ഡോ.ടി.ടി. ശ്രീകുമാര്‍
മാധ്യമം ആഴ്ചപ്പതിപ്പില്‍ ഏപ്രില്‍ 9 ലക്കത്തില്‍ പ്രസിദ്ധീകരിച്ചതു്

ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് സി.പി.എം പുറത്തിറക്കിയ കരട് പ്രത്യയശാസ്ത്ര രേഖയില്‍ പൊതുസമൂഹത്തിന് താല്‍പര്യമുള്ള ചില കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നുണ്ട്. ഇത്തരമൊരു രേഖ ഇതിന് മുമ്പ് സി.പി.എം പ്രസിദ്ധീകരിച്ചിരുന്നത് ഇരുപതു കൊല്ലം മുമ്പാണ്. രണ്ടു ദശാബ്ദക്കാലത്തെ ഇടവേളക്കുശേഷം അവതരിപ്പിച്ചിരിക്കുന്ന പുതിയ പ്രത്യയശാസ്ത്രരേഖ പരിശോധിക്കുമ്പോള്‍ ചില സുപ്രധാന വസ്തുതകള്‍ അതിന്‍െറ പശ്ചാത്തലം എന്ന നിലയില്‍ ഊന്നിപ്പറയേണ്ടതുണ്ട്. ഒന്ന്, കഴിഞ്ഞ ഇരുപതു കൊല്ലത്തിനിടയില്‍ ഒരു പാര്‍ട്ടി എന്ന നിലയില്‍ പാര്‍ലമെന്‍റിനകത്തും പുറത്തും സി.പി.എം ഒരു പ്രധാന രാഷ്ട്രീയശക്തി അല്ലാതായി എന്നുള്ളതാണ്. അഖിലേന്ത്യാ രാഷ്ട്രീയത്തില്‍ പ്രായേണ പാര്‍ശ്വവത്കരിക്കപ്പെടുകയും പല സംസ്ഥാനങ്ങളിലും നാമമാത്രമാവുകയും ശക്തികേന്ദ്രങ്ങളായിരുന്ന ചില സംസ്ഥാനങ്ങളില്‍ കാര്യമായ ശക്തിക്ഷയം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പഴയ ജനസംഘം ഉള്‍പ്പെട്ട എഴുപതുകളിലെ വലതുപക്ഷ മുന്നണിയില്‍നിന്ന് സി.പി.എം പുറത്തുവന്നതിനുശേഷം ശക്തമായി മുന്നോട്ടുവെച്ച മൂന്നാം മുന്നണി സങ്കല്‍പം പല ഘട്ടങ്ങളിലും പാര്‍ട്ടിക്ക് പ്രതീക്ഷ ഉണര്‍ത്തിയെങ്കിലും അതിനു നേതൃത്വം നല്‍കുന്നതിന് പോയിട്ട്, അത്തരമൊരു ധ്രുവീകരണത്തിന്‍െറ ചാലകശക്തിയാവാന്‍പോലും തങ്ങള്‍ക്കാവില്ലെന്ന് സി.പി.എം തിരിച്ചറിഞ്ഞ കാലഘട്ടമായിരുന്നു കടന്നുപോയത്. രണ്ട്, 1992ല്‍ പ്രത്യയശാസ്ത്രരേഖ പുറത്തിറക്കുമ്പോള്‍ ഉണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യം പാടേ മാറിപ്പോയിരിക്കുന്നു. അന്ന് അത്തരമൊരു രേഖ ആവശ്യമായിത്തീര്‍ന്നതുതന്നെ സോവിയറ്റ് യൂനിയനിലെയും മറ്റ് വാഴ്സാ സഖ്യരാജ്യങ്ങളിലെയും കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ അവിടങ്ങളില്‍ ഉണ്ടായ വലിയ ജനകീയ മുന്നേറ്റത്തിലും പ്രക്ഷോഭത്തിലും തകര്‍ന്നടിഞ്ഞ സാഹചര്യത്തിലായിരുന്നു. എന്നാല്‍, ഈ സാഹചര്യത്തെ മനസ്സിലാക്കുന്നതിനോ ശരിയായി വിലയിരുത്തുന്നതിനോ കഴിയുന്ന രാഷ്ട്രീയ, സൈദ്ധാന്തിക സമീപനം അക്കാലത്ത് സി.പി.എമ്മിന് ഉണ്ടായിരുന്നില്ല.

ഇതിനുള്ള പ്രധാന കാരണം ഈ പ്രതിസന്ധി രൂപപ്പെടുന്നതിനെക്കുറിച്ചുള്ള ഒരുവിധ ചര്‍ച്ചക്കും തയാറില്ലാത്ത അടഞ്ഞ സമീപനമായിരുന്നു ഇതേക്കുറിച്ച് പാര്‍ട്ടി സ്വീകരിച്ചിരുന്നത്. ആഗോള കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ തകര്‍ച്ചയിലേക്ക് നയിച്ച ആഭ്യന്തര കാരണങ്ങള്‍ പല കോണുകളില്‍നിന്നായി ചര്‍ച്ചക്ക് ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ അതിനെല്ലാം മുഖംതിരിഞ്ഞുനിന്നുകൊണ്ട് സോവിയറ്റ് സോഷ്യലിസം അജയ്യമാണെന്നും അതു തകരില്ലെന്നുള്ള രാഷ്ട്രീയ ദുശ്ശാഠ്യത്തിലായിരുന്നു പാര്‍ട്ടിയും അതിന്‍െറ നേതൃത്വവും. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ മുതലാളിത്തത്തിലേക്ക് തിരിച്ചുപോകുന്നത് മനുഷ്യന്‍ വീണ്ടും കുരങ്ങാകും എന്നു പറയുന്നതുപോലെയുള്ള അസംബന്ധമാണെന്ന പരിഹാസ്യമായ നിലപാട് ഇ.എം.എസ് സ്വീകരിച്ചപ്പോള്‍, പാര്‍ട്ടിക്കുള്ളിലെ ചിന്താശക്തിയുള്ള വിഭാഗങ്ങള്‍പോലും നിശ്ശബ്ദരായിപോവുകയാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ 1992ലെ പ്രത്യയശാസ്ത്രരേഖ, സൈദ്ധാന്തിക -രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ചുള്ള സി.പി.എമ്മിന്‍െറ വ്യക്തതകളെക്കാള്‍, പരിഭ്രമവും ആശയക്കുഴപ്പവും നിറഞ്ഞ ഒരു പ്രതികരണമായി മാറിപ്പോവുകയാണുണ്ടായത്.

പാര്‍ട്ടിയും സിവില്‍ സമൂഹവും

മൂന്ന്, 1990കളുടെ തുടക്കത്തില്‍ ശക്തിപ്രാപിച്ച ഇന്ത്യന്‍ ഭരണകൂടത്തിന്‍െറ നവ ലിബറല്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കെതിരെ, സി.പി.എമ്മിന്‍െറയോ മറ്റ് ഇടതുപക്ഷ- പ്രതിപക്ഷ പാര്‍ട്ടികളുടെയോ നേതൃത്വമോ പിന്തുണയോ കൂടാതെ സിവില്‍ സമൂഹമേഖലയില്‍ വമ്പിച്ച ജനമുന്നേറ്റങ്ങള്‍, വിശേഷിച്ചും പാര്‍ശ്വവത്കൃതരുടെയും ദലിത് ആദിവാസി വിഭാഗങ്ങളുടെയും സമരങ്ങള്‍ ഉയര്‍ന്നുവന്നു. അതോടൊപ്പംതന്നെ എഴുപതുകളിലെ പ്രസ്ഥാനത്തിന്‍െറ തുടര്‍ച്ചയല്ലെങ്കിലും എഴുപതുകളോടെ ഏതാണ്ട് പൂര്‍ണമായും അവസാനിച്ചു എന്ന് സി.പി.എം കരുതിയിരുന്ന മാവോയിസ്റ്റ് സായുധസമരം ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും വീണ്ടും ശക്തിയാര്‍ജിച്ചു. ഈ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിയ പ്രത്യയശാസ്ത്രപരമായ വെല്ലുവിളികള്‍, അഖിലേന്ത്യാതലത്തിലും പാര്‍ട്ടിക്ക് അധികാരമുണ്ടായിരുന്ന പശ്ചിമബംഗാളിലും സി.പി.എമ്മിന് നേരിടേണ്ടതായി വന്നു. നാല്, സോവിയറ്റ് യൂനിയന്‍െറ പതനത്തിനു മുമ്പുതന്നെ ചൈനയില്‍ ആരംഭിക്കുകയും 1990കളില്‍ ശക്തിപ്രാപിക്കുകയും ചെയ്ത വിപണികേന്ദ്രിത സാമ്പത്തിക പരിഷ്കാരങ്ങള്‍ മറ്റു ചെറിയ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലേക്ക് വ്യാപിക്കുകയും ഏറ്റവും ഒടുവിലായി ക്യൂബ അടക്കമുള്ള പ്രദേശങ്ങള്‍ വിപണിയധിഷ്ഠിത സമ്പദ്വ്യവസ്ഥ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. അഞ്ച്, സി.പി.എം അധികാരത്തിലിരുന്ന സംസ്ഥാനങ്ങളില്‍, വിശേഷിച്ചും കേരളത്തിലും പശ്ചിമബംഗാളിലും, കേന്ദ്ര നേതൃത്വത്തിന്‍െറ നയങ്ങള്‍ക്ക് വിരുദ്ധമായി വലതുപക്ഷ വ്യതിയാനവാദം നേതൃനിരയില്‍ ശക്തമാവുകയും അതിനെതിരെ ഈ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍തന്നെയുണ്ടായ എതിര്‍പ്പുകള്‍ വെട്ടിനിരത്തപ്പെട്ടപ്പോള്‍ കേന്ദ്ര നേതൃത്വം നിസ്സഹായമായിപ്പോവുകയും ചെയ്തു. ബംഗാളിലെയും കേരളത്തിലെയും വലതുനേതൃത്വങ്ങളോട് പൊരുത്തപ്പെടുകയും അവരുടെ നയങ്ങളെ ഒരു പരിധിവരെയെങ്കിലും ന്യായീകരിക്കുകയും ചെയ്യേണ്ട സ്ഥിതിവിശേഷം കേന്ദ്ര നേതൃത്വത്തിനുണ്ടായി. ബ്ളോഗുകളിലും മറ്റും പരസ്യമായിത്തന്നെ വലതു വ്യതിയാനവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിബുദ്ധിജീവികള്‍, കേന്ദ്ര നേതൃത്വത്തിന്‍െറ യാഥാസ്ഥിതികവിഭാഗത്തോടുള്ള മൃദുസമീപനത്തെ വിമര്‍ശിച്ചുകൊണ്ടിരുന്നു.

അങ്ങനെ, പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും ഒരു പാര്‍ട്ടി എന്ന നിലയില്‍ ബാഹ്യവും ആഭ്യന്തരവുമായ പ്രതിസന്ധികളില്‍പെട്ട് ശക്തിക്ഷയിച്ച്, നേതൃത്വംതന്നെ ദുര്‍ബലമാക്കപ്പെട്ട ഒരു അവസ്ഥയിലാണ് സി.പി.എമ്മിന്‍െറ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്‍െറ മുന്നോടിയായി പുറത്തിറക്കിയിട്ടുള്ള പ്രത്യയശാസ്ത്രരേഖ പാര്‍ട്ടിയും പൊതുസമൂഹവും ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നത്. ഇവിടെ പ്രധാനമായിട്ടുള്ള വസ്തുത, അഖിലേന്ത്യാ തലത്തിലും മിക്ക സംസ്ഥാനങ്ങളിലും പാര്‍ട്ടി പരിക്ഷീണമായിക്കഴിഞ്ഞെങ്കിലും ഇപ്പോഴും ശക്തമായ പ്രതിപക്ഷമായി സി.പി.എം തുടരുന്ന കേരളത്തിലും പശ്ചിമബംഗാളിലും ആളും അര്‍ഥവും പ്രഹരശേഷിയുമുള്ള ഏറ്റവും പ്രബല ഒറ്റക്കക്ഷി സി.പി.എമ്മാണ് എന്നുള്ളതാണ്. അതുകൊണ്ടുതന്നെ, ഈ സംസ്ഥാനങ്ങളിലെ പൊതുസമൂഹത്തിനും സിവില്‍ സമൂഹത്തിനും വ്യത്യസ്ത രാഷ്ട്രീയ -സാമൂഹിക- സാംസ്കാരിക- സാമ്പത്തിക പ്രശ്നങ്ങളില്‍ പാര്‍ട്ടി സ്വീകരിക്കാന്‍ പോകുന്ന നിലപാടുകളെക്കുറിച്ച് അറിയുന്നതിനും പ്രതികരിക്കുന്നതിനും ശ്രമിക്കാതെ തരമില്ല. ഇന്ത്യയുടെ മറ്റു പ്രദേശങ്ങളില്‍ അപ്രസക്തമാണെങ്കിലും ഈ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്കുള്ള സ്വാധീനം അവഗണിക്കാനാവുന്നതല്ല.

പാര്‍ട്ടിയുടെ വ്യാകുലതകള്‍

കരട് പ്രത്യയശാസ്ത്ര രേഖയിലൂടെ കടന്നുപോകുന്ന ഒരു വായനക്കാരന് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന ഒരു വസ്തുത ഇതിന്‍െറ രചനയില്‍ സ്വീകരിച്ചിട്ടുള്ള അക്കാദമിക് സമീപനമാണ്. നേതൃത്വത്തിന്‍െറ അവ്യക്തതകളും സൈദ്ധാന്തിക പരിമിതികളുംകൊണ്ടാവാം ഇത്തരമൊരു സമീപനം സ്വീകരിച്ചിരിക്കുന്നതെങ്കിലും രേഖ നല്‍കുന്ന അക്കാദമിക് വിശദീകരണങ്ങള്‍ കൂടുതല്‍ സമൂര്‍ത്തമായ ചര്‍ച്ചകള്‍ക്ക് സഹായകമാവുന്നുണ്ട് എന്നു പറയാതെ വയ്യ. ലോക മുതലാളിത്ത പ്രതിസന്ധിയെക്കുറിച്ചുള്ള ലെനിനിസ്റ്റ് വിശദീകരണങ്ങള്‍ക്ക് അടിവരയിടുകയും ഇത$പര്യന്തം ലോകത്തിലുണ്ടായ സകല മാറ്റങ്ങളും അതിനെ ശരിവെക്കുകയാണ് ചെയ്യുന്നതെന്നും ആവര്‍ത്തിക്കുന്ന ആദ്യഭാഗം ഒഴിച്ചാല്‍, സങ്കീര്‍ണമായ പുതിയ പ്രശ്നങ്ങളെ പ്രത്യയശാസ്ത്രപരമായും സൈദ്ധാന്തികമായും സമീപിക്കാന്‍ ശ്രമിക്കുന്ന രീതിയാണ് രേഖയില്‍ കാണാന്‍ കഴിയുക. നാലു പ്രശ്നങ്ങളാണ് രേഖയുടെ സന്ദര്‍ഭത്തില്‍ പൊതുസമൂഹത്തെ സംബന്ധിച്ചിടത്തോളവും പ്രസക്തമായിട്ടുള്ളത്. ഒന്ന്, ചൈനയിലും കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്ന വിയറ്റ്നാം, ഉത്തരകൊറിയ, ക്യൂബ എന്നിവിടങ്ങളിലും ഉണ്ടായിട്ടുള്ള രാഷ്ട്രീയ- സാമ്പത്തിക മാറ്റങ്ങളോട് വിമര്‍ശാത്മകമായി പ്രതികരിക്കാന്‍ സി.പി.എം നിര്‍ബന്ധിതമായിരിക്കുന്നു എന്നുള്ളതാണ്. എന്നാല്‍, ഈ പ്രതികരണത്തിന്‍െറ സ്വഭാവത്തെക്കുറിച്ചും അതുയര്‍ത്തുന്ന ആശയക്കുഴപ്പങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്യേണ്ടതുണ്ട്. രണ്ട്, നവസാമൂഹിക പ്രസ്ഥാനങ്ങളോട് വിശേഷിച്ചും സിവില്‍ സമൂഹ രാഷ്ട്രീയത്തോട് പൊതുവെയും തുറന്ന യുദ്ധപ്രഖ്യാപനമാണ് രേഖയിലുള്ളത്. സി.പി.എമ്മുമായി സഹകരിക്കുന്ന ജനകീയ പ്രസ്ഥാനങ്ങളെ സംബന്ധിച്ചും ഉയര്‍ന്നുവരുന്ന വൈവിധ്യമാര്‍ന്ന സമരമുഖങ്ങളില്‍ സി.പി.എം കൂടി കടന്നുവരുമ്പോള്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും സിവില്‍ സമൂഹ സംഘങ്ങള്‍ക്ക് പുനരാലോചന ചെയ്യേണ്ട സാഹചര്യമാണ് ഈ രേഖയുടെ സന്ദര്‍ഭത്തില്‍ സംജാതമായിട്ടുള്ളത്. മൂന്ന്, ലോകമെമ്പാടും ഉയര്‍ന്നുവന്നിട്ടുള്ളതും ഇന്ത്യയിലും ശക്തമായ അനുരണനങ്ങളും മൗലിക സാന്നിധ്യവും ദൃശ്യമായിട്ടുള്ളതുമായ സ്വത്വ രാഷ്ട്രീയത്തോടുള്ള സമീപനമാണ്. വര്‍ഗരാഷ്ട്രീയത്തിന്‍െറ കര്‍ക്കശമായ മാനദണ്ഡങ്ങളെ വെല്ലുവിളിക്കുന്ന സ്വത്വരാഷ്ട്രീയത്തിന്‍െറ ചരിത്രത്തെയോ വര്‍ത്തമാനത്തെയോ ഉള്‍ക്കൊള്ളാന്‍ വിസമ്മതിച്ചുകൊണ്ട്, സൈദ്ധാന്തികവും പ്രത്യയശാസ്ത്രപരവുമായ ഡോഗ്മാറ്റിക് സമീപനത്തില്‍ പാര്‍ട്ടി കുടുങ്ങിക്കിടക്കുന്നതിന്‍െറ സൂചനകളാണ് രേഖയില്‍ കാണാന്‍ കഴിയുന്നത്. നാല്, കല-സാംസ്കാരിക-ദാര്‍ശനിക അക്കാദമിക് മേഖലകളില്‍ പ്രബലമായി വന്നിട്ടുള്ള ഉത്തരാധുനിക സമീപനങ്ങള്‍ക്കെതിരെ രേഖ സ്വീകരിച്ചിട്ടുള്ള അതിരൂക്ഷമായ വിമര്‍ശമാണ്. ഈ മേഖലയിലെ സ്വതന്ത്രാന്വേഷണങ്ങളോട് കര്‍ക്കശമായ വിരുദ്ധ നിലപാടായിരിക്കും പാര്‍ട്ടിക്കുണ്ടാവുക എന്ന് അസന്ദിഗ്ധമായി രേഖ വ്യക്തമാക്കുന്നു. ധൈഷണികമേഖലകളിലുള്ളവര്‍ക്കും കവികള്‍, കലാകാരന്മാര്‍, മറ്റു സാഹിത്യ പ്രവര്‍ത്തകര്‍, ഗവേഷകര്‍ തുടങ്ങിയവരെ സംബന്ധിച്ചിടത്തോളം ശക്തമായ വെല്ലുവിളിയാണ് സി.പി.എം ഇതിലൂടെ ഉയര്‍ത്തിയിട്ടുള്ളത്.

ഇന്നുള്ളതിനെക്കാള്‍ കൂടുതല്‍ കര്‍ക്കശമായ ഡോഗ്മാറ്റിക് യുഗത്തിലേക്ക് പാര്‍ട്ടി കടക്കുകയാണോ എന്ന സന്ദേഹം ശക്തിപ്പെടുത്തുന്നതാണ് ഈ നാലു പ്രശ്നങ്ങളെക്കുറിച്ചും കരട് പ്രത്യയശാസ്ത്രരേഖ മുന്നോട്ടുവെച്ചിട്ടുള്ള സമീപനങ്ങള്‍ എന്ന് കരുതാന്‍ കാരണങ്ങളുണ്ട്. മാറുന്ന ലോകത്ത് മാറാന്‍ ആഗ്രഹിക്കാത്ത ഒരു പാര്‍ട്ടിയുടെ ചിത്രമാണ് രേഖ നല്‍കുന്നത്. അതുകൊണ്ടുതന്നെ, ഈ സമീപനം കൂടുതല്‍ സമഗ്രമായി ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നു.

ചൈനാ വിമര്‍ശത്തിന്‍െറ പരിമിതികള്‍

ചൈനയുടെയും മറ്റ് ‘നിലനില്‍ക്കുന്ന’ ചെറു കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെയും അനുഭവങ്ങളും പാളിച്ചകളും അതിക്രമങ്ങളും സങ്കുചിത ദേശീയതയുമെല്ലാം നിരന്തരം ചര്‍ച്ചചെയ്യപ്പെടുന്ന സാഹചര്യങ്ങളില്‍ കേവലം നിരുത്തരവാദപരമായ നിലപാടുകളാണ് ഇത്രയും കാലം സി.പി.എം പിന്തുടര്‍ന്നുപോന്നിരുന്നത്. ഇത്തരം പ്രവണതകളെ വിമര്‍ശിക്കുന്ന വ്യക്തമായ സമീപനം ഒരുകാലത്തും സി.പി.എം കൈക്കൊണ്ടിട്ടില്ല. അതുകൊണ്ടുതന്നെ, കരട് പ്രത്യയശാസ്ത്ര രേഖയില്‍ സ്വീകരിച്ചിട്ടുള്ള വിമര്‍ശാത്മക സമീപനം തികച്ചും അപര്യാപ്തവും കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ നിലപാടുകളെ ആഴത്തില്‍ പരിശോധിക്കാനുള്ള പാര്‍ട്ടിയുടെ വൈമനസ്യത്തിന്‍െറ ദൃഷ്ടാന്തവുമായി മാറിയിരിക്കുന്നു. ഈ വൈമനസ്യമാവട്ടെ അപ്രസക്തവും അപക്വവും അര്‍ഥരഹിതവുമായ വിമര്‍ശവാചാടോപം മാത്രമായി ഈ പ്രത്യയശാസ്ത്രരേഖയെ മാറ്റിയിരിക്കുന്നു.

ചൈനയിലെ സംഭവവികാസങ്ങളെ പ്രത്യയശാസ്ത്രരേഖ രണ്ടായി തരംതിരിച്ചിരിക്കുന്നു. ഒന്ന്, സി.പി.എമ്മിന് മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍. രണ്ട്, പാര്‍ട്ടിക്ക് തീരെ മനസ്സിലാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ (imponderables).
സി.പി.എമ്മിന് ഇപ്പോള്‍ ചൈനയില്‍ നടക്കുന്ന കാര്യങ്ങളില്‍ മനസ്സിലായി എന്ന് പ്രത്യയശാസ്ത്രരേഖ പറയുന്ന കാര്യങ്ങള്‍ രസകരമാണ്. അവ അറിയാത്തതായി ഇതുവരെ ലോകത്ത് സി.പി.എം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു മാത്രമേ രേഖയില്‍ അവ ഉള്‍പ്പെടുത്തിയതില്‍നിന്ന് നാം വായിച്ചെടുക്കേണ്ടതുള്ളൂ. അത്രക്ക് സാമാന്യമായ പൊതുവിജ്ഞാനം മാത്രമാണത്. കഴിഞ്ഞ മൂന്നു ദശാബ്ദക്കാലത്തെ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലമായി ചൈനീസ് സമ്പദ്വ്യവസ്ഥ അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിച്ചു എന്നും എന്നാല്‍, അതുമായി ബന്ധപ്പെട്ട് അസമത്വങ്ങള്‍ വര്‍ധിക്കുകയും ഗ്രാമ- നഗര വ്യത്യാസങ്ങള്‍ ശക്തിപ്പെടുകയും അഴിമതി വ്യാപകമാവുകയും ചെയ്തു എന്നാണ് സി.പി.എം ഇപ്പോള്‍ മനസ്സിലാക്കുന്നത്. പരിഷ്കാരങ്ങള്‍ തുടങ്ങിവെച്ചനാള്‍മുതല്‍ കണ്ടുവരുന്ന പ്രവണതയാണിതെന്ന് എത്രയോ ഗവേഷകരും നിരീക്ഷകരും ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. 1992ലെ 14ാം പാര്‍ട്ടികോണ്‍ഗ്രസിന്‍െറ സമയത്ത് ആഗോളതലത്തിലും ചൈനയില്‍തന്നെയും ഇത് ആഴത്തില്‍ ചര്‍ച്ചചെയ്തിരുന്നതാണ്. എങ്കിലും അന്നത്തെ പ്രത്യയശാസ്ത്രരേഖ ഈ പ്രശ്നത്തെക്കുറിച്ച് മൗനംപാലിക്കുകയാണ് ചെയ്തത്.

അസമത്വത്തിനും അഴിമതിക്കുമെതിരെ ചൈനയില്‍ ഉയര്‍ന്നുവന്ന വമ്പിച്ച യുവജന പ്രക്ഷോഭത്തിന്‍െറ പശ്ചാത്തലത്തിലായിരുന്നു സി.പി.എമ്മിന്‍െറ 14ാം പാര്‍ട്ടികോണ്‍ഗ്രസ് മദ്രാസില്‍ ചേര്‍ന്നത്. ടിയാനന്‍മെന്‍ സ്ക്വയറില്‍ സമരയോദ്ധാക്കളെ ചൈനീസ് പട്ടാളം കൂട്ടക്കൊലചെയ്തതിനെ അന്ന് പരസ്യമായി ന്യായീകരിക്കുകയാണ് സി.പി.എം ചെയ്തത്. എന്തിനായിരുന്നു സമരമെന്നുപോലും നേരിട്ട് സൂചിപ്പിക്കാതെ, ‘സോഷ്യലിസത്തെ അസ്ഥിരപ്പെടുത്താനുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍െറ 1989ലെ ഇടപെടലുകളെ ചൈനീസ് പാര്‍ട്ടി ചെറുത്തുതോല്‍പിച്ചു എന്നു മാത്രമായിരുന്നു പ്രത്യയശാസ്ത്ര രേഖയില്‍ സി.പി.എം അന്ന് സൂചിപ്പിച്ചത്. ചുരുങ്ങിയത് ഇരുപതു കൊല്ലം മുമ്പെങ്കിലും എല്ലാവര്‍ക്കും മനസ്സിലായ കാര്യമാണ് ഇപ്പോള്‍ തങ്ങള്‍ക്കും മനസ്സിലായതായി സി.പി.എം സമ്മതിച്ചിരിക്കുന്നത്. ടിയാനന്‍മെന്‍ സ്ക്വയറിലെ കൂട്ടക്കൊല ഉണ്ടായപ്പോള്‍ രാംലീലാ മൈതാനിയില്‍ ഇതുപോലെ ജനക്കൂട്ടം വന്നാല്‍ രാജീവ് ഗാന്ധി ചെയ്യാനിടയുള്ളതേ ചൈനീസ് പട്ടാളം ചെയ്തുള്ളൂ എന്നായിരുന്നു അന്ന് ദേശാഭിമാനി മുഖപ്രസംഗം എഴുതിയത്. രാംലീലാ മൈതാനിയില്‍ ബാബാ രാംദേവിനെ പിടിച്ചിറക്കിയാല്‍പോലും പ്രതിഷേധവുമായി എത്തുന്ന നേതൃത്വമാണ് ഈ വ്യാഖ്യാനവുമായി അന്ന് രംഗത്തുവന്നത്.

മുപ്പതുവര്‍ഷത്തെ സാമ്പത്തിക പരിഷ്കാരങ്ങള്‍ വലിയ ദുരിതങ്ങളാണ് ചൈനയിലെ തൊഴിലാളിവര്‍ഗത്തിനും മറ്റ് പാര്‍ശ്വവത്കൃത സമൂഹങ്ങള്‍ക്കും കര്‍ഷകര്‍ക്കും സമ്മാനിച്ചതെന്ന് അണികളോട് തുറന്നുപറയുന്നതില്‍ എന്താണ് കുഴപ്പം? ഒരു കുഴപ്പമേയുള്ളൂ- സോഷ്യലിസ്റ്റ് പരിണാമത്തില്‍ ഇത്തരം പ്രവണതകളെ ചെറുത്തുകൊണ്ട് നവലിബറല്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ ആവില്ലെന്ന് തുറന്നു സമ്മതിക്കേണ്ടിവരും. ആ ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് പ്രത്യയശാസ്ത്ര രേഖ ചെയ്തിരിക്കുന്നത്. മാത്രമല്ല, സി.പി.എം അധികാരത്തിലിരുന്ന കേരളത്തിലും പശ്ചിമബംഗാളിലും നടപ്പാക്കിയിരുന്നത് ഇതേ നവ ലിബറല്‍നയങ്ങള്‍തന്നെ ആയിരുന്നു എന്നും ഈ ‘ചൈനീസ് പാത’യല്ലാതെ മറ്റൊരു സൈദ്ധാന്തിക പ്രത്യയശാസ്ത്രസമീപനവും സി.പി.എമ്മിന് ഇന്ത്യയിലും മുന്നോട്ടുവെക്കാന്‍ ഇല്ലെന്നുമുള്ള വസ്തുത ഇതോടെ തീര്‍ച്ചയായിരിക്കുകയാണ്. ചൈനയിലെ പ്രത്യേക സാമ്പത്തിക മേഖലയിലെ തൊഴിലാളികളുടെ ദുരിതപൂര്‍ണമായ ജീവിതത്തെക്കുറിച്ച് നിരവധി പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഗ്രാമീണമേഖലയിലെ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുകയാണ്. ഈ യാഥാര്‍ഥ്യത്തിന് മറയിടാനോ മുഖംതിരിഞ്ഞുനില്‍ക്കാനോ ഇനിയും സി.പി.എമ്മിന് കഴിയുമെന്ന് തോന്നുന്നില്ല.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനങ്ങളില്‍ സി.പി.എമ്മിന് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്ന് (imponderables) പാര്‍ട്ടിയുടെ കരട് പ്രത്യയശാസ്ത്രരേഖ പറയുന്നത് രണ്ടു കാര്യങ്ങളെക്കുറിച്ചാണ്. ‘സാമ്രാജ്യത്വം’ എന്ന സങ്കല്‍പം പാര്‍ട്ടി ഉപേക്ഷിച്ചതിന്‍െറയും പാര്‍ട്ടിയില്‍ വന്‍കിട മുതലാളിമാര്‍ക്കും മാനേജ്മെന്‍റ് വിദഗ്ധര്‍ക്കും (ഇവന്‍റ് മാനേജ്മെന്‍റല്ല) അംഗത്വം നല്‍കുന്നതിന്‍െറയും അര്‍ഥമാണ് പിടികിട്ടാത്തത്. കേരളത്തിലെ ഏതെങ്കിലും കുണ്ടനിടവഴി ലോക്കല്‍ കമ്മിറ്റിയിലെ സാധാരണ സഖാക്കളോട് ചോദിച്ചാല്‍പോലും അവര്‍ വിശദമായി ഇതിന്‍െറ അര്‍ഥം പ്രകാശ് കാരാട്ടിന് പറഞ്ഞുകൊടുക്കും. എങ്കില്‍ പിന്നെ പോളിറ്റ്ബ്യൂറോക്കുമാത്രം ഇതു പിടികിട്ടാതെ പോകുന്നത് എന്തുകൊണ്ടാണ്? ചൈനയിലെ പാര്‍ട്ടിക്കുള്ളിലും ചൈനയിലെ പൊതുസമൂഹത്തിലും ഇതേക്കുറിച്ച് ഇപ്പോഴും സജീവമായി നടക്കുന്ന ചര്‍ച്ചകളെക്കുറിച്ച് പ്രത്യയശാസ്ത്രരേഖ മൗനംപാലിക്കുകയോ അറിയില്ലെന്ന് നടിക്കുകയോ ചെയ്യുന്നു എന്നതാണ് യാഥാര്‍ഥ്യം.

ഡീക്വാങ്ങിന്‍െറ വിമര്‍ശം

2002ല്‍ ചൈനയിലെ ട്രേഡ് യൂനിയനുകളുമായി ചേര്‍ന്ന ഗാങ്ഷൗവില്‍വെച്ച് ഏഷ്യാ പസഫിക് റിസര്‍ച്ച് നെറ്റ്വര്‍ക്ക് ചൈന ലോക വ്യാപാര സംഘടനയില്‍ ചേര്‍ന്നാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ സംഘടിപ്പിച്ച ഒരു കോണ്‍ഫറന്‍സില്‍ ഞാന്‍ പങ്കെടുത്തിരുന്നു. ചൈനീസ് ഗവണ്‍മെന്‍റിന്‍െറ സാമ്പത്തിക പരിഷ്കാരങ്ങള്‍ ചൈനയില്‍ വലിയ എതിര്‍പ്പുകളാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് അവിടെ എനിക്ക് നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞു. ആ സമ്മേളനത്തില്‍ ബെയ്ജിങ് യൂനിവേഴ്സിറ്റിയിലെ പ്രഫസറായ ഹാന്‍ ഡീക്വാങ് ചൈനയിലെ ഗ്രാമീണ സമ്പദ്വ്യവസ്ഥ നേരിടുന്ന ആഴമേറിയ പ്രതിസന്ധികള്‍ വിശദമായി വരച്ചുകാണിച്ചു. ആഗോള കുത്തുകകളുടെ മുന്നില്‍ മുട്ടുമടക്കുകയും തൊഴിലാളികളെയും കര്‍ഷകരെയും ദ്രോഹിക്കുന്നതുമാണ് ചൈനീസ് ഭരണകൂടം പിന്തുടരുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. ഹാന്‍ഡീക്വാങ് പ്രഭാഷണം അവസാനിപ്പിച്ചത് ഇങ്ങനെ ആയിരുന്നു: ‘‘Now we may conclude… Chinese economy is encountering a great, financial crisis. It is the truth of the Chinese economy guided by neo-liberalism and the true morass China will face after accession to WTO’’ (ചൈനീസ് സമ്പദ് വ്യവസ്ഥ ഒരു വലിയ ധനകാര്യ സാമ്പത്തികക്കുഴപ്പത്തിലാണ്. നവ ലിബറലിസത്താല്‍ നയിക്കപ്പെടുന്ന ചൈനീസ് സമ്പദ്വ്യവസ്ഥയുടെയും WTOയില്‍ ചേരുമ്പോള്‍ ചൈന അഭിമുഖീകരിക്കാന്‍ പോകുന്ന ചതിക്കുഴിയുടെയും സത്യം ഇതാണ്).

ഹാന്‍ഡീക്വാങ്ങിനെ അമേരിക്കന്‍ പക്ഷപാതി എന്നു വിളിച്ച് തള്ളിക്കളയാന്‍ സി.പി.എമ്മിന് കഴിയുമോ? അമേരിക്ക ഇറാഖില്‍ നടത്തിയ അധിനിവേശത്തിനെതിരെ ബെയ്ജിങ്ങില്‍ പ്രതിഷേധിക്കാന്‍ ഇറങ്ങിയ അധ്യാപകനാണ് അദ്ദേഹം. ആ പ്രതിഷേധമാര്‍ച്ച് പൊലീസ് തടയുകയാണുണ്ടായത്. ‘സാമ്രാജ്യത്വം’ എന്ന സങ്കല്‍പനം രാഷ്ട്രീയ ധാരണയില്‍നിന്ന് ഉപേക്ഷിക്കുക മാത്രമല്ല, അതിന്‍െറ അനന്തരഫലമായി അമേരിക്കന്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍പോലും ചൈനയില്‍ അനുവദിക്കുകയുംകൂടി ചെയ്യാത്ത തലത്തിലേക്ക് ചൈനീസ് ഭരണകൂടം നീങ്ങുന്നു എന്നത് സി.പി.എം ഇനിയെങ്കിലും മനസ്സിലാക്കേണ്ടിയിരിക്കുന്നു. പ്രതിഷേധമാര്‍ച്ച് നടത്താനുള്ള അനുവാദം നിഷേധിച്ചപ്പോള്‍ ഹാന്‍ഡീക്വാങ് ദീര്‍ഘദര്‍ശനത്തോടെ നടത്തിയ പ്രസ്താവന സി.പി.എം നേതൃത്വത്തിന് വായിച്ചുനോക്കാവുന്നതാണ്. അദ്ദേഹം പറഞ്ഞു: ‘‘ഇതാ ഞാന്‍ പറയുന്നു, നാളെ അമേരിക്ക സിറിയയെയും ഇറാനെയും ആക്രമിക്കുമ്പോള്‍ പ്രതിഷേധിക്കാന്‍ ഞങ്ങള്‍ ഭരണകൂടത്തിന്‍െറ അനുവാദത്തിനുവേണ്ടി ഇരക്കുകയില്ല. എനിക്ക് പേടിയില്ല. ഞങ്ങള്‍ തെരുവിലിറങ്ങും.’’

ചൈനയില്‍ വളരുന്ന ശക്തമായ സാമ്രാജ്യത്വ വിരുദ്ധ, അമേരിക്കന്‍ വിരുദ്ധ വികാരത്തെ മനസ്സിലാക്കുന്നതില്‍ വമ്പിച്ച പരാജയമാണ് സി.പി.എമ്മിന് ഉണ്ടായിരിക്കുന്നത് എന്ന് പ്രത്യയശാസ്ത്രരേഖയില്‍നിന്ന് വ്യക്തമാകുന്നു. അതുകൊണ്ടാണ് ഇത്തരം സമരങ്ങളെ വെറും ‘ദേശീയത’എന്ന് പ്രത്യയശാസ്ത്ര രേഖ വിശേഷിപ്പിക്കുന്നത്. എന്നാല്‍, യഥാര്‍ഥത്തില്‍ സങ്കുചിത ദേശീയവാദ ചിന്താഗതിക്ക് അടിപ്പെട്ടിട്ടുള്ളത് ചൈനീസ് പാര്‍ട്ടി നേതൃത്വമാണ് എന്ന് അവരുടെ ഇത്രയും കാലത്തെ ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും ബോധ്യപ്പെടുന്നതാണ്. ലോകകമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് വീണുകിടക്കുന്ന ചളിക്കുഴിയെക്കുറിച്ചും ആ അവസ്ഥ സൃഷ്ടിക്കുന്നതില്‍ സി.പി.എമ്മിനും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുമുള്ള പങ്കിനെക്കുറിച്ചും ആഗോള സിവില്‍ സമൂഹത്തോട് തുറന്നുസമ്മതിക്കാന്‍ സി.പി.എം ഇനിയെങ്കിലും തയാറാവണം. ക്യൂബയിലും മറ്റു ചെറു സോഷ്യലിസ്റ്റ് സമൂഹങ്ങളിലും പരിഷ്കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ അത് സബ്സിഡികള്‍ നിര്‍ത്തുന്നതിലെയും റേഷന്‍ നിര്‍ത്തലാക്കുന്നതിലെയുംതന്നെ ഒരേദിശയില്‍ നീങ്ങുന്നതെന്തുകൊണ്ട് എന്ന് വിശദീകരിക്കാനുള്ള സി.പി.എമ്മിന്‍െറ സൈദ്ധാന്തികവും പ്രത്യയശാസ്ത്രപരവുമായ ത്രാണിക്കുറവാണ് ഈ രേഖയിലെ വിലക്ഷണ വിശദീകരണങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും പിന്നിലുള്ളത് എന്നതാണ് യാഥാര്‍ഥ്യം. ഈ വഴിയല്ലാതെ മറ്റൊരു വഴി സി.പി.എമ്മിന്‍െറ മുന്നിലില്ല.

ഉത്തരാധുനികതയും സ്വത്വരാഷ്ട്രീയവും

സ്വത്വരാഷ്ട്രീയത്തിനും അതിന്‍െറ ദാര്‍ശനിക അടിത്തറയാവുന്നു എന്ന് സി.പി.എം വിശ്വസിക്കുന്ന ഉത്തരാധുനികതക്കെതിരെയും തികച്ചും വിലക്ഷണവും ഉപരിപ്ളവവുമായ വിമര്‍ശങ്ങളാണ് കരട് പ്രത്യയശാസ്ത്ര രേഖ മുന്നോട്ടുവെച്ചിരിക്കുന്നത്. കരട് പ്രത്യയശാസ്ത്രരേഖയില്‍ സ്വത്വവാദ- ഉത്തരാധുനിക വിമര്‍ശങ്ങള്‍ക്ക് അടിസ്ഥാനമാവുന്നത് The Marxist എന്ന സി.പി.എം പ്രസിദ്ധീകരണത്തില്‍ 2011 ആദ്യം പ്രസിദ്ധീകരിച്ച ഐജാസ് അഹ്മദിന്‍െറ ‘On Post Modernism’ എന്ന ലേഖനവും പ്രകാശ് കാരാട്ടിന്‍െറ ‘The Challange of Identity Politics’ എന്ന ലേഖനവുമാണ്. ഈ രണ്ടു ലേഖനങ്ങളിലും നിഴലിക്കുന്നത്, ഇന്ത്യയില്‍ കഴിഞ്ഞ മൂന്നു ദശകക്കാലത്തിനിടയില്‍ ശക്തമായിത്തീര്‍ന്ന നവ സാമൂഹിക പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തെ സ്വന്തം വര്‍ഗസമര രാഷ്ട്രീയത്തിനുള്ള വെല്ലുവിളിയായി മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന ഒരു സങ്കുചിത രാഷ്ട്രീയമാണ്. ഐജാസ് അഹ്മദിന്‍െറ ലേഖനം ഫൂക്കോയെ അരാഷ്ട്രീയവാദിയായും ദെറീദയെ മാര്‍ക്സിസ്റ്റ് വിരുദ്ധനായും ലുതോര്‍ഡിനെ റീഗനും മുമ്പ് നവ ലിബറലിസം ഉദ്ഘോഷിച്ചവരില്‍ പ്രമുഖനായും ചിത്രീകരിക്കുന്നു. ഇത്തരം പ്രവണതകള്‍ ഉത്തരാധുനികതയിലുണ്ടെന്നുള്ളത് വലിയ വാര്‍ത്തയല്ല. 1989ല്‍ എഴുതിയ ഒരു വിമര്‍ശക്കുറിപ്പില്‍ അന്നു ലഭ്യമായിരുന്ന പുസ്തകങ്ങളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തില്‍ സമാനമായ വിമര്‍ശങ്ങള്‍ ഞാനും ഉന്നയിച്ചിരുന്നു (സാംസ്കാരിക മാസിക- 1989). എന്നാല്‍, എന്‍െറ വിമര്‍ശം ഞാന്‍ അക്കാലത്ത് സംഗ്രഹിക്കാന്‍ ശ്രമിച്ചത് ഇങ്ങനെ ആയിരുന്നു: ‘‘പുത്തന്‍ സാമൂഹിക പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന അധികാര വിരുദ്ധ രാഷ്ട്രീയത്തെ ചെറുക്കാനുള്ള യൂറോപ്യന്‍ നാഗരികതയുടെ ദാര്‍ശനിക സന്നാഹമാണ് ഉത്തരാധുനികത. സ്ത്രീകള്‍, കറുത്തവര്‍, ഏഷ്യക്കാര്‍, സ്വവര്‍ഗരതിക്കാര്‍, ആദിമ ജനതകള്‍, കൂലിരതിചെയ്യുന്നവര്‍, ദലിതര്‍ -യൂറോപ്യന്‍ സര്‍വ കേന്ദ്രവാദത്തെ ചോദ്യംചെയ്യുന്നവര്‍ ഏറെയാണ്. ‘പുരുഷന്‍’ എന്ന സങ്കല്‍പം ചോദ്യംചെയ്യപ്പെട്ടപ്പോള്‍ അത് ‘മനുഷ്യന്‍’ എന്ന സങ്കല്‍പത്തെ തിരിച്ചാക്രമിച്ചു. യൂറോകേന്ദ്രവാദത്തെ നിരസിച്ചപ്പോള്‍ അത് ‘കേന്ദ്രം’ എന്ന സങ്കല്‍പത്തെ അട്ടിമറിക്കാനെത്തി. പാശ്ചാത്യയുക്തിയുടെ അപ്രമാദിത്വം വെല്ലുവിളിക്കപ്പെട്ടപ്പോള്‍ അയുക്തികതയെ ആശ്ളേഷിക്കാന്‍ പറഞ്ഞു.’’ ഇപ്പോള്‍ സി.പി.എം ചെയ്യുന്നതെന്താണ്? വര്‍ഗസമരത്തിനെതിരെ മാത്രമുള്ള ഒരു വെല്ലുവിളിയായി ഉത്തരാധുനികതയെ വിമര്‍ശിക്കുക. അതിനൊപ്പംതന്നെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയില്‍ ഉത്തരാധുനികതയില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങളെ കാണാതിരിക്കുകയും അതില്‍ രൂപംകൊണ്ടിട്ടുള്ള ജനാധിപത്യധാരകളെ അവഗണിക്കുകയും ചെയ്യുക.

സ്വത്വത്തെക്കുറിച്ച് ഒരു കാഴ്ചപ്പാടും മുന്നോട്ടുവെക്കാതെയാണ് സ്വത്വവാദത്തെയും നവ സാമൂഹിക പ്രസ്ഥാനങ്ങളെയും ഉത്തരാധുനികതയെയും കൂട്ടിക്കുഴച്ച് പ്രത്യയശാസ്ത്രരേഖ ഇപ്പോള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. കല-സാഹിത്യ- സാംസ്കാരിക-ഗവേഷണ മേഖലകളില്‍ വ്യത്യസ്തമായ പരീക്ഷണങ്ങള്‍ക്കും ഭാവുകത്വത്തിനും നവീനതകള്‍ക്കും ഉത്തരാധുനികത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഉത്തരാധുനികത, അതിന്‍െറ ആദ്യകാല സൈദ്ധാന്തിക പരിസരത്തുനിന്നും മുന്നോട്ടുപോയതിനെക്കുറിച്ച് സി.പി.എം മൗനം പാലിക്കുന്നു.

ഉത്തരാധുനികതയുടെ ചരിത്രത്തെക്കുറിച്ച് തികച്ചും തെറ്റിദ്ധാരണാ ജനകമായ വിവരണമാണ് ഐജാസ് അഹ്മദ് പ്രസ്തുത ലേഖനത്തില്‍ നല്‍കുന്നത്. 1960കളില്‍ യൂറോപ്പിലും അമേരിക്കയിലും ശക്തിപ്രാപിച്ച സാമ്രാജ്യത്വ വിരുദ്ധ യുവജന പ്രക്ഷോഭത്തോട് ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ച നിലപാടിനെക്കുറിച്ചുള്ള ഐജാസ് അഹ്മദിന്‍െറ വിശദീകരണം ഇതിന് നല്ലൊരു ഉദാഹരണമാണ്. 1968ല്‍ ഉത്തരാധുനികതയുടെ രാഷ്ട്രീയ പശ്ചാത്തലമായി എന്ന് അദ്ദേഹം പറയുന്ന ഈ സമരത്തില്‍ ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയും അണിചേര്‍ന്നിരുന്നു എന്ന് ഐജാസ് അഹ്മദ് തന്നെ ഓര്‍മിപ്പിക്കുന്നു. അതുതന്നെ, സമരത്തിന്‍െറ പശ്ചാത്തലത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍െറ പിന്നീടുള്ള വിവരണത്തെ മുന്‍കൂറായി അസാധുവാക്കുന്നുണ്ട്. എന്നാല്‍, രസകരമായിട്ടുള്ളത് കമ്യൂണിസ്റ്റ് പാര്‍ട്ടി സമരത്തില്‍നിന്ന് പിന്‍വാങ്ങിയതിന് അദ്ദേഹം പറയുന്ന ന്യായമാണ്. അന്നത്തെ സമരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള പങ്കിനെ ചരിത്രകാരന്മാര്‍ കുറച്ചുകാണുന്നു എന്നാണ് ഐജാസ് അഹ്മദിന്‍െറ പരാതി. ഒരു വലിയ പൊതുപണിമുടക്കോടെ സമരത്തില്‍ പങ്കുചേര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി എന്തുകൊണ്ടാണ് മേയ് 11ന് സോര്‍ബോണ്‍ അങ്കണ (Sorbonne Courtyard)ത്തിലെ ‘ജനാവലി’യുടെ ഭാഗമാവാതെ മാറിനിന്നതും സമരത്തില്‍നിന്ന് പൂര്‍ണമായും പിന്‍വാങ്ങിയതും? കാരണം, ഇത്രയെയുള്ളൂ: അന്നത്തെ സമരത്തെ അടിച്ചമര്‍ത്താന്‍ ഫ്രഞ്ച് പട്ടാളത്തെ കൂടാതെ, വെസ്റ്റ് ജര്‍മനിയില്‍ താവളമടിച്ചിരുന്ന കുറെ അമേരിക്കന്‍ പട്ടാളക്കാരെകൂടി വിളിക്കാന്‍ ഫ്രഞ്ച് ഗവണ്‍മെന്‍റിന് പദ്ധതിയുണ്ടായിരുന്നുവത്രെ. ഇതു മനസ്സിലാക്കിയാണ് ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി 1968ലെ മേയ് കലാപത്തില്‍നിന്ന് ‘അച്ചടക്കത്തോടെ പിന്മാറി’യതത്രെ (orderly retreat). 1968നുശേഷം ഇതേ അമേരിക്കന്‍ പട്ടാളത്തെയാണ് വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ധീരമായി ചെറുത്തുതോല്‍പിച്ചത്! അമേരിക്കന്‍ പട്ടാളത്തെ ഭയക്കാത്ത വിയറ്റ്നാം കര്‍ഷകനെയും ‘ഉത്തരാധുനിക’ വിദ്യാര്‍ഥിയെയും അല്ല, അവരെ കണ്ടപ്പോള്‍ സമരം നിര്‍ത്തിപ്പോയ ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയെയാണ് സി.പി.എം ഉയര്‍ത്തിപ്പിടിക്കുന്നത്. സമരമുഖത്തുനിന്ന് ഒളിച്ചോടിയ ഒരു പാര്‍ട്ടിയുടെ പേരില്‍ ‘ഉത്തരാധുനികത’യാണ് എല്ലാ കുഴപ്പത്തിനും കാരണം എന്ന ന്യായവിധിയുമായി വരുന്നത് ഈ പ്രത്യയശാസ്ത്രരേഖയെ കുറച്ചൊന്നുമല്ല പരിഹാസ്യമാക്കുന്നത്.

നവ സാമൂഹിക പ്രസ്ഥാനങ്ങളെയും ഉത്തരാധുനിക കല- സാഹിത്യ-ദാര്‍ശനിക പ്രവണതകളെയും എതിര്‍ക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക് എതിര്‍പ്പിന്‍െറ പ്രായോഗികരൂപം എന്തായിരിക്കുമെന്നുകൂടി വ്യക്തമാക്കാന്‍ സി.പി.എമ്മിന് ബാധ്യതയുണ്ട്. വിശേഷിച്ചും കേരളത്തില്‍ ഉത്തരാധുനികതയുടെ പ്രചാരകന്മാരും പ്രവാചകന്മാരും കൂടുതലും പാര്‍ട്ടി ബുദ്ധിജീവികളായിരുന്നു എന്ന യാഥാര്‍ഥ്യംകൂടി കണക്കിലെടുക്കുമ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തതവേണ്ടത് അത്യാവശ്യമാണ്. 1992ലെ പ്രത്യയശാസ്ത്രരേഖയില്‍ ഉത്തരാധുനികതയെക്കുറിച്ചും സ്വത്വവാദത്തെക്കുറിച്ചും ഒന്നും പറയാന്‍ സി.പി.എം തയാറായിരുന്നില്ല. ഇന്നത്തെക്കാള്‍ ശക്തമായി, കല-സാഹിത്യ പ്രത്യയശാസ്ത്ര മേഖലകളില്‍ ഉത്തരാധുനിക ചിന്തകള്‍ പടര്‍ന്നുനിന്ന കാലമായിരുന്നു അത്. 1990കളില്‍ ഉത്തരാധുനികത വളര്‍ത്തുന്നതിന് കേരളത്തില്‍ മുന്‍കൈ എടുത്തത് പാര്‍ട്ടി ബുദ്ധിജീവികള്‍തന്നെ ആയിരുന്നു. അന്നൊന്നും അതിനെ പ്രതിരോധിക്കാതെ ഒഴിഞ്ഞുനിന്നശേഷം, സ്വത്വവാദരാഷ്ട്രീയത്തിന്‍െറയും നവ സാമൂഹിക പ്രസ്ഥാനങ്ങളുടെ യാഥാര്‍ഥ്യത്തെ ശരിയായി മനസ്സിലാക്കുന്നതിനും അപഗ്രഥിക്കുന്നതിനുമുള്ള ശേഷിക്കുറവിനുള്ള മറയായി ഉത്തരാധുനികതാ വിമര്‍ശത്തെ അവതരിപ്പിക്കുകയാണ് സി.പി.എം ചെയ്യുന്നത്.

അവസാനത്തെ പാര്‍ട്ടി

ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍െറ ഇന്നത്തെ നിലവെച്ചുനോക്കുമ്പോള്‍ അവസാനത്തെ യാഥാസ്ഥിതിക കമ്യൂണിസ്റ്റ് പാര്‍ട്ടിയായി സി.പി.എം മാറിയിരിക്കുകയാണ് എന്നുകാണാന്‍ കഴിയും. ഈ യാഥാര്‍ഥ്യത്തിന് അടിവരയിടുന്ന പാര്‍ട്ടിയിങ് (partying) ആയി പാര്‍ട്ടി കോണ്‍ഗ്രസ് മാറുകയാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളിലും ഇന്ത്യയിലും ആഗോളീകരണത്തിന്‍െറ പാര്‍ശ്വവത്കരണത്തിനെതിരെ ശക്തമായ സമരങ്ങള്‍ ഉണ്ടാവുന്നുണ്ട്. സി.പി.എം വിഭാവനംചെയ്യുന്ന തൊഴിലാളി- കര്‍ഷകഐക്യം എന്നതിനപ്പുറം, വിപുലമായ ഐക്യദാര്‍ഢ്യങ്ങളാണ്, ആഗോളമൂലധനവും വികസിതരാഷ്ട്രങ്ങളിലെ കര്‍ഷക ജനവിഭാഗങ്ങളും തമ്മില്‍ ഉണ്ടായിരിക്കുന്നത്. യൂറോ -അമേരിക്കന്‍ തൊഴിലാളിവര്‍ഗം ഇപ്പോള്‍ മൂന്നാം ലോക രാജ്യങ്ങളിലെ തൊഴിലാളിവര്‍ഗത്തിനും കര്‍ഷകര്‍ക്കും എതിരാണ്. അവിടത്തെ മൂലധനതാല്‍പര്യങ്ങളാണ് അവരും ഉയര്‍ത്തിപ്പിടിക്കുന്നത്. മൂന്നാം ലോകരാജ്യങ്ങളിലെ ഭൂമിയടക്കമുള്ള വിഭവങ്ങള്‍ വെട്ടിപ്പിടിക്കാന്‍ യൂറോ-അമേരിക്കന്‍ മൂലധനവും ട്രേഡ് യൂനിയനുകളും കൈകോര്‍ക്കുമ്പോള്‍ അതിനെ സഹായിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തള്ളിപ്പറയാന്‍ സി.പി.എം തയാറാവുന്നില്ല. ഇന്ത്യയില്‍ അതിനെതിരെ രൂപംകൊള്ളുന്ന നവ സാമൂഹിക പ്രസ്ഥാനങ്ങളുടെ സമരമുഖങ്ങളില്‍ സി.പി.എമ്മിന്‍െറ ചില നേതാക്കള്‍ മുഖംകാണിക്കാറുണ്ടെങ്കിലും (ഉദാ: പ്ളാച്ചിമട -അച്യുതാനന്ദന്‍).

നവ സാമൂഹിക പ്രസ്ഥാനങ്ങളുടെ സമരങ്ങളെ തങ്ങളുടെ വര്‍ഗസമര സിദ്ധാന്തത്തിനുള്ള വെല്ലുവിളി മാത്രമായി കാണാനാണ് സി.പി.എം ശ്രമിക്കുന്നത്. കാലഹരണപ്പെട്ട സൈദ്ധാന്തിക ശാഠ്യങ്ങള്‍, അപ്രസക്തമായ പ്രത്യയശാസ്ത്ര വിഷാദങ്ങള്‍, സന്ദിഗ്ധതകളും ആശയക്കുഴപ്പവും നിറഞ്ഞ നിരീക്ഷണങ്ങളും ഭാവിപരിപാടികളും എന്നിവ ഈ രേഖയുടെ മുഖമുദ്രകളാണ്.

സമകാല രാഷ്ട്രീയത്തിന് മുഖാമുഖം നില്‍ക്കാന്‍ സി.പി.എം തയാറാവണമെങ്കില്‍ ഈ രേഖ പൂര്‍ണമായും കൈയൊഴിയാന്‍ പാര്‍ട്ടി തയാറാവണം. പാര്‍ട്ടികോണ്‍ഗ്രസ് ഗൗരവമായി പ്രത്യയശാസ്ത്രരേഖയിലെ ഈ വലിയ പാളിച്ചകള്‍ ചര്‍ച്ചചെയ്യുമെന്നും തിരുത്തുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

Comments

comments