ഡോ. ടി.ടി. ശ്രീകുമാര്‍ (മാധ്യമം ആഴ്ചപ്പതിപ്പ്, 2011 ഏപ്രില്‍ 18)

കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകള്‍ക്കിടയില്‍ കേരളത്തിലുണ്ടായ മാറ്റങ്ങള്‍  ചരിത്രപരമായും രാഷ്ട്രീയമായും പരിശോധിക്കേണ്ടതാണ്. വളര്‍ച്ച മുട്ടിയ ഒരു  സമ്പദ്‌വ്യവസ്ഥ സാമൂഹിക മേഖലകളിലുണ്ടാക്കിയ നേട്ടങ്ങളെ മാതൃകയെന്ന്  വിളിച്ചുപോന്നിരുന്ന ഒരുകാലമുണ്ടായിരുന്നു. അന്ന് അതിന്റെ വിമര്‍ശമായാണ്  ദലിത്-ആദിവാസി-മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ ആപേക്ഷിക  അവികസനത്തെക്കുറിച്ചും സ്ത്രീകളുടെ സാമൂഹിക പദവിയിലെ  വൈരുധ്യങ്ങളെക്കുറിച്ചും ചര്‍ച്ചകളുണ്ടായത്. ഈ വിഭാഗങ്ങളുടെ  സാമ്പത്തിക-സാമൂഹിക സ്ഥിതിയില്‍ എടുത്തുപറയത്തക്ക നേട്ടങ്ങള്‍  ഒന്നുമുണ്ടായില്ലെങ്കിലും കഴിഞ്ഞ രണ്ടുദശകങ്ങളിലെ സാമ്പത്തിക പ്രക്രിയകള്‍  ‘മുഖ്യധാര’യില്‍ വരുത്തിയ മാറ്റങ്ങള്‍ വിസ്മയകരമാണ്.

1991-’96 കാലത്തെ  യു.ഡി.എഫ് ഭരണത്തില്‍ കേരളത്തില്‍ അതുവരെയുണ്ടായിരുന്ന സാമ്പത്തിക  വളര്‍ച്ചയുടെ ഗതിമാറിയതായാണ് കാണുന്നത്. ആ ഭരണത്തിന്റെ തുടക്കത്തില്‍  കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം ഇന്ത്യന്‍ ശരാശരിയുടെ 84 ശതമാനം  മാത്രമായിരുന്നെങ്കില്‍, ഭരണം അവസാനിച്ച്, മുന്നണി  തോറ്റുപടിയിറങ്ങുമ്പോള്‍, കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം കേരളത്തിന്റെ  ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ ശരാശരി കടന്ന് മുന്നോട്ടുപോയിരുന്നു.  പിന്നീടുവന്ന ഇടതുമുന്നണി ഭരണത്തിലും തുടര്‍ന്നുവന്ന യു.ഡി.എഫ് ഭരണത്തിലും  അതിനെ തുടര്‍ന്നുവന്ന ഇടതുമുന്നണി ഭരണത്തിലും ഈനില കൂടുതല്‍ കൂടുതല്‍  മെച്ചപ്പെടുകയാണുണ്ടായത്. മറ്റു മേഖലകളിലെ വളര്‍ച്ചനിരക്കുകള്‍  പരിശോധിച്ചാലും ഇതില്‍നിന്ന് വളരെ വ്യത്യസ്തമായ ഒരു നില കണ്ടെത്താന്‍  വിഷമമായിരിക്കും. ഏറ്റവും ചുരുക്കി ഈ വസ്തുത രേഖപ്പെടുത്തിയാല്‍ അതിങ്ങനെ  ആയിരിക്കും: നിങ്ങള്‍ കേരളത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം  ഉന്നയിക്കുന്ന പ്രശ്‌നം വികസനത്തെക്കുറിച്ചാണെങ്കില്‍ നിങ്ങള്‍ ഏത്  മുന്നണിക്കാണ് വോട്ടുചെയ്യുന്നത് എന്നത് ഒരു പരിഗണനയേ അല്ല. ഞാന്‍  ആവര്‍ത്തിക്കുന്നു -കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച എന്നത് ഏത് മുന്നണി  ഭരിക്കുന്നു എന്നതിനെ ആശ്രയിച്ചല്ല എന്നത് പച്ചയായ, കണക്കുകള്‍  വെളിവാക്കുന്ന ഒരു പരമാര്‍ഥമാണ്.

കേരളത്തെ  വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള രണ്ട് മുന്നണികളുടെയും അവയുടെ  വിടുവായന്‍ നേതൃത്വങ്ങളുടെയും അവകാശവാദങ്ങളും വാഗ്ദാനങ്ങളും വെറും വാചാടോപം മാത്രമാണ്. അവര്‍ക്ക് വേണമെങ്കില്‍ വളര്‍ച്ചനിരക്കിന്റെ തോതിനെക്കുറിച്ചോ  അതില്‍ ദശാംശത്തിനുശേഷം വരുന്ന സംഖ്യയുടെ വലുപ്പത്തെക്കുറിച്ചോ ഒക്കെ  വേണമെങ്കില്‍ തര്‍ക്കിക്കാം, തര്‍ക്കിച്ചുകൊണ്ടേയിരിക്കാം. അത് ലോട്ടറി  തര്‍ക്കത്തില്‍ വി.ഡി. സതീശനും ഐസക്കും കൂടി നടത്തിയ സംവാദംപോലെ  നിരര്‍ഥകമായ ഒന്നാണ്. ചിലര്‍ വി.ഡി. സതീശന്‍ ജയിച്ചെന്നു കരുതി,  മറ്റുചിലര്‍ ഐസക് തോറ്റില്ലെന്നു കരുതി. വികസനം  കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള യു.ഡി.എഫ്-എല്‍.ഡി.എഫ് തര്‍ക്കത്തിന്റെ ഒരു  ‘കോമഡിഷോ’ ആയി ആ ലോട്ടറി തര്‍ക്കത്തെ കാണാമെങ്കില്‍, അത് ആ സംവാദത്തിന്റെ  ഒരു പ്രയോജനമായി കണക്കാക്കാം.
സാമ്പത്തികവളര്‍ച്ചയെക്കുറിച്ചും പ്രതിശീര്‍ഷവരുമാനത്തെക്കുറിച്ചും  മാത്രമാണ് വേവലാതിയെങ്കില്‍ കേരളം ആ രംഗങ്ങളിലെ സ്തംഭനാവസ്ഥ  പരിഹരിച്ചുകഴിഞ്ഞിരിക്കുന്നു. 1999-2000 മുതല്‍ കേരളത്തിലെയും പുറത്തെയും  സാമ്പത്തിക ഗവേഷകര്‍ കണക്കുകള്‍ ഉദ്ധരിച്ച് സ്ഥാപിച്ച ഒരു  യാഥാര്‍ഥ്യമാണിത്. യു.ഡി.എഫോ എല്‍.ഡി.എഫോ ഭരിച്ചതിന്റെ ഫലമായി  ഇതിലെന്തെങ്കിലും കാര്യമായ മാറ്റം വന്നതായി അവരാരും  ചൂണ്ടിക്കാണിച്ചിട്ടില്ല. മറിച്ച്, ഈ രണ്ടുകാര്യത്തിലും-ആഭ്യന്തര  ഉല്‍പന്നത്തിന്റെ വര്‍ധനയിലും പ്രതിശീര്‍ഷവരുമാനത്തിന്റെ വര്‍ധനയിലും  -അനുസ്യൂതം എന്നുതന്നെ പറയാവുന്ന പുരോഗതിയാണ് കഴിഞ്ഞ 20  കൊല്ലക്കാലത്തിനിടയില്‍ ഉണ്ടായിരിക്കുന്നത്. എല്‍.ഡി.എഫിന് തുടര്‍ച്ചയായി  ഭരണം കിട്ടാത്തതുകൊണ്ടാണ് കേരളത്തില്‍ വികസനം ഉണ്ടാകാത്തതെന്ന് പിണറായി  വിജയനും, അല്ല, വികസനവിരോധികളായ എല്‍.ഡി.എഫുകാര്‍ ഇടക്ക്  ജയിക്കുന്നതുകൊണ്ടാണ് വികസനം മുരടിക്കുന്നതെന്ന്

ഉമ്മന്‍ചാണ്ടിയും ഈ  അടുത്തകാലത്ത് തട്ടിവിടുകയുണ്ടായി. എന്നാല്‍, യാഥാര്‍ഥ്യമെന്താണ്?  സാമ്പത്തികമേഖലയിലെ മാറ്റങ്ങള്‍ മുന്നണി ഭരണവുമായി ബന്ധപ്പെട്ടതല്ല.  യഥാര്‍ഥത്തില്‍ മുന്നണിഭരണവുമായി ബന്ധപ്പെട്ടത്, ‘ഭരണ’ത്തോടുള്ള,  ജനാധിപത്യത്തോടുള്ള ജനങ്ങളുടെ സാമൂഹിക-രാഷ്ട്രീയ ആവശ്യങ്ങളോടും  അവകാശങ്ങളോടുമുള്ള സമീപനമാണ്. ഈ സമീപനത്തിന്റെ അടിസ്ഥാനത്തില്‍ മുന്നണികള്‍ പിന്തുടരുന്ന നയപരിപാടികളാണ്, ആ മുന്നണികളിലെ പാര്‍ട്ടികളുടെ, പ്രമുഖ  പാര്‍ട്ടികളുടെ, ഇത്തരം പ്രശ്‌നങ്ങളോടുള്ള നിലപാടുകളാണ് മാറിമാറിവരുന്ന  തെരഞ്ഞെടുപ്പുകളില്‍ മുന്നണികളുടെ ജയാപചയങ്ങളെ നിര്‍വചിക്കുന്നത്.

എന്തുകൊണ്ടാണ് 1990കള്‍ക്കുശേഷം കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയുടെ  ഗതിമാറിയതെന്നത് ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്. ആ ചര്‍ച്ചയുടെ ഗൗരവം  ചോര്‍ത്തിക്കളയുന്നതാണ്, യു.ഡി.എഫ് ആണോ എല്‍.ഡി.എഫ് ആണോ വികസനം  കൊണ്ടുവരുന്നതെന്ന കപട പ്രശ്‌നം. 1990കള്‍ മുതല്‍ സമ്പദ്‌വ്യവസ്ഥയിലും  പ്രതിശീര്‍ഷവരുമാനത്തിലും കേരളത്തിനുണ്ടായ വളര്‍ച്ചയില്‍ അവകാശവാദവുമായി  വരാന്‍ ഇരുമുന്നണികള്‍ക്കും കഴിയും. രണ്ട് മുന്നണികളുടെ ഭരണകാലത്തും  ഏതാണ്ട് ഒരുപോലെ സാമ്പത്തിക മുന്നേറ്റം ഉണ്ടായതിന്റെ കാരണം മുന്നണികളുടെ  ഭരണ നൈപുണിയും സാമ്പത്തികനയങ്ങളിലും പരതുന്നത്, പക്ഷേ, വൃഥാവ്യായാമമാണ്  എന്ന് പറയാതെ വയ്യ. ലോക മുതലാളിത്ത വ്യവസ്ഥയില്‍ ക്രിയാത്മകമായി  പങ്കുചേരാന്‍ ശ്രമിച്ചിട്ടുള്ള രാജ്യങ്ങളും പ്രദേശങ്ങളും സ്വാഭാവികമായും  അതിന്റെ ഗുണഫലങ്ങളും തിക്തഫലങ്ങളും അനുഭവിക്കുന്നുണ്ട്. ഇന്ത്യയിലും  കേരളത്തിലും സാമ്പത്തികരംഗത്തുണ്ടായ വളര്‍ച്ച, ആഗോളീകരണ-ഉദാരീകരണ നയങ്ങളുടെ ഫലമായുണ്ടാവുന്നതാണെന്നത് മറച്ചുവെച്ച് ഇക്കാര്യം ചര്‍ച്ചചെയ്യുന്നത്  ഏറ്റവും ചുരുങ്ങിയ ഭാഷയില്‍ പറഞ്ഞാല്‍ കടുത്ത ഭീരുത്വമാണ്. ലോക മുതലാളിത്ത  വ്യവസ്ഥയില്‍ 1980കള്‍ മുതലുണ്ടായ ഘടനാപരമായ മാറ്റങ്ങളുടെയും ആ  വ്യവസ്ഥയില്‍ ഇന്ത്യയും ചൈനയുമടക്കമുള്ള മൂന്നാംലോക രാജ്യങ്ങള്‍ വഹിക്കുന്ന പങ്കിനെയും കുറിച്ചുള്ള വ്യവഹാരങ്ങള്‍ പൂഴ്ത്തിവെച്ച്, കേരളത്തിന്റെ  സാമ്പത്തികവളര്‍ച്ചയെക്കുറിച്ച് മുന്നണികളുടെ നയവുമായി ബന്ധപ്പെടുത്തി  ചര്‍ച്ച ചെയ്യുന്നത് യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്ന സമീപനമല്ല.  ‘വികസനം’ കേരളത്തിലെ മുന്നണിരാഷ്ട്രീയത്തിന്റെ മുദ്രാവാക്യമാകുന്നത്  അങ്ങേയറ്റം പരിഹാസ്യമാണ്.

വികസനാനന്തര കേരള രാഷ്ട്രീയം

കേരളം അതിവേഗം ഒരു വികസനാനന്തര സമൂഹമായി മാറുകയാണ് എന്ന വസ്തുതയെ  കണ്ടില്ലെന്ന് നടിക്കുന്നതില്‍ അര്‍ഥമില്ല. നേരത്തേ സൂചിപ്പിച്ച  കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും പ്രതിശീര്‍ഷ വരുമാനത്തിന്റെ  വര്‍ധനയിലും മാത്രം ഊന്നിയുള്ള ഒരു നിരീക്ഷണമല്ല ഇത്. അത്തരം പ്രക്രിയകളെ  സ്വാധീനിച്ച ഘടകങ്ങളെക്കുറിച്ച് നമുക്ക് നന്നായി അറിയാം. വിദേശ മലയാളികളുടെ ധനപ്രേഷണം സമ്പദ്‌വ്യവസ്ഥയില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ പുതിയ  കാര്യമല്ലെങ്കിലും അധ്വാനക്കയറ്റുമതിയിലൂടെ കേരളം വമ്പിച്ച നേട്ടങ്ങള്‍  കൊയ്യാനാരംഭിച്ചത് ഉദാരീകരണ-ആഗോളീകരണ നയങ്ങള്‍ മറയില്ലാതെ  നടപ്പിലാക്കിത്തുടങ്ങിയ 1990കള്‍ മുതല്‍ക്കാണെന്നത് ഇതിനകം പല  പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ എത്തിച്ചേരാവുന്ന നിഗമനമാണ്. സേവനമേഖലയിലെ  ത്വരിത വളര്‍ച്ച, വ്യവസായ മേഖലയിലെ ശരാശരി വളര്‍ച്ച, കാര്‍ഷിക മേഖലയിലെ  നാണ്യവിളമേഖലയിലുണ്ടായിട്ടുള്ള മുന്നേറ്റങ്ങള്‍, അധ്വാനക്കയറ്റുമതിയിലൂടെ  ലഭിക്കുന്ന വരുമാനത്തിന്റെ വര്‍ധന, ഊഹക്കച്ചവടത്തിലും മറ്റുമുണ്ടായ  വളര്‍ച്ച, നവ സാങ്കേതിക വിദ്യയുടെ ഗുണപരമായ പാര്‍ശ്വവശങ്ങള്‍… ഇങ്ങനെ  നിരവധിഘടകങ്ങള്‍ ‘കേരള മാതൃക’യുടെ അടിസ്ഥാനമായ സാമൂഹിക മേഖലകളിലെ  മുന്നേറ്റവുമായി പ്രതിപ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് കേരളത്തില്‍  ഇന്നുകാണുന്ന സാമ്പത്തിക വളര്‍ച്ച സാധ്യമായത്. കേരളത്തിന്റെ  പ്രതിശീര്‍ഷവരുമാനം 1991-’96ല്‍ കരുണാകരനും ആന്റണിയും തമ്മില്‍ തല്ലുന്ന  കാലത്ത് വളര്‍ന്ന് ഇന്ത്യന്‍ ശരാശരിക്ക് മുകളിലായതും, പിന്നീട്  ക്രമാനുഗതമായി അത് വളര്‍ന്ന് ഇപ്പോള്‍ ഇന്ത്യയില്‍ ഒന്നാംസ്ഥാനത്ത്  എത്തിയതും ലോകവ്യവസ്ഥയില്‍ കേരളം പങ്കുചേര്‍ന്നതിന്റെ സവിശേഷ രീതിയുമായി  ബന്ധപ്പെട്ട് വിശദീകരിക്കപ്പെടേണ്ടതാണ് എന്നര്‍ഥം. ഇനി അഞ്ചുവര്‍ഷക്കാലം  ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുംകൂടി തമ്മില്‍ തല്ലിയാലും അച്യുതാനന്ദനും  പിണറായി വിജയനുംകൂടി വൈരുധ്യാത്മകമായി പരസ്‌പരം പാരവെക്കുന്നത്  തുടര്‍ന്നാലും കേരളത്തിന്റെ ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന വികസനരീതിയെ അത് സ്വാധീനിക്കില്ല എന്നതാണ് യാഥാര്‍ഥ്യം.

കേരളം അതിവേഗം ഒരു വികസനാനന്തര സമൂഹമായി മാറിക്കൊണ്ടിരിക്കുന്നു എന്ന  വസ്തുതയെക്കുറിച്ചുള്ള ചര്‍ച്ച ആരംഭിക്കുന്നതിന് ഈ യാഥാര്‍ഥ്യവുമായി നാം  പൊരുത്തപ്പെടേണ്ടതുണ്ട്. സി.പി.എം ആഗോളീകരണ-ഉദാരീകരണ നയങ്ങള്‍ക്കെതിരാണ്  എന്ന് ആ പാര്‍ട്ടിയുടെ ദേശീയനേതൃത്വം ആണയിടുന്നുണ്ടെങ്കിലും അവര്‍ക്ക്  മേല്‍ക്കൈയുള്ള കേരളത്തിലെയും ബംഗാളിലെയും ഗവണ്‍മെന്റുകള്‍ നവലിബറല്‍  സാമ്പത്തിക നയങ്ങളും പ്രത്യയശാസ്ത്രവുംതന്നെയാണ് പിന്തുടര്‍ന്നിട്ടുള്ളത്.  അത് സൃഷ്ടിച്ച സാമൂഹിക സംഘര്‍ഷങ്ങള്‍ കേരളത്തിലും ബംഗാളിലും നാം കഴിഞ്ഞ  അഞ്ചുവര്‍ഷം ദര്‍ശിച്ചതാണ്. അമേരിക്കയില്‍ ‘സ്വാതന്ത്ര്യം’ എന്ന പദം  നിരര്‍ഥകമായി മുഴങ്ങിക്കേള്‍ക്കുന്നതുപോലെ കേരളത്തില്‍ ഉപയോഗിക്കപ്പെടുന്ന  പദം ‘വികസന’മാണ്. അമേരിക്കയിലെ ഏറ്റവും ‘ഉദാത്ത’മായ സ്വാതന്ത്ര്യസങ്കല്‍പം  വലത് യാഥാസ്ഥിതികരുടേതാണെങ്കില്‍ കേരളത്തില്‍ ഏറ്റവും ‘ഉദാത്ത’മായ ലിബറല്‍  വികസന സങ്കല്‍പം ഇടത് യാഥാസ്ഥിതികരുടേതാണ്. ഇത് യാദൃച്ഛികമല്ല.

വികസനപൂര്‍വഘട്ടത്തില്‍നിന്ന് വികസനാനന്തര ഘട്ടത്തിലേക്ക് കടക്കുന്ന ഒരു പ്രദേശത്തിന്റെ രാഷ്ട്രീയമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള തികഞ്ഞ അജ്ഞതയോ  നിസ്സംഗതയോ ആണ് കേരളത്തില്‍ ഇരുമുന്നണികളും വെച്ചുപുലര്‍ത്തുന്നത്. ഒരു  വികസനാനന്തര സമൂഹത്തിന്റെ ഏറ്റവും വലിയ സവിശേഷത, അത് അതിന്റെ നിരന്തര  സമരമുഖങ്ങളിലൂടെ ‘വികസനം’ എന്ന സങ്കല്‍പത്തിന്റെ ഉദാത്തവത്കരണത്തിനെതിരെ  ശക്തമായി പ്രതികരിക്കും എന്നതാണ്. വികസനം എന്നത് ഒരു വരേണ്യ  പ്രത്യയശാസ്ത്രമാണെന്നും അതിന്റെ സ്വാതന്ത്ര്യവിരുദ്ധമായ ഉള്ളടക്കം ചോദ്യം  ചെയ്യപ്പെടേണ്ടതാണെന്നും വിശ്വസിക്കുന്ന സമരസംഘങ്ങള്‍ വികസനാനന്തര  സമൂഹങ്ങളില്‍ എപ്പോഴും ശക്തമാവുന്നു. വികസനത്തെക്കുറിച്ചുള്ള  വരേണ്യസങ്കല്‍പത്തിനു പിന്നിലെ സമഗ്രവത്കരണ സമീപനത്തെ  തുറന്നെതിര്‍ക്കുകയാണ് ഈ സമരസംഘങ്ങള്‍ ചെയ്യുന്നത്. ജനസമൂഹങ്ങളുടെ  നൈതിക-ഭൗതികപുരോഗതിക്ക് എതിരായല്ല ഇത്തരം സമരങ്ങള്‍ ഉണ്ടാവുന്നത്.  ഭൗതികപുരോഗതിയെ മാനദണ്ഡമാക്കിമാത്രം സാമൂഹികവികസനത്തെ വിലയിരുത്താന്‍  ശ്രമിക്കുന്ന സമീപനത്തെയാണ് വികസനാനന്തര സമൂഹം ചോദ്യം ചെയ്യുന്നത്.  ‘വികസനവും പുരോഗതിയും’ സ്വന്തം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം  വ്യാഖ്യാനിക്കുന്ന മുതലാളിത്ത യുക്തിയോടാണ് ഈ പ്രസ്ഥാനങ്ങള്‍  കലഹിക്കുന്നത്. മുതലാളിത്തത്തിന്റെ ആവിര്‍ഭാവഘട്ടത്തില്‍, സിവില്‍ സമൂഹം  പിറവിയെടുത്ത സന്ദര്‍ഭത്തില്‍തന്നെ ‘ഉള്‍പ്പെടുത്ത’ലിന്റെയും  ‘പുറന്തള്ള’ലിന്റെയും വൈരുധ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതാണ്. ആദ്യകാലത്ത്  കേരള മാതൃകയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍, കേരളത്തിലെ കീഴാളവിഭാഗങ്ങള്‍  വികസനത്തില്‍ ‘ഉള്‍പ്പെടാതെ’ പോയതിനെക്കുറിച്ചും  പുറന്തള്ളപ്പെട്ടതിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ ഉണ്ടായത് നേരത്തേ  സൂചിപ്പിച്ചത് ഈ പശ്ചാത്തലത്തിലാണ്.

എന്നാല്‍, ഉള്‍പ്പെടുത്തലിന്റെയും പുറന്തള്ളപ്പെടലിന്റെയും  പ്രശ്‌നങ്ങള്‍ വികസനത്തിന്റെയും പുരോഗതിയുടെയും പൊതുയുക്തിയുടെ  ആന്തരികഭാഷയാണ് സംസാരിക്കുന്നത് എന്ന തിരിച്ചറിവാണ് വികസനാനന്തര സമൂഹം  നേടുന്നത്. അതുകൊണ്ടുതന്നെ പുറന്തള്ളലിന്റെ അര്‍ഥങ്ങള്‍ അന്വേഷിക്കേണ്ടത്  വികസനത്തിന്റെ യുക്തിമണ്ഡലത്തില്‍ നിലയുറപ്പിച്ചുകൊണ്ടല്ല. മറിച്ച്,  മുതലാളിത്ത വികസന യുക്തിയും ജനാധിപത്യവും സ്വാതന്ത്ര്യവും പൗരത്വവും എങ്ങനെ പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന അന്വേഷണത്തിലൂടെയാണ്. മുതലാളിത്തം  ഒരു സാമൂഹിക -സാമ്പത്തിക വ്യവസ്ഥിതി എന്ന നിലയില്‍ ഉദയംചെയ്യുന്നത്  മനുഷ്യന്റെ മഹത്തായ സ്വാതന്ത്ര്യപ്രഖ്യാപനംകൂടിയായിട്ടായിരുന്നു.  പരമാധികാരത്തെക്കുറിച്ചുള്ള ഫ്യൂഡല്‍ സങ്കല്‍പങ്ങളെയാണ് അത്  വെല്ലുവിളിച്ചത്. സാമ്പത്തിക പ്രക്രിയയാണ് അത്തരം പരമാധികാരത്തിന്  പ്രയോഗസാധ്യതയില്ലാത്ത ജീവിതമണ്ഡലമെന്ന തിരിച്ചറിവില്‍നിന്നാണ് മുതലാളിത്തം അതിന്റെ രാഷ്ട്രീയ-സാമ്പത്തിക പ്രത്യയശാസ്ത്രം രൂപവത്കരിക്കുന്നത്. ഈ  ഫ്യൂഡല്‍ പരമാധികാര ഭരണകൂടത്തിന് സാമ്പത്തികമേഖലയില്‍ ഒന്നും  ചെയ്യാനില്ലെന്ന ‘ലെയ്‌സെഫെയര്‍’ പ്രത്യയശാസ്ത്രമാണ് മുതലാളിത്തവ്യവസ്ഥയുടെ നെടുംതൂണായി എക്കാലവും വര്‍ത്തിച്ചിട്ടുള്ളത്. സ്വന്തം ദേശീയ ഭരണകൂടങ്ങളും പ്രാതിനിധ്യ ജനാധിപത്യ സമ്പ്രദായവും ഫ്യൂഡല്‍ പരമാധികാരത്തിനെതിരെ  ഉപയോഗിച്ച ഈ യുക്തിയുടെതന്നെ അടിസ്ഥാനത്തില്‍ നിര്‍മിച്ചു എന്നതാണ്  മുതലാളിത്ത മൂലധനസഞ്ചയത്തിന്റെ പിന്നിലെ രാഷ്ട്രീയ പ്രത്യയശാസ്ത്രം  വ്യക്തമാക്കുന്നത്.

വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള  മുതലാളിത്തസങ്കല്‍പത്തെ അതിന്റെ സമഗ്രമായ വൈരുധ്യങ്ങളില്‍ ചോദ്യം  ചെയ്യുകയും വെല്ലുവിളിക്കുകയും ചെയ്യുന്നു എന്നതാണ് ഒരു വികസനാനന്തര  സമൂഹത്തെ അടിസ്ഥാനപരമായി മുതലാളിത്തവിരുദ്ധമാക്കുന്നത്. ഒരു  വികസനാനന്തരസമൂഹത്തിന്റെ രൂപവത്കരണം സാധ്യമാക്കുന്നത്,  ഉള്‍പ്പെടുത്തലിന്റെയും പുറന്തള്ളലിന്റെയും യുക്തികളെ നിരന്തരം  ചോദ്യംചെയ്യുന്ന സമരസംഘങ്ങളുടെ ആവിര്‍ഭാവമാണ്. അത്തരം സമരസംഘങ്ങള്‍  മുതലാളിത്തത്തിന്റെ വികസന സങ്കല്‍പത്തെയും മുതലാളിത്തം  പ്രതിനിധാനംചെയ്യുന്ന സ്വാതന്ത്ര്യവാദത്തെയും ഒരേസമയം ആക്രമിക്കുന്നുണ്ട്.  മുതലാളിത്തത്തിന്റെ വികസനസങ്കല്‍പത്തെയും മുതലാളിത്തം പ്രതിനിധാനംചെയ്യുന്ന സ്വാതന്ത്ര്യവാദത്തെയും ഒരേസമയം ആക്രമിക്കുന്നുണ്ട്. മുതലാളിത്തത്തിന്റെ  ഫ്യൂഡല്‍ വിരുദ്ധ സമരകാലത്തെ പ്രത്യയശാസ്ത്ര ആയുധങ്ങളില്‍നിന്നാണ്  വികസനാനന്തര സമൂഹം സ്വന്തം മുദ്രാവാക്യങ്ങള്‍ കണ്ടെത്തുന്നത് എന്നത്  യാദൃച്ഛികമല്ല. വര്‍ഗവിശകലനവാദത്തിന്റെ കേന്ദ്ര പ്രമേയം മുതലാളിത്തത്തിന്റെ മുഖമുദ്രയായി കാണുന്നത് അധ്വാന-മൂലധന വൈരുധ്യമാണ്.

വികസനാനന്തര സമൂഹത്തിലെ സമരസംഘങ്ങള്‍ ഊന്നുന്നത് വര്‍ഗവൈരുധ്യത്തിലല്ല.  അത് വര്‍ഗവൈരുധ്യങ്ങള്‍ അപ്രധാനമായതുകൊണ്ടല്ല. മറിച്ച്, വര്‍ഗവൈരുധ്യങ്ങളെ  അതിനിര്‍ണയിക്കുന്ന രാഷ്ട്രീയ പ്രക്രിയകള്‍ മുതലാളിത്തത്തില്‍  അന്തര്‍ഭവിച്ചിട്ടുണ്ട് എന്നതിനാലാണ്. ‘വികസനം’, ‘പുരോഗതി’,  ‘സ്വാതന്ത്ര്യം’ ‘പൗരത്വം’ തുടങ്ങിയ പ്രശ്‌നങ്ങള്‍ വര്‍ഗവൈരുധ്യങ്ങള്‍ക്ക്  ഉപരിയായോ സമാന്തരമായോ ഉയര്‍ന്നുവരുന്നത് മുതലാളിത്തത്തിന്റെ ഫ്യൂഡല്‍  വിരുദ്ധ സമരകാലത്തെ രാഷ്ട്രീയത്തിന്റെ തനിയാവര്‍ത്തനംകൂടി ആയിട്ടാണ്.  സ്വാതന്ത്ര്യവും ജനാധിപത്യവും പൗരത്വവും മുതലാളിത്തത്തിന്റെ  ആവിര്‍ഭാവവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ചരിത്രപ്രതിഭാസങ്ങള്‍കൂടിയാണ്.  മുതലാളിത്തത്തിന് ഇനിയും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഈ  രാഷ്ട്രീയത്തെയാണ് വികസനാനന്തരസമൂഹം ഉയര്‍ത്തിക്കൊണ്ടുവരുന്നത്.  വര്‍ഗരാഷ്ട്രീയം മാത്രം ഉയര്‍ത്തിപ്പിടിക്കുന്ന സി.പി.എംപോലെയുള്ള  സ്റ്റാലിനിസ്റ്റ് പ്രസ്ഥാനങ്ങളും ക്ലോസറ്റ് സ്റ്റാലിനിസ്റ്റുകളായ അവരുടെ  ബുദ്ധിജീവികളും ഈ യാഥാര്‍ഥ്യത്തെ അംഗീകരിക്കാന്‍ തയാറാവുന്നില്ല.

എന്നാല്‍, കേരളത്തിലെ രാഷ്ട്രീയ സമരമുഖം വര്‍ഗാടിസ്ഥാനത്തിലല്ല എന്നും  അത് വികസനാനന്തര ഘട്ടത്തിലേക്ക് കടന്നിരിക്കയാണെന്നും കേരളത്തിലെ ഏറ്റവും  വലിയ സ്റ്റാലിനിസ്റ്റ് പാര്‍ട്ടിക്ക് സമ്മതിക്കേണ്ടിവന്നത് വിസ്മയകരമായ  കാഴ്ചയായിരുന്നു. പാര്‍ട്ടി സംഘടിപ്പിക്കുന്ന സമരങ്ങള്‍ എന്നത് ഒരു  മിഥ്യയാണെന്ന് മനസ്സിലാക്കിയ പഴയ പോളിറ്റ്ബ്യൂറോ അംഗം അച്യുതാനന്ദന്‍ നവ  സാമൂഹിക സമരങ്ങളുടെ പോര്‍മുഖത്തേക്ക് പ്രതിപക്ഷനേതാവെന്നനിലയില്‍  കടന്നുവന്നത് യാദൃച്ഛികമായിരുന്നില്ല. എന്നാല്‍, അത്തരം സമരങ്ങളെ നയിക്കാനോ അവയുമായി പൂര്‍ണമായും സമരസപ്പെടാനോ കഴിയുന്ന രാഷ്ട്രീയമായിരുന്നില്ല  അച്യുതാനന്ദന്‍േറത്. അതുകൊണ്ടുതന്നെ അദ്ദേഹം വന്നതും പോയതും ആ സമരങ്ങളെ  ശക്തിപ്പെടുത്തുകയോ തളര്‍ത്തുകയോ ചെയ്തില്ല. അദ്ദേഹം  പിന്‍വാങ്ങിയതിനുശേഷവും ആ സമരങ്ങള്‍ പൂര്‍വാധികം ശക്തിയോടെ തുടരുകയും  അച്യുതാനന്ദന്  സ്വന്തം പൊലീസിനെ ഉപയോഗിച്ച് പലപ്പോഴും ആ സമരങ്ങളെ  അടിച്ചമര്‍ത്താന്‍ ശ്രമിക്കേണ്ടിവരുകയും ചെയ്തു എന്നത് കേരളത്തിലെ  വികസനാനന്തര രാഷ്ട്രീയം ആശയപരമായും ഭൗതികമായും ദൃഢീകരിക്കപ്പെട്ടതിന്റെ  ഏറ്റവും നല്ല  ഉദാഹരണമാണ്. കേരളത്തിലെ വികസനാനന്തര രാഷ്ട്രീയം  അച്യുതാനന്ദന്മാരുടെ നേതൃത്വം കാത്തുകിടക്കുന്നില്ല. അവര്‍ക്ക് വരുകയോ  പോവുകയോ ചെയ്യാം.

ഇതുമാത്രമല്ല, ഈ സന്ദര്‍ഭത്തില്‍ എടുത്തുപറയേണ്ടത്. മുഖ്യധാരാ രാഷ്ട്രീയ  നേതൃത്വവുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങള്‍ പിന്തുണക്കുന്നണ്ടോ ഇല്ലയോ  എന്നത് വികസനാനന്തര രാഷ്ട്രീയത്തിന് അത്ര പ്രധാനപ്പെട്ട ഒരു വിഷയമല്ല  എന്നതാണ്. ഇന്നത്തെ വികസനാനന്തര രാഷ്ട്രീയം രൂപപ്പെടുന്നതിന് സഹായകമായ  ആദ്യകാല നവസാമൂഹിക പ്രസ്ഥാനങ്ങള്‍ക്കും ഈ പ്രശ്‌നത്തെ  അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. വികസനാനന്തര രാഷ്ട്രീയത്തോട് അതിന്റെ  ആവിര്‍ഭാവകാലമായ എണ്‍പതുകളുടെ ഒടുവിലും തൊണ്ണൂറുകളുടെ തുടക്കത്തിലും  രാഷ്ട്രീയാഭിമുഖ്യം കാട്ടിയത് സി.ആര്‍.സി.സി.പി.ഐ (എം.എല്‍) എന്ന  മാവോയിസ്റ്റ് സംഘടനയായിരുന്നു. അന്ന്  ഈ സമരങ്ങളുടെ മുന്നണിയിലും  നേതൃത്വത്തിലും നിരവധി മാവോയിസ്റ്റ് നേതാക്കള്‍ കടന്നുവന്നിട്ടുണ്ട്. ഈ  പ്രസ്ഥാനങ്ങളെ മര്‍ദിച്ചൊതുക്കാന്‍ നായനാര്‍, കരുണാകരന്‍ തുടങ്ങിയ  മുഖ്യമന്ത്രിമാര്‍ മറയാക്കിയത് ഈ ‘മാവോയിസ്റ്റ്’ ബന്ധമായിരുന്നു.  അതിനുശേഷമാണ് അച്യുതാനന്ദന്‍ എന്ന ഇന്നത്തെ മാധ്യമപ്രതിഭാസത്തെ സൃഷ്ടിച്ച  സി.പി.എമ്മിലെ ഇടതു തീവ്രവാദ വിഭാഗത്തിന്റെ വികസനാനന്തര രാഷ്ട്രീയവുമായുള്ള മുന്നണി ഉണ്ടായത്. ഈ കാലഘട്ടത്തിലാണ് അച്യുതാനന്ദന് ‘വികസന വിരോധി’ എന്ന  വിളിപ്പേര് വീഴുന്നത് എന്നത് വിസ്മരിക്കാനാവില്ല. 2003നുശേഷം രൂപംകൊണ്ട  ജമാഅത്തെ ഇസ്‌ലാമിയുടെ കേരളഘടകവുമായി ബന്ധപ്പെട്ട സോളിഡാരിറ്റി യൂത്ത്  മൂവ്‌മെന്റ് ഈ രാഷ്ട്രീയവുമായി ബന്ധപ്പെടുമ്പോഴും വികസനാനന്തര  രാഷ്ട്രീയത്തെ മതതീവ്രവാദമായി ചിത്രീകരിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ഞാന്‍ സൂചിപ്പിച്ച രണ്ട് മുന്‍കാലാനുഭവങ്ങളുടെ തുടര്‍ച്ചമാത്രമാണ്. കേരളത്തിലെ  വികസനാനന്തര രാഷ്ട്രീയത്തിന്റെ അജണ്ടയില്‍ ദലിത്- ആദിവാസി സമരങ്ങളും  മത്സ്യത്തൊഴിലാളി സമരങ്ങളും പരിസ്ഥിതി സമരങ്ങളും സ്ത്രീ വിമോചന സമരങ്ങളും  ലൈംഗിക ന്യൂനപക്ഷങ്ങളുടെയും ലൈംഗികത്തൊഴിലാളികളുടെയും സമരങ്ങളും  ഇഴചേര്‍ന്നിട്ടുണ്ട്. ഇതിന്റെ രാഷ്ട്രീയത്തോട് ആഭിമുഖ്യമുള്ള വ്യക്തികളും  പ്രസ്ഥാനങ്ങളും അവയുമായി ബന്ധപ്പെടാറുമുണ്ട്. വികസനാനന്തര രാഷ്ട്രീയത്തിന്  ജനാധിപത്യത്തിന്റെയും പൗരത്വത്തിന്റെയും പ്രശ്‌നങ്ങള്‍ ഉയര്‍ത്തുക എന്ന  അജണ്ടയാണുള്ളത്. മറ്റാരുടെയും അജണ്ടക്ക് കീഴ്‌പ്പെടുന്നതോ, അവക്ക്  മാറ്റിമറിക്കാവുന്നതോ അല്ല അതിന്റെ രാഷ്ട്രീയം. ഈ രാഷ്ട്രീയത്തോടൊപ്പം  വായിക്കേണ്ടതാണ് ഭരണകൂടത്തിന്റെയും സി.പി.എം-ശിവസേന സഖ്യത്തിന്റെയും  ആക്രമണത്തെ ശക്തമായി ചെറുത്തുനില്‍ക്കുന്ന ഡി.എച്ച്.ആര്‍.എം എന്ന  ദലിത്‌സംഘടനയുടെ സമരം. ഇത്രയും ക്രൂരമായ ഒരാക്രമണം കേരളത്തില്‍  മാവോയിസ്റ്റുകള്‍പോലും നേരിട്ടിട്ടില്ല. പുറന്തള്ളപ്പെടലിന്റെ  പ്രത്യയശാസ്ത്രത്തെ ചോദ്യംചെയ്യുന്ന ഈ സമരം പൗരത്വത്തിന്റെയും  ജനാധിപത്യത്തിന്റെയും അജണ്ടയാണ് ആത്യന്തികമായി മുന്നോട്ടുവെക്കുന്നത്.  അതുപോലെ കേരളത്തിലെ അന്യ-സംസ്ഥാന തൊഴിലാളികളെ രാഷ്ട്രീയമായും നിയമപരമായും  സംരക്ഷിക്കുന്ന ഒരു പ്രസ്ഥാനം ഇനിയും രൂപംകൊണ്ടിട്ടില്ല. അത്തരമൊരു  സംഘടനയുടെ രൂപവത്കരണം, വ്യവസ്ഥാപിത തൊഴിലാളി യൂനിയനുകളുടെ  ഭാഗത്തുനിന്നുണ്ടാവുന്ന ആക്രമണങ്ങളെയും പുറന്തള്ളലിനെയും നേരിടാനും  പൗരത്വത്തിന്റെ മുദ്രാവാക്യം ഉയര്‍ത്താനും ഉള്ളതായിരിക്കണം.

ജനാവലിയുടെ രാഷ്ട്രീയം

ആഗോള മുതലാളിത്തത്തിന്റെ സാമൂഹിക-സാമ്പത്തിക ക്രമങ്ങള്‍ക്കെതിരെ  ഉയര്‍ന്നുവരുന്ന സമരങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന മുഖമാണുള്ളത്.  അതിലൊന്നിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ജനാവലിയുടെ രാഷ്ട്രീയത്തെ  (multitude)ക്കുറിച്ച ചര്‍ച്ചകള്‍. ഇതേക്കുറിച്ചുള്ള വിക്കിപീഡിയ ലേഖനം  മുതല്‍ നെഗ്രിയുടെയും ഹാര്‍ട്ടിന്റെയും പുസ്തകങ്ങള്‍വരെ വായിച്ചുനോക്കി  ഇതേക്കുറിച്ച് കൂടുതല്‍ അറിയാവുന്നതാണ്. ‘ഭരണകൂടവും സിവില്‍ സമൂഹവും -വിവര  സാങ്കേതിക യുഗത്തില്‍’ എന്നൊരു കോഴ്‌സ് ഞാന്‍ പഠിപ്പിക്കുന്നുണ്ട്.  അതില്‍ ഒരു വിദ്യാര്‍ഥിനി മൂല്യനിര്‍ണയത്തിനായി  സമര്‍പ്പിച്ച പ്രബന്ധം  ല്യോതാര്‍ഡിന്റെ ‘ഡിഫറന്‍ഡ്’ (differend) എന്ന സങ്കല്‍പത്തെ ജനാവലി എന്ന  സങ്കല്‍പവുമായി ചേര്‍ത്ത് പരിശോധിക്കുന്നതാണ്. ലോകമെമ്പാടും  വിദ്യാര്‍ഥികളും ഗവേഷകരും എന്‍.ജി.ഒ വിദഗ്ധരും ആക്ടിവിസ്റ്റുകളുമെല്ലാം  രാഷ്ട്രീയ- സൈദ്ധാന്തിക സങ്കല്‍പങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്.  ദെറീദയുടെ ഡിഫെറാന്‍സ്, ദെല്യൂസിന്റെ അസംബ്ലേജ് തുടങ്ങി നിരവധി രാഷ്ട്രീയ-  സൈദ്ധാന്തിക പരികല്‍പനങ്ങളെക്കുറിച്ച് ആഴമുള്ള അന്വേഷണങ്ങള്‍  ഉണ്ടാവുന്നുണ്ട്. ‘ജനാവലി’ എന്ന സങ്കല്‍പത്തെക്കുറിച്ച്  കേരളീയ  സാഹചര്യത്തില്‍ ചര്‍ച്ചചെയ്യുമ്പോള്‍ ഇവിടെ സജീവമായിട്ടുള്ള വികസനാനന്തര  രാഷ്ട്രീയത്തിന്റെ സന്ദര്‍ഭത്തില്‍നിന്ന് അതിനെ അടര്‍ത്തിമാറ്റി  കാണാനാവില്ല.

‘ജനാവലി’ക്ക് ചിട്ടയായ വര്‍ഗസമരത്തിന്‍േറതല്ലാത്ത താളവും സംഗീതവുമാണ്.  ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും ‘ജനാവലി’യെ ഭയക്കണമെന്നും  ഭയക്കുന്നുണ്ടെന്നും ആദ്യം മാക്യവല്ലിയും ഇപ്പോള്‍ നെഗ്രിയും ഹാര്‍ട്ടും  പറയുന്നതും വെറുതേയല്ല. എന്നാല്‍, ജനാവലിയില്‍ മുതലാളിത്ത  വ്യക്തിവാദത്തിനെതിരായ ആത്യന്തിക രാഷ്ട്രീയവും മുതലാളിത്ത വിരുദ്ധമായ  ബഹുവര്‍ഗ മുന്നണിയും കാണുന്നത് ഹേതുവാദപരമായ (teleological) സമീപനമാണ്.
സമീപകാല ചരിത്രത്തില്‍ ജനാവലികള്‍ ഉണ്ടാവുന്നത് സിയാറ്റിലിലെ ലോക  വ്യാപാര സംഘടനയുടെ മിനിസ്റ്റീരിയലിനെതിരെ നടന്ന കൂട്ടായ്മയില്‍ മാത്രമല്ല.  1989ല്‍ ബര്‍ലിന്‍ മതില്‍ തകര്‍ന്നത് ഒരു ‘ജനാവലി’യുടെ മുന്നേറ്റത്തിലാണ്.  അതേവര്‍ഷം ജൂണില്‍ ചൈനയിലെ ടിയാനന്‍മെന്‍ ചത്വരത്തില്‍ ഉയര്‍ന്നുവന്ന  ‘ജനാവലി’യെയാണ് വര്‍ഗസമരം ഗാനമേളയല്ലെന്നറിയാവുന്ന ചൈനീസ് ഭരണാധികാരികള്‍  കൂട്ടക്കൊലചെയ്തത്. 1991ല്‍ സോവിയറ്റ് യൂനിയനില്‍ ഗോര്‍ബച്ചേവിനെ  വീട്ടുതടങ്കലിലാക്കി അധികാരം പിടിച്ചെടുത്ത സ്റ്റാലിനിസ്റ്റ് നേതാവ്  യാനയേവിനെ മൂന്ന് ദിവസത്തിനുള്ളില്‍ അധികാരഭ്രഷ്ടനാക്കിയതും ‘വൈറ്റ്  ഹൗസി’നു മുന്നില്‍ തടിച്ചുകൂടിയ ജനാവലി ആയിരുന്നു. തന്നെ പുറത്താക്കുന്നത്  ‘ഭരണഘടനാ’ വിരുദ്ധമാണെന്ന് പുലമ്പിയ ചെഷ്യസ്‌ക്യൂവിനെ പരിഹസിച്ച്  വിരല്‍ചൂണ്ടിനിന്നതും റുമേനിയയിലെ ‘ജനാവലി’ ആയിരുന്നു. 2001ല്‍  ഫിലിപ്പീന്‍സ് പാര്‍ലമെന്റിന് മുന്നില്‍ തടിച്ചുകൂടിയ ‘ജനാവലി’യാണ് ജോസഫ്  എസ്ട്രാഡോ എന്ന സ്വേച്ഛാധിപതിയെ രാജ്യത്തുനിന്ന് തുരത്തിയത്. ‘ജനാവലി’  മാനിലയില്‍ തടിച്ചുകൂടുന്നതിന് എസ്.എം.എസ് സന്ദേശങ്ങളും കാരണമായി  എന്നതിനാല്‍ എസ്ട്രാഡോതന്നെ പിന്നീട് ഇതിനെ ‘coup de text’ എന്ന് വിളിച്ചു.  മുല്ലപ്പൂവിപ്ലവത്തിന് ഫേസ്ബുക് കാരണമായി എന്നുപറയുന്നവര്‍, എസ്ട്രാഡോക്ക് എതിരെ, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതും ടിയാനെന്‍മെന്‍ ചത്വരത്തിലെ  വിദ്യാര്‍ഥികള്‍ ഫാക്‌സ് ഉപയോഗിച്ചതും മറന്നുപോവരുത്. സാങ്കേതിക വിദ്യയും  വിപ്ലവവും തമ്മിലുള്ള ബന്ധം കാര്യകാരണബന്ധമാവണമെന്നില്ല.

‘ജനാവലി’ എന്നത് പ്രതിരോധത്തിന്റെ ഒരു മുഖംമാത്രമാണ്. അതിനുപിന്നില്‍  ഒട്ടനവധി രാഷ്ട്രീയ ധാരകളുണ്ട്. എല്ലാ ജനാവലികളെയും ഒരേ മാനദണ്ഡങ്ങള്‍  ഉപയോഗിച്ച് സൈദ്ധാന്തികവത്കരിക്കാനുള്ള ശ്രമങ്ങള്‍ സമഗ്രവത്കരണത്തിനുള്ള  ശ്രമംകൂടിയാണ്. അപകടകരമായ ഒരു രാഷ്ട്രീയം അതിന്റെ അടിയിലുണ്ട്. എല്ലാ  ‘ജനാവലി’കള്‍ക്കും ബാധകമായ ഒരു പൊതുരാഷ്ട്രീയമുണ്ടെന്നത് ലിബറലുകളും  ക്ലോസറ്റ് സ്റ്റാലിനിസ്റ്റുകളും പങ്കുവെക്കുന്ന മിഥ്യാധാരണയാണ്. ലിബറല്‍  രാഷ്ട്രീയത്തിനുവേണ്ടിയോ യാഥാസ്ഥിതിക മാര്‍ക്‌സിസത്തിനുവേണ്ടിയോ ഈ  പ്രതിഭാസത്തെ സ്വാംശീകരിക്കാനുള്ള ചരിത്രശൂന്യമായ അനുഭവവാദമാണത്.  രാഷ്ട്രീയമായും ദാര്‍ശനികമായും പരാജയപ്പെടുന്ന യാഥാസ്ഥിതിക സമീപനത്തിന്റെ  പാപ്പരത്വം തുറന്നുകാട്ടുന്നതാണ് ഇത്തരം അവസരവാദപരമായ സ്വാംശീകരണ  സമീപനങ്ങള്‍. ‘ജനാവലി’ എന്ന സങ്കല്‍പത്തിന് മാര്‍ക്‌സിസവുമായോ  ലിബറലിസവുമായോ ഉള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തീര്‍ച്ചയായും  സ്വാഗതാര്‍ഹമാണ്. എന്നാല്‍, സാന്ദര്‍ഭികമായ അപഗ്രഥനങ്ങളുടെ  അടിസ്ഥാനത്തിലല്ലാതെ ‘എല്ലാ ജനാവലി’കള്‍ക്കും പൊതുവായി വര്‍ഗ  ഐക്യത്തിന്റെയോ

വ്യക്തിസ്വാതന്ത്ര്യവാഞ്ഛയുടെയോ സത്താപരമായ ഉള്ളടക്കം  ആരോപിക്കുന്നത് സ്വീകരിക്കാനാവില്ല.
കേരളത്തിലെ വികസനാനന്തര സമൂഹത്തിന് തീര്‍ച്ചയായും പരിശോധിക്കേണ്ട  പ്രശ്‌നങ്ങള്‍ ജനാവലിയുടെ രാഷ്ട്രീയത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.  കേരളത്തില്‍ നവ സാമൂഹികതയുടെ കൊടി ഉയര്‍ത്തുന്ന നൂറുകണക്കിന് സമരങ്ങളുണ്ട്.
കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളില്‍ കീഴാള വിഭാഗങ്ങളും പാര്‍ശ്വവത്കൃത  സമൂഹങ്ങളും ഉയര്‍ത്തിയിട്ടുള്ള സമര മുദ്രാവാക്യങ്ങള്‍, അവയുടെ സൂക്ഷ്മമായ  ജൈവ രാഷ്ട്രീയത്തിന്റെ അടിസ്ഥാനങ്ങള്‍, അവയുടെ അധികാര വിരുദ്ധ- മുതലാളിത്ത  വിരുദ്ധ സന്ദര്‍ഭങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ജനാവലിയുടെ രാഷ്ട്രീയത്തിന്റെ മാത്രം ചട്ടക്കൂടില്‍ വിശദീകരിക്കാന്‍ കഴിയുന്നതല്ല. കേരളത്തിലെ  വികസനാനന്തര സമൂഹത്തിന്റെ പ്രതിരോധസമരങ്ങള്‍ ഒരര്‍ഥത്തില്‍ ജനാവലിയുടെ  രാഷ്ട്രീയത്തെക്കുറിച്ചുള്ള സക്രിയമായ വിമര്‍ശംകൂടിയാണ്. ‘ജനാവലി’ എന്നത്  ഇപ്പോള്‍ ഒരു കേരളീയ യാഥാര്‍ഥ്യമല്ല. എന്നാല്‍, ആശയങ്ങളുടെ ഭൗതികത കേവലമായ  ഭൗതിക സാന്നിധ്യത്തിലല്ല എന്നതിനാല്‍, ജനകീയ സമരങ്ങള്‍ ഈ സാധ്യത  പൂര്‍ണമായും തള്ളിക്കളയും എന്നു തോന്നുന്നില്ല.

തെരഞ്ഞെടുപ്പും കേരളത്തിലെ
രാഷ്ട്രീയ മുന്നേറ്റങ്ങളും

ഇന്ന് കേരളത്തില്‍ രൂപംകൊണ്ടിട്ടുള്ള വികസനാനന്തര രാഷ്ട്രീയം അതിന്റെ  ദാര്‍ശനിക-ജ്ഞാനസിദ്ധാന്ത അടിത്തറ പ്രായോഗിക രാഷ്ട്രീയവുമായി  കണ്ണിചേര്‍ക്കുന്ന ഒരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വികസനം എന്ന കപടമുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് ഇരുമുന്നണികള്‍ക്കും കേരളത്തില്‍  ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ജനകീയ സമരങ്ങളെ തടഞ്ഞുനിര്‍ത്താന്‍ ഇനി  സാധ്യമാവണമെന്നില്ല.

തുനീഷ്യയിലും ഈജിപ്തിലും സംഭവിച്ചതുപോലെയുള്ള പ്രക്ഷോഭങ്ങള്‍ കേരളത്തിലും  ഇന്ത്യയിലും സംഭവിക്കുമോ എന്നത് രാഷ്ട്രീയമായി ഉയര്‍ത്തേണ്ട ചോദ്യമല്ല.  എവിടെ എന്തു സമരമാണ് സംഭവിക്കുക എന്ന് പ്രവചിക്കുന്നത് അപ്രസക്തമാണ്.  എന്നാല്‍, കേരളത്തില്‍ കഴിഞ്ഞ മൂന്നു ദശകങ്ങളായി ഉയര്‍ന്നുവന്നതും  ശക്തിപ്പെട്ടതുമായ ധാരയാണ് വികസനാനന്തര രാഷ്ട്രീയത്തിന്‍േറത് എന്നത് രണ്ടു  മുന്നണികളും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
കിനാലൂരിലെ സമരം ശക്തമായപ്പോള്‍ ആ സമരത്തിനുനേരെ വെടിയുതിര്‍ക്കാന്‍  തീരുമാനമുണ്ടായിരുന്നു എന്നും ദല്‍ഹിയില്‍ ആയിരുന്ന അച്യുതാനന്ദന്‍ കര്‍ശന  നിര്‍ദേശം നല്‍കിയതുകൊണ്ടാണ് പൊലീസ് അതിക്രമം ഉണ്ടാവാതിരുന്നതെന്നും  പറഞ്ഞുകേട്ടു. ഇത് ശരിയാണോ എന്ന് എനിക്കറിയില്ല. ഊഹാപോഹമാവാം. സത്യമാവാം.  ‘ഗോസിപ്പും’ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരിക്കാം.

പക്ഷേ, ഒരു വ്യവസായ മന്ത്രി വെടിയുതിര്‍ക്കുമ്പോള്‍ പിരിഞ്ഞുപോവുകയും ഒരു  മുഖ്യമന്ത്രി തലോടുമ്പോള്‍ കോള്‍മയിര്‍കൊള്ളുകയും ചെയ്യുന്ന രാഷ്ട്രീയമല്ല,  കേരളത്തിലെ വികസനാനന്തര സമൂഹത്തിന്‍േറത്. അതിന്റെ കൂടുതല്‍ ശക്തമായ  മുന്നേറ്റങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പിനുശേഷം കേരളം സാക്ഷ്യംവഹിക്കും എന്നത്  പ്രവചനമല്ല, യാഥാര്‍ഥ്യത്തിന്റെ വിശകലനമാണ്.

Comments

comments