ഡോ.ടി.ടി. ശ്രീകുമാര് മാധ്യമം 2013 ജനുവരി

കാലത്തോട് സംവദിക്കുന്നതെങ്ങനെ എന്നത് ഓരോ എഴുത്തുകാരനെയും എഴുത്തുകാരിയെയും അലട്ടുന്ന പ്രശ്നമാണ്. നിരൂപണത്തിന്‍െറ പ്രശ്നവും അതുതന്നെയാണെന്ന് കെ.പി. അപ്പനും കരുതിയിരുന്നു. നിരൂപണത്തിന്‍െറ മുന്‍ ഉപാധി കാലത്തെ കാണുന്ന, കാണിക്കുന്ന എഴുത്താണ്. നിരൂപണം ഉണ്ടാവുന്നതിന്‍െറ കാരണംതന്നെ അതിന്‍െറ വിഭ്രമങ്ങളാണ്, വിങ്ങലുകളാണ്. അതുകൊണ്ട്, എല്ലാ വിലയിരുത്തലുകളും നിരൂപണമാവുന്നില്ല എന്ന് കെ.പി. അപ്പന്‍ കരുതിയിരുന്നു എന്നു തോന്നാറുണ്ട്. നിരൂപണത്തിന്‍െറ ദര്‍ശനം, ലാവണ്യപ്രതീക്ഷകള്‍ ഒക്കെ കൃതിയും കാലവുമായി ബന്ധപ്പെടുന്നതിന്‍െറ ഒരു മാട്രിക്സ് ആണ് സൃഷ്ടിക്കുന്നത്. ചില എഴുത്തുകാരും കൃതികളും ഈ കാലസമസ്യയെ സൂക്ഷ്മമായി സന്ധിച്ച് നിരൂപണത്തിന്‍െറ സാധ്യതകള്‍ ഉദാരമാക്കുന്നു.
ബാഷ്ലര്‍ദിന്‍െറ ‘The Poetics of Reverie’ എന്ന പുസ്തകത്തില്‍ (Gaston Bachelard, 1960, Tran. Daniel Russell, 1969, Boston: Beacon Press) ചര്‍ച്ചചെയ്യുന്ന ഒരു കാര്യം അല്‍പം ദു$സ്വാതന്ത്ര്യമെടുത്ത് മാറ്റിപ്പറയുകയാണെങ്കില്‍ അദ്ദേഹം, പരികല്‍പനാത്മക ചിന്തയും (നിരൂപണം) ഭാവനാത്മക ചിന്തയും (ഫിക്ഷന്‍) തമ്മില്‍ ഒരു സാത്മീകരണം സാധ്യമാവുകയില്ലെന്നു സംശയിക്കുകയാണ്. ഇത് ഒരു വെല്ലുവിളിയാവുന്നത് നിരൂപണത്തിനാണ് എന്നു പറയേണ്ടതില്ലല്ലോ. കൃതിയുടെ ഒരു സവിശേഷപ്രകാശനമാവണം  നിരൂപണം എന്നതാണ് വലിയ സൃഷ്ടികളുടെ നിരൂപണം അ/സാധ്യമാക്കുന്ന ഘടകംതന്നെ. മലയാളത്തിലെ നോവല്‍ സാഹിത്യം എപ്പോഴും അത്തരം വലിയ സൃഷ്ടികളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാവാറുണ്ട്. മറ്റു സാഹിത്യശാഖകളെ അപേക്ഷിച്ച് നോവല്‍ മലയാളത്തില്‍ വലിയ ദൂരങ്ങള്‍ ദാര്‍ശനികമായി താണ്ടിയിട്ടുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇത്തരം നിരീക്ഷണങ്ങളിലുള്ള ആത്മനിഷ്ഠവശങ്ങളെ നിരാകരിക്കുന്നില്ല. ചന്തുമേനോന്‍, പോത്തേരി കുഞ്ഞമ്പു, സി.വി. രാമന്‍ പിള്ള, തകഴി, ബഷീര്‍, കേശവദേവ്, ഉറൂബ്, ഒ.വി. വിജയന്‍, മുകുന്ദന്‍, സേതു, പുനത്തില്‍ കുഞ്ഞബ്ദുള്ള, എം. ടി, ലളിതാംബിക അന്തര്‍ജനം, കോവിലന്‍,  ആനന്ദ്, പി. വത്സല, സാറാ ജോസഫ്, എന്‍.എസ്. മാധവന്‍, മേതില്‍ രാധാകൃഷ്ണന്‍, കെ.പി. നിര്‍മല്‍കുമാര്‍, സി.ആര്‍. പരമേശ്വരന്‍, ടി.വി. കൊച്ചുബാവ, കെ.പി. രാമനുണ്ണി,  സി.വി. ബാലകൃഷ്ണന്‍, കെ. അരവിന്ദാക്ഷന്‍, സുഭാഷ്ചന്ദ്രന്‍, സുസ്മേഷ് ചന്ത്രോത്ത്, ബെന്യാമിന്‍ എന്നിവര്‍ വലിയ രാഷ്ട്രീയ-ദാര്‍ശനിക സമസ്യകളെ നോവല്‍ എന്ന മാധ്യമത്തിലൂടെ ശക്തമായി ആവിഷ്കരിച്ചിട്ടുള്ളവരില്‍ പ്രമുഖരാണ്. ഗൗരവപൂര്‍ണമായ രചനകളിലൂടെ മറ്റനവധി എഴുത്തുകാരും ഈ മാധ്യമം മികവോടെ  ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഈ നിരയിലേക്ക് തികച്ചും നൂതനമായ ഒരു സര്‍ഗാത്മക പരീക്ഷണത്തിന്‍െറ വിജയവുമായി കെ.ആര്‍. മീരയുടെ ‘ആരാച്ചാര്‍’ കടന്നുവരുകയാണ്. ഒരു മലയാളി എഴുതിയ ബംഗാളി കഥയാണിത്. ഒരു ബംഗാളി കുടുംബത്തിന്‍െറ, ഒരു ആരാച്ചാര്‍ കുടുംബത്തിന്‍െറ കഥയാണ്. ആ കഥയില്‍ മീര കൊരുത്തിട്ടിരിക്കുന്ന ഉപകഥകളുടെകൂടി സാന്നിധ്യത്തിലൂടെ സമൃദ്ധമാകുന്ന ഒരു ആഖ്യാനത്തിന്‍െറ തീക്ഷ്ണതയാണ്.

ഈ നോവലിനെക്കുറിച്ച് എഴുതുക എന്നത് എളുപ്പമല്ല. വായനക്ക്, വിമര്‍ശത്തിന് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു ഈ കഥാകാരി. ഒരു പാന്‍-ഇന്ത്യന്‍ നോവല്‍ എന്ന വിശേഷണം ഇത് അര്‍ഹിക്കുന്നുണ്ട്. സമകാല ഇന്ത്യയുടെ രാഷ്ട്രവ്യവഹാരത്തിന്‍െറ സൂക്ഷ്മമായ ചില തലങ്ങളെ ചെന്നുതൊടുന്നതും ഇന്ത്യാചരിത്രത്തിന്‍െറ സംഘര്‍ഷങ്ങളെ മുഴുവന്‍ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിന്‍െറ യുദ്ധരംഗത്തേക്ക് കൊണ്ടുവന്ന് സംഭ്രമിപ്പിക്കുന്നതുമായ ഒരു രചനാതന്ത്രം ഇവിടെ സ്വീകരിക്കപ്പെട്ടിരിക്കുന്നു. മലയാളത്തിലെ പോസ്റ്റ് കൊളോണിയല്‍ സാഹിത്യത്തിലെ ശക്തമായ സാന്നിധ്യം അടയാളപ്പെടുത്തുന്ന രചനകളില്‍ മുഖ്യസ്ഥാനം ഈ നോവലിനുണ്ടായിരിക്കും എന്നു നിസ്സംശയം പറയാം. വ്യത്യസ്തമായ രീതികളില്‍ വായിച്ചെടുക്കാവുന്ന  ഒരു പാഠസംവിധാനമുള്ള ഈ കൃതിയുടെ ഒരു പ്രാഥമിക വിശകലനത്തിനേ ഞാന്‍ ഇവിടെ മുതിരുന്നുള്ളൂ.
കാലത്തെ അഭിസംബോധനചെയ്യാന്‍ ചരിത്രമല്ലാതെ തീവ്രമായ മറ്റൊരു അനുഭവമണ്ഡലമില്ലെന്ന വലിയ തിരിച്ചറിവിലൂടെ കടന്നുപോയ ഒരു എഴുത്തുകാരിയെയാണ് നാം ഈ നോവലില്‍ സന്ധിക്കുക. വംഗദേശത്തിന്‍െറ ഒരു പ്രതിനിധാനത്തിനുള്ള ശ്രമം സങ്കീര്‍ണമായ ഒട്ടനവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പുള്ളതാണ്. കേരളത്തില്‍ ഒരേസമയം നിരവധി പ്രതീകരൂപങ്ങളില്‍ നിലനില്‍ക്കുന്നതാണ് ബംഗാളിന്‍െറ ചരിത്രവും വര്‍ത്തമാനവും. മലയാളത്തില്‍ എഴുതുന്ന ബംഗാളിന്‍െറ കഥ എന്നു പറയുമ്പോള്‍ അവിടെ താമസിക്കുന്ന മലയാളി ആഖ്യാതാവിന്‍െറ നറേഷന്‍ എന്ന സാമ്പ്രദായിക രീതിയിലുള്ള കഥയല്ല. മലയാളിയെ ഈ നോവലില്‍നിന്ന് ഏതാണ്ട് പൂര്‍ണമായും തന്നെ ഒഴിവാക്കി നിര്‍ത്തുകയും ഒടുവില്‍ അപരനെ വില്ലനാക്കുന്ന പതിവ് തെറ്റിച്ച് ഒരു അര്‍ധമലയാളിയെ ‘വില്ല’നാക്കുകയും അയാളുടെ വഞ്ചനകളില്‍ മനസ്സ് നൊന്തുനീറിയ വംഗയുവതി പ്രതീകാത്മകമായി അയാളെ അയാളുടെ നിന്ദ്യമായ തെറ്റുകള്‍ക്ക്  ജീവിതം എന്ന കോടതിയില്‍ നിശ്ശബ്ദ വിചാരണചെയ്തു ശിക്ഷിക്കുകയും ചെയ്യുന്നു.
ദയാഹരജികളെല്ലാം തള്ളിപ്പോയി യതീന്ദ്രനാഥ് ബാനര്‍ജിയുടെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള വഴിതുറന്നതോടെയാണ് ഈ ആരാച്ചാര്‍ കുടുംബം വാര്‍ത്തകളില്‍ സ്ഥാനംപിടിക്കുന്നത്. എണ്‍പത്തെട്ടു വയസ്സായ ഇപ്പോഴത്തെ ആരാച്ചാര്‍ ഫണിഭൂഷന്‍ ഗൃദ്ധാ മല്ലിക്ക് തന്‍െറ മകളായ ചേതനാ ഗൃദ്ധാ മല്ലിക്കിനെ പുതിയ ആരാച്ചാരായി നിയമിക്കണം എന്നു സര്‍ക്കാറിനോട് ആവശ്യപ്പെടുന്നതോടെയാണ് സംഘര്‍ഷാത്മകമായ ഒരു ആഖ്യാനത്തിന്‍െറ കുത്തനെയുള്ള ചരുവിലേക്ക് ഈ കഥ കയറിപ്പോകുന്നത്. ചേതന  പ്ളസ് ടു ഉയര്‍ന്ന  ഡിസ്റ്റിങ്ഷനോടെ പൂര്‍ത്തിയാക്കിയവളാണ്. എന്നാല്‍, സാമ്പത്തിക പരിമിതികള്‍മൂലം തുടര്‍ന്നുപഠിക്കാന്‍ കഴിഞ്ഞില്ല. അവളെയാണ് തനിക്കുപകരം ആരാച്ചാരാക്കണമെന്ന് ഫണിഭൂഷന്‍ ആവശ്യപ്പെടുന്നത്. കൂടാതെ, അവള്‍ക്ക് മറ്റെന്തെങ്കിലും സ്ഥിരം ജോലി നല്‍കണമെന്നും. എന്നാല്‍, കഥയിലെ വഴിത്തിരിവ് എന്നു വിചാരിക്കാവുന്നത്, ആരാച്ചാര്‍ കുടുംബവും സര്‍ക്കാറും തമ്മിലുള്ള ഈ വിലപേശലിലേക്ക്, പുതിയൊരു ഘടകംകൂടി കടന്നുവരുന്നതാണ്. കുടുംബത്തിനും സര്‍ക്കാറിനുമിടയിലേക്ക് കടന്നുവരുന്നത് ഫോര്‍ത്ത്  എസ്റ്റേറ്റ് ആയ മാധ്യമങ്ങള്‍തന്നെയാണ്. ഒരു ടി.വി ചാനല്‍. നിരവധി ചാനലുകള്‍ക്കിടയില്‍നിന്ന് ഒരു മാധ്യമ സൂത്രശാലി സ്വന്തം ചാനലിനുവേണ്ടി ഈ മുഴുവന്‍ നാടകവും എക്സ്ക്ളൂസിവ് ആയി കിട്ടുന്നതിനുവേണ്ടി നടത്തുന്ന ഒരു നീക്കം കഥയുടെ കേന്ദ്രബിന്ദുവായി മാറുന്നുണ്ട്.

കുറഞ്ഞ തുകക്ക് ചേതനയെ താന്‍ ജോലി ചെയ്യുന്ന ടി.വി ചാനലിന്‍െറ മുഖ്യസമയ സായാഹ്ന പരിപാടിയിലേക്ക് കരാര്‍ ചെയ്യുന്ന സഞ്ജയ് കുമാര്‍ മിത്ര എന്ന സൂത്രശാലിയായ റിപ്പോര്‍ട്ടര്‍ സ്വന്തം ചാനലിന്‍െറ റേറ്റിങ് കൂട്ടുന്നതിനുവേണ്ടി പയറ്റുന്ന വിലകുറഞ്ഞ തന്ത്രങ്ങള്‍ ചേതന എന്ന സ്വതന്ത്രമനസ്കയായ യുവതിയില്‍ ഏല്‍പിക്കുന്ന ആഘാതങ്ങള്‍ ഒരു പ്രണയിനി എന്ന നിലയില്‍ അവള്‍ക്ക്  അയാളുമായുണ്ടാവുന്ന അടുപ്പത്തെ സ്വാധീനിക്കുന്നതിന്‍െറ, അതവളില്‍ വളര്‍ത്തുന്ന പുച്ഛത്തിന്‍െറ, രോഷത്തിന്‍െറ, വികര്‍ഷണത്തിന്‍െറ, വെറുപ്പിന്‍െറ, തീവ്രമായ സംഘര്‍ഷങ്ങള്‍ നോവലില്‍ ഉടനീളം നിലനില്‍ക്കുന്നു. ഒരു വലിയ കമ്പോളത്തിലേക്ക്, അതിന്‍െറ നിഷ്ഠുരമായ യുക്തികളിലേക്ക് തന്‍െറ ഇച്ഛയും കാമനയും വലിച്ചിഴക്കപ്പെടുമ്പോള്‍, നിര്‍വികാരയും നിസ്സഹായയുമായി മാറാന്‍ വിസമ്മതിക്കുന്ന  ഒരു യുവതിയുടെ രോഷമെന്താണെന്ന്, അവള്‍ അനുഭവിക്കുന്ന തീവ്രമായ വേദനയെന്താണെന്ന്, ഉള്ളില്‍ അടക്കുന്ന പുച്ഛത്തിന്‍െറ അര്‍ഥമെന്താണെന്ന് ചൊടിപ്പിക്കുന്ന ഭാഷയില്‍ മീര ആവിഷ്കരിക്കുന്നു. അവളുടെ പ്രതികാരത്തിന്‍െറ ഭാഷ അസാമാന്യമായ ആത്മനിയന്ത്രണത്തിന്‍െറയും എന്നാല്‍, ആത്മവിശ്വാസത്തിന്‍േറതുമാകുന്നതെങ്ങനെ എന്നു സൂക്ഷ്മമായി വരച്ചുകാട്ടുന്നു.
ഒരു ആരാച്ചാര്‍ കുടുംബത്തിന് ചരിത്രമുണ്ടോ എന്ന ചോദ്യം ആരും നേരിട്ട് ചോദിക്കുന്നില്ലെങ്കിലും എല്ലാ ചോദ്യത്തിനും ഫണിഭൂഷന്‍ ഗൃദ്ധാ മല്ലിക് നല്‍കുന്ന ഉത്തരം നീതി എന്ന വിചാരത്തെ ഭരണം എന്ന രാഷ്ട്രീയവുമായി കൂട്ടിയിണക്കുന്നതിനിടയിലെ കണ്ണിയായി തന്‍െറ കുടുംബം എപ്പോഴും നിലനില്‍ക്കേണ്ടിയിരുന്നു എന്ന അനിവാര്യതയെക്കുറിച്ചാണ്. അല്ലെങ്കില്‍, അത്തരമൊരു അനിവാര്യതയെ കുറിച്ചുള്ള ബോധമാണ് അയാളുടെ എല്ലാ വ്യവഹാരങ്ങളെയും നിര്‍ണയിച്ചിരുന്നത് എന്നും പറയാം. ഭരണകൂടത്തിന് ആരാച്ചാരോടുള്ള ബന്ധം നീതിക്ക് രാഷ്ട്രീയത്തോടുള്ളതാണ് എന്ന് അയാള്‍ വിശ്വസിക്കുന്നുണ്ട്. സ്വന്തം കുടുംബ ചരിത്രത്തിന്‍െറ പൗരാണികതയുടെ അര്‍ഥം അധികാരത്തിന്‍െറ ഇടവഴികളിലാണ് തിരയേണ്ടത് എന്ന് ഈ ആരാച്ചാരെ ആരും പഠിപ്പിക്കേണ്ടതില്ല. ഫണിഭൂഷന്‍ ഗൃദ്ധാ മല്ലിക് മാത്രമല്ല, കുടുംബത്തിലെ ഓരോ അംഗവും ഈ വിധിവിചാരത്തിന്‍െറ സ്രഷ്ടാക്കളും അതിന്‍െറ വിശ്വാസികളുമാണ്. മതത്തിലെ ദൈവത്തെപോലെ, മുതലാളിത്തത്തിലെ ചരക്കിനെപോലെ  ചിലപ്പോള്‍ ചരിത്രവും മാര്‍ക്സ് പറഞ്ഞിട്ടുള്ള ഫെറ്റിഷിന്‍െറ  ഉദാഹരണമാകും. ഇവിടെ ചരിത്രത്തിന്‍െറ ആത്മനിഷ്ഠവും അമൂര്‍ത്തവുമായ ഒരു പ്രായോഗികമൂല്യത്തെ, അതില്‍ അന്തര്‍നിഹിതമായിട്ടുള്ള ഒരു വസ്തുനിഷ്ഠ മൂല്യമായി ഗൃദ്ധാ മല്ലിക് വാഴ്ത്തുകയാണ്. ഈ വാഴ്ത്തില്ലാതെ, വിശ്വാസമില്ലാതെ, അതിന്‍െറ പൊങ്ങച്ചങ്ങളുടെ നിഗൂഢ വ്യാമോഹങ്ങളില്ലാതെ ഗൃദ്ധാ മല്ലിക്കിന് ജീവിക്കാനാവില്ല. രാഷ്ട്ര വ്യവഹാരത്തില്‍ ആരാച്ചാര്‍ എന്ന സ്ഥാപനത്തിനുണ്ടെന്ന് അയാള്‍ വിശ്വസിക്കുന്ന  ഉദാത്ത സ്ഥാനമാണ് ഗൃദ്ധാ മല്ലിക്കിന്‍െറ ലോകത്തെ ചലനാത്മകമാക്കുന്നത്.

എന്നാല്‍, ഇത് ഏകപക്ഷീയമായി ഈ നോവലില്‍ തളംകെട്ടി കിടക്കുകയല്ല. മീര തന്‍െറ രചനാതന്ത്രത്തിന്‍െറ ഏറ്റവും സവിശേഷമായ ഒരു നീക്കത്തിലൂടെയാണ് ഫണിഭൂഷന്‍െറ ഈ ചരിത്രവ്യവഹാരത്തെ കുത്തിയുടക്കുന്നത്. ഫണിഭൂഷന്‍ ഗൃദ്ധാ മല്ലിക്കിന്‍െറ വ്യഥിത സ്മൃതികളെ, അതിലാരോപിക്കപ്പെടുന്ന വസ്തുനിഷ്ഠതയെ തകര്‍ക്കുന്ന, അതിന്‍െറ വ്യാജമായ പ്രശാന്തികളെ വെല്ലുവിളിക്കുന്ന, അതിന്‍െറ വ്യാവഹാരിക ലോകത്തെ വിഘടിപ്പിച്ചു ചിതറിക്കുന്ന പ്രതിവിചാരമാണ് അയാളുടെ ഏകപുത്രിയായ ചേതന ഗൃദ്ധാ മല്ലിക്കിന്‍േറത്. ആത്യന്തികമായി അവള്‍ ആരാച്ചാരും അധികാരവും തമ്മിലുള്ള ബന്ധത്തിന്‍െറ ഈ വ്യാജവ്യവഹാരത്തെ ചോദ്യം ചെയ്യുകയും തന്‍േറതായ രീതിയില്‍ ഡീ കണ്‍സ്ട്രക്ട് ചെയ്യുകയും ചെയ്യുന്നു. ആ വലിയ നിയോഗമാണ് തനിക്കുള്ളതെന്ന് തിരിച്ചറിയുന്നതിലൂടെ അവള്‍ സാങ്കല്‍പിക ചരിത്രത്തില്‍നിന്ന് യഥാര്‍ഥ ചരിത്രത്തിലേക്ക് ഉറച്ച ചുവടുവെപ്പോടെ കടന്നുവരുന്നു. ഭവിഷ്യത്ത് മാസികയുടെ എഡിറ്റോറിയല്‍ ഓഫിസിലെ ജോലിയിലേക്കുള്ള അവളുടെ പ്രവേശനം മീര ഒരു ആകസ്മികത ആയല്ല അവതരിപ്പിക്കുന്നത്. ചേതനയുടെ ആന്തരികമായ രൂപാന്തരീകരണങ്ങളുടെ, പ്രതിനിധാനമെന്നതുതന്നെ നിര്‍വഹിക്കപ്പെടുന്നത് ഈ ജോലിയിലേക്ക് പ്രവേശിക്കുന്ന ഒരു പുതിയ ചേതനയെ അവതരിപ്പിച്ചുകൊണ്ടാണ്. സൂക്ഷ്മമായ പാത്രസൃഷ്ടിയുടെ അദ്ഭുതങ്ങളിലേക്ക്  ഈ നോവലില്‍ മീര നമ്മെ നിരന്തരം കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. കലയുടെ തീക്ഷ്ണമായ അനുഭവത്തില്‍ വായനക്കാരെ പൊള്ളിക്കുക എന്ന എഴുത്തിന്‍െറ  ധര്‍മത്തെക്കുറിച്ച് മീരക്ക് ബോധ്യമുണ്ട്. അവള്‍ അതുകൊണ്ടുതന്നെയാണ് ഓരോ ചാനല്‍ചര്‍ച്ചയിലും ആരാച്ചാര്‍ എന്ന സ്ഥാപനത്തെ ഡീമിത്തിഫൈ ചെയ്യുന്ന അനുസരണക്കേടിന്‍െറ വാക്കുകളിലേക്ക് വീണ്ടും വീണ്ടും ബോധപൂര്‍വം വഴിതെറ്റുന്നത്.

അതുകൊണ്ടുതന്നെ, ഫണിഭൂഷന്‍ ഗൃദ്ധാ മല്ലിക് എന്ന ആരാച്ചാരുടെ,  മരണത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും അധികാരത്തെക്കുറിച്ചും ഭരണകൂടത്തെക്കുറിച്ചുമുള്ള ധാരണകള്‍ സൃഷ്ടിച്ച ചിന്താലോകമാണ് ചേതന പിന്‍പറ്റുന്നത് എന്നു പുറമേക്ക് തോന്നാമെങ്കിലും അവള്‍ വ്യഗ്രതാപൂര്‍വം  അതിനപ്പുറത്തേക്ക് പോകുന്നുണ്ട്, സ്വന്തം ലോകത്തെ കണ്ടെടുക്കാനുള്ള പരിശ്രമത്തില്‍.  അച്ഛനോടുള്ള മകളുടെ ആ വെല്ലുവിളിയില്ലാതെ ഈ നോവലില്ല. അധികാരത്തോടുള്ള പെണ്ണിന്‍െറ വെല്ലുവിളിതന്നെയാണത്.  ഫണിഭൂഷന്‍െറ ആത്മനിഷ്ഠമായ ചരിത്രലോകത്തിലെ അടയാളങ്ങളില്‍നിന്ന്, വ്യഥിതമായ ആത്മവിശ്വാസങ്ങളില്‍നിന്ന്, അന്യാപദേശകഥകളില്‍നിന്ന്, നുണകളില്‍നിന്ന്, അര്‍ധസത്യങ്ങളില്‍നിന്ന് തന്‍േറതായ ഒരിടം അവള്‍ തിരയുന്നു എന്നതാണ് ഒടുവില്‍ അച്ഛനെതന്നെ ധിക്കരിക്കാന്‍ അവളെ പ്രാപ്തയാക്കുന്നത്. ശാക്തീകരണം എന്ന അശ്ളീലമല്ല അത്. ശാക്തീകരണം എന്നത് ഒരു ഭരണകൂട അശ്ളീലംതന്നെയാണ്. ശാക്തീകരണത്തെ കുറിച്ച് പറയുന്ന ഓരോ രാഷ്ട്രീയ നേതാവും ഭരണകൂടത്തിന്‍െറ ഒരു അധീശവ്യവഹാരത്തെ അറിഞ്ഞോ അറിയാതെയോ പ്രചരിപ്പിക്കുകയാണ്. ഗേ സയന്‍സില്‍ നീത്ഷെ ഇത് വ്യക്തമായി നിര്‍വചിക്കുന്നുണ്ട്.  കൂടുതല്‍ കീഴ്പ്പെടുത്താം എന്നുറപ്പുള്ളപ്പോള്‍ ഭരണകൂടം നല്‍കുന്ന ഔാര്യമാണ് ശാക്തീകരണം എന്ന് ഈ വാക്കിന് പ്രചാരമില്ലാതിരുന്ന ഒരു കാലത്തുതന്നെ നീത്ഷെ പറഞ്ഞുവെച്ചു. അച്ഛന്‍െറ മാത്രമല്ല, ഭരണകൂടത്തിന്‍െറതന്നെ ശാക്തീകരണ ശ്രമങ്ങളെ ഊറിയൂറി വരുന്ന പരിഹാസത്തോടെ നോക്കിക്കാണുന്ന ചേതനയെ മീര വരച്ചിടുന്നത് ഉള്ളില്‍ മുനകൂര്‍പ്പിച്ച ഒരു നീത്ഷെയന്‍ പെന്‍സില്‍കൊണ്ടാണെന്ന് എനിക്ക് തോന്നുകയാണ്. ഈ കഥാകാരി ഏതൊക്കെയോ കാന്‍വാസുകളും ചായങ്ങളും പെന്‍സിലുകളും ഉപയോഗിച്ചുണ്ടാക്കുന്ന അമ്പരപ്പിക്കുന്ന ചിത്രകൗശല വിസ്മയങ്ങളില്‍ ഈ നീത്ഷെയന്‍ കരിപ്പെന്‍സില്‍ സൃഷ്ടിക്കുന്ന ഇരുള്‍രൂപങ്ങളിലെ സൂക്ഷ്മതകള്‍, സമാന്തരങ്ങള്‍ അപൂര്‍വമായ ഐന്ദ്രിക  ചാരുതയുടെതാണ് എന്ന് എടുത്തുപറയേണ്ടതുണ്ട്.

എന്നാല്‍, ഗൃദ്ധാ കുടുംബത്തിന്‍െറ മെഗലോമാനിയകളെ ചേതന  ആന്തരികവത്കരിച്ചിട്ടില്ല എന്ന് ഇതിന് അര്‍ഥമില്ല. അവളുടെ മാനുഷികതയെ നിര്‍വചിക്കുന്നതില്‍ അതിനും ഒരു പങ്കുണ്ട്. മാത്രമല്ല, അതവളെ ചരിത്രത്തിലെ തന്‍െറ പ്രാധാന്യത്തെക്കുറിച്ച് കൂടുതല്‍ ബോധവതിയാക്കുന്നു. ഉള്ളില്‍ പാരമ്പര്യത്തിന്‍െറ ഒരു വിഭ്രമാത്മക സമുദ്രത്തെ അവള്‍ അതിന്‍െറ എല്ലാ അരക്ഷിതത്വത്തോടുംകൂടി പേറുകയാണ്. തനിക്കു മോചിപ്പിക്കാനാവാത്ത ആ ജലസാന്ദ്രത തന്‍െറ ഉള്ളില്‍ എപ്പോഴും തിളച്ചു മറിഞ്ഞുകൊണ്ടിരിക്കുമെന്നതാണ് അവളെ മുന്നോട്ടുനയിക്കുന്നതുതന്നെ. സഞ്ജീവ്കുമാര്‍ മിത്രയുടെ പൂര്‍വകാലം തിരയുന്നതുതന്നെ ഈ ചരിത്രബോധം മാത്രമാണ് പ്രതിരോധമായി തന്‍െറ കൈയിലുള്ളതെന്ന തിരിച്ചറിവില്‍നിന്നാണ്. അയാള്‍ പാതി മലയാളിയും അയാളുടെ പൂര്‍വികരില്‍ ഒരാള്‍ മോഷ്ടാവുമാണെന്നു  കണ്ടെത്തുന്നതോടെയാണ് അയാളുമായുള്ള അവസാന ബലാബലത്തിന്  അവള്‍ സന്നദ്ധയാവുന്നത്. ആ ശീതസമരത്തില്‍ അന്തിമവിജയം തനിക്കായിരിക്കുമെന്ന ബോധം ചരിത്രമാണ് അവള്‍ക്കു  നല്‍കുന്നത്. അതിനെ അവള്‍ മുറുകെപിടിക്കുന്നു. അതിന്‍െറ നാനാര്‍ഥങ്ങളില്‍ അവളുടെ നിര്‍ഭീതമായ മനസ്സ് അഭിരമിക്കുകയാണ്. അതിന്‍െറ ഗൂഢമായ ആഹ്ളാദങ്ങള്‍ അവളെ ഉന്മത്തയാക്കുന്നുണ്ട്, അവള്‍ അത് പതഞ്ഞുതുളുമ്പാതെ, ലഹരിയായി പടര്‍ത്താതെ, തന്‍െറ പതിഞ്ഞ ചിന്തയുടെ കോണില്‍ ഒളിപ്പിക്കുകയാണെങ്കിലും. ആ പതിഞ്ഞ ധിക്കാരമാണ് ചേതനാ ഗൃദ്ധാ മല്ലിക്. ചരിത്രത്തിന്‍െറ സത്യമറിഞ്ഞ ആ ധിക്കാരമാണ് സ്ത്രീ.

നോവലില്‍ ഒരിടത്ത് ചേതന ഇങ്ങനെ അമ്പരക്കുന്നു: ‘‘ഇംഫാലില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ പേരിലുള്ള വാര്‍ത്തകളായിരുന്നു പിന്നീട് സ്ക്രീനില്‍ നിറഞ്ഞത്. ഒരു പെണ്‍കുട്ടിയെ കൊന്നതിന്‍െറ  പേരില്‍ കാവല്‍ക്കാരനായ യതീന്ദ്രനാഥ് ബാനര്‍ജി ആലിപ്പൂര്‍ ജയിലില്‍ മരണംകാത്ത് കഴിയുമ്പോള്‍ അതേ കുറ്റം ചെയ്തതിന്‍െറ പേരില്‍ രാജ്യത്തിന്‍െറ സൈനികര്‍ക്കെതിരെ ജനം തെരുവിലിറങ്ങി സമരംചെയ്യുന്നതിന്‍െറ അവിശ്വസനീയത അപാരമായിരുന്നു.’’  ഈ അമ്പരപ്പ് തിരിച്ചറിവില്ലാത്തവളുടെ പതര്‍ച്ചയല്ല. മനസ്സിലെ ദൃഢമായ ചിന്തകളുടെ രാഷ്ട്രീയത്തില്‍ സ്ഫുടം ചെയ്ത് എടുത്തതാണ്. ഈ നോവലിന്‍െറ ഓരോ താളിലും ഹിംസയുടെ അതിരൂക്ഷമായ ചിത്രണങ്ങളുണ്ട്. രാഷ്ട്ര വ്യവഹാരത്തിന്‍െറ പ്രതിനിധാനങ്ങളില്‍ അത് ഒഴിവാക്കാനാവില്ലെന്നു തിരിച്ചറിഞ്ഞ ഒരു എഴുത്തുകാരിയെ നമുക്കിവിടെ കാണാം. ഹിംസയും പ്രതിഹിംസയും ശക്തമായി ആവിഷ്കരിക്കുന്ന സന്ദര്‍ഭങ്ങള്‍ വര്‍ത്തമാനകാലത്തുനിന്ന് മാത്രമല്ല, നിര്‍വചിക്കപ്പെട്ടിട്ടില്ലാത്ത ഒരു വിദൂര ഭൂതകാലത്തുനിന്നും  കൊളോണിയല്‍ കാലത്തുനിന്നും കണ്ടെടുക്കുന്നുണ്ട് മീര. യുദ്ധവും ചതിയും പ്രതികാരവും കാലഘട്ടങ്ങള്‍ മാറുമ്പോള്‍ കുടുംബങ്ങള്‍ക്ക്, രാജപരമ്പരകള്‍ക്ക്, ആശയങ്ങള്‍ക്ക് ഉണ്ടാവുന്ന പരിണാമങ്ങളുടെ വൈചിത്ര്യങ്ങളും  ഐറണികളും ചരിത്രത്തിന്‍െറ അമ്പരപ്പിക്കുന്ന നീക്കിയിരിപ്പാണെന്ന് നോവലിന്‍െറ കഥാതന്തുവിനോട് സമര്‍ഥമായി കണ്ണിചേര്‍ക്കപ്പെട്ടിട്ടുള്ള ഉപകഥകളിലൂടെ, അന്യാപദേശ കഥകളിലൂടെ കഥാകാരി കാട്ടിത്തരുന്നു.
ചേതന എന്ന പാത്രസൃഷ്ടി നോവല്‍ ചരിത്രത്തില്‍ വല്ലപ്പോഴും സംഭവിക്കുന്നതാണ്. സ്ത്രീ എന്ന സ്വത്വത്തിന്‍െറ വിരുദ്ധ ഭാവങ്ങളെ അതിസൂക്ഷ്മമായി കടയുന്ന ഒരു എഴുത്തുകാരിയുടെ കൈവിരുത് അതില്‍ കാണുവാന്‍ കഴിയും. അവളുടെ അനുവാദമില്ലാതെ അവളുടെ ഇടത് മാര്‍വിടത്തില്‍ കൈയമര്‍ത്തുകയും ‘‘നിന്നെ എനിക്ക് ഒന്ന് അനുഭവിക്കണം’’ എന്നു പറഞ്ഞ് അയാളോടുള്ള അവളുടെ പ്രണയത്തിന്‍െറ  ഓര്‍മക്കിളുന്തുപോലും നുള്ളി എറിയുകയും ചെയ്ത സഞ്ജീവ്കുമാര്‍ മിത്രയോട് പിന്നീട് തിരിച്ച് ‘‘നിങ്ങളെ എനിക്കൊന്നു അനുഭവിക്കണം’’ എന്നു പറഞ്ഞ് പരിഹസിക്കുന്നുണ്ടവള്‍. കാഴ്ചക്കമ്പോളത്തിലെ തന്‍െറ വില്‍പനവസ്തുവായി മാത്രം അവളെ കൊണ്ടുനടക്കുകയും അതിനുള്ള ലൈസന്‍സ് എന്നവണ്ണം അവളുടെ അച്ഛനോട് അവളെ വിവാഹം കഴിച്ചു നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത് ഒരു പ്രണയത്തിന്‍െറ നിശ്ശബ്ദചാരുത അയാള്‍ തല്ലിക്കെടുത്തിയതിലെ അടങ്ങാത്ത ഹൃദയരോഷം അയാളോട് തോളുരുമ്മി നടക്കുമ്പോഴും ഉള്ളില്‍ അവള്‍ ജ്വലിപ്പിച്ചു നിര്‍ത്തി -പകരംചോദിക്കാന്‍ തന്‍േറതായ ഒരു നിമിഷം ഉണ്ടാവും എന്ന ആത്മവിശ്വാസത്തില്‍. തന്നെ സ്വന്തം കരിയറിന്‍െറ ചവിട്ടുപടി ആയി ഉപയോഗിക്കാന്‍ ശ്രമിക്കുന്ന ഒരു പുരുഷനെ, അതിന് സ്ത്രീ എന്ന നിലയില്‍ തന്‍െറ സ്വത്വത്തില്‍ അന്തര്‍ലീനമായിരിക്കുന്നു എന്നയാള്‍ വിശ്വസിക്കുന്ന മസൃണതകളെ ചൂഷണംചെയ്യുമെന്ന് കരുതുന്ന പുരുഷനെ, എങ്ങനെ നേരിടണമെന്ന് അറിയാവുന്ന യുവതിയാണ് ചേതന. ആ ആത്മബോധത്തിന്‍െറ കരുത്ത് നല്‍കുന്ന അപാരമായ ശക്തിയാണ് അവളെ നയിക്കുന്നത്. ഇത് ഒരു പുതിയ സ്ത്രീ അല്ല. പെണ്‍പ്രതിരോധത്തിന്‍െറ മുഴുവന്‍ ചരിത്രത്തെയും ഉള്‍ക്കൊള്ളുന്ന പ്രതിനിധാനമാണ്.

പ്ളസ് ടു വിദ്യാഭ്യാസത്തിനുശേഷം തുടര്‍ന്ന്  പഠിക്കാന്‍ കഴിയാതെ ഒരു പ്രസില്‍ പ്രൂഫ് റീഡര്‍ ആയിപ്പോകുന്ന അവളെ പ്രസ് ഉടമ പിന്നില്‍നിന്ന് വന്ന് മാര്‍വിടത്തില്‍ സ്പര്‍ശിക്കുന്നുണ്ട്. ആ പതിനേഴുകാരി എഴുന്നേറ്റ് അയാളെ തന്‍െറ  ദുപ്പട്ടയുടെ തുമ്പിലിട്ട ആരാച്ചാര്‍ കുടുക്കില്‍, അവളുടെ കുടുംബ പാരമ്പര്യത്തില്‍നിന്ന് ലഭിച്ച അനന്യലഭ്യമായ ആ കൊലക്കുരുക്കിന്‍െറ പ്രതിരോധത്തില്‍, വലിച്ചു മുറുക്കുകയാണ് ചെയ്യുന്നത്. ആ ചേതനയോടാണ് സഞ്ജീവ്കുമാര്‍ മിത്രയും പിന്നീട് പൊലീസ് ഐ. ജിയും മറ്റു പലരും തങ്ങളുടെ പുരുഷ ചാപല്യങ്ങളുടെ വിലയില്ലാത്ത പരീക്ഷണങ്ങള്‍ക്ക്  മുതിര്‍ന്ന് പരാജിതരാവുന്നത്. എങ്കിലും ഏറ്റവും വലിയ പരാജയം കാത്തിരുന്നത് സഞ്ജീവ് കുമാര്‍ മിത്രയെതന്നെ ആയിരുന്നു. ചരിത്രത്തില്‍നിന്ന് ഊര്‍ജംകൊള്ളുന്ന അവളോട് സഞ്ജീവ് കുമാര്‍ മിത്ര എന്തിനു ഇത്രമാത്രം കഥകള്‍ ഓര്‍ത്തുവെക്കുന്നു എന്ന് ചോദിക്കുന്നുണ്ട് ഒരിക്കല്‍. അപ്പോള്‍ അവളുടെ മനസ്സിലേക്കെത്തുന്നത് അടിയന്തരാവസ്ഥക്കാലത്ത് ഒളിവിലിരുന്നു ജോര്‍ജ്് ഫെര്‍ണാണ്ടസ് 1975ല്‍ എഴുതിയതും നക്സല്‍ ബന്ധമുണ്ടായിരുന്ന അവളുടെ ബന്ധു സുദേവ് കാക്കു വിതരണം ചെയ്തതുമായ ലഘുലേഖയിലെ, സെന്‍സര്‍ഷിപ്പിന്‍െറ കാലത്ത് നാവില്‍നിന്ന് നാവുകളിലേക്ക് നീങ്ങി, ഒടുവില്‍ പ്രായപൂര്‍ത്തിയായ എല്ലാവരുടെയും ചെവിയിലെത്തുന്ന കഥകളുടെ ഗണിതശേഷി ഓര്‍മിപ്പിക്കുന്ന ‘‘ formula three raised to the power of eighteen will work here’’ എന്നു തുടങ്ങുന്ന പ്രശസ്തമായ വരികളാണ്. എന്നിട്ട് അവള്‍ ഇങ്ങനെ വിചാരിക്കുന്നു: ‘‘ഥാക്കുമായും അച്ഛനും ഞാനും മന$പൂര്‍വമല്ലെങ്കിലും ‘ത്രീ റയിസ്ഡ് ടു ദ പവര്‍ ഓഫ് എയ്റ്റിന്‍’ എന്ന തത്ത്വത്തിന്‍െറ പ്രായോജകരായി. ഞങ്ങളും ഞങ്ങളുടെ സ്മരണകളുടെ പ്രജനനത്തിനായി ഉറവിടത്തിലേക്ക് ശ്രമപ്പെട്ടു നീന്തി. ഓരോ സ്മരണയും മൂന്നു മുട്ടകള്‍വീതം ഇടുകയും ഓരോ മുട്ടയില്‍നിന്നും മൂന്നു ദര്‍ശനങ്ങള്‍ വീതം വിരിഞ്ഞു പുറത്തിറങ്ങുകയും ചെയ്തിരുന്നെങ്കില്‍ നദിയും സാഗരവും ഭൂമിയും ആകാശവുമെന്നതുപോലെ ലോകത്തെ പ്രായപൂര്‍ത്തി കൈവരിച്ച മുഴുവന്‍ ജനങ്ങളുടെയും ജീവിതങ്ങള്‍ മരണത്തിന്‍െറയും  പ്രണയത്തിന്‍െറയും സമത്വദര്‍ശനങ്ങള്‍കൊണ്ട് ശാശ്വതമായി തീരുമായിരുന്നു. അയാളുടെ ചുവന്ന പട്ടുവിരിച്ച കിടക്കയില്‍ ഇല്ലാത്ത സ്വാതന്ത്ര്യത്തോടെ മലര്‍ന്നുകിടക്കെ മൂന്നുകളുടെ ശൃംഖല പൊട്ടിച്ചിതറുന്നതും ഉച്ചരിക്കപ്പെട്ട വാക്കുകള്‍ വരിയുടക്കപ്പെടുന്നതും ഭൂമി തരിശായി രക്തമൊഴുക്കുന്നതും ദര്‍ശിച്ച് ഞാന്‍ അസ്വസ്ഥയായി.  എനിക്ക് സഞ്ജീവ്കുമാര്‍ മിത്രയോട് പുച്ഛം തോന്നി.’’

ഈ പുച്ഛം ഒടുവില്‍ അയാള്‍ക്കുവേണ്ടി കൂടി ഒരു കുരുക്ക് ദുപ്പട്ടയുടെ തുമ്പില്‍ അവള്‍ ഇടുന്നിടംവരെ എത്തി എന്നത് ചേതനയുടെയും സഞ്ജീവ്കുമാര്‍ മിത്ര എന്ന പാതിമലയാളിയുടെയും പ്രണയത്തിന്‍െറ  പര്യവസാനം മാത്രമല്ല. അയാള്‍ ഈ നോവലില്‍ അവളെ സംബന്ധിച്ചിടത്തോളം ഒരു വ്യക്തി മാത്രമല്ല, സ്ത്രീയെ അവളുടെ സ്വത്വത്തിന്‍െറ നിഗൂഢതകളില്‍ തളച്ചിട്ട് മുന്നോട്ടേക്ക്, സ്വന്തം ലക്ഷ്യങ്ങളിലേക്ക് കുതിക്കുന്ന മുഴുവന്‍ വ്യവസ്ഥയുടെയും പ്രതിനിധികൂടിയാണ്. അയാള്‍ക്കുള്ള ശിക്ഷ കേവലം തന്‍െറ ലോലമായ പ്രണയതന്ത്രികള്‍ പൊട്ടിച്ചതിനോ കൈവളകള്‍ മോഷ്ടിച്ചു നല്‍കി അപമാനിച്ചതിനോ കുടുംബപാരമ്പര്യം അവശേഷിപ്പിച്ച സ്വര്‍ണനാണയം അപഹരിച്ചതിനോ ആരാച്ചാരായ അച്ഛന്‍ തൂക്കിക്കൊന്ന ഒരു ചെറുപ്പക്കാരന്‍െറ അച്ഛന്‍ പ്രതികാരമായി അംഗഭംഗം വരുത്തിയതിനാല്‍  മൃതപ്രായമായി എപ്പോഴും ശയ്യാവലംബിയായിക്കിടന്നിരുന്ന തന്‍െറ  സഹോദരനെ നിരന്തരം അവഗണനയിലൂടെ അപമാനിച്ചതിനോ  തന്നെ ടി.വി റേറ്റിങ്ങിനുള്ള ഉപകരണമാക്കിയതിനോ  ഉള്ള കേവലമായ പ്രതികാരമല്ല. അത് മാധ്യമ ഇടപെടലുകളോടുള്ള, ഭരണകൂട ഇച്ഛകളുടെ നിഴല്‍നാടകത്തില്‍ കേവലം കളിപ്പാവകള്‍ മാത്രമായി വ്യക്തികളെ കാണുന്ന ആധുനികവും പൗരാണികവുമായ എല്ലാ രാഷ്ട്രവ്യവഹാരത്തോടുമുള്ള സ്ത്രീയുടെ അദമ്യമായ പുച്ഛവും രോഷവും പ്രതികാരവുമാണ്. തകഴിയുടെ ‘കയര്‍’ തുടങ്ങുന്നതുതന്നെ പുല്ലുചെത്തുന്ന രണ്ടു സ്ത്രീകള്‍ രാജാധികാരത്തിന്‍െറ ഇരട്ടത്താപ്പിനെ പരിഹസിക്കുന്നിടത്തുനിന്നാണ് എന്നത് യാദൃച്ഛികമാവാന്‍ ഇടയില്ല. അധികാരത്തിന്‍െറ ഇരട്ടത്താപ്പുകള്‍ സ്ത്രീകളെക്കാള്‍ നന്നായി ആര്‍ക്കു പറയാന്‍ കഴിയും.
പെണ്‍ചരിത്രത്തെ അടുക്കളയില്‍നിന്ന് രാഷ്ട്രവ്യവഹാരത്തിന്‍െറ ചോരമണക്കുന്ന ഇടനാഴികളിലേക്കു മീര കൂട്ടിക്കൊണ്ടുവരുന്നു. അവിടെ സ്ത്രീകള്‍ നിഴലുകളല്ല. തിരശ്ശീലക്കു പിന്നിലെ പതറുന്ന വളകിലുക്കങ്ങളല്ല. പകയുടെയും പ്രതികാരത്തിന്‍െറയും മറ്റെല്ലാ മനുഷ്യവികാരങ്ങളുടെയും ഉടമകളും സ്വന്തം നിയതിയുടെ വിധാതാക്കളുമാണ്. അവര്‍ പരാജയപ്പെടുന്നുണ്ട്, പക്ഷേ, കലാപത്തിലൂടെയുള്ള പരാജയത്തെ വിജയമായി കാണുന്ന പോരാളികള്‍കൂടിയാണ്. ആണ്‍ലോകത്തെ, അതിന്‍െറ കാഴ്ചപ്പാടുകളെ വെല്ലുവിളിക്കുന്നവരാണ്.
ഷേബാരാജ്ഞി സുലൈമാന്‍ രാജാവിനെ വെല്ലുവിളിച്ചത് തന്ത്രജ്ഞതയുടെ ഭാഷയിലായിരുന്നു. താന്‍ അടിമപ്പെട്ടാലും തന്‍െറ ജനത അടിമപ്പെടരുതെന്ന ഇച്ഛയിലായിരുന്നു. രാജാവിന്‍െറ മുന്നിലെത്തിയപ്പോള്‍ അവര്‍ കണ്ടത് തന്‍െറ സിംഹാസനം അപഹരിച്ച് തനിക്ക് ഇരിക്കാനായി കൊണ്ടിട്ടിരിക്കുന്നതാണ്. തന്‍െറതന്നെ ഈ ഫലിതത്തില്‍ അഭിരമിച്ച് സുലൈമാന്‍ ഷേബാരാജ്ഞിയോട് ചോദിച്ചു: ഇരിക്കാന്‍ ഈ സിംഹാസനം മതിയാകുമോ? ശത്രുവിന്‍െറ ഈ ഫലിതത്തെ അവര്‍ നേരിട്ടത് ‘‘ഇത് ഇപ്പോള്‍ ഒരു കസേര മാത്രമാണ്. ഇത് സിംഹാസനം ആവണമെങ്കില്‍ എന്‍െറ  ജനം ഇതിനെ വണങ്ങണം’’ എന്നു  സുലൈമാനെ ഓര്‍മിപ്പിച്ചുകൊണ്ടാണ്.

പിംഗളകേശിനി ആരാച്ചാരായിരുന്നു. ചേതനക്ക് മുമ്പ് ആ കുടുംബത്തില്‍നിന്ന് ആരാച്ചാരായ ഒരേ ഒരു വനിത. അവര്‍ ആരാച്ചാരായത് ആരും നിര്‍ബന്ധിച്ചിട്ടല്ല. അവരുടെ അനിതരസാധാരണമായ ജീവിതത്തിലെ അനിവാര്യതയായിരുന്നു അത്. അവരുടെ ഭര്‍ത്താവ് അവരെ ബംഗാള്‍ ഗവര്‍ണര്‍ തുഘന്‍ഖാനെഭയന്ന് അയാള്‍ക്ക് വെപ്പാട്ടിയായി വിട്ടുകൊടുത്തു. അയാള്‍ അവരെ സിന്ദൂരം മായ്ച്ചുകളഞ്ഞ് മതംമാറ്റി കൂടെ പാര്‍പ്പിച്ചകാലത്ത് താന്‍ പ്രസവിച്ച ഒമ്പതു മക്കളെയും അവര്‍ ജന്മനൂല്‍കൊണ്ടുതന്നെ തൂക്കിലേറ്റി. നരസിംഹദേവ് രാജാവ് തുഘന്‍ഖാനെ പരാജയപ്പെടുത്തിയപ്പോള്‍ അവര്‍ ഒറിയാ പട്ടാളത്തിന്‍െറ കൈയിലായി. വീണ്ടും സിന്ദൂരം തൊടുവിക്കപ്പെട്ട അവര്‍ പട്ടാളത്തിന്‍െറ ലൈംഗികാക്രമണത്തില്‍ ശരീരം മുറിഞ്ഞുതകര്‍ന്ന നിലയിലാണ് കൂടാരത്തിന് പുറത്തെ ത്തുന്നത്. ഒരു ദിവസം അവിടന്ന് രക്ഷപ്പെട്ട് അവര്‍ ഒരു ബുദ്ധവിഹാരത്തില്‍ ഭിക്ഷുണിയായി. പിന്നീട് അമില്‍ ഖാന്‍ എന്ന ഗവര്‍ണര്‍ ആ ബുദ്ധവിഹാരം തകര്‍ത്തപ്പോള്‍ അമ്പതു വയസ്സായിരുന്ന പിംഗളകേശിനിയെ അയാളുടെ പട്ടാളക്കാര്‍ വെപ്പാട്ടിയാക്കി.
തുഘന്‍ഖാന്‍െറ കാലം വീണ്ടും തെളിഞ്ഞപ്പോള്‍ അയാളുടെ സൈന്യം അമീല്‍ ഖാനെ പരാജയപ്പെടുത്തി. കൂടാരത്തില്‍നിന്നു പിംഗളകേശിനിയും പിടിക്കപ്പെട്ടു. അവര്‍ വീണ്ടും തുഘന്‍ഖാന്‍െറ അടിമയായി. ബാല്ബനുമായുള്ള തുഘന്‍ഖാന്‍െറ യുദ്ധത്തിനിടയില്‍ അന്തപുരത്തില്‍നിന്ന്  രക്ഷപ്പെട്ട് നാടോടികളുടെ കൂടെ കൂടി. എന്നാല്‍, ബാല്ബ്ന്‍െറ സൈന്യം അവരെ കണ്ടെത്തി അയാളുടെ മുന്നില്‍ എത്തിച്ചു. തുഘന്‍ഖാനെ പരാജയപ്പെടുത്താന്‍ അവര്‍ ബാല്ബനു സഹായം വാഗ്ദാനം ചെയ്തു. തുഘന്‍ഖാനെ ചതിയില്‍ കറുപ്പ് നല്‍കി മയക്കി അവര്‍ ബാല്ബന്‍െറ വിജയം ഉറപ്പാക്കി.  പകരം അവര്‍ ചോദിച്ചത് അയാളുടെ ശരീരം ആയിരുന്നു. അയാളെ തൂക്കിലേറ്റാനുള്ള അനുവാദമായിരുന്നു. തന്‍െറ വസ്ത്രം അഴിച്ചുകെട്ടിയ കുരുക്കിലാ ണ് നഗ്നയായിനിന്ന് അവര്‍ അയാളെ തൂക്കിയത്. ഒറ്റയടിക്ക് കൊന്നില്ല. ഒരു രാത്രി മുഴുവന്‍ ആ ശരീരം അവര്‍ അയാളുടെ കാല്‍ച്ചുവട്ടിലെ പലക തട്ടിനീക്കിയും തിരിച്ചുവെച്ചും അയാളുടെ മരണവെപ്രാളം കണ്ട് ആനന്ദിച്ചിട്ടാണ് ഒടുവില്‍ അയാളുടെ  ജീവന്‍ അവര്‍ എടുക്കുന്നത്.
വിപ്ളവകാരിയെ ഒറ്റിക്കൊടുത്ത ഭര്‍ത്താവിനെ തന്‍െറ  കണ്‍മുന്നില്‍വെച്ച് പ്രതികാരത്തോടെ അയാളുടെ അനുയായി വെട്ടിക്കൊന്നിട്ടും മറ്റൊരു സ്ത്രീ കൊലയാളിയെ പൊലീസിനു കാട്ടിക്കൊടുക്കാന്‍ വിസമ്മതിക്കുന്ന കഥയുമുണ്ട്. ഭര്‍ത്താവിന്‍െറ നീചമായ ചതിയാണ് അയാളുടെ മരണത്തെക്കാള്‍ അവരെ വേദനിപ്പിച്ചത്. ഭര്‍ത്താവ് വിപ്ളവത്തോട് ചെയ്തത് പൊറുക്കാനാവാത്ത അപരാധമാണ് എന്നവര്‍ കരുതി.
ഈ സ്ത്രീലോകം ഇവിടെ എല്ലായ്പോഴും ഉണ്ടായിരുന്നു. ഇല്ലെന്നുപറയുന്ന ചരിത്രത്തിന്‍െറ കള്ളം മീര പൊളിച്ചുകളയുന്നു. അങ്ങനെ പൊളിച്ചുകളയുന്നതിനാല്‍ സഞ്ജീവ്കുമാര്‍ മിത്ര ഒടുവില്‍ സ്റ്റുഡിയോയിലെ തൂക്കുമരത്തില്‍ തൂങ്ങിയാടുമ്പോള്‍, ‘‘വെള്ളം നിറച്ച പ്ളാസ്റ്റിക് ബാഗ് അമര്‍ത്തിപ്പിടിച്ചാല്‍ എന്നതുപോലെ അയാളുടെ ജീവന്‍ പല വഴികളിലൂടെ പുറത്തുചാടാന്‍’’ ശ്രമിക്കുമ്പോള്‍, നാം അമ്പരക്കുന്നില്ല. പകരം, നാം പിംഗളകേശിനിയെ കുറിച്ച് ഓര്‍ക്കുന്നു. ചരിത്രത്തിന്‍െറ മറുലിംഗഭാഷ്യം ചോരയില്‍ തൊട്ടറിയുന്നു.

കൈകാര്യം ചെയ്യുന്ന വിഷയത്തിന്‍െറ തീക്ഷ്ണതയും തീവ്രതയും നോവലിന്‍െറ രൂപഘടനയെ പിടിച്ചുലക്കുകയും പലേടത്തും ഇടിച്ചുതകര്‍ക്കുകയും ചെയ്യുന്നുണ്ട്. ഇതൊരു പാളിച്ചയായി ഞാന്‍ കാണുന്നില്ല. ഇത്തരം ഒരു വിഷയം തിരഞ്ഞെടുക്കുമ്പോള്‍തന്നെ അത് സൃഷ്ടിക്കുന്ന ദാര്‍ശനികമായ വൈഷമ്യങ്ങള്‍ എന്തായിരിക്കുമെന്ന്, അത് സൃഷ്ടിക്കുന്ന ഭാഷാപരമായ വെല്ലുവിളികള്‍ എത്ര സങ്കീര്‍ണമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
പൗരത്വത്തിന്‍െറ സങ്കീര്‍ണമായ പ്രശ്നത്തെ മീര നേരിടുന്നുണ്ട് ഈ നോവലില്‍ എന്നതാണ് ഏറ്റവും പ്രധാനമായി എനിക്ക് തോന്നിയത്.  തുടക്കംമുതല്‍ മലയാള നോവലില്‍ കടന്നുവരുന്ന പ്രമേയമാണിത്. എങ്കിലും നിര്‍വിശങ്കം ഇതേക്കുറിച്ചുള്ള വിധിപ്രസ്താവങ്ങള്‍ക്ക് മുതിരുന്നില്ല മീര. എന്നാല്‍, സ്ത്രീയുടെ, പാര്‍ശ്വവത്കൃതരുടെ, പൗരത്വത്തിന്‍െറ പ്രശ്നം പരിഹരിക്കാത്ത ഒരു സിവില്‍ സമൂഹത്തിന്‍െറ നേര്‍ക്ക്  മീര ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ദേശം-രാഷ്ട്രം  എന്ന പരിപ്രേക്ഷ്യത്തിനു പുറത്ത് പൗരത്വത്തിന്‍െറ പ്രശ്നം ഉയര്‍ത്തുകയാണ് ചെയ്യുന്നത്. സ്ത്രീ അനുഭവത്തിന്‍െറ വ്യത്യസ്തമായ ഒരു ചരിത്രനിര്‍മിതിയിലൂടെയാണ് മീര ഈ കൃത്യം നിര്‍വഹിക്കുന്നത്. അതുകൊണ്ടുതന്നെ, യഥാര്‍ഥ ചരിത്രത്തിന്‍െറ അനുബന്ധമല്ല ഇത്. നാം ഹിസ്റ്റോറിക്കല്‍ നോവല്‍ എന്നു വ്യവഹരിക്കുന്ന രചനാരൂപവുമല്ല. ഇതിനു കൂടുതല്‍ ആനുരൂപ്യം ഹിസ്റ്റീരിയോഗ്രാഫിക്ഷന്‍ എന്ന രീതിയോടാണ്.

ഭരണകൂടവും സിവില്‍ സമൂഹവും തമ്മില്‍ ജനാധിപത്യ- ബഹുസ്വര  രാഷ്ട്രങ്ങളില്‍ രൂപംകൊള്ളുന്ന സംഘര്‍ഷത്തെയും വൈരുധ്യങ്ങളെയും സ്ത്രീവാദത്തിന്‍െറകൂടി കാഴ്ചപ്പാടില്‍നിന്നുകൊണ്ട് ചരിത്രവത്കരിക്കുക എന്ന ശ്രമകരമായ യത്നത്തില്‍ മീര വിജയിക്കുന്നുണ്ട് എങ്കിലും ആധുനികതയുടെ വ്യക്തിവാദത്തിന്‍െറ പഴയ ദാര്‍ശനികതലം മീരയും പിടികൂടുന്നുണ്ട് ഈ നോവലില്‍. നിഹിലിസ്റ്റ്  യുക്തിയുടെ സാധ്യതകളില്‍ അമിതമായി മുങ്ങിപ്പോകുന്നതിനാണ് പലപ്പോഴും ചരിത്രത്തിന്‍െറ-അത് ഫിക്ഷനല്‍ ആയിരിക്കുമ്പോള്‍പോലും- അടരുകളിലേക്ക് മീര കടന്നുചെല്ലുന്നത്. വരേണ്യ ചരിത്രത്തിന്‍െറ സ്ഥൂലരാഷ്ട്രീയത്തെ ചോദ്യംചെയ്യുന്നുണ്ടെങ്കിലും ഈ നോവലിലെ ചരിത്ര നിര്‍മിതി അതിന്‍െറ സൂക്ഷ്മതകളില്‍ ലിംഗനീതിയുടെ പ്രശ്നത്തിന്‍െറ കേവല പരിഹാരം നിര്‍ദയമായ സ്വയം ശാക്തീകരണം മാത്രമല്ലേ എന്ന സന്ദേഹം ആവര്‍ത്തിക്കുന്നതായി തോന്നും.
എങ്കിലും, ചരിത്രത്തിന്‍െറ  ഒരു ലിബറല്‍ വായനയാല്‍ നിര്‍ബന്ധിക്കപ്പെടുന്ന എഴുത്തുകാരി എന്നത്  ഒരു പരിമിതിയായല്ല ഞാന്‍ മനസ്സിലാക്കുന്നത്. ഗോര്‍ക്കിയുടെ ‘അമ്മ’യില്‍ പോലുമുള്ളത് സമകാല ചരിത്രത്തിന്‍െറ ഒരു ലിബറല്‍ വായനയാണ്. സമകാല ഇന്ത്യയുടെ രാഷ്ട്രീയ വൈരുധ്യങ്ങളോടാണ് മീര സംസാരിക്കുന്നത്. ഒരു സ്ത്രീ ആരാച്ചാരാകുന്നതോടെ സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ടിരുന്ന ഒരു ജോലികൂടി ലിംഗനിരപേക്ഷമാകുന്നു എന്നു വിശ്വസിക്കുന്ന ഫെമിനിസ്റ്റുകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക്  വധശിക്ഷയോടുള്ള നിലപാട് എന്തായിരിക്കുമെന്നത് തീര്‍ച്ചയായും ഒരു ലിബറല്‍ പരിപ്രേക്ഷ്യത്തില്‍  മാത്രം ഉന്നയിക്കപ്പെടുന്ന ചോദ്യമാണ്. എന്നാല്‍, ചോദ്യങ്ങളെ വര്‍ഗീകരിക്കുന്നതിനു മുമ്പ് നമുക്ക് രാഷ്ട്രീയത്തിലെ മറ്റനേകം ഗൃഹപാഠങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട് എന്ന് ഈ നോവല്‍  ഓര്‍മിപ്പിക്കുന്നു.

Comments

comments