ഡോ. ടി ടി ശ്രീകുമാര്‍ (ജൂലൈ  25, 2013 ഇന്ത്യാ വിഷന്‍ അതിഥി)

എന്തിനാണ് മുന്‍ ഗ്വാണ്ടനാമോ തടവുകാരനായ അല്‍ റുബായിഷിന്‍റെ ‘കടലിനു ഒരു ഗീതം’ എന്ന ഇംഗ്ലീഷ് ബിരുദ പഠനത്തിനു ഉള്‍ക്കൊള്ളിച്ചിരുന്ന കവിത കോഴിക്കോട് സര്‍വകലാശാല ഇപ്പോള്‍ തിടുക്കപ്പെട്ടു പിന്‍വലിച്ചത്? കവിത എഴുതിയത് അല്‍ഖ്വൈദയുടെ ഭാഗമായ അല്‍ റുബായിഷ് എന്നാ ഭീകരവാദി ആണെന്നും അതിനാല്‍ അദ്ദേഹത്തിന്റെ കവിത പഠിപ്പിക്കരുതെന്നും ആവശ്യപ്പെട്ടത് സംഘ പരിവാര്‍ ആണ്. കവിത തെരെഞ്ഞെടുത്തതിന്റെ മാനദണ്ഡം സര്‍വ്വകലാശാല തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യത്തെ കുറിച്ചുള്ള, മനുഷ്യാവകാശത്തെ കുറിച്ചുള്ള കവിതകളുടെ സമാഹാരത്തിലാണ് ഈ കവിത ഉള്‍പ്പെടുത്തിയത്. കവിതയുടെ സാഹിത്യ മൂല്യത്തെ കുറിച്ച് പാരമ്പര്യ വാദികള്‍ക്ക് പോലും സംശയമുണ്ടായിരുന്നില്ല. അല്‍ റുബായിഷിന്‍റെ കവിത മനുഷ്യന്റെ മോചനപ്രതീക്ഷയുടെ തീക്ഷ്ണമായ ഒരു സന്ദര്‍ഭത്തെ ആവിഷ്കരിക്കുന്നതാണ് എന്ന കാര്യത്തില്‍ ജനാധിപത്യ വാദികള്‍ക്ക് തര്‍ക്കമുണ്ടായിരുന്നില്ല.

അതിനൊരു കാരണം ഉണ്ടായിരുന്നു. ലോകമെങ്ങുമുള്ള ജനാധിപത്യ വാദികള്‍ അപലപിച്ചുകൊണ്ടിരിക്കുന്നതാണ് ഗ്വാണ്ടനാമോയിലെ ലോക നിയമങ്ങള്‍ക്കു വിരുദ്ധമായ അമേരിക്കന്‍ തടവറയും അവിടുത്തെ കൊടും പീഡനങ്ങളും. അവിടെ അടക്കപ്പെട്ടിരിക്കുന്നവരില്‍ പലര്‍ക്കും എതിരെ അമേരിക്കന്‍  കോടതികള്‍ക്ക് പോലും വിശ്വാസ്യമായ തെളിവുകള്‍ കൊണ്ട് വരാന്‍ സാധിക്കാതെ സൈന്യവും ഭരണകൂടവും ബുദ്ധിമുട്ടുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. ആ തടവറയിലെ ദുസ്സഹമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ അടങ്ങാത്ത സ്വാതന്ത്ര്യ ദാഹത്തോടെ കരി കൊണ്ടും പേസ്റ്റ് കൊണ്ടും ഒക്കെ ചുവരിലും പാത്രങ്ങളിലുമൊക്കെ എഴുതിയ കവിതകള്‍ ‘Poems from Guantanamo: The Detainees Speak’  എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ നിന്നാണ് സര്‍വകലാശാല ഈ കവിത തെരഞ്ഞെടുത്തിരുന്നത്. ഉന്നതമായ കവിത്വശക്തിയും  സാര്‍വലൌകികമായ സ്വാതന്ത്ര്യ സന്ദേശവും, ഇരുട്ടറയിലെ ലോകം അപലപിച്ച പീഡിത ജീവിതത്തിന്റെ മുറിവിലെ രക്തമായി പുറത്തേക്കു വന്നപ്പോള്‍ ഉണ്ടായ  സ്വീകാര്യതയാണ് ഗ്വാണ്ടനാമോക്കവിതകളില്‍ തന്നെ അല്‍ റുബായിഷിന്‍റെ കവിതയെ വ്യതസ്തമാക്കിയത്.

സോവിയറ്റ് യൂണിയനില ലേബര്‍ ക്യാമ്പുകളില്‍, നാസി ജര്‍മനിയിലെ കൊണ്സേന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ഒക്കെ ഇതുപോലെ തടവുകാര്‍ കവിതകള്‍ എഴുത്തിയിട്ടുണ്ട്. ജീവിതം നിരാശയുടെ പടുകുഴിയില്‍ പൊള്ളിപ്പിടയുമ്പോഴും, പ്രത്യാശയുടെ ഒരു വിദൂര കിരണം പോലും ഇരുട്ടറയിലേക്ക് കടക്കാതിരിക്കുന്ന ദുസ്സഹ കാലത്തെ തരണം ചെയ്യാന്‍, മര്‍ദ്ദനത്തിന്റെയും അന്തസ്സ് ചോദ്യം ചെയ്യപ്പെടുന്നതിന്റെയും നിത്യമായ അപമാനനത്തിന്റെയും നിസ്സീമമായ വേദനകളെ മറികടക്കാന്‍ തടവുകാര്‍  കണ്ടെത്തുന്ന മാര്‍ഗ്ഗമാണ് രഹസ്യമായ സാഹിത്യ രചന. കടലാസും പേനയുമില്ലാതെ, മറ്റു എഴുത്തുപകരണങ്ങള്‍ ഒന്നുമില്ലാതെ തടവറയില്‍ കിട്ടുന്ന സാമഗ്രികള്‍ കൊണ്ട് ഒരിക്കലുo മറ്റാരും വായിക്കാന്‍ കൂടി ഇടയില്ലെന്ന് വിശ്വസിച്ചുകൊണ്ടു തന്നെ എഴുതി വയ്ക്കുന്ന കവിതകള്‍ മനുഷ്യ സ്വാതന്ത്ര്യ വാഞ്ചയുടെ എക്കാലത്തെയും വലിയ പ്രതീകങ്ങളാണ്.

ഗ്വാണ്ടനാമോ തടവറ കേരളത്തിനു അപരിചിതമല്ല. കേരളീയ മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഒക്കെ ഗ്വാണ്ടനാമോയിലെ അമേരിക്കന്‍ സൈന്യ ഭീകരതയെ അപലപിച്ചിട്ടുണ്ട്. അവിടെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണ് എന്ന് കവലകള്‍ തോറും നേതാക്കള്‍ പ്രസംഗിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ  ഇങ്ങനെ തെരുവുകളില്‍ തൂക്കിയിട്ടു പ്രദര്‍ശിപ്പിക്കുന്ന    സാമ്രാജ്യത്വ വിരുദ്ധത കുറച്ചു കേരള മുത്തലിക്കുകള്‍ വിരല്‍ വിറപ്പിച്ചപ്പോള്‍ കാണാതാവുകയാണ്. ഗ്വാണ്ടനമോയിലെ പീഡനത്തെ കുറിച്ച് കണ്ണീര്‍ ഫീച്ചര്‍ എഴുതാം. സാമ്രാജ്യത്വത്തെ അപലപിക്കാം. ഒബാമയുടെ കോലം കത്തിക്കാം. സ്നോഡനു അഭയം കൊടുക്കാത്തതിനു മന്‍മോഹന്‍ സിംഗിനെ ആക്രമിക്കാം. എന്നാല്‍ പീഡനം അനുഭവിച്ചവര്‍ അതെ കുറിച്ച് കവിത എഴുതുന്നത് നിരോധിക്കണം എന്ന് പറഞ്ഞു ഹിന്ദുത്വ വാദികള്‍ ഇളകി വരുമ്പോള്‍ പ്രതിരോധിക്കാന്‍ വിദ്യാര്‍ഥി സംഘടനകളും അദ്ധ്യാപക സംഘടനകളും യുവജന സംഘടനകളും ഒന്നുമില്ല. സമരവുമില്ല, പ്രതിഷേധവുമില്ല. ആരും ഒന്നും കേട്ടില്ല, കണ്ടില്ല.

അല്‍ റുബായിഷ് ഭീകരവാദിയാണോ എന്നത് ഈ സന്ദര്‍ഭത്തില്‍ പ്രസക്തമല്ലെങ്കില്‍ പോലും, ആ ആരോപണം തന്നെയും പൂര്‍ണ്ണമായും സത്യമല്ല എന്നാണു മനസ്സിലാകുന്നത്‌. Poems from Guantánamo: The Detainees Speak, എന്ന പുസ്തകത്തിന്റെ എഡിറ്റര്‍ മാര്‍ക്ക് ഫല്ക്കൊഫ് അല്‍ റുബായിഷിനെ പരിചയപ്പെടുത്തുന്നത് അദ്ദേഹം പാകിസ്ഥാനില്‍ അദ്ധ്യാപകന്‍ ആയിരുന്നപ്പോള്‍ കൂലിപ്പട്ടാളക്കാര്‍ അറസ്റ്റ് ചെയ്തു അമേരിക്കയെ ഏല്‍പ്പിക്കുക ആയിരുന്നു എന്നാണു.  അഞ്ചു വര്ഷം ഗ്വാണ്ടനാമോ യില്‍ തടവിലായിരുന്ന അദ്ദേഹം പിന്നീട് മോചിതനായി. വിക്കിപ്പീടിയയിലും മറ്റും കൊടുത്തിട്ടുള്ള വിവരങ്ങള്‍ വസ്തുതാപരമാണോ എന്ന് സംശയമുണ്ട്‌. സൗദിയുടെ ഭീകരവാദ ലിസ്റ്റ് എന്നൊക്കെ പറയുന്നതും ഇന്നത്തെ അമേരിക്കന്‍ സൗദി ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ വിശ്വാസയോഗ്യമല്ല എന്നാണു തോന്നുന്നത്.

ഗ്വാണ്ടനാമോ കവിതകള്‍ ഒരു തീവ്രവാദ സംഘടനയുടെയും രഹസ്യ പ്രസിദ്ധീകരണമല്ല. അതിലെ വിരങ്ങള്‍ക്കുള്ള ഉത്തരവാടുത്തം അത് എഡിറ്റ്‌ ചെയ്ത പ്രോഫസ്സര്‍ ഫല്‍ക്കൊഫ്ഫിനുള്ളതാണ്. അദ്ദേഹം അമേരിക്കയിലെ നോര്‍ത്തേന്‍ ഇലിനോയിസ് യൂനിവേര്സിറ്റിയിലെ നിയമ വിഭാഗത്തില്‍ അദ്ധ്യാപകനാണ്. അത് പ്രസിദ്ധീകരിച്ചത് അമേരിക്കയിലെ പ്രസിദ്ധമായ അയോവ സര്‍വകലാശാലയാണ്. അമേരിക്കയിലെ ഒരു പ്രോഫസ്സര്‍ എഡിറ്റ്‌ ചെയ്തു അവിടുത്തെ മറ്റൊരു പ്രശസ്ത സര്‍വകലാശാല പ്രസിദ്ധീകരിച് അവിടുത്തെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഒരു പുസ്തകത്തിലെ കവിതയാണ് ഇവിടെ  നിരോധിക്കണം എന്ന് പറഞ്ഞു ശബ്ദമുയര്ത്തുന്നത്. അമേരിക്കയിലെ സര്‍വ്വകലാശാലകള്‍ക്കില്ലാത്ത എന്ത് ഭീതിയാണ് ഇവിടെ ഈ കവിത പഠിപ്പിക്കുന്നതില്‍ കോഴിക്കോട് സര്‍വ്വകലാശാലക്കുള്ളത് എന്ന് മനസ്സിലാവുന്നില്ല.

കവിത പിന്‍ വലിച്ച തീരുമാനമാണ് സര്‍വ്വകലാശാല പിന്‍ വലിക്കേണ്ടത്. അതിനായി വേണം ജനാധിപത്യവാദികള്‍ ശബ്ദമുയര്ത്തെണ്ടത് എന്നാണ് എന്റെ അഭിപ്രായം.

Comments

comments