ഡോ. ടി ടി ശ്രീകുമാര്‍ മാധ്യമം ഒക്ടോബര്‍ 22 2012

ഗൗരവമായി വായിക്കുന്നവര്‍ക്കറിയാം അതൊരിക്കലും രേഖീയമായ ഒരു പ്രക്രിയയല്ലെന്ന്. എന്നെ സംബന്ധിച്ചിടത്തോളം പഠനത്തിന്‍െറ, ഗവേഷണത്തിന്‍െറ, അധ്യാപനത്തിന്‍െറ, സാമൂഹിക പ്രക്ഷോഭങ്ങളുമായുള്ള നിരന്തരസമ്പര്‍ക്കത്തിന്‍െറ പശ്ചാത്തലത്തിലാണ് വായനയുടെ സന്ദര്‍ഭങ്ങള്‍, അതിന്‍െറ നൈരന്തര്യങ്ങള്‍, വിച്ഛേദങ്ങള്‍ ഒക്കെ സംഭവിക്കുന്നത്. മാത്രവുമല്ല, മാറുന്ന സന്ദര്‍ഭങ്ങള്‍ വായനയുടെയും പുനര്‍വായനയുടെയും ഉള്ളടക്കത്തെയും അതിനോടുള്ള വ്യാഖ്യാന സന്നദ്ധതകളെയും സ്വാധീനിക്കുകയുംചെയ്യുന്നു. അതിനുമപ്പുറം, സമകാലികരും അല്ലാത്തവരുമായ വലിയ ചിന്തകരുടെ രചനാശേഖരങ്ങള്‍ ഒറ്റയടിക്ക് വായിച്ചുതീര്‍ക്കാറുമില്ല. അവരുടെ കൃതികളിലൂടെ അവരെക്കുറിച്ചുള്ള മറ്റു ഗവേഷകരുടെ പഠനങ്ങളിലൂടെ, നാം നിത്യജീവിതത്തില്‍ നേരിടുന്ന രാഷ്ട്രീയസന്ദര്‍ഭങ്ങളില്‍ പ്രസക്തമാകുന്ന പുസ്തകങ്ങളുടെയോ പുസ്തകഭാഗങ്ങളുടെയോ വായനയിലൂടെയും പുനര്‍വായനയിലൂടെയുമാണ് ചിന്തകരെക്കുറിച്ചും, അവരുടെ ആശയങ്ങള്‍, സാധ്യതകള്‍, പരിമിതികള്‍ എന്നിവയെക്കുറിച്ചുമുള്ള വിചാരങ്ങള്‍ രൂപപ്പെടുന്നത്. മാര്‍ക്സ് ഉല്‍പാദനത്തെക്കുറിച്ച് പറഞ്ഞത് അതില്‍ ആത്മനിഷ്ഠവും വസ്തുനിഷ്ഠവുമായ ഉപഭോഗംകൂടി അടങ്ങിയിരിക്കുന്നു എന്നാണ്. വായനയും ആത്മനിഷ്ഠ-വസ്തുനിഷ്ഠഘടകങ്ങള്‍ അടങ്ങിയിട്ടുള്ള തെരഞ്ഞെടുപ്പുകളാണെന്നത് കേവലസൗന്ദര്യവാദത്തെ തൊട്ടുതലോടുന്ന ലിബറല്‍ വായനാസങ്കല്‍പത്തിനുള്ള മറുപടി മാത്രമല്ല. മറിച്ച്, എപ്പോഴും ഉയര്‍ത്തിപ്പിക്കേണ്ട ഒരു നിലപാടുകൂടിയാണ് എന്നാണ് തോന്നിയിട്ടുള്ളത്.

അത്തരം വായനയുടെ നിരവധി സന്ദര്‍ഭങ്ങളില്‍ അനിവാര്യമായ കണ്ടുമുട്ടലുകളുടെ ഓര്‍മകളും അറിവുകളും പ്രതിഷേധങ്ങളും വിമര്‍ശങ്ങളും ഇച്ഛാഭംഗങ്ങളും ചേര്‍ന്നതാണ്, ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് അന്തരിച്ച എറിക് ഹോബ്സ്ബാമെന്ന പാശ്ചാത്യ മാര്‍ക്സിസ്റ്റ് ചിന്തകനെന്നോ യൂറോ-കമ്യൂണിസ്റ്റ് പണ്ഡിതനെന്നോ എനിക്ക് വിശേഷിപ്പിക്കാന്‍ തോന്നുന്ന ബ്രിട്ടീഷ് ചരിത്രകാരന്‍െറ കൃതികളുമായുള്ള ദീര്‍ഘകാലത്തെ എന്‍െറ വായനാനുഭവം. വിവിധ കാലഘട്ടങ്ങളില്‍ വായിക്കുമ്പോള്‍ ഇത്തരം അനുഭവങ്ങളുടെതന്നെ തീവ്രതകളില്‍ വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എല്ലാ ആശയങ്ങളെയും സംഭവങ്ങളെയും പ്രസ്ഥാനങ്ങളെയും മാര്‍ക്സിസവുമായി മാത്രം ബന്ധിപ്പിച്ച് കാണാന്‍ ശീലിച്ചിരുന്ന കാലത്തും കുറെക്കൂടി എക്ലക്ടിക് ആയ പരിസരങ്ങളിലേക്ക് ജ്ഞാന-ഭവശാസ്ത്രപരമായ വിചാരങ്ങള്‍ സഞ്ചരിക്കാന്‍ തുടങ്ങിയ പില്‍ക്കാലത്തും ഹോബ്സ്ബാമിന്‍െറ കൃതികള്‍ വായിക്കേണ്ടിവന്നിട്ടുണ്ട്. അതിനാല്‍, കേവലം ഒരു മരണാനന്തര-അനുസ്മരണകുറിപ്പിന്‍െറ പരിമിതികള്‍ മാത്രമല്ല, സൈദ്ധാന്തികമായും വ്യക്തിപരമായുമുള്ള കരുതലുകളുംകൂടി നിശ്ചയിച്ചുറപ്പിച്ച ഒരു നിലപാടില്‍നിന്നുകൊണ്ടുമാത്രം അദ്ദേഹത്തെ വിലയിരുത്താന്‍ ശ്രമിക്കുന്നതില്‍നിന്ന് എന്നെ ഇതെഴുതുമ്പോള്‍ നിരന്തരം വിലക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട് എന്നത് സൂചിപ്പിക്കാതിരിക്കാനാവില്ല. ഈ കുറിപ്പിന്‍െറ അവ്യവസ്ഥകള്‍ ഹോബ്സ്ബാമിനെ വായിക്കാന്‍ ശ്രമിച്ചിട്ടുള്ളതിന്‍െറ അനുഭവചരിത്രത്തിനുള്ളിലെ സമ്മര്‍ദങ്ങള്‍ സൃഷ്ടിക്കുന്ന അവ്യവസ്ഥകളാണ്.

ഇവിടെ പ്രധാനമായും ജ്ഞാനശാസ്ത്രപരമായ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന അദ്ദേഹത്തിന്‍െറ ചില സംഭാവനകളിലാണ് ഞാന്‍ ഊന്നല്‍നല്‍കാന്‍ ശ്രമിക്കുന്നത്. ഒരു മാര്‍ക്സിസ്റ്റ് ചിന്തകനും ചരിത്രകാരനുമായി അറിയപ്പെടുന്നു അദ്ദേഹം എന്നത് സുവിദിതമാണ്. എന്നാല്‍, ഒരു മാര്‍ക്സിസ്റ്റ് എന്ന നിലയിലുള്ള അദ്ദേഹത്തിന്‍െറ വൈരുധ്യാത്മകസമീപനം ചരിത്രരചനയില്‍ അദ്ദേഹം ഉപയോഗിച്ചത് എങ്ങനെയെന്നും അത് നല്‍കുന്ന സൂക്ഷ്മമായ ഉള്‍ക്കാഴ്ചകള്‍ എന്തൊക്കെയാണെന്ന ജിജ്ഞാസയുമാണ് ഒരു കാലഘട്ടത്തില്‍ എന്നെ അദ്ദേഹത്തിലേക്ക് ആകര്‍ഷിച്ചത്.
ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളില്‍ കേരളചരിത്ര സംവാദങ്ങള്‍ ശ്രദ്ധിച്ചുതുടങ്ങിയിരുന്ന കാലത്താണ് ഗൗരവകരമായി ഹോബ്സ്ബാമിനെ സമീപിക്കേണ്ട രണ്ടു വായനാസന്ദര്‍ഭങ്ങള്‍ സംജാതമായത്. തൊണ്ണൂറുകള്‍ എന്ന് പറഞ്ഞതുകൊണ്ട് 1994ല്‍ അദ്ദേഹം എഴുതിയ The Age of Extremes എന്ന ഗ്രന്ഥത്തെക്കുറിച്ചാണ് ഞാന്‍ പറയുന്നത് എന്ന് വിചാരിക്കേണ്ടതില്ല. അത് പ്രസിദ്ധീകരിച്ച സമയത്ത് ആ ബൃഹദ്ഗ്രന്ഥം അടിയന്തരപ്രാധാന്യത്തോടെ വായിച്ചുതീര്‍ക്കാനുള്ള കാരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും (സോവിയറ്റ് യൂനിയന്‍െറ പതനം, മുതലാളിത്ത പ്രതിസന്ധി, ദേശീയതകളുടെ ഇടതു-വലത് രൂപങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്) അതിനുള്ള സാവകാശമോ സന്നദ്ധതയോ അപ്പോള്‍ ഉണ്ടായിരുന്നില്ല. കുറച്ചുനാള്‍കൂടികഴിഞ്ഞ്, സിവില്‍സമൂഹത്തെക്കുറിച്ചും നവസാമൂഹിക പ്രസ്ഥാനങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ സജീവമായ കാലത്താണ് The Age of Extremesലേക്ക് ശ്രദ്ധതിരിയുന്നത്. തൊണ്ണൂറുകളില്‍ ഞാന്‍ വായിക്കാന്‍ തീരുമാനിച്ചതും ഗൗരവകരമായി സമീപിച്ചതും അദ്ദേഹത്തിന്‍െറ ആദ്യകാല കൃതികളില്‍നിന്ന് എനിക്ക് ഒഴിവാക്കാനാവത്തത് എന്ന് തോന്നിയ രണ്ടു കൃതികളായിരുന്നു-1969ല്‍ രചിച്ച Banditsഉം 1983ല്‍ ടെറന്‍സ് റേഞ്ചറുമായി ചേര്‍ന്ന് എഴുതിയ The Invention of Traditionഉം.

ഞാന്‍ നടന്നുകയറിയ ഗവേഷണത്തിന്‍െറ ഒരു ചെറിയ ഇടവഴിയില്‍ കണ്ടെത്തിയ ഉല്‍പാദനങ്ങളോട് സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ചും കേരളീയതയുമായി ബന്ധപ്പെട്ട് സ്വീകരിച്ച രാഷ്ട്രീയനിലപാടുകളുടെ കൃത്യതകളെക്കുറിച്ചുള്ള സന്ദേശങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിന്‍െറ ഭാഗമായിട്ടുമായിരുന്നു ഈ രണ്ടു കൃതികളും സൂക്ഷ്മമായി വായിക്കാന്‍ ഞാന്‍ തീരുമാനിച്ചത്.

കഥാഗാനങ്ങളുടെ ചരിത്രപരത

കേരളചരിത്രത്തെക്കുറിച്ചുള്ള ചെറിയ ചില അന്വേഷണങ്ങളുടെ ഇടയിലാണ് തെക്കന്‍പാട്ടുകളെക്കുറിച്ച് കൂടുതലറിയുന്നതും അതേക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തീരുമാനിച്ചതും. തെക്കന്‍പാട്ടുകളുടെ ഒരു വിപുലമായ ലോകം കേരള ചരിത്രരചനയില്‍ അവഗണിക്കപ്പെട്ടുകിടക്കുകയാണെന്നത് എന്നെ ഞെട്ടിച്ച തിരിച്ചറിവായിരുന്നു. കേരളത്തിലെ പ്രധാന ചരിത്രരചയിതാക്കളുടെ ലേഖനങ്ങളും കൃതികളും ഞാന്‍ അവ അര്‍ഹിക്കുന്ന അക്കാദമിക് ഗൗരവത്തോടെ പരിശോധിച്ചെങ്കിലും ഒരു അടിക്കുറിപ്പായിപ്പോലും തെക്കന്‍പാട്ടുകളെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്നത് കേരളത്തിലെ ഔദ്യാഗിക ചരിത്രഗവേഷകരുടെ കൃതികള്‍ക്ക് ഭൂഷണമായല്ല എനിക്ക് അനുഭവപ്പെട്ടത്. ഇക്കാര്യത്തിലുള്ള അവരുടെ അജ്ഞത അമ്പരപ്പിക്കുന്നതുതന്നെയായിരുന്നു. തെക്കന്‍പാട്ടുകള്‍ പരിശോധിച്ചതോടെ തെക്കന്‍ തിരുവിതാംകൂറില്‍ നിലനിന്നിരുന്ന മരുമക്കത്തായം പരമ്പരാഗത കേരളത്തില്‍നിന്ന് (പി.കെ. ബാലകൃഷ്ണന്‍െറ പ്രയോഗം) വിഭിന്നമാണെന്നും ഒപ്പം അവിടത്തെ ജാതിയുടെയും ലിംഗനീതിയുടെയും ധാരണകളും ചരിത്രവും തികച്ചും വ്യത്യസ്തമാണെന്നുമുള്ള നിഗമനത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നു. എന്നാല്‍, ഇതിന്‍െറ കൂടുതല്‍ വിശകലനത്തിലേക്ക് കടക്കുന്നതിന് തടസ്സങ്ങളുണ്ടായിരുന്നു. നാടന്‍പാട്ടുകളുടെ ചരിത്രപരിസരം അടയാളപ്പെടുത്തുക എളുപ്പമല്ല. രീതിശാസ്ത്രപരമായ പ്രശ്നങ്ങള്‍കൂടാതെ മറ്റു ഉപദാനങ്ങളുടെ സാക്ഷ്യങ്ങളുമായി നമ്മുടെ വ്യാഖ്യാനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും ചേര്‍ന്നുനില്‍ക്കാന്‍ കഴിയുമോ എന്നതും പ്രധാനപ്പെട്ട ചോദ്യമായിരുന്നു. മാത്രവുമല്ല, തെക്കന്‍പാട്ടുകളിലെ പ്രതിനിധാനത്തില്‍, അവ പ്രതിനിധാനംചെയ്യുന്ന ഭൗതികചരിത്രത്തെ കാണാന്‍ ശ്രമിക്കുന്ന സമീപനത്തിന്‍െറ വിശ്വാസ്യതയെക്കുറിച്ചും എനിക്ക് സംശയമുണ്ടായിരുന്നു.

ഈ സന്ദര്‍ഭത്തിലാണ് ഹോബ്സ് ബാമിന്‍െറ Bandits എന്ന കൃതിയെക്കുറിച്ചുള്ള ഒരു റിവ്യൂ എന്‍െറ ഓര്‍മയിലെത്തിയത്. റബേലിയാസിന്‍െറ ലോകവും (Bhakthin : Rabelais and His World) മറ്റു പല ഗവേഷണ ഗ്രന്ഥങ്ങളും വിട്ട് ഞാന്‍ Bandits വായിക്കാന്‍ തുടങ്ങി. അപ്പോള്‍ മറ്റൊരു സമീപനത്തെക്കുറിച്ചുകൂടി മനസ്സിലാക്കാമെന്ന വിചാരമേ എനിക്കുണ്ടായിരുന്നുള്ളൂ. Banditsന്‍െറ ഒന്നാമത്തെ ആകര്‍ഷണം, പ്രസ്തുത കൃതിയുടെ രചനകളില്‍ അദ്ദേഹം കവര്‍ച്ചയെക്കുറിച്ചും കവര്‍ച്ചക്കാരെക്കുറിച്ചുമുള്ള ഭാവനാനിര്‍മിതികളെയാണ് പ്രധാനമായും ആശ്രയിച്ചത് എന്നതായിരുന്നു. അതിലൂടെ സൂക്ഷ്മമായി സോഷ്യല്‍ ബാന്‍ഡിറ്റ് (Social Bandit) എന്ന ഒരു സങ്കല്‍പനം രൂപപ്പെടുത്തുകയായിരുന്നു അദ്ദേഹം ചെയ്തത്.ഇത്തരത്തില്‍ ഒരു സങ്കല്‍പനത്തിലേക്ക് എത്തുന്നതിന്, സാമൂഹികതയെക്കുറിച്ചും അതിനടിസ്ഥാനമായ ഭൗതികമായ ഉല്‍പാദന-ഉപഭോഗ-വിതരണ ക്രമത്തെക്കുറിച്ചും നിശിതമായി പരിശോധിക്കേണ്ടതുണ്ട്. അതിന്‍െറ അടിസ്ഥാനത്തില്‍ വികസിപ്പിക്കുന്ന പരികല്‍പനകളുടെയും അനുമാനങ്ങളുടെയും പശ്ചാത്തലത്തില്‍ മാത്രമേ, ഒരു സാമൂഹിക പ്രതിഭാസമായി കവര്‍ച്ചയെയും അത് പ്രതിനിധാനംചെയ്യുന്ന പ്രതിരോധ സമീപനത്തെക്കുറിച്ചും നിലപാടുകള്‍ രൂപവത്കരിക്കാന്‍ കഴിയൂ; നാടന്‍പാട്ടുകള്‍ക്കും കഥകള്‍ക്കും വിഷയമായിത്തീര്‍ന്ന വിവിധസംസ്കാരങ്ങളിലെ നാട്ടുവീരന്മാരുടെ കഥകളില്‍നിന്ന് ഫ്യൂഡലിസത്തിനുള്ളിലെ പ്രതിരോധരാഷ്ട്രീയത്തിന്‍െറ സാധ്യതയെക്കുറിച്ചുള്ള അതിശക്തമായ ഒരു അനുമാനത്തിലേക്കാണ് ഹോബ്സ്ബാം എത്തിച്ചേര്‍ന്നത്. അനീതിയെ എതിര്‍ക്കുന്ന, സമ്പത്തിന്‍െറ പുനര്‍വിതരണത്തില്‍ വിശ്വസിക്കുന്ന, സമ്പന്നര്‍ക്കെതിരെ ദരിദ്രര്‍ക്കൊപ്പം നില്‍ക്കുന്ന, പ്രാദേശിക സമുദായങ്ങളുമായി ജൈവബന്ധവും അവര്‍ക്കിടയില്‍ സ്വീകാര്യതയുമുള്ള ഒരു പ്രതിരോധ നേതൃത്വത്തിന്‍െറ വിപ്ളവാത്മകതയുടെ സാമൂഹികചിത്രമാണ് ഹോബ്സ്ബാം വരച്ചുകാട്ടാന്‍ ശ്രമിച്ചത്. ഏഷ്യനാഫ്രിക്കന്‍ ഭൂഖണ്ഡങ്ങളില്‍നിന്നും ലാറ്റിനമേരിക്കയില്‍നിന്നുമെല്ലാം ശേഖരിച്ച കഥകളും പാട്ടുകളും അദ്ദേഹത്തിന്‍െറ ഈ രാഷ്ട്രീയ-സാംസ്കാരിക-ചരിത്രപഠനത്തെ സമ്പന്നമാക്കിയിരുന്നു.

കാര്‍ഷികവ്യവസ്ഥയുടെ അടിസ്ഥാന ഭൗതികതലവുമായി കവര്‍ച്ചയുടെ പ്രതിനിധാനങ്ങളെ ബന്ധപ്പെടുത്തുന്ന ഒരു രീതിശാസ്ത്രമായിരുന്നു ഹോബ്സ്ബാം ഉപയോഗിച്ചത്. കര്‍ഷകര്‍ക്കുവേണ്ടി ആയുധമേന്തുന്ന സോഷ്യല്‍ ബാന്‍ഡിറ്റിന് കര്‍ഷകര്‍ അഭയം നല്‍കുകയും നിയമപാലകരില്‍നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നതിന്‍െറ രാഷ്ട്രീയമാണ് ഹോബ്സ്ബാം അനാവരണംചെയ്യാന്‍ ശ്രമിച്ചത്. പ്രതിരോധത്തിന്‍െറ രാഷ്ട്രീയം അധികാരവ്യവസ്ഥയില്‍ രൂപപ്പെടുന്നതിന്‍െറ ചരിത്രസാഹചര്യത്തെ വിശദീകരിക്കുകയല്ല. മറിച്ച്, കഥാഗാനങ്ങളിലെ സംഘര്‍ഷാത്മകമായ ജീവിതസന്ദര്‍ഭങ്ങളില്‍നിന്ന്, സാമൂഹിക പ്രതിരോധത്തിന്‍െറ അമൂര്‍ത്തവും എന്നാല്‍, ചരിത്രബന്ധവുമായ സാധ്യതയെ നിര്‍മിച്ചെടുക്കുകയാണ് ഹോബ്സ്ബാം ചെയ്യുന്നതെന്ന് എനിക്ക് ബോധ്യമാവുകയായിരുന്നു.

എന്നാല്‍, ഈ കൃതിയുടെ രചനക്കുശേഷം ഈ വിഷയത്തെക്കുറിച്ചു നടന്ന ഗവേഷണങ്ങള്‍ അദ്ദേഹത്തിന്‍െറ അനുമാനങ്ങളില്‍ പലതും തള്ളിക്കളഞ്ഞതിന്‍െറ ചരിത്രം അവഗണിച്ചുകൊണ്ടും അദ്ദേഹംതന്നെ 1981ല്‍ നടത്തിയ സ്വയംവിമര്‍ശങ്ങള്‍ക്ക് മുഖംതിരിഞ്ഞുനിന്നുകൊണ്ടും അസമീക്ഷ്യമായി അദ്ദേഹത്തിന്‍െറ ആ രീതിശാസ്ത്രം സ്വീകരിക്കുക സാധ്യമായിരുന്നില്ല. അതുകൊണ്ടുതന്നെ ‘ജാതിസംഘര്‍ഷത്തിന്‍െറ മാനങ്ങള്‍ തെക്കന്‍പാട്ടുകളില്‍’, ‘പെണ്‍പ്രതിരോധം തെക്കന്‍പാട്ടുകളില്‍’ എന്നീ ലേഖനങ്ങളില്‍ അദ്ദേഹത്തിന്‍െറ സമീപനത്തിലെ കാതലായ ഒരുവശം- കഥാഗാനങ്ങള്‍ സാമൂഹിക പ്രതിരോധത്തെക്കുറിച്ച് നല്‍കുന്ന സൂക്ഷ്മാവബോധത്തെ വിശകലനംചെയ്യുന്നതിന്‍െറ രാഷ്ട്രീയമായ സാംഗത്യം മാത്രം ഞാന്‍ കടംകൊള്ളുകയായിരുന്നു. അദ്ദേഹം Bandits രചിക്കുന്നതിനും ഞാന്‍ അത് ഗൗരവമായി വായിക്കുന്നതിനും ഇടയില്‍ നിരവധി ഗവേഷകര്‍ അദ്ദേഹത്തിന്‍െറ സമീപനത്തെ വിമര്‍ശിച്ചുകൊണ്ട് വിവിധ പ്രദേശങ്ങളിലെ കഥാഗാനങ്ങള്‍ വിശകലനംചെയ്ത് പുത്തന്‍ സമീപനങ്ങളും പരികല്‍പനകളും രൂപപ്പെടുത്തിക്കഴിഞ്ഞിരുന്നു. Anton Blokന്‍െറ ‘The Peasant and the Brigand: Social Banditry Reconsidered (Comparative Studies in Society and History, 14 (4), 1972), Pat O’ Malleyയുടെ Journal of Peasant Studies, 1979ല്‍ പ്രസിദ്ധീകരിച്ച ‘Social Bandits, Modern Capitalism and the Traditional Peasantry: A critique of Hobsbawm, 6 (4) തുടങ്ങിയ പഠനങ്ങള്‍ ഞാന്‍ ആഴത്തില്‍ പരിശോധിച്ചിരുന്നു. ബ്ളോക്കിന് ഹോബ്സ്ബാം നല്‍കിയ മറുപടിയും ഞാന്‍ വായിച്ചു. അതിന്‍െറ പശ്ചാത്തലത്തില്‍, ഈ വിമര്‍ശങ്ങളെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് ഹോബ്സ്ബാമിന്‍െറ മാതൃക പിന്തുടരുക സാധ്യമായിരുന്നില്ല. ബ്ളോക്കിന്‍െറ വിമര്‍ശത്തിന്‍െറ കാതല്‍ എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു -ഹോബ്സ്ബാമിന്‍െറ സോഷ്യല്‍ ബാന്‍ഡിറ്റുകളെക്കുറിച്ചുള്ള താരതമ്യപഠനം ഇത്തരം കവര്‍ച്ചക്കാരുടെ അധികാരശക്തികളുമായുള്ള ബന്ധത്തെ പൂര്‍ണമായും അവഗണിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളിലെ പ്രതിരോധരാഷ്ട്രീയത്തെ അമിതമായി ആദര്‍ശവത്കരിക്കുകയും ചെയ്യുന്നു എന്നതായിരുന്നു ആ വിമര്‍ശം. ഹോബ്സ് ബാമിനെ വിര്‍മശാത്മകമായല്ലാതെ സ്വാംശീകരിക്കുന്നതില്‍നിന്ന് എന്നെ തടയുന്നതിനും തെക്കന്‍പാട്ടുകളിലെ ദലിത് പ്രതിരോധവും പെണ്‍പ്രതിരോധവും കുറെക്കൂടി യഥാതഥമായ ഭൗതിക-സാംസ്കാരികതലത്തിന്‍െറ പശ്ചാത്തലത്തില്‍ വിശകലനംചെയ്യുന്നതിനും ആ പ്രതിവായന എന്നെ സഹായിച്ചു എന്നു പറയുന്നതില്‍ തെറ്റില്ല. അതുപോലെ Pat O’ Malleyയുടെ പഠനത്തിനും ഒരു സവിശേഷതയുണ്ടായിരുന്നു. പരമ്പരാഗത കാര്‍ഷികവ്യവസ്ഥയുടെ സജീവതയും ആധുനിക വ്യവസായ മുതലാളിത്തത്തിന്‍െറ അസാന്നിധ്യവുമാണ് ഹോബ്സ്ബാം, സാമൂഹിക പ്രതിരോധത്തിന്‍െറ മുന്‍ ഉപാധികളായി വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍, ഇതോടൊപ്പം, ഉല്‍പാദകരെ സാമൂഹിക-സാമ്പത്തിക ഘടകമായി ഐക്യപ്പെടുത്തുന്ന വര്‍ഗസമരത്തിന്‍െറ അനിവാര്യതയും ഉല്‍പാദക താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന സ്ഥാപനസംവിധാനങ്ങളുടെ അസാന്നിധ്യവും ഈ സാഹചര്യത്തെ നിര്‍മിക്കുന്നതിന് ചരിത്രപരമായി ആവശ്യമുണ്ടെന്ന് O’ Malley അഭിപ്രായപ്പെട്ടിരുന്നു. ജാതിസംഘര്‍ഷത്തെക്കുറിച്ചും കാര്‍ഷികവ്യവസ്ഥയിലെ ഉല്‍പാദനബന്ധങ്ങളുമായി അതിനുള്ള ബന്ധത്തെക്കുറിച്ചും തെക്കന്‍പാട്ടുകളെക്കുറിച്ചുള്ള പഠനത്തില്‍ ഊന്നല്‍ നല്‍കുന്നതിന് ഈ വിമര്‍ശവും ഒരുപരിധിവരെ സഹായിച്ചു എന്നതാണ് സത്യം. John S. Koliopoulos (Brigands with a Cause: Brigandage and Irredentism in Modern Greece, 1987); Billy Chandler (King of the Mountain:The Life and Death of Giuliano the Bandit, 1988) തുടങ്ങിയ കൃതികളും മറ്റു ചില പഠനങ്ങളും അക്കാലത്ത് പരിശോധിച്ചിരുന്നു. തികച്ചും വ്യത്യസ്തമായ വായനയുടെയും വൈരുധ്യാത്മക സമീപനത്തിന്‍െറയും ലോകത്തേക്ക് തികഞ്ഞ ഒരു വായനാസഹായിയായി ഹോബ്സ്ബാം മാറുകയായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം. അതിന്‍െറ ഊഷ്മളമായ ഓര്‍മകള്‍ ഒരിക്കലും വിസ്മരിക്കാനാവില്ല.

പാരമ്പര്യവും ബദല്‍ ആധുനികതകളും

കേരള ദേശീയതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും സജീവമായതിന്‍െറ പശ്ചാത്തലത്തില്‍ പാരമ്പര്യത്തെക്കുറിച്ചും സ്വത്വത്തെക്കുറിച്ചുമുള്ള അന്വേഷണങ്ങള്‍ക്ക് രാഷ്ട്രീയമായ സാംഗത്യം വര്‍ധിക്കുകയും മാര്‍ക്സിസത്തിന്‍െറ ഇത്തരം കാര്യങ്ങളിലുള്ള സമീപനത്തെക്കുറിച്ച് അന്വേഷണങ്ങള്‍ ആവശ്യമായി വരുകയും ചെയ്ത സാഹചര്യത്തിലാണ് ഹോബ്സ്ബാം റേഞ്ചറുമായി ചേര്‍ന്നെഴുതിയ ‘The Invention of Tradition’ എന്ന ഗ്രന്ഥം ഞാന്‍ വായിക്കുന്നത്. Banditsന്‍െറ വായനപോലെ തന്നെ ഇവിടെയും ജ്ഞാന-രീതിശാസ്ത്രപരമായ ഉള്‍ക്കാഴ്ചകള്‍ക്കുവേണ്ടിയുള്ള തിരച്ചിലാണ് എന്നെ ഈ കൃതിയിലേക്കെത്തിച്ചത്. വിശേഷിച്ചും അക്കാലത്ത് നാട്ടറിവ് പഠനകേന്ദ്രവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും കടലും സംസ്കാരവും എന്ന ഒരു സ്പെഷല്‍ ഇഷ്യൂ നാട്ടറിവ് മാസികക്കുവേണ്ടി ഞാന്‍ എഡിറ്റ് ചെയ്യുകയും ചെയ്തിരുന്നു (ഡി.സി ബുക്സ് പിന്നീട് ഇത് ‘കടലറിവുകള്‍’ എന്ന പേരില്‍ പുന$പ്രസിദ്ധീകരിച്ചു). ഒപ്പംതന്നെ സി.ആര്‍. രാജഗോപാലന്‍, വിജയകുമാര്‍ മേനോന്‍ എന്നിവരുമായി ചേര്‍ന്ന് ‘കൃഷിഗീത’യുടെ ഒന്നാം പതിപ്പ് പ്രസിദ്ധീകരിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു.
പാരമ്പര്യത്തോട് എന്തു നിലപാട് സ്വീകരിക്കണമെന്നത് സങ്കീര്‍ണമായ ഒരു പ്രശ്നമായിരുന്നു. സവര്‍ണ ഹൈന്ദവ വാദികളുടെ പാരമ്പര്യവാദത്തിലേക്ക് വഴുതിപ്പോകാത്തതും ആധുനികതയുടെ യുക്തിശാഠ്യങ്ങളോട് സന്ധിചെയ്യാന്‍ വിസമ്മതിക്കുന്നതുമായ ഒരു സമീപനം രൂപപ്പെടുത്തുക എന്നത് അന്ന് വളരെ പ്രധാനമായിരുന്നു. അതിന്‍െറ സമ്മര്‍ദങ്ങള്‍ രാഷ്ട്രീയമായി അനുഭവിക്കുമ്പോഴാണ് ഹോബ്സ്ബാമിന്‍െറ ഗ്രന്ഥത്തിലേക്ക് ശ്രദ്ധതിരിഞ്ഞത്. ഒരിക്കല്‍ വായിക്കാന്‍ ശ്രമിച്ച്, താല്‍പര്യക്കുറവുമൂലം വായന നിര്‍ത്തി ഉപേക്ഷിച്ചതായിരുന്നു ആ പുസ്തകം. ഒരു സംശയനിവാരണത്തിനായി വീണ്ടും വായിക്കാന്‍ തുടങ്ങിയപ്പോഴാണ് അന്ന് മനസ്സിനെ മഥിച്ചിരുന്ന പാരമ്പര്യത്തെക്കുറിച്ചുള്ള രാഷ്ട്രീയ പ്രശ്നത്തിന് നേരിട്ടുള്ള ഉത്തരമല്ലെങ്കിലും ചില ഉത്തരങ്ങളിലേക്ക് നയിക്കുന്ന വിധ്വംസകവിചാരങ്ങള്‍ (Peter Burkeന്‍െറ ആശയം 1986ല്‍ എഴുതിയ റിവ്യൂ.) ആ കൃതിയില്‍ ഉള്ളതായി തോന്നിത്തുടങ്ങിയത്. ഗൗരവമായിത്തന്നെ ‘The Invention of Tradition’ വായിക്കാന്‍ തീരുമാനിക്കുന്നത് അങ്ങനെയാണ്. ആമുഖവും അവസാന അധ്യായവും മാത്രമാണ് ഹോബ്സ്ബാമിന്‍േറതായിട്ടുള്ളത്. റേഞ്ചറെ കൂടാതെ, ട്രെവര്‍ റോപ്പര്‍, പ്രസു മോര്‍ഗന്‍, ഡേവിഡ് കാനഡിന്‍, ബെര്‍ണാഡ് കോന്‍ തുടങ്ങിയവരുടെ പഠനങ്ങളും ഈ പുസ്തകത്തിലുണ്ട്. അതില്‍തന്നെ ബെര്‍ണാഡ്കോനിന്‍െറ പഠനം, വിക്ടോറിയന്‍ ഇന്ത്യയെക്കുറിച്ചുള്ളതാണ്. ആധികാരികതയുടെ പ്രതിനിധാനങ്ങള്‍ വിക്ടോറിയന്‍ ഇന്ത്യയില്‍ (Representing Authority in Victorian India).

ലിബറല്‍ ചരിത്രസമീപനത്തിന്‍െറ ആധുനികതയെക്കുറിച്ചുള്ള രേഖീയ സങ്കല്‍പത്തെ തകര്‍ത്തുകൊണ്ട് പാരമ്പര്യമെന്നതുതന്നെ ആധുനികതയുടെ ഘടനകളില്‍ നിരന്തരം സൗകര്യപൂര്‍വം പുനര്‍നിര്‍മിക്കപ്പെടുന്ന ക്രമങ്ങളുടെയും ശീലങ്ങളുടെയും ചര്യകളുടെയും പ്രയോഗങ്ങളുടെയും വ്യവഹാരസാകല്യമാണെന്ന് കണ്ടെത്തുകയും ചെയ്യുന്നതിലൂടെയാണ് ഹോബ്സ്ബാം തന്‍െറ സമീപനത്തെ തികച്ചും വിധ്വംസാത്മകമാക്കിയത്. ഈ പ്രക്രിയയില്‍ ‘പാരമ്പര്യത്തിന്‍െറ കണ്ടെത്തല്‍’ ചരിത്രവുമായി, ഭൂതകാലവുമായി വര്‍ത്തമാനത്തെ ബന്ധിപ്പിക്കുന്ന സമൂര്‍ത്തമായ ഒരു ഇടപെടലാണെന്ന്, അതിന് അതിന്‍േറതായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ശക്തമായി ഓര്‍മിപ്പിക്കുന്നതാണ് ഹോബ്സ്ബാമിന്‍െറ ആമുഖം. പാരമ്പര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഭൂതകാലത്തെ കേവലസത്തയായി അവതരിപ്പിക്കുന്നതിനു പിന്നിലെ അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പായാണ് ഞാന്‍ ഹോബ്സ്ബാമിന്‍െറ ആമുഖം വായിച്ചെടുത്തത്.

കേരളത്തിലെ സവിശേഷമായ രാഷ്ട്രീയസാഹചര്യത്തില്‍, ഇടതു-വലത് യാഥാസ്ഥിതികത്വങ്ങള്‍ പാരമ്പര്യത്തെ ഒരേസമയം സമാശ്ളേഷിക്കുകയും അകല്‍ച്ച പുലര്‍ത്തുകയുംചെയ്യുന്ന സ്ഥിതിവിശേഷം മനസ്സിലാക്കുന്നതിന് വളരെ പെട്ടെന്ന് ഹോബ്സ്ബാം വായന സഹായകരമായിത്തീരുകയായിരുന്നു. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള വൈരുധ്യാത്മകമായ ബന്ധത്തെക്കുറിച്ചും വൈപരീത്യങ്ങളും സംഘര്‍ഷങ്ങളും പഴമകളെ പുതുമകളിലേക്ക് സ്വാംശീകരിക്കാനായി നവീനമായി കണ്ടെത്തുന്നതിലൂടെയും നിരന്തരസന്ദര്‍ഭങ്ങളില്‍ രൂപംകൊള്ളുന്നതിനെക്കുറിച്ചുമുള്ള വ്യക്തമായ ഉള്‍ക്കാഴ്ചകളിലേക്കാണ് ആ വായന എന്നെ നയിച്ചത്. പാരമ്പര്യത്തെ കണ്ടെത്തുന്നതിന്‍െറ മൂന്നു വ്യത്യസ്ത മാതൃകകളാണ് ഹോബ്സ്ബാം മുന്നോട്ടുവെച്ചത്. സാമൂഹിക സംഘാടനത്തിലെ സ്വത്വനിര്‍മിതികളുമായി ബന്ധപ്പെട്ടതാണ് അതില്‍ ഒന്നാമത്തേത്. വിശേഷിച്ച് സാമൂഹികമായ സ്വത്വനിര്‍മിതികള്‍. മറ്റൊന്നില്‍ സ്ഥാപനങ്ങളുടെയും അധികാരശ്രേണികളുടെയും ലെജിറ്റിമേഷനുമായി ബന്ധപ്പെട്ടതാണ്. മൂന്നാമതായി, സവിശേഷ സാമൂഹിക സന്ദര്‍ഭങ്ങളിലേക്ക് വ്യക്തികളെ സ്ഫുടംചെയ്തെടുക്കുന്നതാണ്. ഇവിടെയെല്ലാം, ഭൂതകാലമെന്നത് ഒരു ഉപകരണമാണ്. രാഷ്ട്രീയമായ, സാമൂഹികമായ ആവശ്യങ്ങള്‍ക്കുവേണ്ടി, സൗകര്യപൂര്‍വം ഭൂതകാലത്തെ പുനര്‍നിര്‍മിക്കുകയാണ്. ലിബറല്‍ ചരിത്രസമീപനം ഇതിനെ പാരമ്പര്യത്തിന്‍െറ തുടര്‍ച്ചയായി വിശേഷിപ്പിക്കാനാണ് താല്‍പര്യപ്പെടുക. എന്നാല്‍, എനിക്ക് ബോധ്യമായ ഒരു കാര്യം രാഷ്ട്രീയ- സാമൂഹിക മാധ്യസ്ഥതകളില്ലാത്ത, ശുദ്ധവും കേവലവുമായ ഒരു ഭൂതകാല സ്വാംശീകരണം സാധ്യമല്ലെന്ന് വൈരുധ്യാത്മക സമീപനത്തിന്‍െറ വെളിച്ചത്തില്‍ ഹോബ്സ്ബാം ചൂണ്ടിക്കാണിക്കുന്നു എന്നതാണ്. തികച്ചും unmediated ആയ തിരിച്ചുപിടിക്കലുകളും പുനര്‍നിര്‍മിതികളും ഒരിക്കലും സംഭവിക്കുന്നില്ലെന്നും പാരമ്പര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആധുനികതയെക്കുറിച്ചും ബദല്‍ ആധുനികതകളെക്കുറിച്ചുമുള്ള അന്വേഷണത്തിനുകൂടി വഴിതെളിക്കുകയാണ് ചെയ്യുന്നതെന്നും ശക്തമായി ബോധ്യപ്പെടാനും അതിന്‍െറ രാഷ്ട്രീയത്തെ തിരിച്ചറിയാനും ആ വായന എന്നെ സഹായിച്ചു. ചാക്രിക-രേഖീയ ചരിത്രനിര്‍മാണരീതി ശാസ്ത്രത്തിന്‍െറ പരിമിതികള്‍ മനസ്സിലാക്കാന്‍ സമൂര്‍ത്തമായ ഒരു സൈദ്ധാന്തിക ഇടപെടലിലൂടെ, ജ്ഞാനശാസ്ത്രപരമായ ഒരു കാല്‍വെപ്പിലൂടെ വഴികാട്ടിത്തരുകയായിരുന്നു ഹോബ്സ്ബാം ചെയ്തത്.

തെക്കന്‍പാട്ടുകളുടെ പഠനത്തിലേക്ക് തിരിച്ചുപോയില്ലെങ്കിലും പാരമ്പര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും വീണ്ടും ആധുനികതയെയും ബദല്‍ ആധുനികതകളെയുംകുറിച്ചുള്ള ചര്‍ച്ചകളില്‍ കടന്നുവന്നുകൊണ്ടിരുന്നു. ഏഷ്യന്‍ മൂല്യങ്ങളെക്കുറിച്ചും ഏഷ്യന്‍ ജനാധിപത്യത്തിലെ രാഷ്ട്രീയ സങ്കീര്‍ണതകളെക്കുറിച്ചും ദേശരാഷ്ട്ര രൂപവത്കരണ പ്രക്രിയകളുടെ ഏഷ്യന്‍ സന്ദര്‍ഭങ്ങളെക്കുറിച്ചുമൊക്കെയുള്ള അന്വേഷണങ്ങളില്‍ ഹോബ്സ്ബാമിന്‍െറ നിര്‍വചനങ്ങളും നിഗമനങ്ങളും കടന്നുവരുന്നുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഏഷ്യന്‍ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം പാശ്ചാത്യ ആധുനികതയുമായുള്ള കണക്കുതീര്‍ക്കല്‍ ഇനിയും നടന്നിട്ടില്ല.

തികച്ചും സ്വകീയമായ രീതിയില്‍ സ്വന്തം ആധുനികതകളെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഏഷ്യ-പസഫിക് ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഇതിന്‍െറ ആഖ്യാനങ്ങളും ഉപാഖ്യാനങ്ങളും പോസ്റ്റ് കൊളോണിയല്‍ പ്രതിരോധത്തിന്‍െറ സാമൂഹിക-രാഷ്ട്രീയ സന്ദര്‍ഭത്തെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കുന്നുമുണ്ട്. സ്വന്തം ഭൂതകാലത്തെയും ഭാവിയെയും നിയന്ത്രിക്കാനുള്ള ഏഷ്യന്‍-ആഫ്രിക്കന്‍-ലാറ്റിനമേരിക്കന്‍ ദേശ-രാഷ്ട്രങ്ങളുടെ നിര്‍ണയാവകാശ ബോധത്തെ ഉദ്ദീപിപ്പിക്കുന്ന രാഷ്ട്രീയമാണ് ബദല്‍ ആധുനികതകളുടേത്. പ്രാദേശിക മൂല്യങ്ങളെ പുനര്‍നിര്‍മിതിയിലൂടെ സ്വന്തം രാഷ്ട്രീയ-സാമ്പത്തിക വ്യതിരിക്തതകളെ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമം, സാമൂഹികമായും ചരിത്രപരമായും പ്രാധാന്യമുള്ളതാണ്. എന്നാല്‍, ഇതിനകം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതുപോലെ, ബദല്‍ ആധുനികതകള്‍ക്കായുള്ള വിമര്‍ശാത്മകമായ ദേശീയക്കുതിപ്പുകള്‍ എപ്പോഴും മൂലധനത്തിന്‍െറയോ മൂലധനതാല്‍പര്യങ്ങളുടെയോ വിമര്‍ശത്തില്‍ ഊന്നിക്കൊണ്ടുള്ളതല്ല എന്നതും യാഥാര്‍ഥ്യമാണ്. ഹോബ്സ്ബാം ചൂണ്ടിക്കാട്ടുന്നതുപോലെ പാരമ്പര്യത്തെ സൗകര്യപൂര്‍വം ആധുനികതയുടെ അടരുകളില്‍ ചേര്‍ത്തുവെച്ചാണ് പലപ്പോഴും ബദല്‍ ആധുനികതകളെക്കുറിച്ചുള്ള ആഖ്യാനങ്ങളും ഉപാഖ്യാനങ്ങളും രൂപപ്പെടുന്നത് എന്നതിന് സമകാല ഏഷ്യാചരിത്രത്തില്‍നിന്നുതന്നെ നിരവധി സാക്ഷ്യങ്ങളുണ്ട്.

നേരത്തേ സൂചിപ്പിച്ചതുപോലെ ഹോബ്സ്ബാം വായന എന്നെ സംബന്ധിച്ചിടത്തോളം ഇത്തരത്തില്‍ രാഷ്ട്രീയ നിലപാടുകള്‍ രൂപപ്പെടുത്തുന്നതിന് സഹായകമായ വ്യക്തിനിഷ്ഠവും വസ്തുനിഷ്ഠവുമായ തലങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള ഒരു പ്രക്രിയയായിരുന്നു എക്കാലത്തും. അദ്ദേഹത്തിന്‍െറ എല്ലാ കൃതികളും ഞാന്‍ വായിച്ചിട്ടില്ല. പല ചിന്തകരുടെയും മുഴുവന്‍ കൃതികളും പലപ്പോഴും വായിക്കാന്‍ സാധിക്കാറില്ല. ഇംഗ്ളീഷില്‍ ലഭ്യമായിട്ടുള്ള എല്ലാ കൃതികളും വായിച്ചിട്ടുണ്ട് എന്ന് എനിക്ക് ഉറപ്പിച്ചുപറയാന്‍ കഴിയുന്ന ഒരു ചിന്തകന്‍ അല്‍ത്തുസ്സര്‍ മാത്രമാണ്. അതിനുള്ള കാരണം, ഞാന്‍ കലാലയവിദ്യാര്‍ഥിയായിരുന്ന കാലത്ത്, പുത്തന്‍ ഇടതുപക്ഷമായി കേരളത്തില്‍ അറിയപ്പെട്ട, സി.പി.ഐ-എം.എല്‍ വിഭാഗവുമായി ബന്ധമുണ്ടായിരുന്ന പലരും അദ്ദേഹത്തെ നിരന്തരം ഉദ്ധരിക്കുകയും പലപ്പോഴും തെറ്റായി വിവര്‍ത്തനവും വ്യാഖ്യാനവും നല്‍കുകയും ചെയ്തിരുന്നു എന്നതാവാം. വായനയുടെ വിശേഷിച്ച് മാര്‍ക്സിസ്റ്റ് വായനയുടെ, ഒരു അനിവാര്യ ഭാഗമായി അല്‍ത്തുസ്സര്‍ വായന അവതരിപ്പിക്കപ്പെട്ടിരുന്നു ഒരുകാലത്ത് കേരളത്തില്‍. സിദ്ധാന്തത്തിന്‍െറയും പ്രയോഗത്തിന്‍െറയും ഗവേഷണത്തിന്‍െറയും അധ്യാപനത്തിന്‍െറയും വഴിയില്‍, അസമീക്ഷ്യമായി ഒന്നും സ്വീകരിക്കാതിരിക്കുക എന്നതാണ് ഞാന്‍ പിന്തുടര്‍ന്നിട്ടുള്ള മാര്‍ഗം. ഹോബ്സ്ബാമിന്‍െറ കൃതികളില്‍ പലതും വായിച്ചിട്ടുള്ളതും ആ രീതിയില്‍തന്നെ.

വായനയുടെ തുടര്‍ച്ചകള്‍

ഭരണകൂടവും സിവില്‍ സമൂഹവും വിവരസാങ്കേതിക യുഗത്തില്‍ (State and Civil Society in the Informatic Age) എന്ന സെമിനാര്‍ പഠിപ്പിക്കുന്നതിനുള്ള തയാറെടുപ്പുകളുടെ ഭാഗമായാണ് The Age of Revolution, The Age of Capital, The Age of Empire എന്നീ ഹോബ്സ്ബാം രചനകള്‍ ഞാന്‍ പരിശോധിച്ചിട്ടുള്ളത്. നവ സാമൂഹിക പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങള്‍ക്കിടക്ക് The Age of Extremesഎന്ന ബൃഹദ്ഗ്രന്ഥവും വായിക്കാനിടയായിട്ടുണ്ട്. ഹോബ്സ്ബാം സ്റ്റാലിനെക്കുറിച്ച് എന്തു വിചാരിച്ചു, വിപ്ളവങ്ങളിലെ ഹിംസയെക്കുറിച്ച് പറഞ്ഞിട്ടുള്ളതിലെ സന്ദേഹങ്ങള്‍ എന്തൊക്കെയാണ്, അദ്ദേഹം തികഞ്ഞ മാര്‍ക്സിസ്റ്റാണോ യൂറോ കമ്യൂണിസത്തിന്‍െറ ആചാര്യനാണോ ബംഗാളില്‍ സി.പി.എം തോറ്റുതോപ്പിയിടുമെന്ന് പ്രകാശ് കാരാട്ട് തന്നോട് പറഞ്ഞതായി അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞത് സത്യമാണോ എന്നതൊന്നും വലിയ ദാര്‍ശനിക പ്രശ്നങ്ങളായി എനിക്ക് അനുഭവപ്പെട്ടിട്ടില്ല. രാഷ്ട്രീയാന്വേഷണങ്ങളുടെ വിവിധ ഘട്ടങ്ങളില്‍ ഞാന്‍ ആശ്രയിക്കുകയും വിയോജിക്കുകയും ചെയ്തിട്ടുള്ള ഒരു ചരിത്രകാരനാണ് എറിക് ഹോബ്സ്ബാം.

The Age of Extremesല്‍ അദ്ദേഹം നടത്തുന്ന രണ്ടു സുപ്രധാന നിരീക്ഷണങ്ങള്‍ സമകാല പ്രസക്തമാണ് എന്നതുകൊണ്ടുമാത്രം ഞാന്‍ ഇവിടെ സൂചിപ്പിക്കുകയാണ്. അതിലൊന്ന് മൂന്നാംലോക കമ്യൂണിസത്തിന്‍െറ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ടതാണ്. മറ്റൊന്ന്, വലതുപക്ഷത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ ഒരു നിരീക്ഷണമാണ്. 1920ല്‍ റഷ്യയിലെ ബോള്‍ഷെവിക്കുകള്‍ ചെയ്ത അക്ഷന്തവ്യമായ അപരാധം ലോകതൊഴിലാളിപ്രസ്ഥാനത്തെ സ്വന്തം താല്‍പര്യസംരക്ഷണത്തിനായി പിളര്‍ത്തി എന്നതാണ് എന്ന് സൂചിപ്പിക്കുന്ന ഹോബ്സ്ബാം, ഈ വാദത്തിന്‍െറ തുടര്‍ച്ചയായാണ് സോവിയറ്റ് യൂനിയന്‍ മൂന്നാംലോക രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് വിപ്ളവങ്ങളെ സ്വന്തം താല്‍പര്യത്തിനുവേണ്ടി നിരുത്സാഹപ്പെടുത്തിയത് എന്നു പറയുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യപോലുള്ള പ്രദേശങ്ങളിലെ ദുര്‍ബലനേതൃത്വങ്ങള്‍, സ്റ്റാലിന്‍െറ ആശ്രിതവിഭാഗങ്ങളായിരുന്നു. എന്നാല്‍ വിപ്ളവം നടന്ന യൂഗോസ്ലാവ്യ, അല്‍ബേനിയ, ചൈന എന്നിവിടങ്ങളിലെ നേതൃത്വം സ്റ്റാലിനെ ധിക്കരിച്ചാണ് ഇതിന് മുതിര്‍ന്നതെന്നും ഹോബ്സ്ബാം പറയുന്നു. അമേരിക്കയുമായി സഹവര്‍ത്തിത്വത്തില്‍ കഴിയാനും വിശാലമായ ആന്‍റി-ഫാഷിസ്റ്റ് ഐക്യം നിലനിര്‍ത്താനുമാണ് സ്റ്റാലിന്‍ ശ്രമിച്ചതെന്നും അതിന്‍െറ ഭാഗമായാണ് ഈ സമീപനം കൈക്കൊണ്ടതെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഈ വാദം സമകാല പ്രസക്തിയുള്ളതാണ്. സാമ്പ്രദായികമായ അര്‍ഥത്തിലുള്ള സോഷ്യലിസ്റ്റ് വിപ്ളവം കാലക്രമത്തില്‍ ഉപേക്ഷിച്ചതല്ല, ഇന്ത്യയിലെയും മറ്റും യാഥാസ്ഥിതിക ഇടതുപക്ഷ നേതൃത്വം. ഈ പാര്‍ട്ടികള്‍ രൂപംകൊള്ളുന്നതും ശക്തിപ്പെടുന്നതും വിപ്ളവവിമുഖമായ ഒരു ആഗോള പ്രത്യയശാസ്ത്ര സമീപനത്തിനുള്ളിലാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളിലെ നിയോ ലിബറല്‍ വലതുപക്ഷ രാഷ്ട്രീയത്തെ ചെറുക്കുന്നതിന് സഹായകമായ ഒരു നിരീക്ഷണം ഹോബ്സ്ബാം നടത്തുന്നത് യാഥാസ്ഥിതിക ഇടതുപക്ഷത്തിന്‍െറ പുതിയ രാഷ്ട്രീയത്തെ മനസ്സിലാക്കാന്‍ സഹായകമാണ്.

The Age of Extremesല്‍ ഹോബ്സ്ബാം, ജര്‍മനിയില്‍ 1933ല്‍ മേയ് ദിനം അവധിദിനമായി പ്രഖ്യാപിച്ചത് ഹിറ്റ്ലറായിരുന്നുവെന്ന് ഓര്‍മിപ്പിക്കുന്നുണ്ട്. നാഷനല്‍ സോഷ്യലിസം ഫാഷിസമാകുന്നതുപോലെ, നിയോലിബറല്‍ ഇടതുപക്ഷം ഫാഷിസ്റ്റ് ശക്തിയായി മാറാമെന്നത് ഒരു സാധ്യതതന്നെയാണ്. അതിന്‍െറ ഓര്‍മപ്പെടുത്തലുകളിലേക്ക്, വിമര്‍ശങ്ങളിലേക്ക് നിര്‍ബന്ധിക്കുന്നു എന്നതാണ് ഹോബ്സ്ബാം വായന തരുന്ന ഊര്‍ജവും പ്രത്യാശയും.

Comments

comments