ഡോ. ടി ടി ശ്രീകുമാര്‍ (മാതൃഭുമി ആഴ്ചപ്പതിപ്പ് 2013 ജൂണ്‍ 23)

 

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്പ് ഒരു അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവൽ വേദിയില്‍ വച്ചാണ് ദീപക് കുമരന്‍ മേനന്‍ എന്ന ചെറുപ്പക്കാരനെ ഞാന്‍ പരിചയപ്പെടുന്നത്. അവിടെ അയാളുടെ ഒരു സിനിമ പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു. സിനിമയുടെ പേര് ‘ചെമ്മണ്‍ ചാലൈ’ (The Gravel Road). കുമരന്‍ മേനന്‍ എന്നത് കുമാരന്‍ മേനോന്‍ ആണ് എന്നും അയാള്‍ മലയാളി ആണ് എന്നും ഞാന്‍ സംശയിച്ചു. സംശയം പൂര്‍ണ്ണമായും തെറ്റായിരുന്നില്ല. അച്ഛന്‍ കുമാരന്‍ മേനോന്‍ തന്നെ. പക്ഷെ അമ്മ തമിഴ് വംശജ ആയിരുന്നു. മലേഷ്യയിലെ ബ്രിട്ടീഷ് തോട്ടങ്ങളിലൊന്നില്‍ ആയിരുന്നു അവര്‍ പണിയെടുത്തിരുന്നത്‌. മലയാളം അല്ല, തമിഴാണ് മാതൃഭാഷയായി കരുതിപ്പോരുന്നത്. അച്ഛനും തമിഴാണ് സംസാരിച്ചിരുന്നത്. മലയാളം പറയാറെയില്ല. തീരെ അറിഞ്ഞുകൂടാ എന്നുതന്നെ പറയാം. റബ്ബര്‍ തോട്ടത്തിലാണ് ദീപക് ജനിച്ചു വളര്‍ന്നത്‌. അന്ന് ഇരുപതുകളില്‍ എത്തി നിന്ന ആ ചെറുപ്പക്കാരന്റെ ചെമ്മണ്‍ ചാലൈ എന്ന സിനിമയുടെ പ്രദര്‍ശനം കൂടാതെ അയാളുമായുള്ള ആശയ സംവാദവും ഉണ്ടായിരുന്നു. ആ സിനിമ കാണാന്‍ പോകാനുള്ള കാരണം അതിനെ കുറിച്ചുള്ള ലഘുവിവരണത്തില്‍ ഉണ്ടായിരുന്ന രണ്ടു രസകരമായ പരാമര്‍ശങ്ങള്‍ കൂടി ആയിരുന്നു. ഒന്ന് ഇത് മലേഷ്യയിലെ ആദ്യത്തെ തമിഴ് ചിത്രമാണ്; രണ്ട്, ഇത് ഡാന്‍സും പാട്ടുമില്ലാത്ത തമിഴ് ചിത്രമാണ്!. ഡാന്‍സും പാട്ടുമില്ലാത്തത് മലേഷ്യയില്‍ അതെല്ലാം നിരോധിച്ചിട്ടൊന്നുമല്ല. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമെന്നത് കേള്‍ക്കുമ്പോള്‍ അതെക്കുറിച്ച് മുന്‍വിധികള്‍ ഉള്ളവര്‍ക്ക് മാത്രമേ അങ്ങനെ തോന്നേണ്ടതുള്ളു. അടൂരിന്റെ ‘സ്വയംവരം’ പോലെ നിശിതമായ റിയലിസത്തിന്റെ ചട്ടക്കൂടില്‍ എടുത്തിട്ടുള്ള സിനിമയായിരുന്നു ചെമ്മണ്‍ ചാലൈ. മാത്രമല്ല മലേഷ്യയിലെ ഇന്ത്യന്‍ വംശജർക്കി ടയില്‍ ഇന്ത്യയില്‍ നിന്നുള്ള മുഖ്യ ധാര തമിഴ് സിനിമകള്‍ക്ക് വലിയ പ്രചാരമാണുള്ളത്. അത്തരം സിനിമകളുമായുള്ള ഒരു നിഷേധപരമായ താരതമ്യം ബോധപൂര്‍വം കൊണ്ട് വരിക ആയിരുന്നു പരസ്യത്തില്‍ ദീപക് ചെയ്തത്. എന്നാല്‍ അതൊന്നുമല്ല ദീപക്കിന്റെ സിനിമയെ ശ്രദ്ധേയമാക്കിയത്. ഹതാശമായ ഒരു ചരിത്രത്തില്‍ നിന്ന് കുടിയേറ്റക്കാരുടെ ജീവിതത്തിന്റെ ഒരു വശം കണ്ടെടുക്കുകയും ആത്മാംശത്തോടെ അത് അവതരിപ്പിക്കുകയും ചെയ്തു എന്നതായിരുന്നു ആ ചെറിയ സിനിമയെ ലോക വേദികളില്‍ ശ്രദ്ധേയമാക്കിയത്. നിരവധി പുരസ്കാരങ്ങള്‍ ആ 35 mm ചിത്രത്തിനു ലഭിച്ചിട്ടുണ്ട്. ഒരു തോട്ടം തൊഴിലാളി കുടുംബത്തിലെ പെണ്‍കുട്ടി അവള്‍ക്കു അപ്രാപ്യമായിരുന്ന യൂനിവേര്‍സിറ്റി വിദ്യാഭ്യാസത്തിന് പോകാന്‍ തയ്യാറെടുക്കുന്നതായിരുന്നു ചിത്രത്തിന്റെ ലളിതമായ ഇതി വൃത്തം. ഈ സിനിമയെ കുറിച്ച് വിശദമായി ഡേവിഡ് വാല്‍ഷ് വേള്‍ഡ് സോഷ്യലിസ്റ്റ് വെബ്‌ സൈറ്റില്‍ എഴുതിയിട്ടുണ്ട്. 2005 -ലെ ഏറ്റവും നല്ല ലോക ചിത്രങ്ങളില്‍ ഒന്നായി അദ്ദേഹം ഈ സിനിമ തിരഞ്ഞെടുത്തിരുന്നു. സിനിമയോളം തന്നെ ശക്തമായിരുന്നു ദീപക് നടത്തിയ ഒരു പ്രസ്താവനയും. സിനിമാ പ്രദര്‍ശനം കഴിഞ്ഞു ആശയ സംവാദം തുടങ്ങിയപ്പോള്‍ ആവേശഭരിതരായി ഇരുന്ന കാണികളോട് ദീപക് പറഞ്ഞു: “I am a foreign Director in my own country”. ഏറെ അര്‍ഥങ്ങള്‍ ഉള്ള പ്രസ്താവനയാണത്. കാരണം മലേഷ്യയില്‍ തമിഴ് ഒരു അംഗീകൃത ഭാഷയല്ല. ആ ഭാഷയില്‍ എടുക്കുന്ന സിനിമ വിദേശ സിനിമയാണ്. അതിനു സര്‍ക്കാരിന്റെ യാതൊരു സബ്സിഡികള്‍ക്കും അര്‍ഹതയില്ല! 1940 -കളില്‍ ബ്രിട്ടീഷ്കാരാണ് ഇന്ത്യയില്‍ നിന്ന് മലേഷ്യയിലെ റബ്ബര്‍ തോട്ടങ്ങളില്‍ പണിയെടുക്കാന്‍ തൊഴിലാളികളെ കൊണ്ട് വന്നത്. അവരുടെ പിന്മുറക്കാരാണ് അവിടെ കൂടുതലുമുള്ളത്. ജനസംഖ്യയുടെ എട്ടു ശതമാനത്തോളം വരും ഇന്ത്യക്കാര്‍. പക്ഷെ ഒരു ന്യൂനപക്ഷത്തിന്റെ എല്ലാ സമ്മര്‍ദ്ദങ്ങളും അവിടെ അവര്‍ അനുഭവിക്കുന്നു. ഇത് കുടിയേറ്റത്തിന്റെ ഒറ്റപ്പെട്ട കഥയല്ല. അധിനിവേശത്തിന്റെ ചരിത്രം ലോക ഭൂപടം തലങ്ങും വിലങ്ങും കീറിയെറിഞ്ഞതിന്റെ ചരിത്രം കൂടിയാണ്. കൊളോണിയലിസം വ്യത്യസ്ത സമൂഹങ്ങളെ സ്വന്തം മണ്ണില്‍ നിന്ന് അടര്‍ത്തിമാറ്റി വിദൂരങ്ങളില്‍ പടര്‍ത്തി വിട്ടു. അവിടങ്ങളില്‍ അവരൊക്കെ കൊളോണിയല്‍ കാലം താണ്ടി കൂടുതല്‍ സങ്കീര്‍ണ്ണമായ പോസ്റ്റ്‌ കൊളോണിയല്‍ രാഷ്ട്രീയത്തെയും ജീവിതത്തെയും നേരിടുകയാണിന്ന്. അതിലെ ഒരു ഏട് മാത്രമാണ് ദീപക്കിന്റെ കഥ. ഏഷ്യയുടെ വൈകാരിക സംയോജനം അസാധ്യമാക്കിയ ഒരു ചരിത്രം കൂടി കൊളോണിയല്‍ ലെഗസിയുടെ ഭാഗമായി ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. സ്വന്തം രാജ്യത്ത് വിദേശ സംവിധായകനായി അറിയപ്പെടുക എന്ന വിധി ആ ചരിത്രത്തിന്റെ ഭാഗമാണ്. ഏഷ്യ എന്നത് ഒരു ഭൂഖണ്ഡമാണെങ്കിലും അത് ഭൂമിശാസ്ത്രത്തിന്റെ പാടിപ്പതിഞ്ഞുപോയ സൗകര്യം മാത്രമാണ്. വികാരപരമായി അങ്ങനെ ഒന്നുണ്ടോ? യൂറോപ്പ് എന്ന് കേള്‍ക്കുമ്പോഴത്തെ പോലെ, ആഫ്രിക്ക എന്ന് കേള്‍ക്കുമ്പോഴത്തെ പോലെ, എല്ലാ വൈപരീത്യങ്ങള്‍ക്കും വൈരുധ്യങ്ങള്‍ക്കും ഇടയിലുള്ള ഒരു അടിസ്ഥാന ഭാവത്തിന്റെ ഓര്‍മ്മ അത് ഉണർത്തുന്നുണ്ടോ? യൂറോപ്പ് എന്നാല്‍, ആഫ്രിക്കയെന്നാല്‍ എന്തിനു ലാറ്റിന്‍ അമേരിക്ക എന്ന് പറഞ്ഞാല്‍ പോലും ഉണ്ടാകുന്ന ഒരു തൊലിപ്പുറമെയെങ്കിലുമുള്ള ഏകതാഭാവം പോലും ഏഷ്യ എന്ന പേര് തൊട്ടുണർത്തുന്നില്ല എന്നതാണ് വാസ്തവം. നിരവധി രൂപകങ്ങളില്‍, വിശകലനങ്ങളില്‍ നമുക്ക് യൂറോപ്പും ആഫ്രിക്കയും ലാറ്റിന്‍ അമേരിക്കയുമൊക്കെ പകര്‍ന്നു തരുന്ന ഉള്‍പ്പിരിവുകള്‍ നിറഞ്ഞതെങ്കിലും സാന്ദ്രഘടിതമായ ഒരു സമഗ്രത , ഏഷ്യ എന്ന പ്രയോഗത്തിന് നല്‍കാന്‍ കഴിയുന്നില്ല (Gayatri Spivak, 2008, ‘Our Asias’, USA: Blackwell Publishing). കൊളോണിയല്‍ വിരുദ്ധ സമരങ്ങളുടെ കാലത്ത് പോലും അതുണ്ടായിട്ടില്ല. പോസ്റ്റ്‌ കൊളോണിയല്‍ കാലത്താവട്ടെ രാഷ്ട്രീയ സാംസ്കാരിക വൈരുധ്യങ്ങള്‍ കൂടുതല്‍ ശക്തമാവുകയാണ് ഉണ്ടായത്. ലാറ്റിനമേരിക്കയിലെ ചില രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളപ്പോള്‍ സ്പാനിഷ് ഭാഷയുമായി ബന്ധപ്പെട്ട ചില സാംസ്കാരിക സംയോജനങ്ങള്‍ ആ രാജ്യങ്ങളെ പലതിനെയും വൈകാരികമായി അടുപ്പിക്കുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കൊളോണിയല്‍ ലെഗസി എന്നതിനെ enabling violation എന്ന് ഗായത്രി സ്പിവക് വിശേഷിപ്പിച്ചതിന്റെ ചില അര്‍ത്ഥങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ അവിടെ ഉണ്ടായിരുന്നു എന്ന് തോന്നി. ആഫ്രിക്കയില്‍, തമ്മില്‍ പൊരുതുന്ന ഗോത്ര വൈരത്തിന്റെ ഞടുക്കുന്ന രക്തപ്പാച്ചിലിനിടയിലും ‘ഇരുണ്ട ഭൂഖണ്ഡ’മെന്ന വര്‍ണ്ണവെറി കലര്‍ന്ന പ്രയോഗത്തിന്റെ അടിയിലും കിടക്കുന്ന ഒരു സാകല്യബോധം, അതെത്ര ലോലമാണെങ്കില്‍ പോലും, നമുക്ക് അവഗണിക്കാന്‍ കഴിയുന്നതല്ല. യൂറോപ്പില്‍ തന്നെ മുതലാളിത്തത്തിന്റെ ആവിർഭാവത്തില്‍ അതിനു മുന്‍പ് ഫ്യൂഡലിസത്തിന്റെ വളര്‍ച്ചയിലും വികാസത്തിലും നിര്‍ലീനമായിരുന്ന നിരവധി വ്യത്യസ്തതകള്‍ക്കിടിയിലാണ് നാം വെസ്റ്റ് എന്ന, യൂറോപ് എന്ന ഒരു ഒരു പൊതു അധിനിവേശ ശക്തിയെ കണ്ടെത്തുന്നത്. ഇതിനു ഒരു പരിധിവരെ, ലോകത്തെ തങ്ങളും മറ്റുള്ളവരുമായി മാത്രം വിഭജിച്ചു കണ്ട യൂറോപ്പിന്റെ തന്നെ അധിനിവേശ രാഷ്ട്രീയ സാംസ്കാരിക യുക്തിയുടെ സ്വാധീനo കാരണമായിട്ടുണ്ട് എന്നത് സത്യമാണ്. യൂറോ കേന്ദ്ര വാദത്തിന്റെ അസ്ഥിവാരം തന്നെ അതാണ്‌ എന്ന് നമുക്കറിയാം. ജോര്‍ജ് ഗീവര്‍ഗീസ്‌ ജോസഫിന്റെ ക്രെസ്റ്റ് ഓഫ് പീകോക്ക് (George Gheverghese Joseph, 2000. ‘The Crest of the Peacock: Non-European Roots of Mathematics’, London: Penguin Books), മാര്‍ട്ടിന്‍ ബെര്നലിന്റെ ബ്ലാക്ക്‌ അഥീന (Martin Bernal.1987. ‘Black Athena: The Afroasiatic Roots of Classical Civilization’. Rutgers University Press, 3 വോള്യങ്ങള്‍) തുടങ്ങിയ പുസ്തകങ്ങള്‍ (മറ്റനവധി കൃതികള്‍ക്കൊപ്പം) യൂറോ കേന്ദ്രവാദത്തിന്റെ ജ്ഞാനമൂഢതകളെ ശക്തമായി പിടിച്ചുലച്ച ഇടപെടലുകളായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ചരിത്രകാരന്മാര്‍ സൃഷ്ടിച്ച ഒരു പുകമറ മാത്രമാണ് യൂറോപ്പിന്റെ ആര്യപാരമ്പര്യമെന്നും അതൊരു വംശീയ വാദം മാത്രമായിരുന്നുവെന്നുമാണ് മാര്‍ട്ടിന്‍ ബെര്‍നല്‍ കണ്ടെത്തിയത്. ആഫ്രിക്കയുമായും കിഴക്കന്‍ രാജ്യങ്ങളുമായുള്ള ഗ്രീസിന്റെ കൊടുക്കല്‍ വാങ്ങലുകളെ മുഴുവന്‍ തമ്സ്കരിച്ചുകൊണ്ടാണ് ഈ ആര്യവ്യാഖ്യാനം മുഖ്യധാരാ ചരിത്രമായത്. രണ്ടു സമീപനങ്ങള്‍ ആണ് അദ്ദേഹം പരിശോധിച്ചത്. മധ്യ യൂറോപ്പില്‍ നിന്ന് വന്ന ആര്യന്മാരാണ് ഗ്രീസിലെ സംസ്കാരം സൃഷ്ടിച്ചത് എന്നതും അതല്ല വടക്ക് ഫോണീഷ്യയില്‍ നിന്ന് വന്നവരാണ് ഗ്രീക്ക് അധിനിവേശകര്‍ എന്നതുമാണ് ആ രണ്ടു സമീപനങ്ങള്‍. ഇതില്‍ ആര്യ സിദ്ധാന്തം പൂര്‍ണ്ണമായും ബെര്‍നല്‍ നിരാകരിക്കുന്നു. മെഡിറ്ററേനിയന്‍ പശ്ചാത്തലമല്ല, മറിച്ചു അവര്‍ക്ക് ഫോണീഷ്യന്‍/ആഫ്രിക്കന്‍ പാരമ്പര്യമാണ് ഉള്ളതെന്നാണ് ബെര്‍നലിന്റെ വാദം. പ്രാധാന ഗ്രീക്ക് ചിന്തകരൊക്കെ ഇങ്ങനെയാണ് വിശ്വസിച്ചിരുന്നത് എന്ന് ബെര്‍നല്‍ പറയുന്നു. യൂറോപ്പിന്റെ ആര്യപാരമ്പര്യം എങ്ങനെ നിര്‍മ്മിക്കപ്പെട്ടുവെന്നും, അതിനെതിരെയുള്ള പുരാവസ്തുപരവും, ഭാഷാപരവും തെളിവുകള്‍ എന്തൊക്കെയാണെന്നും അദ്ദേഹം വിശദമായി പറയുന്നുണ്ട്. പല വിധത്തിലുള്ള അക്കാദമിക് വിമര്‍ശനങ്ങള്‍ തന്നെ ഈ പഠനം നേരിട്ടിട്ടുണ്ട്. എങ്കിലും ഇന്നും അത് വായിക്കപ്പെടുകയും അതിന്റെ മുഖ്യ അനുമാനം പൂര്‍ണ്ണമായും നിരാകരിക്കപ്പെടാതെ നിലനില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ യൂറോപ്പ് എന്ന സങ്കല്പം ആര്യവാദത്തിന്റെ തലത്തില്‍ പ്രത്യയശാസ്ത്രപരമായി നിര്‍മ്മിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതിനെ കൂടുതല്‍ തെളിവുകളും വാദങ്ങളും കൊണ്ട് മാത്രം ഇല്ലാതാക്കാനാവില്ല. ആ സങ്കല്പം നമ്മുടെ ചരിത്രത്തില്‍, രാഷ്ട്രീയത്തില്‍ ജീവിതത്തില്‍ സര്‍വ്വതല സ്പര്‍ശിയായി സ്വാധീനo ചെലുത്തുന്നു. തികച്ചും വസ്തുതാപരമായി മാത്രമല്ല ഈ പ്രശ്നത്തെ നോക്കിക്കാണുന്നത് എന്ന് ആദ്യമേ പറയട്ടെ. ഇതില്‍ തീര്‍ച്ചയായും എന്റെ വിശകലനരീതിയുടെ പരിധിയും പരിമിതിയും തെളിയുന്നുണ്ടാവും എന്ന് എനിക്കറിയാം. ചില രാജ്യങ്ങളുടെ സമുച്ചയത്തിനു ഉണ്ടാവുന്ന വൈകാരിക ഐക്യത്തിന് പല കാരണങ്ങള്‍ ഉണ്ടാവാം. എങ്കിലും അത്തരമൊരു തലം ഒരിക്കലും ഞാന്‍ ഏഷ്യയില്‍കണ്ടിട്ടില്ല. എഷ്യക്കുള്ളില്‍ പോലും- ദക്ഷിണേഷ്യയില്‍ തന്നെയുള്ള സാര്‍ക്ക് എന്നറിയപ്പെടുന്ന രാജ്യങ്ങള്‍ക്കിടയില്‍, മധ്യ കിഴക്കെനേഷ്യയിലെ അറബ് രാഷ്ട്രങ്ങള്‍ക്കിടയില്‍, തെക്ക്-കിഴക്കനേഷ്യയിലെ രാജ്യങ്ങള്‍ക്കിടയില്‍- ഒരു വൈകാരിക ഐക്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആഗോളവല്‍ക്കരണത്തിന്റെ നിര്‍ബന്ധങ്ങളില്‍ പെട്ട് രൂപം കൊള്ളുന്ന പ്രാദേശിക വ്യാപാര കരാറുകള്‍ ചില സവിശേഷ സാമ്പത്തിക ബന്ധങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും, ജനകീയ/ജനപ്രിയ സംസ്കാരിക വ്യവഹാരങ്ങള്‍ നവ മാധ്യമങ്ങളിലൂടെയുള്ള കൊടുക്കല്‍വാങ്ങലുകളിലൂടെ പുതിയ പാരസ്പര്യങ്ങള്‍ വളർത്തുന്നുണ്ടെങ്കിലും, യൂറോപ്പിലെ പോലെ ഒരു പൊതു രാഷ്ട്രീയ സമ്പദ് വ്യവസ്ഥയിലേക്കു പോകാന്‍ ഏഷ്യ ഇപ്പോഴും സന്നദ്ധമല്ല എന്ന് കാണാന്‍ വിഷമമില്ല. യൂറോപ്പില്‍ സംയോജനത്തിന്റെ പ്രശ്നങ്ങള്‍ അവസാനിച്ചു എന്നല്ല. അത്തരം സംയോജനങ്ങളാണ് ആവശ്യം എന്ന ധ്വനിയുമില്ല. എങ്കിലും ബെര്‍ലിന്‍ മതില്‍ തകരുന്നതിനു മുന്‍പുള്ള യൂറോപ്പല്ല ഇപ്പോഴുള്ളത്. ജപ്പാനോടും ചൈനയോടും അമേരിക്കയോടും വിലപേശാന്‍ ഒന്നിക്കുന്ന, യാഥാസ്ഥിതിക-വംശീയ പാര്‍ട്ടികളുടെ ഒരു വിശാല വലതുപക്ഷ സഖ്യം രാജ്യാതിര്‍ത്തികള്‍ക്കപ്പുറത്തെക്ക് വ്യാപിച്ചിട്ടുള്ള പുതിയ യൂറോപ്പാണത്. തുര്‍ക്കിയെ പടിക്ക് പുറത്തു നിർത്തിയിരിക്കുന്നടക്കമുള്ള നിരവധി വൈരുധ്യങ്ങളുടെ കാരണവും കാര്യവുമായ യൂറോപ്പ് എന്നുകൂടി പറയാം. യൂറോപ്പിന്റെ ചരിത്രനിര്‍മ്മിതിയും അതിന്റെ വര്‍ണ്ണ-വംശ വിചാരവും പരസ്പരം ബന്ധപ്പെട്ടതാണ്. മറ്റു ഭൂമിശാസ്ത്ര പരികല്‍പ്പനകള്‍ക്ക് യൂറോപ്പിനെ സന്ധിക്കാതെ വിശകലന സാധ്യതയില്ല എന്നതാണ് സത്യം. ഇത് അധിനിവേശത്തിന്റെ മാത്രം പ്രശ്നമല്ല. അധിനിവേശം എന്ന രാഷ്ട്രീയ സംസ്കാരിക പ്രശ്നം തന്നെ യൂറോപ്പിന്റെ പരികല്‍പ്പനാപരമായ പരിധികളെ ആശ്രയിച്ചു നില്‍ക്കുന്നതാണ്. ആഗോളവല്‍ക്കരണ കാലത്തെ സമരം പരികല്‍പ്പനകളിലെ സമരം കൂടിയാണ്. അമേരിക്കന്‍ ഐക്യ നാടുകള്‍ ഉണ്ടാവുന്നത് ബ്രിട്ടനുമായുള്ള ബ്രിട്ടീഷ് കുടിയേറ്റക്കാരുടെ യുദ്ധത്തിലൂടെ ആണ് എന്ന് നമുക്കറിയാം. അമേരിക്കന്‍ സ്വാതന്ത്ര്യ സമരം രാജഭരണത്തിന് എതിരായി രൂപം കൊണ്ടു, അതിനെ പരാജയപ്പെടുത്തി, ആദ്യത്തെ ആധുനിക ജനായത്ത ഭരണകൂടം സ്ഥാപിച്ചു എന്ന് ഓര്‍ക്കുമ്പോള്‍ അമേരിക്കയുടെ സാമൂഹിക മനസ്സ് ഈ വസ്തുതയുമായി പൊരുത്തപ്പെട്ടിട്ടുണ്ടോ എന്ന് സംശയം തോന്നിക്കുന്ന ഒരു കാര്യം ഈയിടെ ശ്രദ്ധയില്‍ പെട്ടു. ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്ന് അമേരിക്കയിലെ സ്കൂള്‍ കുട്ടികള്‍ക്ക് വായിക്കാനുള്ള ഒരു ചരിത്ര പുസ്തകം കാണാന്‍ ഇടയായി. അതിന്റെ തുടക്കം എന്നെ അത്ഭുതപ്പെടുത്തിയില്ല. അമേരിക്കയുടെ ചരിത്രം അതില്‍ ആരംഭിക്കുന്നത് തദ്ദേശ ജനതയുടെ സാംസ്കാരിക പാരമ്പര്യത്തില്‍ ഒന്നുമല്ല. അത് നാം പ്രതീക്ഷിക്കുന്നില്ല. തങ്ങളുടെ പൂര്‍വികരുടെ അരുംകൊലകള്‍ വിശദമായി കുട്ടികളെ പഠിപ്പിക്കും അവിടെ എന്ന് വിശ്വസിക്കാന്‍ മാത്രം നാം മണ്ടന്മാരല്ലല്ലോ. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു അതിലെ പ്രാരംഭഭാഗങ്ങള്‍. ജോര്‍ജ് വാഷിങ്ങ്ടന്‍ എന്ന വീര പുരുഷന്റെ വര്‍ണ്ണനയായിരുന്നു അത് എന്നതുമല്ല അപ്രതീക്ഷിതമായിരുന്നത്. ആ വര്‍ണ്ണന മുഴുവന്‍ അദ്ദേഹം ആകാരത്തില്‍ എങ്ങനെ ജോര്‍ജ് ഒന്നാമന്‍ രാജാവിനെ പോലെ കുലീനനും സുന്ദരനും ആയിരുന്നു എന്നതായിരുന്നു! ഇരുവര്‍ക്കും ആറടി പൊക്കം ഉണ്ടായിരുന്നുവത്രേ. അന്നത്തെ അവസ്ഥയില്‍ അതൊരു വലിയ പൊക്കമായിരുന്നു എന്ന ഓര്‍മ്മപ്പെടുത്തലുമുണ്ട്. രണ്ടു പേരുടെയും കണ്ണുകള്‍ക്ക്‌ കുലീനതയുടെ നീല നിറമായിരുന്നുവത്രേ! രണ്ട് പേരും വലിയ കുതിര സവാരിക്കരായിരുന്നുവത്രേ. മള്‍ട്ടി കള്‍ച്ചറിസിത്തിന്റെ നാട്ടിലെ കുട്ടികളുടെ ചരിത്ര പാഠമാണ്! ഇതാണ് യൂറോപ്പിന്റെ അടിസ്ഥാന വംശ-വര്‍ണ്ണ സ്വാംശീകരണം പരികല്‍പ്പനാപരമാണ് എന്ന് പറയുന്നതിന്റെ കാരണം. ഇത് വിശേഷിച്ചും പ്രസക്തമാകുന്നത് ഇപ്പോള്‍ യൂറോപ്പില്‍ നടക്കുന്ന വലതുപക്ഷ നവീകരണവുo ക്രോഡീകരണവും ഉയര്‍ത്തുന്ന രാഷ്ട്രീയമായ, സാമ്പത്തികമായ വെല്ലുവിളികള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് കൊണ്ട് കൂടിയാണ്. നവ യാഥാസ്ഥിതികത്വത്തിനു മാര്‍ഗരറ്റ് താച്ചറുടെ ഏറ്റവും വലിയ സംഭാവന അവരുടെ നിയോലിബറല്‍ നയങ്ങളല്ല. ആ നയങ്ങളെ സാമാന്യവല്‍ക്കരിക്കുന്നതിലൂടെ ലേബര്‍ പാർട്ടിയെക്കൊണ്ടും ഒരുവലിയ വിഭാഗം ഇടത് പക്ഷത്തെക്കൊണ്ടും സ്വന്തം അജണ്ടകളെ യാഥാസ്ഥിക നയങ്ങള്‍ക്ക് സമാനമാക്കിയില്ലെങ്കില്‍ നിലനില്‍പ്പുണ്ടാവില്ല എന്ന വിചാരത്തിലേക്ക് മാറി ചിന്തിപ്പിച്ചതാണ്. ഇതോടെ യൂറോപ്പില്‍ ഇടതു പക്ഷം ഇല്ലാതായി. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ഇടതു പക്ഷത്തെ വിപ്ലവ വ്യാമോഹങ്ങളില്‍ നിന്ന് മുക്തരാക്കിയെങ്കില്‍ യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ സര്‍വ്വസമ്മിതി ഇടതുപക്ഷത്തെ പ്രത്യശാസ്ത്രപരമായി ഇല്ലാതാക്കി. ഇടതു പാര്‍ട്ടികള്‍ ഇല്ലതായെന്നോ ഒരു ജാഥ നടത്താന്‍ പോലും ആളെ കിട്ടാതായെന്നോ അല്ല ഞാന്‍ പറയുന്നത്. ഇടതുപക്ഷ പാര്‍ട്ടികള്‍ ഏതാണ്ട് പൂര്‍ണ്ണമായും വലതുപക്ഷ ബ്ലാക്മെയിലിന് വഴങ്ങി സ്വന്തം അജണ്ടകള്‍ തിരസ്കരിച്ചിരിക്കുകയാണെന്നു പറഞ്ഞത് സാക്ഷാല്‍ സ്ലാവോ സിസേക് തന്നെ ആണ് (“Class struggle or postmodernism? Yes please” in Contingency, Hegemony, Universality: Contemporary Dialogues On The Left is a collaborative book by the political theorists Judith Butler, Ernesto Laclau, and Slavoj Žižek London/New York: 2000). ടോണി ബ്ലെയറിന്റെ ലേബര്‍ ഭരണകൂടം ലോകത്തിലെ ഏറ്റവും വലിയ യാഥാസ്ഥിതിക നിലപാടുകളെ പുണര്‍ന്നു നിന്നിരുന്നു. ഇറാക്ക് യുദ്ധം അവിടെ നില്‍ക്കട്ടെ, ആഫ്രിക്കന്‍ അമേരിക്കക്കാരെ മുഴുവന്‍ സാധ്യതാ-കുറ്റവാളികളായി കാണുന്ന സമീപനത്തോടുള്ള ഔദ്യോഗികവും ഔപചാരികവുമായ എതിര്‍പ്പിനെ പോലും പരിഹസിക്കാന്‍ ബ്ലെയര്‍ തയ്യാറായത്- പൊളിറ്റിക്കല്‍ കറക്റ്റ്നെസ്സിന്റെ പേരില്‍ സത്യം പറയാന്‍ നാം മടിക്കരുതെന്ന് പറഞ്ഞുകൊണ്ട്- ഈ പശ്ചാത്തലത്തില്‍ ആയിരുന്നു. വര്‍ണ്ണവെറി പുതിയതല്ലെങ്കിലും കടുത്ത വര്‍ണ്ണവെറിയുടെ ഇന്നത്തെ യൂറോപ്പ് രൂപം കൊണ്ട ദശകമായിരുന്നു തൊണ്ണൂറുകള്‍. യൂറോപ്പില്‍ ഇടതുപക്ഷം തഴച്ചു വളരുകയാണെന്നും കഴിഞ്ഞ ദശകത്തിലെ മുതലാളിത്ത സാമ്പത്തിക കുഴപ്പങ്ങള്‍ ആ വളര്‍ച്ചക്ക്‌ ആക്കം കൂട്ടിയെന്നും വിശ്വസിക്കുന്നവര്‍ ഉണ്ട്. ഓക്കുപ്പൈ വാള്‍സ്ട്രീറ്റ് മുതലുള്ള പ്രക്ഷോഭങ്ങളെ അതിന്റെ പ്രതീകമായി കണ്ടവര്‍ ഉണ്ട്. എന്നാല്‍ സിസെക്കിന്റെ First as Tragedy, Then as farce (London: Verso, 2009) എന്ന പുസ്തകം അടക്കം പുതിയ മുതലാളിത്ത പ്രതിസന്ധിയുടെ കാരണങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും അന്വേഷിക്കുന്ന ചില പുസ്തകങ്ങള്‍ വിമര്‍ശനാത്മകമായി വായിച്ചതിന്റെയും, സമരം ഏറ്റവും ശക്തമായിരുന്ന കാലത്ത് തന്നെ അമേരിക്കയിലും ചില യൂറോപ്യന്‍ നഗരങ്ങളിലും സഞ്ചരിച്ച് ഓക്കുപ്പൈ സമരങ്ങള്‍ പലതും നേരിട്ട് കണ്ടതിന്റെയും, അതില്‍ പങ്കെടുക്കുന്ന വ്യക്തികളുമായും ഗ്രൂപ്പുകളുമായും സംവദിച്ചതിന്റെയും അവരുടെ ലഘു ലേഖകളും മറ്റും പഠിച്ചതിന്റെയും അടിസ്ഥാനത്തില്‍ എനിക്ക് തോന്നിയിട്ടുള്ളത് ഈ ശുഭാപ്തി വിശ്വാസം അങ്ങേയറ്റം അതിര് കടന്നതാണ് എന്നാണ്. യൂറോപ്പ് വലതുപക്ഷവല്‍ക്കരണത്തിന്റെ കടുത്ത രാഷ്ട്രീയത്തിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. ഇടതു പ്രതിരോധം ശുഷ്കമായിരിക്കുന്നു. സിവില്‍സമൂഹ രാഷ്ട്രീയം ഏതാണ്ട് പൂര്‍ണ്ണമായും തന്നെ ഭരണകൂട പക്ഷപാതി ആയിരിക്കുന്നു. യൂറോകേന്ദ്രവാദം പുതിയ പ്രത്യയശാസ്ത്ര യുദ്ധങ്ങള്‍ തുടങ്ങിയിരിക്കുന്നു. വംശീയ ന്യൂനപക്ഷങ്ങള്‍ ആശയറ്റ് കൂടുതല്‍ അരക്ഷിതത്വത്തിലേക്ക് നീങ്ങിയിരിക്കുന്നു. പാശ്ചാത്യ മതേതരത്വം അതിന്റെ എല്ലാ മുഖം മൂടികളും ഊരിക്കളഞ്ഞു ഇതരമത പീഡനതിന്റെ ഉത്തരാധുനിക രൂപങ്ങള്‍ കണ്ടെത്തുകയും അവ ഉപയോഗിക്കുകയും ചെയ്യുന്നു. നവ ലിബറല്‍ നയങ്ങളും നവകൊളോണിയലിസവും കൈകോര്‍ത്തു ലോകസാമ്പത്തികാധിപത്യം ശക്തമാക്കുന്നു. മൂലധനം അതിന്റെ ഇരട്ടയായ അധ്വാനത്തെ, സാമൂഹികാവശ്യപരമായ അധ്വാനസമയം ഓരോ സവിശേഷ അധ്വാനത്തിനും കുറച്ചു കൊണ്ട് വന്നു മൂല്യസിദ്ധാന്തത്തിന്റെ പ്രായോഗിക അടിത്തറ തോണ്ടുന്നു. ഈ വസ്തുതകള്‍ എല്ലാം മറച്ചു വച്ചുകൊണ്ടുള്ള രാഷ്ട്രീയ വിചാരണകളും വിപ്ലവത്തിന്റെ പുതിയ ഏജന്‍സിയെ കണ്ടെത്തലുമെല്ലാo അസത്യത്തിന്റെ മാത്രം അലങ്കാര ഭാഷയില്‍ ചമയ്ക്കാവുന്ന വിശകലനങ്ങളാണ് എന്ന് ഞാന്‍ കരുതുന്നു. ആഗോള രാഷ്ട്രീയവും അതിന്റെ ഭാഗമായ ആയുധ-യുദ്ധ സാങ്കേതിക വിദ്യകളും, സമൂഹത്തിന്റെ പല തലങ്ങളിലായുള്ള വലുതും ചെറുതുമായ വിഭജനങ്ങളും സാംസ്കാരികപ്പകർച്ചകളും മുന്‍പില്ലാത്ത വിധം സങ്കീര്‍ണ്ണമായിരിക്കുന്നു. ഇതിനുള്ളില്‍ നിന്ന് നിസ്സാരമായി വിപ്ലവത്തിന്റെ ഏജന്‍സിയെ കണ്ടെടുക്കുന്ന ഒക്കള്‍ട്ടിസമായി ഒരു പാശ്ചാത്യ ചിന്തകനും ഇന്ന് മാര്‍ക്സിസത്തെ വ്യാഖ്യാനിക്കുന്നില്ല. മറിച്ചുള്ള സൈദ്ധാന്തിക വാദങ്ങള്‍ മൂന്നാം ലോകത്തിന്റെ (ഇനിയും അങ്ങനെ പറയാമെങ്കില്‍) രാഷ്ട്രീയ ബാധ്യതകളെ തന്നെ ചതിക്കുന്ന ബൌദ്ധിക ഗർവമാണ്. ‘ഇതാണ് ഇന്നിന്റെ മാര്‍ക്സിസം, എല്ലാ പാർട്ടികളും ഇത് എടുത്തുകൊള്ളുക’ എന്ന് പ്രധാന ചിന്തകരാരും വെളിമ്പുറങ്ങളില്‍ വിളംബരം ചെയ്യുന്നില്ല. രാഷ്ട്രീയമായ ഇടപെടലുകളുടെ സാമൂഹിക രൂപങ്ങള്‍ മാറുന്നുണ്ട്. പഴയത് മുഴുവന്‍ ഇല്ലതായിട്ടല്ല പുതിയ രൂപങ്ങള്‍ ഉണ്ടാവുന്നത്. അവ സഹവർത്തി ക്കുകയാണ്. പണിമുടക്ക്‌ പൂര്‍ണ്ണമായും ഇല്ലാതായിട്ടില്ല. എന്നാല്‍ ഒക്കുപ്പൈ വാള്‍സ്ട്രീറ്റ് പോലുള്ള ആള്‍ക്കൂട്ട സമരങ്ങള്‍ കൂടുതല്‍ ശക്തമായ സാന്നിധ്യം അറിയിക്കുന്നുണ്ട്. സ്വത്വവാദത്തിനെതിരെ വര്‍ഗ്ഗവാദം ഉന്നയിക്കുന്നവരുണ്ട്. വര്‍ഗ്ഗം എന്നത് ആഗോളതലത്തില്‍ അനുഭവിക്കുന്നതെങ്ങനെ എന്ന് പറയാന്‍ കഴിയില്ല. ഒരു കാലത്തും ഇതിനു കഴിയുമായിരുന്നില്ല എന്നതാണ് സത്യം. കാരണം, കൊളോണിയല്‍ അധിനിവേശത്തിന്റെ പ്രധാന ഗുണഭോക്താക്കളിലൊന്ന് യൂറോപ്പിലെ തൊഴിലാളിവര്‍ഗ്ഗം തന്നെ ആയിരുന്നു. പ്രാധാനമായും കൊളോണിയലിസം യൂറോപ്യന്‍ തൊഴിലാളി-കര്‍ഷക വര്‍ഗങ്ങളെ രണ്ടു രീതിയില്‍ സഹായിച്ചു. ഒന്നാമതായി കൊളോണിയല്‍ കൊള്ളമുതല്‍ വ്യാവസായികവല്‍ക്കരണത്തെ ത്വരിതപ്പെടുത്തുകയും ലാഭ വര്‍ദ്ധന ഉണ്ടാവുകയും ചെയ്തപ്പോള്‍ ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതാ-വേതന വ്യവസ്ഥയിലേക്കു മുതലാളിത്ത ഉല്‍പ്പാദനം പരിവർത്തനം ചെയ്യപ്പെടുകയും നികൃഷ്ടമായ പഴയ തൊഴില്‍ പരിപാലന രീതികളില്‍ നിന്ന് വിട്ടുമാറി മാന്യമായ പുതിയ മാനേജ്മെന്റ്രീതികള്‍ കൊണ്ട് വരികയും ചെയ്തു. രണ്ടാമതായി കുടിയേറ്റ കോളനികള്‍ സ്ഥാപിക്കാനും അങ്ങനെ ലോകത്തിന്റെ ഭൂവുടമസ്ഥത യൂറോപ്പിന്റെയും വെളുത്ത വംശത്തിന്റെയും കയ്യിലായതില്‍ വലിയൊരു പങ്ക് സ്വന്തമാക്കാനും കഴിഞ്ഞു. യൂറോപ്യന്‍ സംസ്കാരത്തിന്റെ അധോമണ്ഡലങ്ങളിലെ നൃശംസതകള്‍, സ്വന്തം നാട്ടിലെ തൊഴിലാളി വര്ഗ്ഗത്തിന്മേല്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്ന് പിന്മാറി യൂറോപ്യന്‍ ഭരണകൂടങ്ങള്‍ അത് ഏഷ്യനാഫ്രിക്കന്‍ കോളനികളിലെ പുതിയ ഭരണീയരിലേക്ക് മാറ്റി. അധികാരത്തെയും ബുദ്ധിജീവികളെയും വിശകലനം ചെയ്യുന്ന വിഖ്യാതമായ ഫൂക്കോ-ദേല്യൂസ് സംഭാഷണത്തെക്കുറിച്ച് (The Intellectuals and Power: A Discussion between Michel Foucault and Gilles Deleuze, Telos Summer 1973:103-109) സ്പിവാക് നടത്തുന്ന ചര്‍ച്ചയില്‍ (Gayatri Chakravorty Spivak, “Can the Subaltern Speak?,” In Marxism and Interpretation of Culture, eds. Cary Nelson and Lawrence Grossberg (Urbana: University of Illinois Press, 1988) അടിസ്ഥാനധാരയായി കാണുന്ന വിമര്‍ശനം മൂന്നാം ലോകത്തെ കൊളോണിയല്‍ ആധിപത്യത്തെ കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചുമുള്ള അവരുടെ ആധികാരികമായ അജ്ഞ്ഞതയെക്കുറിച്ചുള്ള (sanctioned ignorance) നിരീക്ഷണം കൂടിയാണ്. ശരീരത്തെ രൂപകമാക്കി, ശരീരത്തെ ചരിത്രവല്‍ക്കരിച്ച് ഫൂക്കോ നടത്തുന്ന നിരീക്ഷണങ്ങളിലൊന്നും യൂറോപ്പും കോളനികളും തമ്മിലുള്ള അധികാരബന്ധവും അത് യൂറോപ്പിന്റെ സാമൂഹിക വ്യവസ്ഥയെ പുനര്‍ നിര്‍വചിച്ചതെങ്ങനെ എന്ന ചിന്തയും ഒരിക്കലും കടന്നു വരുന്നില്ല. ഫൂക്കോയുടെ ആര്‍ക്കിയോളജിയും ജനിയൊളജിയുമെല്ലാം രീതിപരവും ചരിത്രപരവുമായ ഇത്തരമൊരു പരിമതിക്കുള്ളിലാണ് മനസ്സിലാക്കപ്പെടെണ്ടത്. നിശിതമായ വിമര്‍ശനമാണ് സ്പിവാക് നടത്തുന്നത്. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. എന്നാല്‍ സ്പിവാക്കിന്റെ 1985 –ലെ ലേഖനം കാണുന്നതിനും മുന്‍പാണ് യാന്‍ ബ്രെമന്റെ (Jan Breman, Taming the Coolie Beast: Plantation Society and the Colonial Order in Southeast Asia, Delhi: Oxford University Press, 1989) എന്ന പുസ്തകം വായിച്ചത്. അക്ഷരാര്‍ത്ഥത്തില്‍ നടുക്കുന്ന ഒരനുഭവമായിരുന്നു ആ വായന നല്‍കിയത്. എന്റെ അദ്ധ്യാപകനായിരുന്ന ഡോ. കെ. പി. കണ്ണന്റെ റിസര്‍ച് സൂപ്പര്‍വൈസര്‍ ആയിരുന്നു യാന്‍ ബ്രെമന്‍. ഈ പുസ്തകം ഇറങ്ങിയപ്പോള്‍ അതിന്റെ ഒരു കോപ്പി നല്‍കിയിട്ട് വായിക്കേണ്ട പുസ്തകമാണെന്നും താല്‍പ്പര്യമുണ്ടെങ്കില്‍ റിവ്യൂ ചെയ്യണമെന്നും കണ്ണന്‍ പറഞ്ഞു. അങ്ങനെയാണ് ഞാന്‍ 1990-ല്‍ Taming the Coolie Beast വായിക്കാന്‍ ഇടയായത്. അന്ന് തിരുവനന്തപുരത്തെ സി. ഡി. എസ്സില്‍ പലപ്പോഴും വരാറുണ്ടായിരുന്ന യാന്‍ ബ്രെമനെ എനിക്ക് നേരിട്ട് പരിചയമുണ്ടായിരുന്നു. ഒരു സാമൂഹിക ശാസ്ത്ര പഠിതാവിന് ഉണ്ടായിരിക്കേണ്ട ചരിത്രബോധവും ജനാധിപത്യവിവേകവും തന്റെ സമീപനത്തില്‍ പുലര്‍ത്തുന്ന അധ്യാപകനും ഗവേഷകനുമാണ് ബ്രെമന്‍. അദ്ദേഹത്തിന്റെ അധസ്ഥിത തൊഴിലാളിപക്ഷവീക്ഷണവും, കീഴാളപക്ഷ വീക്ഷണവും പല പഠനങ്ങളിലും തെളിഞ്ഞു കാണാവുന്നതാണ്. വളരെ സ്നേഹ വാല്‍സല്യങ്ങളോടെ എന്നോട് പെരുമാറിയിട്ടുള്ള അദ്ദേഹവുമായി സുദീര്‍ഘമായ ചര്‍ച്ചകള്‍ നടത്താനും അന്ന് കഴിഞ്ഞിരുന്നു. ഫൂക്കോ, യൂറോപ്പില്‍ നടന്ന വലിയ രാഷ്ട്രീയ പരിണാമങ്ങളെ കുറിച്ച് പറയുമ്പോള്‍ (“ഗവണ്‍മെന്റാലിറ്റി” അടക്കമുള്ള ചരിത്ര സംക്രമണങ്ങള്‍) അതെ കൊളോണിയല്‍ ഭരണകൂടങ്ങള്‍ തങ്ങള്‍ യൂറോപ്പില്‍ വലിച്ചെറിഞ്ഞ പദ്ധതികളും ഭരണ രീതികളും അതിന്റെ എത്രയോ ഇരട്ടി തീക്ഷ്ണതയോടെ കോളനികളില്‍ അടിച്ചേല്‍പ്പിക്കുകയും പരീക്ഷിക്കുകയുമായിരുന്നു. ബ്രെമന്റെ പുസ്തകം അതിന്റെ ഉള്ളടക്കത്തിനപ്പുറത്തുള്ള ചില പ്രശ്നങ്ങളെ കുറിച്ച് ചിന്തിപ്പിച്ചതിനുള്ള ഒരു പ്രധാന കാരണം ആയിടക്കാണ് ഫൂക്കോയുടെ ചില പുസ്തകങ്ങള്‍ അവധാനതയോടെ വായിക്കാന്‍ കഴിഞ്ഞത് എന്നതായിരുന്നു. അതില്‍ പ്രധാനം Discipline and Punish : The Birth of the Prison (Translated from the French by Alan Sheridan, New York : Vintage Books, 1977) ആയിരുന്നു. അന്ന് ഞാന്‍ സ്പിവക്കിന്റെ ഫൂക്കോ-ദേല്യൂസ് വിമര്‍ശനം വായിച്ചിരുന്നില്ല. ശക്തമായ ഒരു പുസ്തകമാണ് ഫൂക്കോയുടെതെന്നു എടുത്ത് പറയേണ്ടല്ലോ. എനിക്കാണെങ്കില്‍ അന്ന് പോസ്റ്റ്‌ സ്ട്രകച്ചറലിസ്റ്റ് ചിന്തകള്‍ കേരളത്തില്‍ അവതരിപ്പിച്ചു പോന്ന രീതിയോടു കടുത്ത എതിര്‍പ്പും ഉണ്ടായിരുന്നു. ഫൂക്കോയുടെ പുസ്തകത്തില്‍ പാശ്ചാത്യ ലോകത്ത്, വിശേഷിച്ചും ഫ്രാന്‍സിലെ, പീനല്‍ വ്യവസ്ഥയില്‍ സംഭവിച്ച അടിസ്ഥാന മാറ്റത്തെ കുറിച്ചുള്ള ചരിത്രപരവും സൈദ്ധാന്തികവുമായ വിശകലനമുണ്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ നിന്ന് പത്തൊന്‍പതാം നൂറ്റാണ്ടിലെത്തിയപ്പോഴെക്ക് യൂറോപ്പിലെ പീനല്‍ വ്യവസ്ഥ അടിമുടി മാറിയിരുന്നു. കുറ്റവാളികളെ പരസ്യമായി ക്രൂരപീഡനത്തിനു വിധേയരാക്കി, ശിക്ഷയെ ഒരു മഹാപ്രദര്‍ശനമാക്കുന്ന രീതിയായിരുന്നു പതിനെട്ടാം നൂറ്റാണ്ടില്‍ നിലവിലുണ്ടായിരുന്നത്. അതിന്റെ ഒരു ഉദാഹരണമായി ഫ്രാന്‍സിലെ ലൂയി പതിനഞ്ചാമനെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിന് പിടിയിലായ വീട്ടുജോലിക്കാരനായ യുവാവിനെ (Robert-François Damiens) ക്രൂരമായി പീഡിപ്പിച്ചു കൊല്ലുന്നതിന്റെ സുദീര്‍ഘമായ വിവരണത്തോടെയാണ് ഫൂക്കോയുടെ ഈ പുസ്തകം ആരംഭിക്കുന്നത്. ആ വിവരണം പൂര്‍ണ്ണമായി ഇവിടെ ആവര്‍ത്തിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. വാസവദത്തയുടെ കരചരണങ്ങള്‍ അരിഞ്ഞു കളയുക ആയിരുന്നെങ്കില്‍ ഇവിടെ അയാളെ ശരീരഭാഗങ്ങളില്‍ നിന്ന് നിഷ്കരുണം മാംസം അടര്‍ത്തി മാറ്റി പല രീതിയില്‍ പൊള്ളിച്ച ശേഷം ആറു കുതിരകളെ കയ്യിലും കാലിലും കെട്ടി വലിച്ചുകീറുക ആയിരുന്നു. എന്നിട്ടും കീറിപ്പോകാതിരുന്നപ്പോള്‍ കത്തികൊണ്ട് വെട്ടിക്കൊടുത്തു എന്നുണ്ട്. എല്ലാ ശിക്ഷകളും ഇത്രയ്ക്കു ക്രൂരമായിരുന്നിരിക്കില്ല. പക്ഷെ ഇത് പരസ്യമായി ചെയ്യുന്നതിന്റെ, ശിക്ഷ പ്രദര്‍ശനമാക്കി, ആള്‍ക്കൂട്ടത്തിനു മുന്നില്‍, അവരുടെ ആക്രോശങ്ങള്‍ക്കിടയില്‍, നടപ്പിലാക്കുന്നതിന്റെ യുക്തി പിന്നീട് മാറുകയാണ്. ഇത് സംഭവിച്ചത് ഭരണകൂടം കൂടുതല്‍ മനുഷ്യത്വവല്ക്കരിക്കപ്പെട്ടതുകൊണ്ടല്ല, മറിച്ച്, ഭരണo എന്ന ആശയത്തില്‍ തന്നെ വന്ന പരിണാമം ആയിട്ടാണ് ഫൂക്കോ കാണുന്നത്. ജയില്‍ എന്ന സംവിധാനം മുഖ്യ ശിക്ഷാ രീതിയായി മാറിയതിന്റെ രാഷ്ട്രീയ താത്വിക മാനങ്ങള്‍ ഫൂക്കോ വിശദീകരിക്കുന്നുണ്ട്. ഫൂക്കൊയോട് നീതി പുലര്‍ത്തിക്കൊണ്ട് പറഞ്ഞാല്‍ പുതിയ ശിക്ഷാരീതി പഴയതിനേക്കാള്‍ മെച്ചമാണെന്ന ധാരണ നല്‍കാനല്ല അദ്ദേഹം ശ്രമിക്കുന്നത്. മാറുന്ന കാഴ്ചപ്പാടിന്റെ പിന്നിലുള്ള സാങ്കേതിക രാഷ്ട്രീയത്തെയും അധികാര രൂപങ്ങളെയും വിഗ്രഹിക്കാനാണ്. അതിനെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ല. എന്നാല്‍ അന്ന് ആ പുസ്തകം നല്‍കിയ ഉള്‍ക്കാഴ്ചകളുടെയും സൈദ്ധാന്തികമായ അരക്ഷിതത്വത്തിന്റെയും, വിമര്‍ശനാത്മകമായ സ്വാംശീകരണത്തിന്റെയും പശ്ചാത്തലത്തില്‍ യാന്‍ ബ്രെമന്റെ പുസ്തകം വായിക്കപ്പെടാനുള്ള കാരണം, അദ്ദേഹത്തിന്റെ പുസ്തകത്തിന്‍റെ വ്യത്യസ്ഥമായ ഉള്ളടക്കം തന്നെ ആയിരുന്നു. ‘കൂലി ജന്തുക്കളെ മെരുക്കു’ ന്നതിനെ കുറിച്ചുള്ള ബ്രെമന്റെ പുസ്തകം വിവരിക്കുന്നത് പത്തൊന്‍പതാം നൂറ്റാണ്ടിലെ ഡച്ച് കോളനിയായിരുന്ന സുമാത്രയിലെ (ഇന്തോനേഷ്യ) പുകയില തോട്ടങ്ങളില്‍ പണിയെടുത്തിരുന്ന കൂലിയടിമകളുടെ അത്യന്തം ദുരിതപൂര്‍ണ്ണമായിരുന്ന ജീവിതത്തെ കുറിച്ചാണ്. പതിവ് കൊളോണിയല്‍ ഭൂതാതുര കഥകളിലെപ്പോലെ ഒരു സാഹസികനായ യൂറോപ്പ്യന്‍ സംരംഭകനാണ് ഇവിടെയും പുകയില തോട്ടങ്ങള്‍ ആരംഭിച്ചതെങ്കിലും 1860 –നു ശേഷമുള്ള കാലത്ത് അവയെല്ലാം യൂറോപ്യന്‍ കോര്‍പറെറ്റ് ഭീമന്മാരുടെ നിയന്ത്രണത്തിലായി. ഈ കമ്പനികള്‍ക്ക് ആയിരുന്നു പുകയില കൃഷിയുടെയും പുകയില വ്യാപാരത്തിന്റെയും ആഗോള കുത്തക ഉണ്ടായിരുന്നത്. ലാഭം കുമിഞ്ഞുകൂടുകയും തോട്ടങ്ങള്‍ വളരെ പെട്ടെന്ന് വികസിക്കുകയും കൂടുതല്‍ മൂലധനം തോട്ടം മേഖലയിലേക്ക് ഒഴുകുകയും ചെയ്തു. അതോടെ പ്രാദേശിക കൂലിക്കാരെ കൊണ്ട് മാത്രം അവ നടത്തിക്കൊണ്ടു പോകാന്‍ ബുദ്ധിമുട്ടായി. മുതലാളിത്ത രീതിയില്‍ നടത്തിയിരുന്ന തോട്ടങ്ങള്‍ ആയിരുന്നതിനാല്‍ കൂലിപ്പണിക്കാരെ ആണ്, അടിമകളെ അല്ല ജോലിക്ക് നിര്‍ത്തിയിരുന്നത്. എന്നാല്‍ ഇത് പ്രത്യക്ഷത്തില്‍ മാത്രമായിരുന്നു. ആധുനിക മുതലാളിത്തത്തിന്റെ ഒരു വ്യത്യസ്ഥമായ മുഖമായിരുന്നു അത്. കൂലിപ്പണി എന്നത് ‘സ്വതന്ത്ര’ ജോലിയാണ്. സ്വന്തം അധ്വാന ശക്തി വില്ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ തത്ത്വത്തില്‍ തൊഴിലാളിക്ക് സ്വാതന്ത്ര്യമുണ്ട്. ഇത് ചെറിയൊരു സ്വാതന്ത്ര്യമല്ല, മനുഷ്യ ചരിത്രത്തില്‍. ഇന്നത്തെ ലോകത്തെ വിമോചന പോരാട്ടങ്ങള്‍ വരെ നീളുന്ന ഒരു പ്രത്യയശാസ്ത്ര തലം അതിലുണ്ട്. നിസ്സാരമല്ല അതിന്റെ സാമൂഹിക മാനങ്ങള്‍ എന്ന് മാര്‍ക്സിന്റെ കൃതികള്‍ വായിച്ചിട്ടുള്ളവര്‍ക്കറിയാം. എന്നാല്‍ ഈ തോട്ടങ്ങളിലെ തൊഴിലാളികള്‍ കൂലി അടിമകളായിരുന്നു. തോട്ടങ്ങളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ ചൈനയില്‍ നിന്ന് വന്‍ തോതില്‍ മനുഷ്യ ഇറക്കുമതി നടത്താനായിരുന്നു തോട്ടം മൂലധനത്തിന്റെ ബുദ്ധികേന്ദ്രങ്ങള്‍ തീരുമാനിച്ചത്. അത് കൂടാതെ, ദൂരെ ഇന്ത്യയില്‍ നിന്നും, അടുത്ത് ജാവയില്‍ നിന്നും തായ് ലാന്റില്‍ നിന്നും കൂലിക്കാരെ ഇറക്കുമതി ചെയ്തു. അതായത് ദക്ഷിണേഷ്യ മുതല്‍, തെക്ക് കിഴക്കന്‍ ഏഷ്യയും മധ്യേഷ്യയും വരെ പരന്നു കിടന്ന ഒരു വിപുലമായ അടിമവേല വ്യാപാരത്തിന് അത് തുടക്കമിട്ടു എന്നര്‍ത്ഥം. ആഫ്രിക്കയില്‍ നിന്ന് അമേരിക്കന്‍ ഐക്യനാടുകളിലേക്ക് അടിമപ്പണിക്ക് വേണ്ടി നടത്തിയ ക്രൂരമായ മനുഷ്യ വേട്ടയുടെ കഥകള്‍ നമുക്ക് പരിചിതമാണെങ്കിലും ഏഷ്യയിലെ കൊളോണിയല്‍ അടിമവേലയുടെ ചരിത്രo അത്രയ്ക്ക് ശ്രദ്ധിക്കപ്പെട്ടിട്ടില്ല. അമേരിക്കന്‍ അടിമത്ത പുരാവൃത്തങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഏഷ്യന്‍ അടിമ വ്യാപാരത്തിന്റെ ചരിത്രം. പതിനാറാം നൂറ്റാണ്ടില്‍ തുടങ്ങിയ ട്രാന്‍സ് അറ്റ്ലാന്റിക് അടിമക്കച്ചവടവും പത്തൊന്‍പതാം നൂറ്റാണ്ടില്‍ എബ്രഹാം ലിങ്കന്റെ നേതൃത്വത്തില്‍ അടിമത്ത നിര്‍മ്മാര്‍ജ്ജനത്തിനുള്ള ശ്രമങ്ങള്‍ സൃഷ്ടിച്ച അമേരിക്കയിലെ ആഭ്യന്തര യുദ്ധവും അതില്‍ പൊലിഞ്ഞ ആറു ലക്ഷം മനുഷ്യ ജീവനും ആഫ്രിക്കന്‍ അമേരിക്കന്‍ ജനതയുടെ പിന്നീടുള്ള മനുഷ്യാവകാശ സമരങ്ങളുമെല്ലാം ചേര്‍ന്ന ഇന്ന് ഒബാമയുടെ അമേരിക്കന്‍ പ്രസിഡണ്ട് പദവിയില്‍ എത്തി നില്‍ക്കുന്ന സംഘര്‍ഷഭരിതമായ തുടര്‍ചരിത്രമല്ല ഏഷ്യയിലെ അടിമവേലയുടെത്. അമേരിക്കയില്‍ തന്നെ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരുടെ മോചനത്തിന്റെ പേരില്‍ പ്രകീർത്തിക്കപ്പെടുന്ന എബ്രഹാം ലിങ്കണ്‍ തദ്ദേശീയരായ ആദിമനിവാസികള്‍ക്ക് വലിയ ദുരന്തങ്ങള്‍ നല്‍കിയ ഭരണാധികാരിയാണ്. ന്യൂ മെക്സിക്കോയില്‍ ലിങ്കണ്‍ ഭരണകൂടത്തിന്റെ വികസന നയങ്ങളുടെ പേരില്‍ സ്വന്തം ഭൂമിയില്‍ നിന്ന് നിഷ്കാസനം ചെയ്യപ്പെട്ട് 450 മൈല്‍ അകലെയുള്ള ബോസ്ക് റെഡാന്ടോയിലേക്ക് പലായനം ചെയ്തവരില്‍ ഏതാണ്ട് രണ്ടായിരത്തിലധികം പേര്‍ വഴിയില്‍ മരിച്ചു വീണതാണ്. ആഭ്യന്തര യുദ്ധ കുറ്റവാളികളായി പിടിക്കപ്പെട്ട വെള്ളക്കാരെ ആരെയും തൂക്കിലിടാതിരുന്ന ലിങ്കണ്‍ കലാപകാരികളായിരുന്ന 38 തദ്ദേശവാസികളെ നൂറു കണക്കിന് വെള്ളക്കാരെ സാക്ഷി നിര്‍ത്തി തൂക്കിലേറ്റുകയുണ്ടായിട്ടുണ്ട് എന്നത് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ നിരന്തരം ഉന്നയിച്ചു പോരുന്നു. ശിക്ഷയെ പ്രദര്‍ശനമാക്കി മാറ്റാന്‍ അപരര്‍ സ്വന്തം നിയന്ത്രണത്തില്‍ ഉണ്ടെങ്കില്‍ വെള്ളക്കാര്‍ പരസ്പരം മാന്യന്മാരാവുകയും തങ്ങളുടെ പരപീഡന വ്യഗ്രതകളെ അവരില്‍ പരീക്ഷിക്കുകയും ചെയ്യും എന്നതിന്റെ ഉദാഹരണമായി വേണമെങ്കില്‍ ഇതിനെ വായിക്കാം. മാര്‍ക്സ് “തൊഴിലാളി വര്‍ഗ്ഗത്തിന്റെ ധീര പുത്രന്‍” (the single-minded son of the working class) എന്ന് വിളിച്ച റിപ്പബ്ലിക്കന്‍ നേതാവാണു ലിങ്കന്‍. അമേരിക്കന്‍ സ്വാതന്ത്ര്യ സമരം മധ്യവര്‍ഗ്ഗത്തിന്റെ വിജയമായിരുന്നെങ്കില്‍ അടിമത്ത നിരോധനം തൊഴിലാളി വര്‍ഗ്ഗത്തിന് സഹായകമാവുമെന്നതായിരുന്നു മാര്‍ക്സിന്റെ വിലയിരുത്തല്‍. അതെന്തായാലും, അമേരിക്കയില്‍ അടിമത്ത നിര്‍മ്മാര്‍ജ്ജന നിയമം നടപ്പിലാക്കുന്നതും ഫൂക്കോ യൂറോപ്പിലാകെ പീനല്‍ വ്യവസ്ഥയിലുണ്ടായ വലിയ പരിണാമത്തെ കുറിച്ച് പറയുകയും ചെയുന്ന കാലത്താണ് ബ്രെമന്റെ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്ന ഡച്ച് കോളനിയിലെ പുകയില തോട്ടങ്ങളിലെ സംഭവങ്ങള്‍ തെക്ക് കിഴക്കന്‍ ഏഷ്യന്‍ കോളനിയില്‍ ഉണ്ടായത്. ഹതഭാഗ്യരായ പാവപ്പെട്ട ചൈനീസ് തൊഴിലാളികളെ കൂട്ടമായി സുമാത്രയിലെ തോട്ടങ്ങളില്‍ അടിമ വേലക്കായി എത്തിക്കാന്‍ വിപുലമായ റിക്രൂട്ട്മെന്റ് സംവിധാനങ്ങളാണ് ഉണ്ടായിരുന്നത്. ഹീനവും നിന്ദ്യവുമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാണ് തൊഴിലാളികളെ കൊണ്ടുവന്നിരുന്നത്. ചതിയുടെയും ഹിംസയുടെയും മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചത്. ഇതിനായി ഇടനിലക്കാരുടെ ഒരു വലിയ ശൃംഖല തന്നെ സൃഷ്ടിക്കപ്പെട്ടിരുന്നു. തൊഴില്‍ കരാറുകള്‍ മാന്യമായ വേതന ഉടമ്പടികള്‍ ആയിരുന്നില്ല. മറിച്ചു അവയെല്ലാം ഒപ്പന്തം (indenture) എന്ന വെറുക്കപ്പെട്ട അടിമക്കരാറുകള്‍ ആയിരുന്നു. ഒരു വശത്ത് ചൈനീസ് അടിമ വേലക്കാരും മറുവശത്ത് വെള്ളക്കാരായ തോട്ടമുദ്യോഗസ്ഥരുമെന്ന അധികാര ശ്രേണിയാണ് ഉണ്ടായിരുന്നത്. കടുത്ത പട്ടാള നിയന്ത്രങ്ങളായിരുന്നു പണിസ്ഥലത്തുo വാസസ്ഥലത്തും തൊഴിലാളികള്‍ക്ക് നേരിടേണ്ടി വന്നത്. യൂറോപ്പില്‍ പുതിയ ലേബര്‍ മാനെജ്മെന്റ് തന്ത്രങ്ങള്‍ അവതരിപ്പിക്കപ്പെട്ട കാലത്ത് സുമാത്രയില്‍ പൊതിരെ തല്ലി പണിയെടുപ്പിക്കുന്ന രീതിയാണ് ഡച്ച് അധിനിവേശകര്‍ സ്വീകരിച്ചത്. യൂറോപ്പ് ഫൂക്കോ പറയുന്ന പീനല്‍ വ്യവസ്ഥയിലെ മാറ്റങ്ങള്‍ക്കു വിധേയമാകുന്ന കാലത്ത് പാവപ്പെട്ട ചൈനീസ് തൊഴിലാളികളെ കന്നുകാലികളെ പോലെയാണ് ഡച്ച് കൊളോണിയല്‍ തോട്ടമുടമകള്‍ ഉപയോഗിച്ചിരുന്നത്. ചെറിയ കുറ്റങ്ങള്‍ക്ക് പോലും ചങ്ങലക്കിട്ടു പരസ്യമായി ക്രൂര മര്‍ദ്ദനങ്ങള്‍ക്കും ശാരീരിക പീഡനങ്ങള്‍ക്കും ഇരയാക്കുകയായിരുന്നു ചൈനീസ് തൊഴിലാളികളെ ഡച്ചുകാര്‍. ആവശ്യത്തിനു ഭക്ഷമില്ലാതെ, മര്‍ദ്ദനങ്ങള്‍ സഹിച്ചു, രോഗ ബാധിതരായി അനേകം ചൈനീസ് തൊഴിലാളികള്‍ മരിച്ചു കൊണ്ടിരുന്നു. ജൂനിയര്‍ യൂറോപ്പ്യന്‍ അസ്സിസ്ടന്റുമാരും ചില ഏഷ്യന്‍ ഫോര്മാന്മാരും ഈ കമ്പനികള്‍ക്ക് വേണ്ടി തൊഴിലാളികള്‍ക്കിടയില്‍ കടുത്ത മര്‍ദ്ദനങ്ങളിലൂടെ അച്ചടക്കം നടപ്പിലാക്കിക്കൊണ്ടിരുന്നു. ബ്രെമന്‍ കണ്ടെത്തിയത് അങ്ങേയറ്റത്തെ വംശവെറിയുടെ, തുറന്ന റേസിസത്തിന്റെ, കുറ്റബോധമേതുമില്ലാത്ത ക്രൂരപീഡനങ്ങളാണ് തൊഴിലാളികളെ നിയന്ത്രിക്കാന്‍ വെള്ളക്കാര്‍ ഉപയോഗിച്ചിരുന്നത് എന്നതാണ്. കോര്‍പൊറല്‍ ശിക്ഷയുടെയും മര്‍ദ്ദനതിന്റെയും അടിമജോലിയുടെയും നിയമലംഘനങ്ങള്‍ അനുഭാവ പൂര്‍വ്വo അനുവദിച്ചു കൊടുക്കുകയാണ് ഡച്ച്ഭരണകൂടം ചെയ്തിരുന്നത്. തൊഴിലാളികളെ ചങ്ങലക്കിട്ട് ചാട്ടവാറിനു അടിച്ചാണ് പണിയെടുപ്പിച്ചിരുന്നത്. പത്തു ലക്ഷo ചൈനക്കാരെ അവരുട വിദൂരമായ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്ന് ബലമായി അടര്‍ത്തി മാറ്റി, അവരുടെ കുടുംബങ്ങള്‍ ശിഥിലീകരിച്ച്, അവരുടെ ശരീരത്തെ മൃഗീയമായ പീഡനങ്ങള്‍ക്കും അദ്ധ്വാനത്തിന്റെ അളവില്ലാത്ത ചൂഷണത്തിനും വിധേയമാക്കി സുമാത്രയിലെ പുകയിലക്കാടുകളില്‍ കൊന്നു തള്ളിയതിന്റെ ചരിത്രം നിസ്സാരമായി കാണാനാവില്ല. ഇതിനൊക്കെ ഫൂക്കോയുടെ വിവരണ പ്രകാരം സ്വന്തം നാട്ടില്‍ പുതിയ യൂറോപ്യന്‍ പീനല്‍ വ്യവസ്ഥയിലേക്കു പ്രവേശിച്ചിരുന്ന ഡച്ച് ഭരണകൂടം അനുവാദം നല്‍കിയിരുന്നു എന്ന് കാണാം. എന്ത് മാറ്റമാണ് അപ്പോള്‍യൂറോപ്പിന് പത്തൊന്‍പതാം നൂറ്റാണ്ടില്‍ സംഭവിച്ചത്? ഏതായാലും ഒരു നൈതിക അളവുകോലല്ല (normative parameter) അല്ല അദേഹം ഉപയോഗിക്കുന്നത് എന്നതിനാല്‍ ഇതില്‍ ഫൂക്കൊയെ ചോദ്യം ചെയ്യാന്‍ ഒന്നുമില്ല. ഇത് ഫൂക്കോ വിമര്‍ശനമല്ല. പക്ഷെ ഇന്നത്തെ യൂറോപ്പിന്റെ വലതുപക്ഷ ക്രോഡീകരണത്തിന്റെ സന്ദര്‍ഭത്തില്‍ യൂറോപ്യന്‍ ഇരട്ടത്താപ്പുകളുടെ കാര്യം സ്പര്‍ശിക്കാതെ വയ്യ. ഫൂക്കോല്ഷ്യന്‍ നിലപാടുകളുടെ ഒരു നോര്‍മെറ്റിവ് വിമര്‍ശനമായിരുന്നുവോ സ്പിവക്കു നടത്തിയത് എന്നതും ഇപ്പോള്‍ ഞാന്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. സുമാത്രയിലെ അടിമജോലിയെ കുറിച്ചുള്ള ചിത്രങ്ങളും ലേഖനങ്ങളും ഡച്ച് പത്രങ്ങള്‍ പുറത്ത്കൊണ്ടുവരികയും അവിടുത്തെ പത്തു ലക്ഷം ചൈനക്കാരായ അടിമകളുടെ ദുരിത ജീവിതത്തെ കുറിച്ച് വാന്‍ ഡെന്‍ ബ്രാന്‍ഡ് എന്ന ഒരു വക്കീല്‍ തന്റെ സോഷ്യലിസ്റ്റ് ആദര്‍ശങ്ങളുടെ വെളിച്ചത്തില്‍ തയ്യാറാക്കിയ ലഘുലേഖ സിവില്‍ സമൂഹത്തിലെ ചർച്ചകള്‍ക്ക് കാരണമാവുകയും ചെയ്തു. ഡച്ച് ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു. ജെ. സി. ടി. റെoറെവിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഘുലേഖയിലെ നിഗമനങ്ങള്‍ ശരി വയ്ക്കുന്നവ ആയിരുന്നു. ആ ചര്‍ച്ച സജീവമായപ്പോള്‍ യാഥാസ്ഥിതികര്‍ എടുത്ത നിലപാടാണ് ഈ പ്രശ്നത്തില്‍ യൂറോപ്പിന്റെ ഈ ഇരട്ട മുഖത്തെ കുറിച്ചുള്ള കാതലായ ഒരു സൂചന നല്‍കുന്നത്. കോളനികളിലെ ക്രൂരതകളെ കുറിച്ചുള്ള ചര്‍ച്ച സജീവമായപ്പോള്‍, യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ കോളനികളുടെ ഭരണത്തില്‍ പാലിക്കേണ്ടതില്ല എന്നതായിരുന്നു ആ നിലപാട്. “യൂറോപ്യന്‍ മാനദണ്ഡങ്ങള്‍” ഉണ്ടാവുന്നത് അപരത്വത്തെ നിര്‍വചിക്കാനുള്ള മേഖല യൂറോപ്പില്‍ നിന്ന് കോളനികളിലേക്ക് മാറ്റിക്കൊണ്ടാണെന്നതാണ് ഇവിടെ ശ്രദ്ധേയമായിട്ടുള്ള വസ്തുത. പോസ്റ്റ്‌ കൊളോണിയല്‍ കാലത്ത് ഓരോ യൂറോപ്യന്‍ രാജ്യങ്ങളും ഈ അപര പ്രവേശനത്തിന്റെ ഫലമായി മള്‍ട്ടികള്‍ച്ചറല്‍ ചരിത്രത്തിലേക്ക് നിസ്സഹായതയോടെ കാലെടുത്തു വച്ചു. അതിന്റെ പേരില്‍ ഉണ്ടായ ധ്രുവീകരണത്തിന്റെ ഏറ്റവും ഹിംസാത്മകമായ പ്രതികരണങ്ങളില്‍ ഒന്നായിരുന്നു 2011 –ല്‍ നോര്‍വയില്‍ വര്‍ക്കേര്‍സ് യൂത്ത് ലീഗിന്റെ സമ്മര്‍ ക്യാമ്പിലേക്ക് ആന്ടെഴ്സ് ബെറിംഗ് ബ്രെവൈക് എന്ന യാഥാസ്ഥിതിക വംശീയ വാദി നടത്തിയ 69 പേരുടെ കൊലയില്‍ കലാശിച്ച ആക്രമണം. ഭരണകൂടങ്ങള്‍ തന്നെ ഇതര മത ചിന്ഹങ്ങളെ -ഹിജാബ് മുതല്‍ സിഖ് തലപ്പാവ് വരെ – മതേതര യൂറോപിന്റെ കളങ്കമായി കാണുന്നതും ഇതേ മള്‍ട്ടികള്‍ച്ചറിസത്തിന്റെ പശ്ചാത്തലത്തില്‍ ആണ്. ഈ പുതിയ പലായനങ്ങള്‍ പഴയ ആക്രമണങ്ങളും അധിനിവേശവും സൃഷ്ടിച്ച ചരിത്ര-പ്രത്യയ ശാസ്ത്ര – സാമൂഹികതക്കുള്ളിലാണ് രൂപം കൊള്ളുന്നത്‌ എന്നതിനാല്‍ ഇതിന്റെ രാഷ്ട്രീയമായ പ്രതിനിധാനങ്ങള്‍ യൂറോപ്പിലും ഏഷ്യയിലും വ്യത്യസ്ഥമായി തീരുന്നു. ഒരേ സമയം യൂറോപ്യന്‍ മാനദണ്ഡങ്ങളിലേക്ക് നിര്‍ബന്ധിക്കുകയും (ആധുനികവല്‍ക്കരണ സിദ്ധാന്തം മുതല്‍ ജനാധിപത്യവും സാംസ്കാരിക വിമര്‍ശനവും വരെ) എന്നാല്‍ എഷ്യയെയും ആഫ്രിക്കയേയുമൊക്കെ അപരവല്കരിച്ചു കൊണ്ട് സ്വയം വേറിട്ട്‌ നിര്‍വചിക്കുകയും ചെയ്യുന്ന യൂറോപ്പിനെയാണ് നാം എപ്പോഴും സന്ധിക്കുന്നത്. എന്താണ് യൂറോപ്പിനെ ഇങ്ങനെ വേറിട്ട്‌ അറിയുക എന്നതിലെ രാഷ്ട്രീയം? ‘യൂറോപ്പിന്റെ പ്രാദേശികവല്‍ക്കരണം’ എന്ന കൃതിയില്‍ ദീപേഷ് ചക്രവര്‍ത്തി (Dipesh Chakrabarty. 2000. ‘Provincializing Europe: Postcolonial thought and historical difference’. Princeton: Princeton University Press.) നല്‍കുന്ന സുദീര്‍ഘമായ ചർച്ചയിലേക്കല്ല പോകുന്നത്. ഇതേ കുറിച്ച് മറ്റൊരിക്കല്‍ എഴുതുന്നുണ്ട്. പോസ്റ്റ്‌ കൊളോണിയല്‍ ജീവിതാനുഭവങ്ങളും പോസ്റ്റ്‌ കൊളോണിയല്‍ ആധുനികതയെ വ്യാഖ്യാനിക്കുന്നതിന് പാശ്ചാത്യ പരികല്‍പ്പനകള്‍ ഇപ്പോഴും ഉപയോഗിക്കുന്നു എന്ന യാഥാര്‍ത്ഥ്യവും തമ്മിലുള്ള പൊരുത്തക്കേട് ചരിത്രരചയിതാക്കള്‍ കാണാതെ പോകരുത് എന്ന് ദീപേഷ് ചക്രവര്‍ത്തി പറയുന്നത് ഒരു ചൂണ്ടു പലകയാണ്. പാശ്ചാത്യേതര രാജ്യങ്ങളിലെ പോസ്റ്റ്‌ കൊളോണിയല്‍ രാഷ്ട്രീയം മനസ്സിലാക്കുന്നതിനു യൂറോപ്യന്‍ ചിന്ത ഒരേ സമയം അത്യന്താപേക്ഷിതവും എന്നാല്‍ അപര്യാപ്തവുമാണ് എന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ആധുനികതയുടെ ഈറ്റില്ലം എന്ന നിലയില്‍ മിത്തായി മാറിയിട്ടുള്ള ഒരു ഭാവനാത്മക-ആദര്‍ശാത്മക യൂറോപ്പിലേക്കുള്ള പ്രയാണമായി ഓരോ ഏഷ്യന്‍ രാജ്യത്തിന്റെ ചരിത്രത്തെയും കാണുന്ന പ്രവണത ഇപ്പോള്‍ സാമൂഹിക ശാസ്ത്രം ഒട്ടൊക്കെ ഉപേക്ഷിച്ചു എന്ന് പറയാമെങ്കിലും ഏഷ്യയിലെ ജനാധിപത്യവല്‍ക്കരണത്തിന്റെ സ്ഥൂല രാഷ്ട്രീയത്തിലും സംസ്കാരത്തിന്റെ സൂക്ഷ്മ രാഷ്ട്രീയത്തിലും പുതിയ യൂറോപ്പ് അതിന്റെ യാഥാസ്ഥിതിക അധികാര-അധീശത്വ സ്ഥാനങ്ങള്‍ അവകാശമാക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ, യൂറോപ്പിനെ അറിയാതെ ഏഷ്യയെ അറിയാന്‍ കഴിയുന്നില്ല എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കാനാവില്ല. എന്നാല്‍ എങ്ങനെയാണ് യൂറോപ്പിനെ അറിയുക എന്ന ചോദ്യം നമ്മെ നയിക്കുക കടുത്ത വിയോജിപ്പുകളുടെ മേഖലയിലേക്കാണ്. ആഗോള രാഷ്ട്രീയത്തിന്റെ ഒരു പശ്ചാത്തലമില്ലാതെ ഇത്തരമൊരു അന്വേഷണം സാധ്യമാവുകയില്ല. തെക്ക് കിഴക്കന്‍ ഏഷ്യയിലെ നവ വികസിത രാജ്യങ്ങള്‍ കൊളോണിയല്‍ പാരമ്പര്യത്തോട് പ്രതികരിക്കുന്നത് അടിസ്ഥാനപരമായ ശത്രുതയോടെയല്ല എന്നത് ശ്രദ്ധേയമാണ്. ഹോങ്കോങ്ങില്‍ ഞാന്‍ കണ്ടിട്ടുള്ളത് കടുത്ത കൊളോണിയല്‍ വിധേയത്വമാണ്. 99 -കൊല്ലത്തെ പാട്ടത്തിനു ചൈനയുടെ കയ്യില്‍ നിന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വാങ്ങിയ പ്രദേശമാണ് ഹോങ്കോങ്ങ്. 1997-ല്‍ അത് ചൈനക്ക് തിരികെ നല്‍കുമ്പോള്‍ ഹോങ്കോങ്ങിലെ വളരെ ചെറിയൊരു വിഭാഗം മാത്രമേ അതിനെ അനുകൂലിക്കാന്‍ ഉണ്ടായിരുന്നുള്ളൂ. ചൈനയും ബ്രിട്ടനുമായുള്ള കരാര്‍ പ്രകാരം ഹോങ്കോങ്ങിലെ ഇപ്പോഴത്തെ ഭരണ സംവിധാനം അമ്പതു വര്‍ഷങ്ങള്‍ക്കു ശേഷമേ മാറ്റാന്‍ പാടുള്ളൂ എന്നതായിരുന്നു. എന്നാല്‍ കൊളോണിയില്‍ ശക്തിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ടിരിക്കുന്നു എന്നല്ല, ചൈനയുടെ ഭാഗമാവാന്‍ പോകുന്നു എന്ന വിചാരമാണ് ഹോങ്കോങ്ങ് നിവാസികളെ വേദനിപ്പിച്ചത്. അതിന്റെ പ്രതിഫലമായിരുന്നു വോങ്ങ് കാര്‍ വൈയുടെ (Wong Kar-wai) വിഖ്യാത ചിത്രമായ In the mood for love എന്ന ചിത്രത്തില്‍ കണ്ടത്. അപ്രധാനം എന്ന് തോന്നാവുന്നതായിരുന്നു അതിലെ കമിതാക്കള്‍ ഒന്നിക്കുന്ന ഹോട്ടല്‍ മുറിയുടെ നമ്പര്‍- 2046. പിന്നീട് 2046 എന്ന പേരില്‍ തന്നെ ഒരു സിനിമ വോങ്ങ് കാര്‍ വൈ എടുത്തു. അത് വെറുമൊരു സംഖ്യയല്ല. അത് AD 2046 ആണ്; ഹോങ്കോങ്ങുകാര്‍ കാത്തിരിക്കാത്ത കലണ്ടര്‍ വര്‍ഷമാണ്‌. ആ വര്‍ഷമാണ്‌ 50 വര്‍ഷത്തേക്ക് മാറ്റില്ല എന്ന് ഇംഗ്ലണ്ടിനു ചൈന വാക്ക് കൊടുത്തിട്ടുള്ള ഭരണമാറ്റത്തിന്റെ വർഷം ! കൊളോണിയലിസത്തെ അല്ല, അവരുടെ പഴയ രാജ്യമായ ചൈനയെ ആണു അവര്‍ ശത്രുവായി കാണുന്നത്. ഏഷ്യാ ചരിത്രത്തിലെ ഇത്തരം ഐറണികള്‍ അപവാദങ്ങളല്ല. പല ഏഷ്യകള്‍ ഉള്ളതുപോലെ ഓരോ ഏഷ്യക്കും ഓരോ യൂറോപ്പും ഉണ്ടാവുന്നു എന്നര്‍ത്ഥം. ഏഷ്യ ഇന്ന് ഏഷ്യയില്‍ മാത്രമല്ല എന്നത് പോലെ പ്രധാനമാണ് ഏഷ്യക്കുള്ളിലെ ഉള്‍വലിയലുകളെ തിരിച്ചറിയുക എന്നതും. മൂലധനത്തിന്റെയും അധ്വാന ശക്തിയുടെയും അസമമായ സഞ്ചാര സ്വാതന്ത്ര്യങ്ങള്‍, അതിന്റ പ്രത്യാഘാതങ്ങള്‍, അതിന്റെ സംഘര്‍ഷങ്ങള്‍, ഒക്കെ ചര്‍ച്ച ചെയ്യുന്ന വലിയൊരു ഉട്ടോപ്പിയ കൂടി ആയി ട്രാന്‍സ് നാഷണലിസവും കൊസ്മോപോളിറ്റനിസവും ഇന്ന് അക്കാദമിക് മേഖലയിലെ സജീവ വിഷയങ്ങളാണ്. മാറുന്ന ലോകത്തെ മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു ആഗോള രാഷ്ട്രീയത്തിലേക്ക് ഈ സമ്മര്‍ദ്ദങ്ങള്‍ നമ്മെ നയിക്കുന്നുണ്ടോ എന്നത് പരിശോധിക്കേണ്ടതുണ്ട്. സിസെക്കിന്റെ സന്നിഗ്ദ്ധമായ ഉള്‍ക്കാഴ്ചകളില്‍ ഒന്ന് രാഷ്ട്രീയത്തോട് ഒരു ആഗോള സമീപനം വേണമെന്നതാണ് (“Class struggle or postmodernism? Yes please”). എങ്ങനെയാണ് ഈ ആഗോളസമീപനം രൂപപ്പെടുത്തുക എന്നതിനെ കുറിച്ച് അധികമൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. എന്നാല്‍ രാഷ്ട്രീയത്തിലെ ആഗോള സമീപനം എന്നത് ഒരു പ്രായോഗിക പ്രശ്നം മാത്രമല്ല, ഒരു സൈദ്ധാന്തിക പ്രശ്നം കൂടിയാണെന്ന് തോന്നുന്നു. പ്രായോഗികവും സൈദ്ധാന്തികവുമായി ഏഷ്യയെ പ്രശ്നവല്‍ക്കരിക്കുകയും ഏഷ്യ എന്ന വിഘടിത സ്വത്വത്തിന്റെയും യൂറോപ്പ് എന്ന ഭാവനാത്മക സാകല്യത്തിന്റെയും ഇടയിലുള്ള വൈരുദ്ധ്യങ്ങളുടെ അനാവരണങ്ങള്‍ നല്‍കുന്ന സൂചനകളിലൂടെ സഞ്ചരിക്കുകയുമാണ് ഈ പംക്തിയിലെ കുറിപ്പുകള്‍ ലക്ഷ്യം വക്കുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലത്തിനിടയില്‍ ലോകത്തിലെ വിവിധ രാജ്യങ്ങള്‍ എന്റെ പഠന-ഗവേഷണ യാത്രകളുടെ ഭാഗമായി ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. വിശദമായ പഠന യാത്രകള്‍ കൂടുതലും ഏഷ്യന്‍ രാജ്യങ്ങളിലേക്കായിരുന്നു. ഒരേ രാജ്യം തന്നെ പല തവണ സന്ദര്‍ശിച്ചിട്ടുണ്ട്. നിരവധി വ്യക്തികളും ഗ്രൂപ്പുകളും അടങ്ങുന്ന വൈവിധ്യമാര്‍ന്ന ഒരു സൌഹൃദശൃംഖലയിലെ കണ്ണിയാകുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ കുറിപ്പുകളില്‍ തീര്‍ച്ചയായും അത്തരം യാത്രകളുടെ, സൌഹൃദങ്ങളുടെ ഓര്‍മ്മകളും അടയാളങ്ങളും കടന്നു വരാതിരിക്കാന്‍ കഴിയില്ല. കാരണം വായനക്കൊപ്പം ആ സംഭാഷണങ്ങളും കൂടിച്ചേരലുകളും പങ്കുവയ്ക്കലുകളും എന്റെ അനുഭവത്തെ സമ്പന്നമാക്കിയിടുണ്ട്. അതുകൊണ്ട് തന്നെ ഇതൊരു യാത്രാവിവരണ പരമ്പരയല്ലെങ്കിലും എന്റെ വായനയുടെയും, വിശകലനശേഷിയുടെയും പരിമിതിയെ, ഞാന്‍ ഈ യാത്രകളില്‍ കണ്ട കാഴ്ചകളുടെ, അറിഞ്ഞ യാഥാര്‍ത്ഥ്യങ്ങളുടെ, ഗ്രാമീണരും തൊഴിലാളികളും യുവാക്കളും വിദ്യാർത്ഥികളും ആക്ടിവിസ്റ്റുകളും, അക്കാദമിക് സുഹൃത്തുക്കളും ഒക്കെ പലപ്പോഴായി പങ്കുവച്ച നേരറിവുകളുടെ സാക്ഷ്യങ്ങള്‍ കൊണ്ട് കൂടി മറികടക്കാന്‍ നോക്കുന്നത്, ആ അനുഭവങ്ങളുടെ ഊഷ്മളത മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുന്നതുകൊണ്ട് കൂടിയാണ്. ചെന്ന് കണ്ടാലുടനെ അറിയാന്‍ പാകത്തില്‍ ഒരു രാജ്യവും സമൂഹവും ആര്‍ക്കും നിന്ന് കൊടുക്കുന്നില്ല. അതുകൊണ്ട് തന്നെ മനുഷ്യസഞ്ചാരങ്ങളുടെ അടയാളങ്ങളെ അവയുടെ രാഷ്ട്രീയത്തില്‍, സാമൂഹികതകളില്‍, ചരിത്ര സന്ദര്‍ഭങ്ങളില്‍ മനസിലാക്കുക എന്ന രീതിയാണ് ഞാന്‍ സ്വീകരിക്കുന്നത്. രാഷ്ട്രീയത്തിലെ ആഗോള സമീപനം എന്നാല്‍ ഒരു ദേശീയ-അന്തര്‍ദേശീയ നിഷ്പക്ഷതയല്ല എന്ന് എനിക്കറിയാം. സ്വത്വ വിസ്ഫോടനത്തിന്റെ ആഗോള പരിസരം ദേശീയ പ്രാദേശിക രാഷ്ട്രീയത്തിലേക്ക് വിവര്‍ത്തനം ചെയ്യുക എന്ന ബാധ്യതയില്‍ നിന്നു ഒഴിഞ്ഞുകൊണ്ടുള്ള സമീപനം ഉണ്ടാവില്ല. ഞാന്‍ ആദ്യം സൂചിപ്പിച്ച എന്റെ സുഹൃത്ത്‌ ദീപക് കുമാരന്‍ മേനന്‍ കാണിച്ചു തരുന്നതു പോലുള്ള അഗാധമായ മുറിവുകളെ കുറിച്ച് നാം സാധാരണ സംസാരിക്കാറില്ല. ഏഷ്യയുടെ സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ പരിസരത്ത് നിന്നുകൊണ്ട് അത്തരം മുറിവുകളുടെ ചരിത്രത്തിലേക്ക് ചില കാതലായ അന്വേഷണങ്ങള്‍ നടത്തുമ്പോള്‍ സമകാല രാഷ്ട്രീയത്തിന്റെ അനിവാര്യമായ തിരുത്തലുകളിലേക്ക് അവയെ ബന്ധിപ്പിക്കാന്‍ സാധിക്കുന്നതെങ്ങനെ എന്നത് എന്നെ വല്ലാതെ വേവലാതിപ്പെടുത്തുന്നുണ്ട്. എങ്കിലും എഴുത്തും പ്രതിഫലനങ്ങളും സാര്‍ത്ഥകമാവുന്നത് അത്തരം സംയോഗങ്ങളുടെ ജൈവതലം സജീവമാമ്പോഴാണ് എന്ന് ഞാന്‍ ശക്തമായി തിരിച്ചറിയുകയും അതിന്റെ സാധ്യതകളിലേക്ക് ഉറ്റു നോക്കുകയും ചെയ്യുന്നു.

Comments

comments