുതിയ രാഷ്ട്രീയ സന്ദര്‍ഭം രാഷ്ട്രീയ പാര്‍ട്ടികളെയും ഭരണകൂടത്തെയും എങ്ങനെ സമ്മര്‍ദത്തിലാഴ്ത്തുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം ഡോ. തോമസ് ഐസക് എഴുതിയ ‘ഭൂപരിഷ്കരണം ഇനി എന്ത്?’ എന്ന ലേഖനമാണ്. കേരളത്തിലെ ഭൂപരിഷ്കരണത്തിന്റെ സമീപഭൂതകാലത്തെക്കുറിച്ചും വര്‍ത്തമാനത്തെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള ഐസക്കിന്റെ നിരീക്ഷണങ്ങള്‍ ഇടതുപക്ഷ പൊതുസമ്മതിയുടെ വ്യവഹാര തന്ത്രങ്ങളുടെ ഭാഗമായി കാണാം. ഈ ലേഖനത്തിലെ ഒളിച്ചുകളികളും ലളിതവത്കരണങ്ങളും രചനാപരമായ പാളിച്ചകളല്ല, മറിച്ച് ഭൂപരിഷ്കരണത്തിന്റെ അന്ത്യം എന്ന തന്റെ സമീപനം ഇടതുപക്ഷ പൊതുസമ്മതിയായി അവതരിപ്പിക്കാനുള്ള ശ്രദ്ധാപൂര്‍വമായ പരിശ്രമമാണ്.
കേരളത്തില്‍ ഭൂപരിഷ്കരണം കെങ്കേമമായിരുന്നുവെന്നും തോട്ടങ്ങളെ ഒഴിവാക്കിയതിനും കര്‍ഷകത്തൊഴിലാളികള്‍ക്ക് ഭൂമി നല്‍കാതിരുന്നതിനും നിരത്തിയ ന്യായങ്ങള്‍ ശരിവെക്കുന്നതിനും, എന്തെങ്കിലും പോരായ്മ ഭൂപരിഷ്കരണത്തിനുണ്ടെങ്കില്‍ അതിനുള്ള പരിഹാരം രണ്ടാം ഭൂപരിഷ്കരണമല്ലെന്നുമുള്ള നിലപാട് ആവര്‍ത്തിക്കുന്നതിനുമാണ് ഐസക് ശ്രമിക്കുന്നത്. ഭൂപരിഷ്കരണം എന്ത് നേടി? തോട്ടങ്ങളുടെ പ്രശ്നവും കര്‍ഷകത്തൊഴിലാളികളുടെ പ്രശ്നവും മാത്രമാണോ ഭൂപരിഷ്കരണത്തിന്റെ പരിമിതികള്‍? മിച്ചഭൂമി വിതരണത്തില്‍ വന്ന പാളിച്ചകള്‍ ‘വലതു’ ഗവണ്‍മെന്റുകളുടെ നയപരാജയംകൊണ്ടോ ഗൂഢാലോചന കൊണ്ടോ സംഭവിച്ചതാണോ തുടങ്ങിയ ചോദ്യങ്ങള്‍ പ്രസക്തമാണ്. എന്നാല്‍ അതിനപ്പുറം, രണ്ടാം ഭൂപരിഷ്കരണം അനിവാര്യമാകുന്ന രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക യാഥാര്‍ഥ്യം വസ്തുനിഷ്ഠമായി നിലനില്‍ക്കുന്നുണ്ടോ എന്നും, ഉണ്ടെങ്കില്‍ രണ്ടാം ഭൂപരിഷ്കരണം എന്ന മുദ്രാവാക്യത്തിന്റെ പ്രസക്തി സി.പി.എം തള്ളിക്കളയുന്നതെന്തുകൊണ്ടാണെന്നും കൂടി അന്വേഷിക്കേണ്ടിയിരിക്കുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരം ഐസക്കിന്റെ ലേഖനത്തില്‍ അടങ്ങിയിരിക്കുന്നു എന്നാണ് ഉപരിപരിശോധനകള്‍ക്കും വിശകലനങ്ങള്‍ക്കും അതിനെ വിധേയമാക്കുന്നതിലെ താല്‍പര്യം.
ബലറാമിന്റെ വാദങ്ങളുടെ ആവര്‍ത്തനം
ഐസക്കിന്റെ ലേഖനം ആരംഭിക്കുന്നത് ’70-കളില്‍ ഇ.എം.എസിനെ പഠിപ്പിക്കാന്‍ സി.പി.ഐ നേതാവ് എന്‍.ഇ. ബലറാം ഉയര്‍ത്തിയ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ്. 1970 മുതല്‍ 77 വരെയാണല്ലോ കേരളത്തില്‍ സ്ഥിരമായ ഒരു ഭരണസംവിധാനത്തിനു കീഴില്‍ സി.പി.ഐ- കോണ്‍ഗ്രസ് മുന്നണി ഭൂപരിഷ്കരണം നടപ്പാക്കുന്നത് (ഐസക് ഉദ്ധരിക്കുന്ന എന്‍. കൃഷ്ണാജിയുടെ ലേഖനം 1979-ലാണ് പുറത്തുവരുന്നത് എന്നത് ശ്രദ്ധേയമാണ്). കേരളത്തില്‍ ലക്ഷക്കണക്കിന് കുടിയാന്മാര്‍ക്ക് കാര്‍ഷിക പരിഷ്കരണംമൂലം ഭൂമിവിതരണം നടക്കുന്നുവെന്ന‘സത്യം അംഗീകരിക്കാന്‍ നമ്പൂതിരിപ്പാടിന് മനഃപ്രയാസം കാണുമെന്ന് ബലറാം എഴുതിയിരുന്നു. മറ്റേതു സംസ്ഥാനത്തെ അപേക്ഷിച്ചും മിച്ചഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ കേരളം മുന്നിലാണെന്നും ഇവിടെ മാത്രമേ കുടികിടപ്പുകാര്‍ക്ക് ഉടമാവകാശം കൊടുക്കുന്നുള്ളൂവെന്നും ബലറാം ഇ.എം.എസിനെ ഓര്‍മിപ്പിക്കുന്നുണ്ട്. വാരക്കാരെയും പാട്ടക്കാരെയും ജന്മിത്തചൂഷണത്തില്‍നിന്ന് മോചിപ്പിക്കുന്ന ഭൂപരിഷ്കരണമാണ് തങ്ങള്‍ നടത്തുന്നതെന്നും‘”ഇന്ദിരാഗാന്ധി പോലും കേരളത്തിലെ കാര്‍ഷിക പരിഷ്കരണത്തെ” പ്രശംസിച്ചിരിക്കുന്നുവെന്നുമായിരുന്നു ബലറാമിന്റെ പക്ഷം.
പിന്നീട് ഒരു സര്‍ക്കാറിന്റെ കാലത്തും ഭൂപരിഷ്കരണം മുഖ്യ കാര്യപരിപാടിയായി വന്നിട്ടില്ല എന്നത് കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോള്‍ ഐസക്കിന്റെ പ്രാരംഭ പ്രസ്താവം കൂടുതല്‍ ശ്രദ്ധേയമാകുന്നു. ഭൂപരിഷ്കരണത്തിന്റെ അന്ത്യമായെന്ന സിദ്ധാന്തത്തിന് അടിവരയിടാന്‍ ബലറാമിന്റെ വാദങ്ങളാണ് ഐസക് ആവര്‍ത്തിക്കുന്നത്: “സ്വാതന്ത്യ്രാനന്തര കേരളത്തിലെ ഏറ്റവും നിര്‍ണായകമായ സംഭവവികാസമായിരുന്നു ഭൂപരിഷ്കരണം. 28 ലക്ഷം കുടിയാന്മാര്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചു. 5.03 ലക്ഷം പേര്‍ക്ക് കുടികിടപ്പവകാശം കിട്ടി. കര്‍ഷകത്തൊഴിലാളികളുടെ വിലപേശല്‍ കഴിവ് ഉയര്‍ന്നത് കൂലിവര്‍ധനയിലേക്ക് നയിച്ചു.”’ഈ പ്രസ്താവനകള്‍ ഓരോന്നും ഇന്ന് പുനഃപരിശോധന അര്‍ഹിക്കുന്നു. അതിന് മുമ്പ് ഇതേ പ്രക്രിയയുടെ പരിമിതിയെക്കുറിച്ച ഐസക്കിന്റെ നിരീക്ഷണം കൂടി ശ്രദ്ധിക്കണം: മിച്ചഭൂമിയില്‍ തന്നെ ചെറിയൊരു ഭാഗം മാത്രമേ ഏറ്റെടുക്കാനും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനും കഴിഞ്ഞിട്ടുള്ളൂ. മിച്ചഭൂമിയില്‍ നല്ല പങ്കും ഭൂസ്വാമിമാര്‍ തിരിമറി ചെയ്തു. 1957-ലെ കര്‍ഷക നിയമം അട്ടിമറിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇതിനുള്ള അവസരം ലഭിച്ചത്. കോണ്‍ഗ്രസും യു.ഡി.എഫുമാണ് ഇതിന് ഉത്തരവാദികളെന്ന് ആരോപിച്ചുകൊണ്ട് ഐസക് തുടരുന്നു: “അവരുടെ ഈ വഞ്ചനമൂലം കേരളത്തിലെ കര്‍ഷകത്തൊഴിലാളികള്‍ക്ക് ഇന്നും കൃഷിഭൂമി ലഭിച്ചിട്ടില്ല. എന്താണ് ഇനി ഭൂപരിഷ്കരണത്തില്‍ ചെയ്യേണ്ടത്?”’’
രണ്ടു കാര്യങ്ങള്‍ ഇവിടെ ഊന്നിപ്പറയേണ്ടതുണ്ട്. ആരുടെ വഞ്ചനകൊണ്ടായാലും‘കേരളത്തിലെ കര്‍ഷകത്തൊഴിലാളികള്‍ക്ക്’ കൃഷിഭൂമി ലഭിച്ചിട്ടില്ല എന്നത് വസ്തുതയാണെങ്കില്‍ കര്‍ഷകത്തൊഴിലാളിക്ക് കൃഷിഭൂമി നല്‍കണമെന്നത് ഐസക്കും അംഗീകരിക്കുന്ന കാര്യമാണ് എന്നാണ് ഇതില്‍നിന്ന് മനസ്സിലാവുന്നത്. രണ്ടാമത,് കര്‍ഷകത്തൊഴിലാളികള്‍ക്ക് ‘കൃഷിഭൂമി’യാണോ കുടികിടപ്പവകാശമാണോ നല്‍കേണ്ടത് എന്നതില്‍ അവിതര്‍ക്കിതമായ ഒരു നിലപാട് സ്വീകരിച്ചുവെന്ന് ഈ നിരീക്ഷണത്തില്‍നിന്ന് മനസ്സിലാക്കാന്‍ സാധിക്കുമോ എന്നതും ചര്‍ച്ച ചെയ്യണം. കര്‍ഷകത്തൊഴിലാളികള്‍ക്ക് കൃഷിഭൂമി നല്‍കാത്തത് വഞ്ചനയാണെങ്കില്‍ അതിന്റെ ഉറവിടം എവിടെനിന്നാണെന്ന് 1957 മുതല്‍ക്കുള്ള ഭൂപരിഷ്കരണത്തിന്റെ ചരിത്രം പരിശോധിക്കുന്നവര്‍ക്ക് പറഞ്ഞുകൊടുക്കേണ്ടതില്ല. പാട്ടക്കൃഷിക്കാര്‍ക്ക് കൃഷിഭൂമിയും കര്‍ഷകത്തൊഴിലാളിക്ക് കുടികിടപ്പുഭൂമിയുമെന്നുമുള്ള ഫോര്‍മുല എന്തുകൊണ്ട് ഉണ്ടായി? അതിന്റെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലമെന്ത്? ശ്രദ്ധേയമായ മറ്റൊരു കാര്യം 1979 മുതല്‍ 2009 വരെയുള്ള മൂന്ന് ദശാബ്ദകാലത്ത് നാലു തവണ ഇടതുപക്ഷം അധികാരത്തില്‍ വരുകയുണ്ടായി. അപ്പോഴൊന്നും ഈ പരിമിതികള്‍ പരിഹരിക്കാനോ, കര്‍ഷകത്തൊഴിലാളികള്‍ക്ക് കൃഷിഭൂമി നല്‍കാനോ കഴിയാതിരുന്നത് എന്തുകൊണ്ടാണ്? ഇതിനുളള വ്യക്തമായ ഉത്തരം നല്‍കുന്നതാണ് ഐസക് ഉദ്ധരിക്കുന്ന എന്‍. കൃഷ്ണാജിയുടെ പ്രബന്ധം എന്നതിനാല്‍ അതിനെക്കുറിച്ച ചര്‍ച്ച ഈ ഘട്ടത്തില്‍ അനിവാര്യമാണ്.
എന്‍. കൃഷ്ണാജിയുടെ വിമര്‍ശം
പാട്ടക്കൃഷി നിര്‍മാര്‍ജനം ചെയ്യാനും ഭൂപരിഷ്കരണം നടപ്പാക്കാനും കോണ്‍ഗ്രസ്, മുസ്ലിംലീഗ് എന്നീ കക്ഷികള്‍ സമ്മതിച്ചില്ലെന്നും അതുകൊണ്ട് സി.പി.ഐ നേതൃത്വത്തിലുള്ള മുന്നണിസര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാതൊന്നും ചെയ്തില്ലെന്നുമായിരുന്നു ഇ.എം.എസിന്റെ വിഖ്യാതമായ നിലപാട്. ഇതിനെ പരോക്ഷമായി ഖണ്ഡിച്ചുകൊണ്ട് കൃഷ്ണാജി പറയുന്നത് പാട്ടക്കൃഷി നിര്‍മാര്‍ജനം താരതമ്യേന നന്നായി നടപ്പാക്കപ്പെട്ടുവെന്നാണ്. ബലറാമിന്റെ വാദം തന്നെയാണ് ഇക്കാര്യത്തില്‍ കൃഷ്ണാജിക്കും ഉണ്ടായിരുന്നത്. പാട്ടക്കൃഷി നിര്‍മാര്‍ജനത്തിനു ശേഷമുള്ള രാഷ്ട്രീയ കാലാവസ്ഥയില്‍ കാര്‍ഷികരംഗത്ത് മൂന്ന് സമരധാരകളാണ് ഉണ്ടായതെന്നും ഇവയോരോന്നും എവിടെയെത്തി നില്‍ക്കുന്നുവെന്നും വിശദമായി പരിശോധിക്കുന്നതാണ് കൃഷ്ണാജിയുടെ ലേഖനം. കൃഷ്ണാജി പറയുന്ന മൂന്ന് ധാരകള്‍ ഇവയാണ്: (1) കര്‍ഷകത്തൊഴിലാളികളുടെ കൂലിവര്‍ധനവിന് വേണ്ടിയുള്ള സമരം (വിജയകരം), (2) കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പുവരുത്തുന്നതിനുള്ള സമരം (എല്ലാ പാര്‍ട്ടികള്‍ക്കും സമാന താല്‍പര്യമുള്ള വിഷയം), (3) കൃഷിഭൂമിക്ക് വേണ്ടിയുള്ള സമരം (വിജയകരമെന്ന് പറയാനാവാത്തത്). വിജയകരമെന്ന് കൃഷ്ണാജി പറയുന്ന കൂലിവര്‍ധനയുടെ പ്രശ്നവും, പരാജയപ്പെടുന്നുവെന്ന് അദ്ദേഹം കരുതിയ ഭൂസമരത്തിന്റെ പ്രശ്നവും ലേഖനത്തില്‍ ആഴത്തില്‍ വിശകലനം ചെയ്യുന്നുണ്ട്. കൂലിവര്‍ധനയുടെയും കാര്‍ഷികോല്‍പന്നങ്ങളുടെയും ന്യായവിലയുടെയും പ്രശ്നങ്ങള്‍ സങ്കീര്‍ണങ്ങളാണ്. അത് ചര്‍ച്ചചെയ്യുന്നതിന് മുമ്പായി ഭൂസമരത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച കൃഷ്ണാജിയുടെ നിരീക്ഷണങ്ങള്‍ വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. കാരണം, ഭൂപരിഷ്കരണത്തിന്റെ അന്ത്യമായെന്ന ഈ സിദ്ധാന്തത്തിലേക്ക് സി.പി.എമ്മിനെ നിര്‍ബന്ധിക്കുന്ന രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലം കൃഷ്ണാജി ഏതാണ്ട് കൃത്യമായിത്തന്നെ കണ്ടെത്തുന്നുണ്ട് എന്നതാണ്.
രണ്ടാം മിച്ചഭൂമി സമരം-1979
സി.പി.എമ്മിന്റെ അഖിലേന്ത്യാ തലത്തിലുള്ള തന്ത്രങ്ങളെക്കുറിച്ച് കൃഷ്ണാജി ചര്‍ച്ച ചെയ്തുവെങ്കിലും കൂടുതല്‍ പ്രസക്തമായത് കേരളത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളാണ്. ഐസക്കിന്റെ പിഎച്ച്.ഡി സൂപ്പര്‍വൈസര്‍ കൂടിയായ കൃഷ്ണാജി 1972-ലെ മിച്ചഭൂമിസമരത്തിനുശേഷം താന്‍ ലേഖനം തയാറാക്കുന്ന 1979-വരെയും ഈ രംഗത്ത് കാര്യമായ ഒരു സമരവും സി.പി.എം സംഘടിപ്പിച്ചിട്ടില്ലെന്നു നിരീക്ഷിക്കുന്നുണ്ട്. 1979-ല്‍ സി.പി.എം വീണ്ടും‘രണ്ടാം മിച്ചഭൂമി സമരം ആരംഭിച്ചെങ്കിലും ഇതിന് മുന്‍സമരങ്ങളുടെ വീര്യമില്ലെന്നും വെറും നാമമാത്രമായ സത്യഗ്രഹമായിരുന്നെന്നും അദ്ദേഹം പറയുന്നു. ഇനിയൊരു സി.പി.എം സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്ന കാര്യത്തിലും കൃഷ്ണാജിക്ക് സംശയമുണ്ടായിരുന്നതുപോലെയാണ് തോന്നുന്നത്. നായനാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ നിരീക്ഷണം. 1972-ലെ സി.പി.എമ്മിന്റെ ഭൂസമരം അടിസ്ഥാനപ്പെടുത്തിയിരുന്നത് സി.പി.ഐ-കോണ്‍ഗ്രസ് മുന്നണി ഭൂപരിഷ്കരണം നടപ്പാക്കില്ല എന്ന രാഷ്ട്രീയ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് നാം കണ്ടു. ഇതിനെതിരെയാണ് ബലറാം അടക്കമുള്ള സി.പി.ഐ നേതാക്കള്‍ നമ്പൂതിരിപ്പാട്‘’നുണയനും’‘’വിതണ്ഡവാദിയു’മൊക്കെയാണെന്ന് സമഗ്രമായി പ്രചാരണം അഴിച്ചുവിട്ടത്. അതിനെതിരെ പിടിച്ചുനില്‍ക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞില്ല എന്നാണ് കൃഷ്ണാജിയുടെ നിരീക്ഷണത്തില്‍നിന്ന് വ്യക്തമാകുന്നത്.
അധികാരത്തിന് പുറത്തിരിക്കുമ്പോള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളാണ് അധികാരത്തിലുള്ളപ്പോള്‍ നയങ്ങളായി വരുന്നതെന്നാണ് പ്രായോഗിക രാഷ്ട്രീയ മുന്നണികളെക്കുറിച്ച ലെനിനിസ്റ്റ് കാഴ്ചപ്പാടെന്നത് റഷ്യയിലെ വിപ്ളവപൂര്‍വകാലത്തെ പാര്‍ട്ടിസമീപനങ്ങളില്‍നിന്ന് വ്യക്തമാകും. മാര്‍ക്സിസ്റ്റുകള്‍ എന്ന് അവകാശപ്പെടുന്നവരുടെ രാഷ്ട്രീയ പ്രയോഗത്തിന്റെ ഒരു സവിശേഷത ഇതാണെന്ന് മറ്റു രാജ്യങ്ങളില്‍നിന്നുള്ള ഉദാഹരണങ്ങളും വ്യക്തമാക്കുന്നു. അങ്ങനെയെങ്കില്‍‘രണ്ടാം മിച്ചഭൂമി സമരം ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോള്‍ അവരുടെ ഭൂനയത്തില്‍ എങ്ങനെയാവും പ്രതിഫലിക്കേണ്ടത് എന്നതിനെക്കുറിച്ച് സംശയത്തിന് തെല്ലും അവകാശമില്ലല്ലോ? ‘രണ്ടാം മിച്ചഭൂമി ‘സമര’ത്തിന് സമാനമായ ഭൂനയം ‘രണ്ടാം ഭൂപരിഷ്കരണ’ത്തിന്റേതാണെന്ന് എടുത്ത് പറയേണ്ടതില്ലെന്നര്‍ഥം. എന്നാല്‍ ഈ മുദ്രാവാക്യത്തില്‍നിന്നും അതിന്റെ അടിസ്ഥാനത്തിലുള്ള ഭൂനയത്തില്‍നിന്നും സി.പി.എം പിന്നോട്ടു പോകുന്നതെന്ത് എന്ന പ്രശ്നത്തിന് ദീര്‍ഘദര്‍ശിത്വം നിറഞ്ഞ ഉത്തരങ്ങളാണ് കൃഷ്ണാജിയുടെ ലേഖനത്തിലുള്ളത്. രണ്ടാം ഭൂപരിഷ്കരണം, ഈ വിധത്തില്‍ ചിന്തിക്കുമ്പോള്‍, സി.പി.എമ്മിന്റെ മുദ്രാവാക്യം ആണെന്നു കാണാമെങ്കിലും അത് നടപ്പാക്കാനുള്ള ബാധ്യത തങ്ങള്‍ക്കില്ലെന്ന് സി.പി.എം പറയുന്നതിന്റെ ഭൌതികാടിസ്ഥാനമെന്തെന്നത് ചിന്താവിഷയമാക്കണം എന്നു തോന്നുന്നു.
എന്തുകൊണ്ട് പിന്നോട്ട്?
കൃഷ്ണാജിയുടെ അഭിപ്രായത്തില്‍ 70-കളില്‍ സി.പി.എം അവലംബിച്ച രാഷ്ട്രീയ തന്ത്രത്തില്‍നിന്ന് വ്യക്തമാകുന്നത് സംഘര്‍ഷാത്മകമായ ഒരു ഭൂസമരത്തിന് നേതൃത്വം നല്‍കുന്നതില്‍നിന്ന് 1979 ആയപ്പോഴേക്കും അവര്‍ പിന്നോട്ടു പോയിക്കഴിഞ്ഞു എന്നാണ്. ഇതിനുള്ള കാരണം ഭൂപരിഷ്കരണത്തെക്കുറിച്ച് സി.പി.എമ്മില്‍ നിലനില്‍ക്കുന്ന രൂക്ഷമായ ആശയക്കുഴപ്പമാണെന്ന് കൃഷ്ണാജി നിരീക്ഷിക്കുന്നു. എന്താണ് ഈ ആശയക്കുഴപ്പം? എന്താണ് ഇതിന്റെ രാഷ്ട്രീയ സൈദ്ധാന്തിക പശ്ചാത്തലം? ഈ ആശയക്കുഴപ്പത്തിന്റെ യുക്തിപരമായ വികാസമാണോ ഭൂപരിഷ്കരണത്തിന്റെ അന്ത്യം എന്ന രാഷ്ട്രീയ നിലപാടില്‍ പ്രതിഫലിക്കുന്നത്? ഈ നിലപാടിന്റെ അടിസ്ഥാനത്തില്‍ സി.പി.എം മുന്നോട്ടുവെക്കുന്ന ഭൂനയം സംബന്ധിച്ച കാഴ്ചപ്പാട് എന്തായിരിക്കാം? മുത്തങ്ങ മുതല്‍ ചെങ്ങറ വരെയുള്ള സിവില്‍സമൂഹങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ചോദ്യങ്ങള്‍ക്കുള്ള പ്രസക്തി തള്ളിക്കളയാനാവില്ല.
ഭൂനയവും സമരവും
ഭൂവുടമസ്ഥതയുടെ അടിസ്ഥാനത്തിലുള്ള സാമൂഹിക-സാമ്പത്തിക- വര്‍ഗ വിഭജനമാണ് ഭൂപരിഷ്കരണത്തോടുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിലപാടിനെ നിര്‍ണയിക്കുന്നത്. അതുകൊണ്ടുതന്നെ വര്‍ഗശത്രുക്കളെയും സഖ്യവര്‍ഗങ്ങളെയും കണ്ടെത്തുന്നതിനുള്ള മാനദണ്ഡം ഭൂവുടമസ്ഥതയാണ്. ഭൂപരിധി നിശ്ചയിച്ച് അതിനു മുകളിലുള്ളവരെ തകര്‍ക്കുകയും പരിധിക്കു താഴെയുള്ളവരെ കൂടെനിറുത്തുകയും ചെയ്യുക എന്നതാണ് വിപ്ളവതന്ത്രം. പരിധിക്കു താഴെയുള്ളവരെല്ലാം കൂടെ വന്നുകൊള്ളണമെന്നില്ല. കാരണം കൂലിപ്രശ്നത്തില്‍ അടിസ്ഥാന വര്‍ഗവുമായി ഇവര്‍ക്ക് വൈരുധ്യമുണ്ടാകും. വന്‍കിട ഭൂവുടമകളെ ഒഴിവാക്കിയാലും വിപ്ളവസഖ്യത്തില്‍ ആരൊക്കെ വരുമെന്നതിനെക്കുറിച്ചും ഉറപ്പൊന്നും ഇല്ലെന്നര്‍ഥം. അതുകൊണ്ടാണ് ഐസക്കിന്റെ ലേഖനത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നത്:
“കാര്‍ഷികമേഖലയിലെ അഞ്ചു ശതമാനം വരുന്ന ജന്മിമാര്‍ക്കെതിരെ 95 ശതമാനം വരുന്ന കര്‍ഷക-കര്‍ഷകത്തൊഴിലാളി ജനവിഭാഗത്തെ അണിനിരത്താനാണ് കര്‍ഷക സമരത്തിലൂടെ ശ്രമിച്ചത്. എന്നാല്‍, രണ്ടാം ഭൂപരിഷ്കരണ വാദക്കാര്‍ കാര്‍ഷിക മേഖലയിലെ 20 ശതമാനം വരുന്ന ഉയര്‍ന്ന വിഭാഗം കര്‍ഷകര്‍ക്കെതിരെ 20 മുതല്‍ 30 ശതമാനം വരുന്ന കര്‍ഷകത്തൊഴിലാളികളെ അണിനിരത്താനാണ് ശ്രമിക്കുന്നത്. ഇത്തരം ഒരു പരിപാടി ജനകീയ-ജനാധിപത്യ മുന്നണിയില്‍ അണിനിരക്കേണ്ടവരെ ഒന്നിപ്പിക്കുകയല്ല, ഭിന്നിപ്പിക്കുകയാണ് ചെയ്യുക.”’’ എന്നാല്‍  ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന് ഭൂമിയില്‍ അമിത താല്‍പര്യമുള്ള കേരളത്തില്‍ ഭൂവുടമസ്ഥതയെ അടിസ്ഥാനപ്പെടുത്തിയുള്ള വര്‍ഗസഖ്യ മാനദണ്ഡം ഫലപ്രദമാവില്ലെന്നായിരുന്നു കൃഷ്ണാജി സൂചിപ്പിച്ചത്. മാത്രമല്ല, സി.പി.എമ്മിന്റെ വര്‍ഗാടിത്തറ ഈ വിഭാഗത്തിന്റെ പിന്തുണയാണെന്ന് അദ്ദേഹം പറയുന്നു.‘പാര്‍ട്ടിയുടെ ഇക്കാര്യത്തിലുള്ള നിലപാട് ഭാഗികമായെങ്കിലും പാര്‍ട്ടിയുടെ മധ്യവര്‍ഗ ചായ്വില്‍നിന്നും, ഈ മധ്യവര്‍ഗ ചായ്വ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വര്‍ഗപരമായ പശ്ചാത്തലത്തില്‍നിന്നും രൂപംകൊള്ളുന്നതാണ്.
സ്വന്തം ഇലക്ട്രല്‍ അടിത്തറ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അതുകൊണ്ട് കൃഷ്ണാജിയുടെ അഭിപ്രായത്തില്‍ കര്‍ഷക ഐക്യത്തിന് പാര്‍ട്ടി നല്‍കുന്ന പ്രാധാന്യം തെരഞ്ഞെടുപ്പുകളില്‍ സഹായകമാകുമെങ്കിലും ഭൂസമരങ്ങളെ മുരടിപ്പിക്കുകയാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പിന്റെ യുക്തിയില്‍ മാത്രം ഒതുങ്ങിനിന്നുകൊണ്ട് ഈ പ്രശ്നത്തെ സമീപിക്കാനാവില്ല എന്നതാണ് പ്രധാനമെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു. അതുകൊണ്ട് പാര്‍ട്ടിയുടെ തന്ത്രസമീപനത്തില്‍ വിപ്ളവകരമായ ഒരു പൊളിച്ചെഴുത്ത് ആവശ്യമായിരിക്കുന്നുവെന്നാണ് കൃഷ്ണാജി പറഞ്ഞത്.
ഉത്സാ പട്നായികും വികാസ് റാവലും
എന്നാല്‍, കൃഷ്ണാജി നിര്‍ദേശിക്കുന്ന‘വിപ്ളവകരമായ പൊളിച്ചെഴുത്ത് എന്തുകൊണ്ട് സാധ്യമല്ലെന്ന് പരോക്ഷമായി സൂചിപ്പിക്കുന്നതിന് ഐസക് ഉപയോഗിച്ച സ്ഥിതിവിവരക്കണക്കുകളുടെ നിജസ്ഥിതി ശ്രദ്ധിക്കണം. “കേരളത്തിലെ ഭൂരഹിതരുടെ എണ്ണത്തെക്കുറിച്ച് പ്രചരിക്കുന്ന കണക്കുകള്‍ അതിശയോക്തി പരമാണ്”’എന്ന് പ്രസ്താവിച്ചുകൊണ്ട് ഐസക് തുടരുന്നു, “ദേശീയ സാമ്പിള്‍ സര്‍വേ പ്രകാരം ഭൂരഹിതരുടെ എണ്ണം കേരളത്തില്‍ ഗണ്യമായി ഉയര്‍ന്നുവെന്നും ഇത് 30 ശതമാനത്തിലേറെ വരുമെന്നും ചിലര്‍ വാദിക്കുന്നു. പ്രൊഫ. ഉത്സാ പട്നായികിന്റെ പഠനത്തെയാണ് ഈ വാദഗതിക്കാര്‍ ആശ്രയിക്കുന്നത്. ഇതുസംബന്ധിച്ച് വിശദമായ രണ്ടു ലേഖനം വികാസ് റാവല്‍ 2008 മാര്‍ച്ച് എട്ടിന്റെ എക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ എഴുതിയിട്ടുണ്ട്. അതുപ്രകാരം ഗ്രാമീണ മേഖലയില്‍ കേരളത്തിലെ ഭൂരഹിത കുടുബങ്ങളുടെ എണ്ണം 1992-ല്‍ 8.4 ശതമാനമായിരുന്നത് 2003-ല്‍ 4.8 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. വീടിനായുള്ള പുരയിടത്തെ ഒഴിവാക്കിക്കൊണ്ടുള്ള കണക്കാണ് പ്രൊഫ. ഉത്സാപട്നായിക് ഉപയോഗിച്ചത്. ഭൂരഹിതരുടെ നിര്‍വചനത്തില്‍ രണ്ടു സര്‍വേകള്‍ തമ്മിലെ വ്യത്യാസമാണ് തെറ്റായ നിഗമനത്തിന് കാരണമായത് എന്നര്‍ഥം.”
ഇവിടെ എന്തു തെറ്റ്, ആര്‍ക്കാണ് പറ്റിയതെന്ന് വ്യക്തമല്ല. ഐസക്കിന്റെ വിശദീകരണം വായിച്ചാല്‍ തോന്നുക ഉത്സാ പട്നായികിന് പറ്റിയ എന്തോ തെറ്റ് വികാസ് റാവല്‍ തന്റെ ലേഖനത്തില്‍ തിരുത്തിയെന്നാണ്. എന്നാല്‍ വസ്തുതയെന്താണ്? ഐസക്കിന്റെ വിശദീകരണം തെറ്റിദ്ധാരണാജനകമാണെന്ന് പറയാതെ വയ്യ. “വീടിനായുള്ള പുരയിടത്തെ ഒഴിവാക്കിക്കൊണ്ടുളള കണക്കാണ്” ഉത്സാ പട്നായിക് ഉപയോഗിച്ചത് എന്നെഴുതുമ്പോള്‍ റാവലില്‍നിന്ന് വ്യത്യസ്തമായി എന്തോ അബദ്ധം പട്നായികിന് പറ്റിയെന്ന് തോന്നും. വികാസ് റാവലും ഉത്സാ പട്നായികും നാഷനല്‍ സാമ്പിള്‍ സര്‍വേ ഉദ്ധരിക്കുകയാണ്. രണ്ടുപേരുടെ കണക്കിലും യാതൊരു വ്യത്യാസവുമില്ല. സ്വന്തമായി പുരയിടം ഇല്ലാത്തവരുടെ എണ്ണം വികാസ് റാവല്‍ പ്രത്യേകമായി നല്‍കിയിട്ടുണ്ട്. അതാണ് ഐസക് പറയുന്ന 4.8 ശതമാനം. വികാസ് റാവലും ഉത്സാ പട്നായികും ദേശീയ സാമ്പിള്‍ സര്‍വേയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ ഭൂരഹിതരുടെ ശതമാനക്കണക്ക് നല്‍കിയിരിക്കുന്നത് ഒന്നു തന്നെയാണെന്ന സത്യം ഐസക് വെളിപ്പെടുത്തുന്നില്ല. ഉത്സാ പട്നായിക് പറയുന്നു: “ശ്രദ്ധേയമായ വര്‍ധനയാണ് ഭൂരഹിതരുടെ കാര്യത്തില്‍ കേരളത്തിലുണ്ടായിട്ടുള്ളത്. ആറ് ശതമാനത്തില്‍ നിന്ന് 38.6 ശതമാനമായി അത് വര്‍ധിച്ചിരിക്കുന്നു.” വികാസ് റാവല്‍ പറയുന്നു: “പുരയിടമല്ലാതെ മറ്റു ഉല്‍പാദനക്ഷമമോ കൃഷിയോഗ്യമോ ആയ യാതൊരു ഭൂമിയും ഇല്ലാത്ത ഭൂരഹിതര്‍ കേരളത്തില്‍ 36.74 ശതമാനമാണ്.” അതായത്, ഉത്സാ പട്നായികിന്റെ കണക്കില്‍നിന്നും ഒട്ടും വ്യത്യസ്തമല്ല വികാസ് റാവലിന്റെ കണക്ക് എന്നര്‍ഥം. ഭൂരഹിതരുടെ ശതമാനം 38.6 എന്ന് ഉത്സാ പട്നായികും 36.74 ശതമാനം എന്ന് വികാസ് റാവലും പറയുന്നു. രണ്ടുപേരും നാഷനല്‍ സാമ്പിള്‍ സര്‍വേയില്‍നിന്ന് കണക്കുകൂട്ടിയതാണ്. ഈ സ്ഥിതിവിവരക്കണക്കുകള്‍ ആര്‍ക്കും പരിശോധിക്കാവുന്നതേയുള്ളൂ. 38.6 ആണോ ശരി 36.74 ആണോ ശരി എന്നൊക്കെ ഏത് കണക്കപ്പിള്ളമാര്‍ക്കും പോയി പരിശോധിച്ച് ബോധ്യപ്പെടാവുന്നതേയുള്ളൂ.
ഇതാണ് സ്ഥിതിയെന്നിരിക്കെ ഈ രണ്ട് ലേഖനങ്ങളും വലിച്ചിഴച്ചുകൊണ്ടുവന്ന് ഐസക് നടത്തുന്ന വ്യായാമത്തിന്റെ പ്രസക്തിയെന്താണ്? ഇതിന്റെ കാരണം മറ്റൊന്നുമല്ല. മുത്തങ്ങ മുതല്‍ ചെങ്ങറ വരെയുള്ള ഭൂസമരങ്ങളില്‍ കര്‍ഷകത്തൊഴിലാളികളായ ദലിത്-ആദിവാസി വിഭാഗങ്ങള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം കിടപ്പാടം വെക്കാന്‍ പുരയിടം വേണമെന്നല്ല, മറിച്ച് കൃഷിചെയ്തു പുലരാന്‍ കൃഷിഭൂമി വേണമെന്നാണ്. ഭൂപരിഷ്കരണത്തിന്റെ തുടക്കം മുതല്‍ പുരയിടം’ആണ് ദലിത്-ആദിവാസി വിഭാഗങ്ങള്‍ക്ക് നല്‍കാന്‍ തുനിഞ്ഞിട്ടുള്ളത് -കൃഷിഭൂമിയല്ല. ഇതിനെതിരെയാണ് ദലിത്-ആദിവാസി വിഭാഗങ്ങള്‍ ഇപ്പോള്‍ സമരരംഗത്തുള്ളത്. ഞങ്ങള്‍ക്ക് പുരയിടം തരൂ എന്നല്ല, കൃഷിഭൂമി തരൂ എന്നാണ് അവരുയര്‍ത്തുന്ന മുദ്രാവാക്യം. സി.പി.എമ്മിന്റെ രണ്ടാം മിച്ചഭൂമിസമര വാദത്തിന്റെ തുടര്‍ച്ചയാണിത്. സ്വന്തം മുദ്രാവാക്യം അധികാരത്തിലെത്തുമ്പോള്‍ നടപ്പാക്കാനുള്ള ബാധ്യതയില്‍നിന്ന് ഒളിച്ചോടുന്നവരുടെ അവസാനത്തെ ആശ്രയമാണ് ഈ ‘പുരയിട’’വാദം.
ഐസക് പറയുന്നതുപോലെ ഉത്സാ പട്നായികിനെ ഉദ്ധരിച്ച് ഇവിടെയാരും അതിശയോക്തിപരമായ കണക്കുകള്‍ ഉദ്ധരിച്ച് ചെങ്ങറപോലുള്ള സമരങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ഉദ്ധരിച്ചിട്ടുണ്ടെങ്കില്‍ ഉത്സാ പട്നായികും വികാസ് റാവലും ഒരേപോലെ ഉപയോഗിക്കുന്ന നാഷനല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കാണ്. ആ കണക്കുകള്‍ കാട്ടിത്തരുന്നത് മുത്തങ്ങയും ചെങ്ങറയും പോലുള്ള സമരങ്ങള്‍ ഉണ്ടാവുന്നത് ‘രണ്ടാം മിച്ച ഭൂമി സമര’ത്തില്‍ നിന്നും ‘രണ്ടാം ഭൂപരിഷ്കരണ’ത്തില്‍ നിന്നും ‘ഉത്തരവാദപ്പെട്ടവര്‍’ പിന്മാറിയതുകൊണ്ടാണ്.
ഈ പുരയിട കണക്ക് ഉയര്‍ത്തിക്കാട്ടി കൈകഴുകി പോകാവുന്നതല്ല കേരളത്തിലെ  ഭൂപ്രശ്നം എന്നതാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. ഐസക്കിന്റെ അഭിപ്രായത്തില്‍ അപ്പോള്‍ ഇനി കരണീയമായിട്ടുള്ളതെന്താണ്? “എല്ലാ ഭൂരഹിതര്‍ക്കും കൃഷിഭൂമി നല്‍കുക എന്നത് പ്രായോഗിക മുദ്രാവാക്യമല്ല. എല്ലാ ഭൂരഹിതര്‍ക്കും വീടും കിടപ്പാടവും ലഭ്യമാക്കുകയാണ് ലക്ഷ്യം.” ഉത്സാ പട്നായികും റാവലും ഉദ്ധരിക്കുന്ന നാഷനല്‍ സാമ്പിള്‍ സര്‍വേ അനുസരിച്ച് പുരയിടരഹിതരുടെ ശതമാനം കേരളത്തില്‍ 4.8 ശതമാനമാണെങ്കില്‍ ഇന്ത്യയിലത് 10 ശതമാനമാണ്. ഐസക്കിന്റെ പദ്ധതിയനുസരിച്ച് കേരളത്തില്‍ ഈ 4.8 ശതമാനം ഭൂരഹിതര്‍ക്ക് കേരളസര്‍ക്കാര്‍ വീട് നല്‍കുകയും, മറ്റു സംസ്ഥാനങ്ങള്‍ ഉല്‍സാഹിച്ചാല്‍ ഇന്ത്യയിലെ 10 ശതമാനം ഭവനരഹിതര്‍ക്ക് മുഴുവന്‍ വീട് നല്‍കുകയും ചെയ്യാം. ഇതാണത്രെ വി.എസ്. അച്യുതാനന്ദനും പറഞ്ഞത്. ആയിരിക്കാം, പക്ഷേ അതുകൊണ്ട് കൃഷിഭൂമിക്കു വേണ്ടിയുള്ള സമരം അവസാനിക്കുന്നില്ല. രണ്ടാം ഭൂപരിഷ്കരണത്തിന്റെ അജണ്ട ഉപേക്ഷിക്കാനുമാവില്ല.
കാര്‍ഷിക പരിഷ്കരണവും പാട്ടക്കൃഷിയും
കേരളത്തില്‍ ഭൂപരിഷ്കരണത്തിനുള്ള സാധ്യതകള്‍ അവസാനിച്ചുവെന്ന് വിലയിരുത്തുന്ന ഐസക് തുടര്‍ന്ന് കാര്‍ഷിക പരിഷ്കരണത്തിന്റെ ആവശ്യകതയെക്കുറിച്ചാണ് ചര്‍ച്ചചെയ്യുന്നത്. കൂലിവര്‍ധന ഒരു കാലത്തും ഉല്‍പാദനക്ഷമതക്ക് ആനുപാതികമായിരുന്നില്ലെന്ന പ്രശ്നം ഉന്നയിക്കപ്പെടുന്നതേയില്ല. ഭൂപരിഷ്കരണ പാക്കേജിന്റെ ആകെ നേട്ടമായി പറയുന്നതു ദലിത് വിഭാഗങ്ങള്‍ക്ക് ലഭിച്ച കുടികിടപ്പവകാശം അവരുടെ കൂലി വര്‍ധനക്കായുള്ള സമരങ്ങളെ സഹായിച്ചു എന്നതാണ്. എന്നാല്‍ കാര്‍ഷിക മേഖലയിലെ ആധുനികവത്കരണം തടയപ്പെട്ടതോടെ ഉല്‍പാദനക്ഷമതയും കൂലിവര്‍ധനയും തമ്മിലുണ്ടാവേണ്ട സ്വാഭാവിക ബന്ധം നഷ്ടപ്പെടുകയാണുണ്ടായത്. മറ്റു പല കാരണങ്ങളും ഈ സന്ദര്‍ഭത്തില്‍ ചൂണ്ടിക്കാണിക്കാവുന്നതാണ്. കൃഷിഭൂമിയുടെ തുണ്ടുവത്കരണത്തിന്റെ പ്രശ്നം ഐസക് തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഉല്‍പാദനക്ഷമതയുടെ പ്രശ്നത്തെ കൂലിവര്‍ധനയുടെ പ്രശ്നത്തില്‍നിന്ന് അടര്‍ത്തിമാറ്റി ചിന്തിക്കുന്നത്, കാര്‍ഷിക മേഖലയിലെ നിലപാടുകളിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ രൂക്ഷമായ മറ്റനവധി വൈരുധ്യങ്ങള്‍ കൂടി ചര്‍ച്ചചെയ്യേണ്ടി വരുമെന്നതുകൊണ്ടായിരിക്കണം. എന്നാല്‍ ഈ പ്രശ്നത്തിനുള്ള പരിഹാരമായി ഐസക് ഇപ്പോള്‍ നിര്‍ദേശിക്കുന്നതെന്താണ്? കൃഷിഭൂമി നല്‍കാനാവില്ലെന്ന് ഉറപ്പിച്ചു പറഞ്ഞുകഴിഞ്ഞു. കൂട്ടുകൃഷിയായാലോ? ആ പഴയ സി.പി.ഐ പരിപാടിയും അപ്രായോഗികമായിരിക്കുന്നു. പകരം ഐസക്കിന് നിര്‍ദേശിക്കാനുള്ളത് ഭൂരഹിതരെല്ലാം പാട്ടത്തിന് ഭൂമി ഏറ്റെടുത്ത് കൃഷി ചെയ്യുകയെന്നതാണ്. സൈദ്ധാന്തികമായ അര്‍ഥത്തില്‍, ഇത് ജന്മിത്തത്തിലേക്കുള്ള തിരിച്ചുപോക്കല്ല എന്ന വാദം ശരിയാണ്. കാരണം പാട്ടം ജന്മിവ്യവസ്ഥയിലും മുതലാളിത്തത്തിലും ഒരേ കാര്‍ഷിക ബന്ധത്തെയോ മിച്ചമൂല്യ സമ്പ്രദായത്തെയോ അല്ല പ്രതിനിധാനം ചെയ്യുന്നത് എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഒരു പൊതു ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി പാട്ടക്കൃഷിയെ പ്രോല്‍സാഹിപ്പിക്കുകയെന്നതാണ് കാര്‍ഷിക മേഖലയില്‍ ഇടതുപക്ഷത്തിന് ഇനിയാകെ ചെയ്യാന്‍ കഴിയുന്നത് എന്ന് വാദിച്ചുറപ്പിക്കുകയാണ് ഐസക് ചെയ്തിരിക്കുന്നത്.
ഇ.എം.എസിന്റെ തറപ്പാട്ടം
എന്നാല്‍ വിചിത്രമെന്ന് പറയട്ടെ, ഈ നിലപാടിന് കടകവിരുദ്ധമായ ഒരു സൈദ്ധാന്തിക സമീപനമാണ് തന്റെ വാദത്തെ നീതിവത്കരിക്കാനെന്ന രീതിയില്‍ ഐസക് ഉദ്ധരിക്കുന്നത്. 1983-ല്‍ സി.പി.എം. ചായ്വുള്ള സോഷ്യല്‍ സയിന്റിസ്റ് മാസികയില്‍ മൂലധന’ത്തിന്റെ മൂന്നാം വാല്യത്തില്‍ തറപ്പാട്ടത്തെക്കുറിച്ച് മാര്‍ക്സ് നടത്തിയ വിശദമായ പഠനത്തിന്റെ ഒരു ചെറു വിവരണത്തോടൊപ്പം, ഇന്ത്യയിലെ കാര്‍ഷിക മേഖലയില്‍ മാര്‍ക്സിന്റെ തറപ്പാട്ട സിദ്ധാന്തത്തിന് പ്രയോഗസാധ്യതയുണ്ടെന്ന് വിലയിരുത്തുന്ന ഒരു ലേഖനം ഇ.എം.എസ് എഴുതിയിരുന്നു. മുതലാളിത്തത്തില്‍ തറപ്പാട്ടം ഉദ്ഭവിക്കുന്നതിനെക്കുറിച്ചുള്ള മാര്‍ക്സിന്റെ വിശദമായ പഠനത്തെ സംഗ്രഹിച്ചവതരിപ്പിക്കുകയും, അയര്‍ലന്റിനെക്കുറിച്ച് മാര്‍ക്സ് നടത്തുന്ന ചില നിരീക്ഷണങ്ങള്‍ക്ക് ഫ്യൂഡലിസത്തില്‍നിന്ന് മുതലാളിത്തത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ ചില സാംഗത്യങ്ങളുണ്ടെന്നും വാദിക്കുകയാണ് യഥാര്‍ഥത്തില്‍ ഇ.എം.എസ് ചെയ്യുന്നത്. ഇ.എം.എസില്‍നിന്ന് വ്യത്യസ്തമായി ഐസക് മുന്നോട്ടുവെക്കുന്ന നിര്‍ദേശമെന്താണ്? അതായത് ഭൂരഹിതരായ കര്‍ഷകര്‍ പാട്ടക്കൃഷിക്ക് തയാറാവണം. എന്നാല്‍ ഭൂവിലയായി പരിവര്‍ത്തനം പ്രാപിക്കുന്ന തറപ്പാട്ടത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയുന്ന കാര്‍ഷിക പരിഷ്കരണത്തെക്കുറിച്ച് ചിന്തിക്കാന്‍പോലുമാവില്ല. ഭൂമി ചോദിക്കുന്ന കര്‍ഷകനോട് ഭൂമി വിലയ്ക്ക് വാങ്ങി കൃഷി ചെയ്തുകൊള്ളാനും, വില അമിതമാണെങ്കില്‍ അത് സഹിച്ചുകൊള്ളാനും പറയുന്നതാണോ കാര്‍ഷിക മേഖലയിലെ പുത്തന്‍ ഇടതുപക്ഷ’ നയം?
ഇടതുപക്ഷ നിലപാടെന്ത്?
തറപ്പാട്ടത്തെക്കുറിച്ചുള്ള കൌട്സ്കിയുടെ അഭിപ്രായം പൂര്‍ണമായ യോജിപ്പോടെയാണ് ലെനിന്‍ ഉദ്ധരിക്കുന്നതെന്ന് ഇ.എം.എസ് ചൂണ്ടിക്കാട്ടുന്നു. തറപ്പാട്ടത്തിന്റെ രണ്ടു രൂപങ്ങളായ കേവല പാട്ടത്തെയും വ്യാവര്‍ത്തക പാട്ടത്തെയും (മയീഹൌലേ ൃലി മിറ റശളളലൃലിശേമഹ ൃലി) വിശദീകരിച്ചുകൊണ്ട് കൌട്സ്കി പറയുന്നത് വ്യാവര്‍ത്തക പാട്ടം മുതലാളിത്തത്തിന് സഹജമായ മല്‍സരത്തില്‍നിന്നും കേവല പാട്ടം ഭൂവുടമസ്ഥതയിലെ കുത്തകയില്‍നിന്നും ഉദ്ഭവിക്കുന്നുവെന്നാണ്. എന്നാല്‍ കേവല പാട്ടത്തിന്റെ അടിസ്ഥാനം സ്വകാര്യ ഉടമസ്ഥതയാണ്. മാര്‍ക്സിസ്റ് പരിപാടിയില്‍ ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള മാര്‍ഗം ഭൂമിയുടെ ദേശസാത്കരണമാണ്. ഭൂമി ദേശസാത്കരിക്കുമ്പോള്‍ പാട്ടം ഭരണകൂടത്തിനാണ് ലഭിക്കുക, സ്വകാര്യ വ്യക്തികള്‍ക്കല്ല. തുടര്‍ന്ന് കൌട്സ്കി അതിന്റെ മറ്റ് പ്രായോഗിക സൈദ്ധാന്തിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഈ നിലപാട് വിശദീകരിക്കുന്ന ഇ.എം.എസ് പറയുന്നു: “ഇന്ത്യയിലെ കാര്‍ഷിക പരിഷ്കാരങ്ങള്‍ ഭൂമി ദേശസാത്കരണത്തിലേക്ക് നീങ്ങിയിട്ടുണ്ടെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല.” അതുകൊണ്ട് ഇന്ത്യയിലെ -കേരളത്തിലെയും- കര്‍ഷക പ്രസ്ഥാനത്തിന്റെ അടിയന്തരമായ കടമയെന്താണ്?‘ഭൂവിതരണമെന്ന പഴയ കേന്ദ്ര മുദ്രാവാക്യത്തിന് പകരം, കൂലിവര്‍ധന, പാട്ടത്തുക കുറക്കല്‍, ഋണനിര്‍മാര്‍ജനം, ന്യായവില, നികുതി ഭാരം കുറക്കല്‍, അഴിമതി നിര്‍മാര്‍ജനം എന്നിവ ഭൂമി പിടിച്ചെടുക്കലും പുനര്‍വിതരണവും എന്ന മുഖ്യമുദ്രാവാക്യത്തോടൊപ്പം തന്നെ ശക്തമായി ഉയര്‍ത്തണം. അതായത് ഐസക്ക് പറയുന്ന മറ്റു പരിഹാരങ്ങള്‍ ഭൂവിതരണത്തിന്റെ അജണ്ടയില്‍ നിന്ന് പിന്മാറാതെ വേണം ഉയര്‍ത്തിക്കൊണ്ട് വരേണ്ടത് എന്നാണ് ഇ.എം.എസ് വാദിച്ചത്. ഐസക്കിനും പാര്‍ട്ടിക്കും ഇ.എം.എസില്‍ നിന്ന് വ്യത്യസ്തമായ നിലപാടുള്ളതില്‍ പാര്‍ട്ടിക്കുള്ളില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടാകാം. അത് മറ്റുള്ളവര്‍ക്ക് പ്രശ്നമല്ല. പുതിയ നിലപാട് ഇ.എം.എസിന്റെ വീക്ഷണത്തിന് സ്വീകാര്യമല്ലെന്നാണ് ഈ സമരങ്ങളുടെ മുദ്രാവാക്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. മാത്രമല്ല, ഈ പുതിയ സമരങ്ങള്‍ രൂപം കൊള്ളുമ്പോള്‍, തരിശ് ഭൂമി, വനഭൂമി, മറ്റു മിച്ചഭൂമി എന്നിവക്ക് വേണ്ടിയുള്ള സമരം അവസാനിപ്പിക്കരുതെന്നും സി.പി.എം ജലന്ധര്‍ പ്രമേയം ചൂണ്ടിക്കാട്ടി ഇ.എം.എസ് ആവശ്യപ്പെടുന്നു. ഇതാണ് കാര്‍ഷിക ഐക്യത്തിന് സഹായകമാവുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
ചെങ്ങറയുടെ പ്രസക്തി
ഭൂപരിഷ്കരണത്തിന്റെ പരിമിതികളുടെ മര്‍മത്തില്‍ സ്പര്‍ശിക്കുന്നതും ഇതഃപര്യന്തമുള്ള ഇടതുപക്ഷ-വലതുപക്ഷ നിലപാടുകളിലെ ആശയക്കുഴപ്പങ്ങളും വൈരുധ്യങ്ങളും മറനീക്കി പുറത്തു കൊണ്ടുവരുന്നതുമായ സമരമാണ് ചെങ്ങറയില്‍ നടന്നത്. രണ്ടാം ഭൂപരിഷ്കരണമെന്ന മുദ്രാവാക്യത്തിന് സാധുതയേകുന്ന സൈദ്ധാന്തിക രാഷ്ട്രീയ പരിസരം ഒരു ഭൌതിക യാഥാര്‍ഥ്യമായി നമ്മുടെ മുന്നില്‍ ഉയര്‍ന്നുനില്‍ക്കുന്നു. അതുകൊണ്ട് ഇനി ഭൂപരിഷ്കരണമില്ലെന്ന നിലപാടിന് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. ഭൂപരിധി പുതുക്കി നിശ്ചയിക്കുന്നതിലൂടെയും മറ്റ് അനുബന്ധ പരിഷ്കാരങ്ങളിലൂടെയും മിച്ചഭൂമിയുടെ കാര്യക്ഷമമായ വിതരണത്തിലൂടെയും ദലിത്-ആദിവാസി വിഭാഗങ്ങള്‍ക്ക് കൃഷിഭൂമി ലഭ്യമാക്കുക എന്നത് അടിയന്തരമായ രാഷ്ട്രീയ കര്‍ത്തവ്യം തന്നെയാണ്. രണ്ടാം ഭൂപരിഷ്കരണം എന്നത് ഏതെങ്കിലും തീവ്രവാദി സംഘം ആകാശത്തില്‍നിന്ന് പറിച്ചിട്ട മുദ്രാവാക്യമല്ല, 1979-ല്‍ സി.പി.എം തന്നെ മുന്നോട്ടുവെച്ചതാണ്. 1979-നും 2009-നും ഇടക്ക് നാലു തവണ സി.പി.എം അധികാരത്തില്‍ വന്നു. മുദ്രാവാക്യങ്ങള്‍ നയമാക്കി മാറ്റാനും നടപ്പില്‍ വരുത്താനുമുള്ള കടമ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുണ്ട്. ചെങ്ങറസമരം, ഈ യാഥാര്‍ഥ്യത്തിന് നേരെയുള്ള മടങ്ങാത്ത ചൂണ്ടുവിരലാണ്.
 

Comments

comments