ഡോ. ടി ടി ശ്രീകുമാര്‍ (മാതൃഭുമി ആഴ്ചപ്പതിപ്പ്, ആഗസ്റ്റ് 4 2013)

പോസ്റ്റ്‌ കൊളോണിയല്‍ സാഹിത്യവും പഠനങ്ങളും ഇന്ന് വലിയൊരു അക്കാദമിക് മേഖലയാണ്. അതിന്റെ ബഹുസ്വരത അമ്പരപ്പിക്കുന്ന വൈവിദ്ധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തവുമാണ്. ഈ കുറിപ്പില്‍ അതിന്റെ വിപുലമായ സാധ്യതകളെകുറിച്ചല്ല ഞാന്‍ ചര്‍ച്ച ചെയ്യുന്നത്. മറിച്ചു ചരിത്രം മറിച്ചിട്ട ഒരു ഭൂപടത്തിന്റെ അടിയിലെ തകര്‍ന്ന മണ്‍പാളികളിലേക്ക് നോക്കുകയാണ്. തെക്ക് കിഴക്കന്‍ ഏഷ്യയിലെയും വെസ്റ്റ് ഇന്‍ഡീസ്സിലെയും രണ്ടു വ്യത്യസ്ത ഉദാഹരണങ്ങള്‍ എന്റെ മുന്‍പിലുണ്ട്. അവിടുത്തെ ഇന്ത്യക്കാരെ കുറിച്ചു ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ എത്തുന്നത് പ്രതിരോധം എന്നത് ചരിത്രത്തിന്റെ എത്രയോ നിസ്സഹായതകളുടെ മേലാണ് പടുത്തുയര്‍ത്തേണ്ടി വരിക എന്ന കടുത്ത വ്യാകുലതയാണ്. ലോകം മുഴുവന്‍ ഒരു പോസ്റ്റ്‌ കൊളോണിയതയില്‍ മുങ്ങി നില്‍ക്കുന്നു പോസ്റ്റ്‌ കൊളോണിയല്‍ സിദ്ധാന്തത്തിന്റെ നോട്ടത്തില്‍. ഇത് ഹാസ്യമല്ല. രീതിശാസ്ത്രത്തിന്റെ സവിശേഷതയാണ്. സ്പിവക്കിന്റെ താരതമ്യേന സൌമ്യമായ പോസ്റ്റ്‌ കൊളോണിയല്‍ സൈദ്ധാന്തിക വിമര്‍ശനത്തെ  (Spivak, G. C, 1999.‘A Critique of Post-Colonial Reason: Toward a History of the Vanishing Present’,  Harvard) നിശിതമായി വിമര്‍ശിക്കുന്നുണ്ട് ടെറി ഈഗില്‍ട്ടന്‍ (London Review of Books,Vol. 21 No. 10 · 13 May 1999).  എന്നാല്‍ ലോകം മുഴുവന്‍ ഇന്ന് യൂറോപ്യന്‍ ഭരണത്തിലല്ല. രാജ്യങ്ങള്‍ സ്വതന്ത്രരായിക്കഴിഞ്ഞു. എന്നാല്‍ ഏതാണ്ട് എല്ലായിടത്തും ഡീകോളനൈസേഷൻ സ്വാ തന്ത്ര്യത്തോടൊപ്പം ദേശീയ ന്യൂനപക്ഷങ്ങളെയും സൃഷ്ടിച്ചു. പൌരത്വത്തിന്റെ അടിസ്ഥാന പ്രശ്നം ദേശീയതയുമായി കെട്ടു പിണഞ്ഞു കിടക്കുന്നു എന്നതിനാല്‍ ഇതിന്റെ രാഷ്ട്രീയം സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ എളുപ്പത്തില്‍ മറികടക്കാവുന്നതല്ല. ശ്രീലങ്കയില്‍ നടന്ന ആഭ്യന്തര യുദ്ധവും അതിന്റെ രക്തസ്നാതമായ പര്യവസാനവും നോക്കുക. മലേഷ്യയിലെ ഇന്ത്യന്‍ വംശജരുടെ സമരങ്ങള്‍ നോക്കുക. സിംഗപ്പൂരിലെ ഒച്ചയില്ലാത്ത പരാതികള്‍ നോക്കുക. പ്രതിനിധാനത്തി നു വാക്കും ഭാഷയും തേടുന്ന ഇത്തരം നിരവധി  ഏഷ്യന്‍ ആഫ്രിക്കന്‍ സമൂഹങ്ങളുണ്ട്. അവിടുത്തെ ഭരണ കൂടങ്ങള്‍ കയ്യൊഴിയുകയാണ്. എന്തിനു ഞങ്ങള്‍ കൊളോണിയലിസ്റ്റുകളുടെ പാപഭാരം ചുമക്കണം?    യൂറോപ്പിലേയോ അമേരിക്കയിലേയോ ഭരണകൂടങ്ങളെ  നേരിടുന്ന അതേ  പ്രതിരോധ രാഷ്ട്രീയവുമായി ഏഷ്യയിലെ തദ്ദേശ ഭരണകൂടങ്ങളെ നേരിടാന്‍ കഴിയില്ലെന്നതാണ്   വസ്തുത. അവര്‍ സ്വയം തങ്ങളെ തന്നെ ആഗോളവല്‍ക്കരണത്തിന്റെ ഇരകളായി പ്രഖ്യാപിക്കുന്നു.

അനുഭവങ്ങളും അവയുടെ ആവിഷ്കാരവും തമ്മില്‍ വലിയ കാലയളവുകളുടെ വിടവ് D­mhmdp­v. t]mÀ¯pഗീസുകാര്‍ വന്നപ്പോള്‍ എഴുത്തച്ഛന്‍ മിണ്ടാതിരുന്നോ എന്ന് നാം വ്യാകുലപ്പെടുന്നത്‌ ഒരു പക്ഷെ സാഹിത്യത്തിന്റെ, ഭാഷയുടെ രാഷ്ട്രീയമായ ഇത്തരം കാത്തിcn പ്പുകള്‍ അവഗണിക്കുന്നതുകൊണ്ടാവാം.. മാത്രമല്ല, അറബി മലയാളം മുതലുള്ള വിമര്‍ശനാത്മക രചനകളെയും എഴുത്തച്ഛനെയും ചേര്‍ത്ത് വച്ചാല്‍ ചിലപ്പോള്‍ ഈ ചോദ്യം തന്നെ അസാധുവാക്കുന്ന ഞടുക്കുന്ന ഉത്തരങ്ങളിലേക്ക്‌ കടക്കുവാനും കഴിഞ്ഞേക്കും. മലയാളത്തിലെ ആദ്യത്തെ ‘ബ്രിട്ടീഷ് വിരുദ്ധ കവിത’ എന്ന് ഞാന്‍ വിശേഷിപ്പിക്കുന്നത് എഴുതപ്പെട്ടത് 1907-ല്‍ ആണു. പില്‍ക്കാലത്ത് ഇതേ കവി തന്നെ ബ്രിട്ടീഷ് ചക്രവÀ¯níp മംഗള ഗീതങ്ങള്‍ എഴുതിയി«pണ്ട്. എന്ന് മാത്രമല്ല, വള്ളത്തോളിന്റെ മാതൃഭക്തി നിര്‍ഭരമായ ദേശീയതയല്ല ഈ കവിതയില്‍ ഉള്ളതും

ഞാന്‍ സൂചിപ്പിക്കുന്നത് വി സി ബാലകൃഷ്ണ പണിക്കര്‍ 1907-ല്‍ എഴുതിയ ‘വര്‍ഷാചന്ദ്രന്‍’ എന്ന കവിതയാണ്.  എന്റെ അറിവില്‍ ഇത് ഗാന്ധിയെ കുറിച്ചാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. എങ്കിലും എനിക്ക് തോന്നുന്നത് ഒരു പക്ഷെ ഗാന്ധിയെ കുറിച്ചുള്ള ആദ്യത്തെ രാഷ്ട്രീയ കവിത ഇതായിരിക്കുമെന്നാണ്. ഇതിന്റെ പ്രമേയം allegoricalആണ്. അങ്ങനെ വായിച്ചാലേ    അതിലെ രാഷ്ട്രീയം തെളിഞ്ഞു വരൂ.

“ഉള്ളത്തില്‍ സുഖമേകുമാറുദിതനാം

നിന്നെപ്പടിഞ്ഞാറെഴും

വെള്ളക്കാര്‍ പിടിപെട്ടു ഗോനിര തടു-

ത്തയ്യോ കുഴക്കുന്നിതേ

കൊള്ളക്കാരിവരസ്തമിക്കുമൊരുനാ-

ളന്നല്‍ഭുത ശ്രീരസം

തള്ളട്ടേ നവതാത, ഭാരത മഹീ

സൌഭാഗ്യ ഭാഗ്യപ്പടി”

1907-ല്‍ അന്ന് പതിനെട്ടു വയസ്സ് തികഞ്ഞിട്ടില്ലാ യിരുന്ന ഒരു മലയാളി ചെറുപ്പക്കാരന്റെ കവിതയില്‍ നിന്നാണ് ‘വെള്ളക്കാരെ” കുറിച്ച് ആദ്യമായി “കൊള്ളക്കാരവരസ്തമിക്കുമൊരുനാൾ” എന്ന പ്രസ്താവം ഉണ്ടായത്. ഈ വാക്യശകലം ഉള്‍ക്കൊള്ളുന്ന പദ്യത്തിനു ഒട്ടേറെ സവിശേഷതകളുണ്ട്. വി സി ബാലകൃഷ്ണ പണിക്കര്‍ ചക്രവര്‍ത്തിമംഗളങ്ങള്‍ എഴുതുന്നതിനും വളരെ മുന്‍പ് (സാമ്രാജ്യഗാഥ, ഭൂപാലമംഗളം, ഹാനോവര്‍ വംശാവലി) എഴുതിയ കവിതയാണ് ‘വര്‍ഷാചന്ദ്രൻ ‘ എന്നതും ശ്രദ്ധേയമാണ് .

ഇതില്‍ (ചന്ദ്രനെ മറയ്ക്കുന്ന) പടിഞ്ഞാറെഴും ‘വെള്ളക്കാർ’ കൊള്ളക്കാരാണെന്ന് 1907-ല്‍ പറഞ്ഞ യുവകവി ദേശീയപ്രസ്ഥാനത്തിനും വളരെ മുന്‍പിലായിരുന്നു എന്ന് പറഞ്ഞാല്‍ വിശ്വാസമില്ലാത്തവര്‍ക്കായി ഇത് കൂടി ഉദ്ധരിക്കാം:

“കൊണ്ടൽക്കോളുകളൊത്തുവന്നിഹ
പടിഞ്ഞാറെക്കടല്ക്കിപ്പുറം
കണ്ടപ്പോളലറിച്ചിരിച്ചീവിധം
നിന്നെപ്പിടിച്ചെങ്കിലും
ഇണ്ടൽപെട്ടുവിളങ്ങിടേണ്ട വെറുതേ
വങ്കാറ്റുവന്നാലുടൻ
കിണ്ടംപറ്റുമവർക്കു
നീവിലസുമന്നിന്ത്യാ’സ്വരാജോ’പമം ”

ഈ കവിത അന്ന് സൌത്ത് ആഫ്രിക്കയിലായിരുന്ന ഗാന്ധിയെ കുറിച്ചായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആണെന്ന് ഉറപ്പിച്ചു പറയാന്‍ കവിതയിലെ textual തെളിവുകള്‍ മാത്രമേ എന്റെ കയ്യിലുള്ളു. ഇവിടെ വര്‍ഷാചന്ദ്രന്‍ മോഹന്‍ദാസ് കരംചന്ദ് തന്നെ. വെള്ളക്കാർ അദ്ദേഹത്തെ ഇപ്പോള്‍ മറച്ചാലും സ്വരാജ്യം വരുമ്പോള്‍ നവതാതനായി അദ്ദേഹം വിലസും എന്ന് 1907-ല്‍ പറഞ്ഞ പതിനെട്ടുകാരന്‍ മലയാള കവിയുടെ രാഷ്ട്രീയദീര്‍ഘവീക്ഷണത്തെ കുറിച്ച് അധികമൊന്നും പറഞ്ഞു കേട്ടിട്ടില്ല.   അന്ന് 29 വയസ്സുണ്ടായിരുന്ന, പിന്നീട് ‘ദേശീയതയുടെ  കവി’ ആയി വാഴ്ത്തപ്പെട്ട വള്ളത്തോള്‍ ഇതൊക്കെ അക്കാലത്ത് ആലോചിച്ചിട്ടു പോലും ഇല്ലായിരുന്നു എന്നാണ് തോന്നുന്നത്. ഗാന്ധിയെ കുറിച്ച് എഴുതിക്കാണുമ്പോള്‍ മനം അഭിമാനപൂരിതമാവുകയോ ഞരമ്പില്‍ ചോര തിളക്കുകയോ ഒന്നും ചെയ്യുന്നില്ല എനിക്ക്. ഗാന്ധിയെ മാറിയ രാക്ഷ്ടീയ സാഹചര്യങ്ങളിൽ വിമര്‍ശനാത്മകമായി കാണണമെന്നും ജയന്‍ ചെറിയാനും കന്തസ്വാമിയുമൊക്കെ നടത്തുന്ന നിശിതമായി വിചാരണകളോട് ഒപ്പം നില്‍ക്കണമെന്നും തന്നെയാണ് എന്റെ അഭിപ്രായം. എങ്കിലും ഈ കവിതക്കുള്ള ചരിത്ര പരമായ പ്രാധാന്യമോ അതിന്റെ കൊളോണിയല്‍ വിരുദ്ധ ഉള്ളടക്കമോ കണ്ടില്ലെന്നു നടിക്കാന്‍ ആവില്ല. നവതാതനെന്നും , സ്വരാജ്യമെന്നും, വെള്ളക്കാരെന്ന കൊളളക്കാര്‍ ഒടുവില്‍ ഒഴിഞ്ഞു പോവേണ്ടി വരുമെന്നുമൊക്കെ പറയുന്ന യുവാവ് ഇതൊക്കെ ഏതു തലത്തില്‍ നിന്നാണ് പറഞ്ഞിരുന്നത് എന്നത് അന്വേഷിക്കേണ്ട കാര്യമാണ്. അപ്പോള്‍ ഇതിനു ലാവണ്യപരമായ മറ്റൊരു പ്രാധാന്യം കൂടി കൈവരുന്നു. ഇത് ശക്തമായൊരു political allegoryആയിട്ടാണ് നാം വായിക്കേണ്ടത് എന്നതാണത്. പ്രതിരോധത്തിന്റെ രാഷ്ട്രീയ സന്ദര്‍ഭം കേരളത്തില്‍ ശക്തമാവാതിരുന്നതും മറ്റു കവികള്‍ ഈ വഴിക്ക് ചിന്തിക്കുക പോലും ചെയ്യാതിരുന്നതും ഒരു പക്ഷെ ‘ഒരു വിലാപ’ ത്തിലേക്കുള്ള വളര്‍ച്ചയില്‍ അദ്ദേഹം ഈ രാഷ്ട്രീയo വിസ്മരിച്ചതുമൊക്കെയാവാം ഇതിനു തുടര്‍ച്ചകള്‍ ഉണ്ടാവാതെ പോയതിനു കാരണം.

എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ ചരിത്രപരമായ മാതൃകകളോ രീതികളോ കണ്ടെത്താന്‍ വിഷമമാണ്. മക്സ്വേല്‍ 1965 –ല്‍ എഴുതിയ പഠനം പോസ്റ്റ്‌ കൊളോണിയല്‍ സാഹിത്യത്തിന്റെ രണ്ടു സാധ്യതകളെ- അമേരിക്കയും ആസ്ട്രേലിയയും  കാനഡയും പോലുള്ള സെറ്റ്ലര്‍ കോളനികളും ഇന്ത്യയും നൈജീരിയയും പോലുള്ള അധിനിവേശ ഭരണ പ്രദേശങ്ങളും തമ്മിലുള്ള വ്യത്യാസം സൃഷ്ടിക്കുന്ന ഭാഷാപരമായ പ്രശ്നങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നതാണ് (D. E. S. Maxwell (1965) “Landscape and Theme,” Commonwealth Literature: Unity and Diversity in a common Culture” ed. John Press, London: Heinemann p.82-89). കരീബിയന്‍ ദ്വീപുകളില്‍ കൂലിയടിമകളെ  കൊണ്ട് വന്നു അവരുടെ ഭാഷ നശിപ്പിക്കുന്നതിനു വേണ്ടി ഒരു ബാബേല്‍ പരീക്ഷണമാണ് ബ്രിട്ടീഷുകാര്‍ നടത്തിയത്- ഒരേ ഭാഷ സംസാരിക്കുന്നവരെ ഒരുമിച്ചു താമസിക്കാന്‍ അനുവദിക്കാതിരിക്കുക. കലാപം ഉണ്ടാവാതിരിക്കാനുള്ള മുന്കരുതലായിരുന്നത്രേ ഇത്! ഭാഷയുടെ മേലുള്ള ഈ ക്രൂരതയേക്കാള്‍ വലിയ ഹീനകൃത്യമുണ്ടോ എന്ന് സംശയിച്ചു പോവുകയാണ്. ഏഷ്യയെയും ആഫ്രിക്കയെയും അപേക്ഷിച്ച് കൂടുതല്‍ കാലം കോളനിവല്‍ക്കരണം നേരിട്ട കരീബിയന്‍ ദ്വീപുകളില്‍ സാഹിത്യത്തിന്റെ പ്രതിരോധം തുടങ്ങുന്നത് പതുക്കെയാണെന്നു രാജീവ് പാട്കെ നിരീക്ഷിക്കുന്നുണ്ട് (Rajiv S. Patke (2002) ‘Post-Colonial Poetry in English’, Oxford University Press). വെസ്റ്റ്‌ ഇന്ത്യന്‍ കവിത കാലുറപ്പിക്കുന്നത് തന്നെ രണ്ടാം ലോക യുദ്ധത്തിനു ശേഷമുള്ള കാലത്താണ്. ബ്രിട്ടനുമായുള്ള ബന്ധം സൃഷ്ടിച്ച ധൈഷണികമായ ഉണർവുകൾ  കരീബിയന്‍ രാഷ്ട്രീയചിന്തയെയാണ് കൂടുതല്‍ സജീവമാക്കിയത്. ഫ്രാന്‍സ് ഫാനന്‍, സി. എല്‍. ആര്‍. ജെയിംസ് എന്നിവരുടെ രാഷ്ട്രീയ വിചാരങ്ങള്‍ കൊളോണിയല്‍-വംശീയവിരുദ്ധ രാഷ്ട്രീയ ചിന്തയെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തി.1868-ല്‍ ജനിച്ചു 1963-ല്‍ അന്തരിച്ച ആഫ്രിക്കന്‍-അമേരിക്കന്‍ ചിന്തകന്‍ ഡബ്ല്യൂ. ഇ. ബി. ഡുബോയിസ് സൃഷ്ടിച്ച വിചാരലോകം വിസ്മരിച്ചുകൊണ്ടല്ല, ഫാനന്‍ തുടങ്ങിയവരുടെ ചിന്തയിലുള്ള അതിന്റെ വലിയ സ്വാധീനങ്ങള്‍ അവഗണിച്ചുകൊണ്ടും അല്ല, ബ്രിട്ടീഷ് ബന്ധത്തെ കുറിച്ച് സൂചിപ്പിക്കുന്നത്. കോളനികളിലെ ധൈഷണിക പരിണാമങ്ങളെ വ്യത്യസ്ത ബൌദ്ധിക-രാഷ്ട്രീയ തലങ്ങളില്‍ മനസ്സിലാക്കേണ്ടതുണ്ട്. ഇതെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടന്നിട്ടുമുണ്ട്‌.  ഡുബോയിസ് പി എച്. ഡി നേടുന്ന ആദ്യത്തെ ആഫ്രിക്കന്‍-അമേരിക്കന്‍ ആയിരുന്നു. പാര്‍ശ്വവല്‍ക്കരണത്തിന്റെ അനുഭവത്തെ അഗാധമായി ദാര്‍ശനികവല്ക്കരിക്കുകയും രാഷ്ട്രീയവല്ക്കരിക്കുകയും ചെയ്തു അദ്ദേഹം. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളിലാണ് ഡുബോയിസ് The Souls of Black Folkഎഴുന്നത്. വംശീയതയുടെ രാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ച്ചകളെ അത് ആഴത്തില്‍ മാറ്റിമറിച്ചു. വംശീയതയുടെ വിചിന്തനങ്ങളും വ്യവഹാരങ്ങളും എന്നേക്കുമായി കേവല സമത്വ വാദത്തിന്റെ ഭാഷയില്‍ നിന്ന് സ്വത്വരാഷ്ട്രീയത്തിന്റെ ഭാഷയിലേക്ക് മാറ്റി എന്നതാണ് ഡുബോയിസ് നല്‍കിയ ഏറ്റവും വലിയ സംഭാവന. ഇനി തിരിച്ചു പോകാന്‍ കഴിയാത്ത വണ്ണം സ്വത്വരാഷ്ട്രീയത്തെ താത്വികമായി ശക്തിപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

എന്നാല്‍ ആത്യന്തികമായി സി. എല്‍. ആര്‍. ജെയിംസിന്റെയും ഫാനന്റെയും രചനകള്‍ തിരിച്ചു അമേരിക്കയിലെ വംശീയതാ വിരുദ്ധ പോരാട്ടങ്ങളെയും ശക്തിപ്പെടുത്തിയിട്ടുണ്ട്. സാര്‍ത്രിന്റെ അവതാരികയോടെ പ്രസിദ്ധീകരിച്ച ഫാനന്റെ ‘Wretched of the Earth’ (Frantz Fanon, 1961,‘The Wretched of the Earth’, Reprint (1983), with Preface by Jean Paul Satre, Middlesex: Penguin Books) അതിനു ഒരു ദശാബ്ദം മുന്‍പ് പ്രസിദ്ധീകരിച്ച Black Skin, White Masks (1952, London: Pluto, 1986, Translation c1967).തുടങ്ങിയ പുസ്തകങ്ങള്‍ പോസ്റ്റ്‌ കൊളോണിയല്‍ വിശകലനത്തിന്റെ അടിസ്ഥാന രേഖകളായി മാറിയിട്ടുണ്ട്. ഫ്രാന്‍സിലും വടക്കന്‍ ആഫ്രിക്കയിലും അള്‍ജീരിയയിലും ബ്രിട്ടിനിലുമൊക്കെ ആയാണ് ഫാനന്റെ ജീവിതം ചിതറിക്കിടക്കുന്നത്.  1961-ല്‍മുപ്പത്തി അഞ്ചാം വയസ്സില്‍ ലുക്കേമിയ ബാധിച്ചു അദ്ദേഹo മരണമടഞ്ഞു.

സി. എല്‍. ആര്‍. ജെയിംസിന്റെ, മാര്‍ക്സിസവും ലെനിനിസവുമായുള്ള ദാര്‍ശനിക യോജിപ്പുകള്‍ പുതിയ സന്ദര്‍ഭത്തില്‍ കൂടുതല്‍ അടുത്ത് പരിശോധിക്കേണ്ടതാണ് എന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ സ്റ്റാലിനിസത്തോടുള്ള പിൽക്കാല വിയോജിപ്പുകള്‍ക്കൊപ്പവും ട്രോസ്കിയിസവുമായുള്ള സമീപന വ്യതിയാനങ്ങള്‍ക്കൊപ്പവും  ചേര്‍ത്ത് വായിക്കുകയും ചെയ്യാം. മക്കര്ത്തിയന്‍ അന്‍പതുകളില്‍ അദ്ദേഹം അമേരിക്കയില്‍ നിന്ന് പുറത്താക്കപ്പെട്ടു. ക്രിക്കറ്റിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഇപ്പോഴും ആഘോഷിക്കപ്പെടുന്നവയാണ്. അദ്ദേഹത്തിന്റെ Beyond A Boundary(1963)എന്ന വിഖ്യാതമായ പുസ്തകത്തിന്റെ അന്‍പതാം വാര്‍ഷികം ഇക്കഴിഞ്ഞ 2013 മേയ് മാസത്തില്‍ ഗ്ല്സഗോ സര്‍വ്വകലാശാലയില്‍ പുസ്തകത്തെ കുറിച്ചും ജെയിംസിനെ കുറിച്ചുമുള്ള ഒരു അന്താരഷ്ട്ര   കോണ്‍ഫറൻസ്     നടത്തിയാണ് ആഘോഷിച്ചത്.

കരീബിയന്‍ റാഡിക്കല്‍ ചിന്തകരെ പോലെ തന്നെ ഭരണകൂടവുമായി ചേര്‍ന്ന് നിന്നിട്ടുള്ള എന്നാല്‍ പോസ്റ്റ്‌ കൊളോണിയല്‍ വിമത രാഷ്ട്രീയത്തിന് ശക്തി പകര്‍ന്ന അക്കാദമിക് ഗവേഷകരും അദ്ധ്യാപകരും ഉണ്ട്. ആര്‍തര്‍ ലൂയിസ് ഉദാഹരണം. നോബല്‍ ജേതാവായ ഈ കരീബിയന്‍ ധനതത്വ ശാസ്ത്രന്ജനെ കുറിച്ച് ഞാന്‍ കലാശാല വിദ്യാഭ്യാസത്തിന്റെ തുടക്കത്തില്‍ അറിയാനിടയായത്‌  സാമ്പത്തികശാസ്ത്രം  പഠിച്ചത് കൊണ്ട് മാത്രമാണ് എന്ന് തോന്നുന്നു. മുഖ്യധാരയില്‍ അദ്ദേഹത്തിന്റെ പേര് കേട്ടിരുന്നില്ല. ആതില്‍ അസാധാരണമായി ഒന്നുമില്ലെന്ന് തോന്നാമെങ്കിലും ആര്‍തര്‍ ലൂയീസ് കേവലം ഒരു ബൂര്‍ഷ്വാ ധനതത്വശാസ്ത്രഞ്ജന്‍ മാത്രമായിരുന്നില്ല. മൂന്നാം ലോകത്തിന്റെ വികസനത്തെ കുറിച്ച് പാശ്ചാത്യ കേന്ദ്രിതമായ സിദ്ധാന്തങ്ങള്‍ തലങ്ങും വിലങ്ങും ഉയര്‍ന്ന അന്‍പതുകളില്‍ അതില്‍ നിന്ന് വേറിട്ട്‌ ചിന്തിക്കുകയും ക്ലാസിക്കൽ സമ്പദ്ശാസ്ത്രത്തിന്റെ വിമര്‍ശനാത്മക സ്വാംശീകരണതിലൂടെ ഒട്ടൊക്കെ യുക്തിഭദ്രമായ ഒരു വികസന സിദ്ധാന്തം  ആവിഷ്കരിക്കുകയും ചെയ്യാന്‍ അദ്ദേഹത്തിനായത് കരീബിയന്‍ കൊളോണിയല്‍ ചരിത്രത്തെ രാഷ്ട്രീയമായി ഉപയോഗിച്ചതുകൊണ്ട് കൂടിയാണ്.”Economic Development with Unlimited Supplies of Labour” എന്ന അദ്ദേഹത്തിന്റെ പ്രമുഖ ലേഖനം വികസന പഠനമേഖലയില്‍ തന്നെ പരിപ്രേക്ഷ്യപരമായ ഒരു മാറ്റത്തിനുകാരണമായി. ഇന്നും കേരള സര്‍വ്വകലാശാലയിലെത് അടക്കമുള്ള പല ധനതത്വ ശാസ്ത്ര വകുപ്പുകളിലും ആര്‍തര്‍ ലൂയിസിന്റെ ഈ ലേഖനം പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ അതിന്‍റെ ധൈഷണിക- രാഷ്ട്രീയ ചരിത്ര പശ്ചാത്തലം ചര്‍ച്ച ചെയ്യുന്നുണ്ടോ എന്നതില്‍ സംശയമുണ്ട്‌.

അധീശത്വത്തിന്റെ രാഷ്ട്രീയം സൃഷ്ടിക്കുന്ന വീര്‍പ്പുമുട്ടലുകള്‍ സാംസ്കാരികമായ, പ്രതിനിധാനങ്ങളിലേക്ക് നീങ്ങുന്നത്‌ ഒറ്റയടിപ്പാതകളിയലൂടെയല്ല. അതിന്റെ തീവ്രതയും സാന്ദ്രതയുമൊക്കെ കാലദേശങ്ങള്‍ക്കനുസരിച്ചു വ്യത്യസ്തമായിരിക്കുകയും ചെയ്യും. ബ്രിട്ടീഷ് കവികളുടെ രചനകളായിരുന്നു കൊളോണിയല്‍ കാലത്ത് വെസ്റ്റ് ഇന്ത്യന്‍ കവിതയായി അറിയപ്പെട്ടിരുന്നത്. അതാവട്ടെ ബ്രിട്ടീഷ് കാവ്യപാരമ്പര്യങ്ങളുടെ അനുകരണങ്ങള്‍ മാത്രമായിരുന്നു. യൂറോപ്യന്‍ പാസ്റ്ററല്‍ മാതൃക പിന്തുടര്‍ന്ന് വെസ്റ്റ് ഇന്ത്യന്‍ ഭൂമിശാസ്ത്രത്തെ അവഗണിച്ചുകൊണ്ടുള്ള കവിതകളായിരുന്നു ആ കാലത്ത് എഴുതപ്പെട്ടത്. രചയിതാവാരെന്നറിയാത്ത Whole Proceedings of Captain Dennis’s Expedition (ജമൈക്ക, 1718), അടിമത്തത്തെ അനുകൂലിച്ചെഴുതിയ എം ജെ ചാപ്മാന്റെ Barbadoes(1833) തുടങ്ങിയ രചനകളുടെ ഉദാഹരണം ഇക്കാര്യം വിശദീകരിക്കാന്‍ പാട്കെ നല്‍കുന്നുണ്ട്. കരീബിയന്‍ രാഷ്ട്രീയത്തിന്റെയും സമരങ്ങളുടെയും വിശദമായ ചര്‍ച്ചയിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. മാത്രമല്ല, കരീബിയന്‍ കോളനിവല്‍ക്കരണത്തിന്റെ സങ്കീര്‍ണ്ണമായ ഭൂതകാലം പെട്ടെന്ന് പറഞ്ഞു തീര്‍ക്കാവുന്നതല്ല. സ്പാനിഷ് കരിമ്പ് കൃഷിയില്‍ തുടങ്ങുന്ന അതിദീര്‍ഘമായ ഒരു ചരിത്രമാണത്. കരിമ്പ് പാടങ്ങളിലേക്ക് പതിനേഴാം നൂറ്റാണ്ട് മുതല്‍ ആഫ്രിക്കയില്‍ നിന്ന് കരീബിയന്‍ നാടുകളിലേക്ക് മനുഷ്യക്കടത്ത് നടത്തിയിരുന്നു. അടിമത്തം നിരോധിച്ചതിന് ശേഷമാണ് ഇന്ത്യയില്‍നിന്നും ചൈനയില്‍ നിന്നും കൂലിയടിമകളെ കൊണ്ടുവരുന സമ്പ്രദായം തുടങ്ങിയത്. ഇതാവട്ടെ ഫലത്തില്‍ ട്രാന്‍സ് അറ്റ്ലാന്റിക് അടിമ വ്യാപാരത്തിന്റെ മാതൃകയില്‍ തന്നെ ഉള്ളതായിരുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ചതിയും ഭീഷണിയും ബലപ്രയോഗവും കപട വാഗ്ദാനങ്ങളും അനുനയവും എല്ലാം ചേര്‍ന്നുള്ള ദയാരഹിതമായ ഒരു ചൂഷണ വ്യവസ്ഥ ആയിരുന്നു ഇന്ത്യയില്‍ നിന്ന് വൻ  തോതില്‍ കൂലിയടിമകളെ കൊണ്ട് പോകാന്‍ അടിമത്തം നിരോധിച്ച ബ്രിട്ടനും സ്വീകരിച്ചത്.

ഇപ്പോഴത്തെ കരീബിയന്‍ ദ്വീപുകളിലെ ഇന്നത്തെ വംശഘടനയില്‍ നിന്ന് തന്നെ വ്യക്തമാവുന്നത് പോലെ തെക്കേ ഇന്ത്യയില്‍ ചെന്നൈ കേന്ദ്രീകരിച്ചും വടക്കേ ഇന്ത്യയില്‍ ഗംഗാസമതലങ്ങളില്‍ നിന്നുമാണ് കൂലിയടിമകള്‍ കടത്തപ്പെട്ടത്‌. ഗയാനയിലെ കവി മഹാദായ് ദാസിന്റെ ഒരു കവിത പാട്കെ ഉദ്ധരിക്കുന്നുണ്ട്:

From across the seas they came

Britain colonizing India, transporting her chains

fromChota Nagpur and Gangetic Plains

they came in droves

like cattle

brown like cattle

eyes limpid like cattle (They came in ships)

അഗാധമായ ഭൂതാതുരതകളുടെ സാഹസിക വ്യവഹാരമായി കവിതയും നോവലും മറ്റു സാഹിത്യ രൂപങ്ങളും മാറുന്നത് എങ്ങനെ എന്നതിന് ഏറ്റവും നല്ല കരീബിയന്‍ ഉദാഹരണം വി എസ നയ്‌പാള്‍ തന്നെയാണ്. ഏതെല്ലാം തരo സ്വീകരണങ്ങളും തിരസ്കാരങ്ങളുമാണ് നയ്‌പാള്‍ നേരിട്ടത് എന്നോര്‍ക്കുമ്പോള്‍ പോസ്റ്റ്‌ കൊളോണിയല്‍ സാക്ഷരതയുടെ സങ്കീര്‍ണ്ണമായ ചരിത്രം കൂടിയാവുന്നു അത്. വലിയ വേദനകളാണ് തോട്ടം തൊഴിലാളികളുടെ പിന്‍തലമുറകള്‍ അനുഭവിക്കേണ്ടി വന്നത്. അടിമത്തത്തിന്റെ, അസ്വതന്ത്രതയുടെ മാനസിക-ശാരീരിക വേദനകള്‍ മാത്രമായി അതിനെ ചുരുക്കി കാണാന്‍ ആവില്ല. ദേശം അകലെയെങ്ങോ ആണെന്ന വിചാരത്തിന്റെ നീറ്റലില്‍ വാക്കുകളെ അര്‍ത്ഥത്തിന്റെ അരാജകത്വത്തില്‍പിന്തുടരുന്ന യാതനാഭരിതമായ ഒരു സാക്ഷരത ആണത്. പാര്‍ശ്വവല്ക്കരിക്കപെടുന്ന എല്ലാവരുടെയും യാതനകളുമായി അതിനു സമാനതകള്‍ ഉണ്ടെങ്കിലും സ്വന്തം ചരിത്രത്ത്തിന്റെ ഭൂഖണ്ഡാന്തര വിഭജനങ്ങള്‍ ഓര്മ്മിക്കുക എന്നത് ദുര്‍ഘടങ്ങള്‍ നിറഞ്ഞ ഒരു രാഷ്ട്രീയ സാംസ്കാരിക യാത്രയാണ്. അതിന്റെ പ്രതിനിധാനങ്ങള്‍ക്ക് സ്വന്തമായി ഭാഷ പോലും ഇല്ലാതെ വരുന്നു എന്നത് അതിനെ കൂടുതല്‍ വ്യഥിതമാക്കുന്നു. ഓര്‍മ്മയുടെ ഈ യാതനയാണ് ഗയാനയിലെ തന്നെ കവി ഷന യര്ദന്‍ (Shana Yardan) വിവരിക്കുന്നത്:

For you cannot remember India

the passage of time

has too long been trampled over

to bear your wistful recollections

and you only know the name

of the ship they brought you on

because your daadi told it to you (Earth is Brown)

ഡെറിക്ക് വാല്‍കോട്ട്, ലൂസി ബെന്നെറ്റ്, ഇ. ഏ. മര്ഖാം, ഗ്രേസ് നിക്കോള്‍സ്, ഡെനിസ് സ്കോട്ട് തുടങ്ങി നിരവധി പ്രമുഖ ആഫ്രിക്കന്‍ വoശജരായ കവികള്‍ കരീബിയന്‍ സാഹിത്യത്തെ ചലനാത്മകമാക്കിയ ചരിത്രമുണ്ടെങ്കിലും ഞാന്‍ തുടര്‍ച്ചയായി ഇന്ത്യന്‍ വംശജരെ ഉദ്ധരിക്കുന്നതിനു ഒരു കാരണം കൂടി ഉണ്ട്. കരീബിയന്‍ പോസ്റ്കൊളോണിയാല്‍ സാഹിത്യത്തെ അടുത്തറിയാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിയ വായനക്കിടയിലാണ് പ്രശസ്ത കവി ഇ. ഏ. മര്ഖാം എഡിറ്റ്‌ ചെയ്ത ‘Hinter land: Caribbean Poetry from the West Indies & Britain’ (Markham, E. A. 1995, Newcastle upon Tyne:Bloodaxe Books)എന്ന കവിതാ സമാഹാരം ശ്രദ്ധയില്‍ പെടുന്നത്. ആദ്യം നോക്കാന്‍ തോന്നിയത് അതില്‍ ഇന്ത്യന്‍ വംശജരുടെ കവിതകളാണ്. കവികളുടെ ജീവചരിത്രവും, അവരുമായുള്ള അഭിമുഖവും, അവരുടെ തെരഞ്ഞെടുത്ത കവിതകളും ചേര്‍ത്തിട്ടുള്ള പുസ്തകത്തിലെ പതിമ്മൂന്നു കവികളില്‍ ഒരാള്‍ പോലും ഇന്ത്യന്‍ വംശജന്‍ ആയിരുന്നില്ല. ആ സമയത്ത് ട്രിനിനാഡില്‍ നിന്നുള്ള ഇന്ത്യന്‍ വംശജ ആയ ഒരു വിദ്യാര്‍ഥിനി എന്റെ ഒരു (പോസ്റ്റ്‌) ഗ്രാജ്വേറ്റ് ക്ലാസ്സില്‍ ചേര്‍ന്നതും ക്ലാസ് റൂം ചര്‍ച്ചകളില്‍ കരീബിയന്‍ സംസ്കാരവും രാഷ്ട്രീയവും കടന്നു വരാന്‍ ഇടയാക്കി. അങ്ങനെയാണ് ഞാന്‍ കൂടുതല്‍ ഈ കാര്യത്തെ കുറിച്ച് അന്വേഷിക്കാന്‍ ഇടയായത്. ഇത്തരം ചില യാദൃശ്ചികതകള്‍ അത്ഭുതപ്പെടുത്തുന്നതാണ് എന്ന് പറയേണ്ടല്ലോ. പഠനവും ഗവേഷണവും പലപ്പോഴും ചില ആകസ്മിക സംഭവങ്ങളിലൂടെ പുതിയ വഴികളിലേക്ക് കടക്കാറുണ്ട്.

ഇന്ത്യന്‍ ദേശീയവികാരം വളര്‍ത്തുക എന്നതല്ല ഈ പംക്തിയുടെ ലക്ഷ്യം. എങ്കിലും നമ്മുടെ പോസ്റ്റ്‌ കൊളോണിയല്‍ ജീവിതത്തില്‍ ‘ദേശീയ’തയുടെ സെമിയോടിക്സ് നിറഞ്ഞു നില്‍ക്കുന്നതിനാല്‍ അതിനെ അവഗണിക്കാന്‍ വയ്യ എന്നതാണ് വസ്തുത. ഇന്ത്യ ഇവിടെ ഒരു ഉദാഹരണം  മാത്രമാണ്. ഗായത്രി സ്പിവാക് പറഞ്ഞത് പോലെ, ലോകത്തെവിടെയുമുള്ള ഇന്ത്യന്‍ വംശജരുടെ പാര്‍ശ്വവല്‍ക്കരണത്തെ വിമര്‍ശിക്കുമ്പോള്‍ ഇന്ത്യയിലെ ദളിത് പാര്‍ശ്വ വല്‍ക്കരണം പരിഹരിച്ചിട്ടില്ല എന്നത് വിസ്മരിക്കുന്നതെങ്ങനെ?

എങ്കിലും ഒരു കാലത്ത് യൂറോപ്യന്‍ മൂലധനത്തിന്റെ വിപുലമായ കച്ചവട താല്പര്യങ്ങള്‍ക്കായി ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് അവര്‍ കൊണ്ടുപോയ ഇന്ത്യന്‍ വംശജര്‍ ഇന്ന് പലയിടത്തും കടുത്ത  വിവേചനത്തിന്റെ ഇരകളായ ന്യൂനപക്ഷങ്ങളാണ്. മര്ഖാം എഡിറ്റ്‌ ചെയ്ത കരീബിയന്‍ കവിതകളുടെ ആന്തോളജിയില്‍ ഒരു ഇന്ത്യന്‍ കവി ഉണ്ടാകാതിരുന്നതിന്റെ ഒരു കാരണം സസെനരിന്‍ പ്രസാദ് (SasenarinePersaud)എന്ന കരീബിയന്‍ ഇന്ത്യന്‍ കവി ഇങ്ങനെ പകര്‍ത്തിയിരിക്കുന്നു:

I walk in the equatorial heat

Of discriminations everyday

I chew gums with blacks

Who grind apartheid into

Molar dust

And practice it

Here they are the white (In the heat)

പഴയ കൂലിയടിമകളുടെ പിന്മുറക്കാരായ ഇന്ത്യക്കാര്‍ ഇന്ന് അനുഭവിക്കുന്ന വിവേചനത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുക എന്നതിനപ്പുറം ഈ വരികള്‍ ഉദ്ധരിക്കുന്നത്തില്‍ ഇന്ത്യന്‍ ദേശീയതയുടെ കാവലാള്‍പ്പണി ചെയ്യുക എന്ന ഉദ്ദേശമെനിക്കില്ല. എന്നാല്‍ ഇത് ഒരു ചെറിയ പ്രശ്നമല്ല. കരീബിയന്‍ ദ്വീപുകളില്‍ മാത്രമല്ല ഏഷ്യക്കുള്ളില്‍ തന്നെ ഇന്ത്യന്‍ വംശജര്‍ കടുത്ത വര്‍ണ്ണവെറി നേരിടുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. മലേഷ്യയില്‍, സിംഗപ്പൂരില്‍, ഹോങ്ങ് കോങ്ങില്‍, മറ്റു പ്രദേശങ്ങളില്‍ കൊളോണിയല്‍ കാലത്തെ മുതലാളിത്ത സാഹസങ്ങളില്‍ ചിതറിപ്പോയ ഇന്ത്യക്കാര്‍ വേരുകള്‍ നഷ്ടപ്പെട്ടും, വിഭാഗീയതകളുടെ ഇരകളായും വ്യത്യസ്ത തീവ്രതയിലുള്ള വംശനിന്ദ അനുഭവിക്കുന്നുണ്ട്. സിംഗപ്പൂരിലെ വ്യത്യസ്തമായ ചിത്രത്തെ കുറിച്ച് മറ്റൊരിക്കല്‍ വിശദമായി പറയുന്നതിന് മുന്‍പ് മറ്റൊരു തെക്കനേഷ്യന്‍ നഗരത്തിലെ വംശവെറിയും അതിനോടുള്ള ഇന്ത്യന്‍ നിസ്സഹായതയും സൂചിപ്പിക്കേണ്ടതുണ്ട്.

ഹരീന്ദര്‍ വീരയ്യ എന്ന ഇന്ത്യന്‍ വംശജ ആയ മലേഷ്യന്‍ യുവതി ഹോങ്ങ് കോങ്ങിലെ ഒരു ആസ്പത്രിയില്‍ ചികിത്സ ലഭിക്കാതെ മരിച്ചത് ഞാന്‍ അവിടെ ചെല്ലുന്നതിനു അല്‍പ്പകാലം മുന്‍പാണ്. അന്ന് അതവിടെ ഇന്ത്യന്‍ സുഹൃത്തുക്കള്‍ക്കിടയില്‍ ചര്‍ച്ച ആയിരുന്നു. എന്നെ സംബന്ധിച്ചേടത്തോളം വ്യക്തിപരമായി തന്നെ പല തരത്തിലുള്ള വിചിന്തനങ്ങള്‍ക്കു ആ സംഭവത്തെ കുറിച്ചുള്ള തിരിച്ചറിവുകള്‍ കാരണമായി. ഹരീന്ദര്‍ പേരെടുത്ത വക്കീലായിരുന്നു. ഇംഗ്ലണ്ടിലും മലേഷ്യയിലും അവര്‍ ജോലി നോക്കിയിട്ടുണ്ട്. അവരുടെ ഭര്‍ത്താവ് മാര്‍ട്ടിന്‍ ജാക്വിസ് എന്ന വെള്ളക്കാരനായിരുന്നു. ഉയര്‍ന്ന സാമൂഹിക പദവിയും സമ്പത്തും ഉണ്ടായിരുന്ന ദമ്പതികളായിരുന്നു അവര്‍. എന്നാല്‍ ആസ്പത്രിയില്‍ അവര്‍ മരിക്കാന്‍ ഇടയായത് ആവശ്യമായ ചികിത്സ ലഭിക്കാഞ്ഞത് കൊണ്ടാണെന്നും, ചികിത്സ നിഷേധിച്ചത് അവര്‍ ഇന്ത്യന്‍ വംശജ ആയതുകൊണ്ടും ഹോങ്ങ്കോങ്ങിലെ ചൈനീസിതര വംശജരോടുള്ള വിവേചനം അവര്‍ക്ക് നേരെ കാട്ടിയിട്ടാണെന്നും മാര്‍ട്ടില്‍ ജാക്വിസ് പറയുകയും ഇതെകുറിച്ചുള്ള അദ്ദേഹത്തിന്റെ ലേഖനം അവിടുത്തെ പ്രമുഖ പത്രമായ ‘സൌത്ത് ചൈനാ മോര്‍ണിംഗ് പോസ്റ്റി’ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ ഈ സംഭവം ഹോങ്ങ് കോങ്ങിലെ വംശീയ വിദ്വേഷങ്ങളെ കുറിച്ചുള്ള പരസ്യമായ ചര്‍ച്ചക്ക് കാരണമായി. മാര്‍ക്സിസ്റ്റ്‌ ചരിത്രകാരനായ എറിക് ഹോബ്സ്ബോം കുടുംബ സമേതം അവരെ സന്ദര്‍ശിച്ച സമയത്തായിരുന്നു ഹരീന്ദറിനു അസുഖം ബാധിച്ചത്.

ഏഷ്യന്‍ വംശീയതയെ മനസ്സിലാക്കുക എന്നത് എന്നെ സംബന്ധിച്ചെടത്തോളം വ്യക്തിപരമായി അതുവരെ ഒരു വലിയ രാഷ്ട്രീയ പ്രശ്നമായിരുന്നില്ല എന്നതാണ് വാസ്തവം. യൂനിവേര്‍സിറ്റി കാമ്പസ്സുകള്‍ പലപ്പോഴും പൊതു സമൂഹത്തിലെ മോശം പ്രവണതകളുടെ വിളനിലങ്ങളല്ല. അവ കൂടുതല്‍ ജാനാധിപത്യപരവും സൌഹൃദപൂര്‍ണ്ണവുമാണ്. തീരെ ഇല്ലെന്നല്ല. അങ്ങനെയാവാന്‍ കാമ്പസുകള്‍ ഭൂമിക്കു പുറത്തല്ലല്ലോ. അത്രയ്ക്ക് പ്രകടമാവാറില്ല എന്നത് സത്യമാണ്. ഇന്ത്യന്‍  കാമ്പസ്സുകളാവട്ടെ പലപ്പോഴും അതി സൂക്ഷ്മമായും ചിലപ്പോള്‍ പ്രകടമായും ജാതി-മത വര്‍ണ്ണ വെറികളുടെ വേദികളാവാറുണ്ട്. ഇപ്പോള്‍ ഹൈദരബാദ് യൂനിവേര്സിറ്റിയില്‍ ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടു ഉണ്ടായ സമരങ്ങളും കെ. കെ. ബാബുരാജ് ‘മാതൃഭൂമി’യില്‍ മഹാരാജാസ് കോളേജിനെ കുറിച്ചെഴുതിയ ലേഖനവും ഇത്തരം സംഘര്‍ഷങ്ങളുടെ സൂക്ഷ്മ-സ്ഥൂല മാനങ്ങള്‍  വെളിവാക്കുനതാണ്. ടി. കെ മാധവന്റെ ആത്മകഥയില്‍ ഒരു ബ്രാഹ്മണ വിദ്യാര്‍ഥി മാധവനോട് അയിത്തം കാട്ടാതിരിക്കുകയും, മറ്റൊരു കുട്ടിയോട് അയിത്തത്തെ കുറിച്ച് കര്‍ക്കശനാവുകയും ചെയ്യുന്നതിനു പറഞ്ഞ ന്യായം മാധവന്‍ സഹപാഠി ആണെന്നത് ആയിരുന്നു. മുപ്പതുകളില്‍ പോലും സ്കൂളിനു ഈയൊരു ജനാധിപത്യ തലം ഉണ്ടായിരുന്നു. അതിനര്‍ത്ഥം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എക്കാലത്തും സമഭാവന വളര്‍ത്തുന്നു എന്നല്ല എന്ന് അതിനര്‍ത്ഥം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എക്കാലത്തും സമഭാവന വളര്‍ത്തുന്നു എന്നല്ല . ഇത്       കേരള ചരിത്രം നമ്മെ പഠിപ്പിക്കുന്നുമുണ്ട്

യൂനിവേര്‍സിറ്റിയില്‍ തന്നെ താമസിച്ചിരുന്നത് കൊണ്ടാവണം ഹോങ്ങ് കോങ്ങില്‍ എത്തി ആഴ്ചകള്‍ കഴിഞ്ഞിട്ടും  അവിടുത്തെ വംശീയ പ്രശ്നത്തെ നേരിട്ടറിയാനുള്ള അവസരങ്ങള്‍ എനിക്കുണ്ടായതേയില്ല. ചില ഇന്ത്യന്‍ വിദ്യാര്‍ഥികളും അധ്യാപകരും നല്‍കിയ സൂചനകളെ ഞാന്‍ അവഗണിക്കുക ആയിരുന്നു പതിവ്. അവിടെ വച്ച് പാസ്പോര്‍ട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ടു ഞാന്‍ പരിചയപ്പെട്ട ഇന്ത്യന്‍ എംബസ്സിയിലെ ചെറുപ്പക്കാരനായ ഉദ്യോഗസ്ഥന്റെ ചൈനീസ് വിരുദ്ധ പരദൂഷണവും ഞാന്‍ പുഞ്ചിരിച്ചു തള്ളികളഞ്ഞിരുന്നു. മാത്രമല്ല, ഇത്തരം വിവരങ്ങളും കഥകളും അവിടെ ചെന്നപ്പോള്‍ മുതല്‍ ചൈനീസ് വംശജരായ സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും എനിക്ക് കിട്ടിക്കൊണ്ടിരുന്ന ഊഷ്മളമായ സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും അന്തരീക്ഷത്തില്‍ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുമായിരുന്നു. ഞാന്‍ ഇത് എഴുതുമ്പോള്‍ ഹോങ്ങ് കോങ്ങില്‍ കഴിഞ്ഞ മാസം ഒരു ഇന്ത്യന്‍ വംശജന്‍ ബെയ്ജിങ്ങില്‍ നിന്നുള്ള ഒരു കോളേജ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ആക്രമിച്ചതിന്റെ പേരിലുള്ള സോഷ്യല്‍ മീഡിയ വിവാദം നടക്കുകയാണ്. വോങ്ങ് കാര്‍ വായുടെ ചുങ്ങ്കിംഗ്‌ എക്സ്പ്രസ്സ്‌ എന്ന സിനിമയിലൂടെ ലോകമെങ്ങുംഅറിഞ്ഞ അതെ ചുങ്ങ് കിംഗ്‌ മാന്ഷനിലാണ് ഈ അതിക്രമം നടന്നത്. പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തെങ്കിലും ഇന്ത്യാവിരുദ്ധവികാരം സോഷ്യല്‍ മീഡിയയില്‍  ആളിപ്പടരുകയാണ്. ബലാല്‍സംഗം ഇന്ത്യയുടെ ദേശീയ വിനോദമാണെന്നു വരെ കമന്റുകള്‍ വരുന്നുണ്ട്. അതവിടെ നില്‍ക്കട്ടെ.

വെള്ളക്കാര്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിന്‍ അമേരിക്കയിലെയുമൊക്കെ നിറവ്യത്യാസമുള്ള മനുഷ്യരോട് കാട്ടുന്ന വിവേചനം വംശീയതയുടെ ഏറ്റവും നിന്ദ്യമായ രൂപമാണെന്നു തിരിച്ചറിയുന്ന ഒരാള്‍ എന്ന നിലയില്‍ ഏഷ്യക്കുള്ളിലെ വംശീയ വിദ്വേഷങ്ങളുടെയും  ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഗോത്രയുദ്ധങ്ങളുടെയും രാഷ്ട്രീയ സമ്പത്ത്ശാസ്ത്രത്തെ ഞാന്‍ ഒരിക്കലും യൂറോ-യൂ.എസ് മാതൃകയിലുള്ള വംശീയതയുമായി താരതമ്യപ്പെടുത്തി വീക്ഷിച്ചിട്ടില്ല. ഇതിന്‍റെ ഒരു കുഴപ്പം ഏഷ്യയിലെ വംശീയതയെ രാഷ്ട്രീയമായി അവഗണിക്കാന്‍ അത് ഇടയാക്കുന്നു എന്നതാണ്. തീര്‍ച്ചയായും ഇത് പെരുപ്പിച്ചു കാട്ടുന്നത് സഹായകമാവുക യൂറോപ്പിലെ യാഥാസ്ഥിതിക രാഷ്ട്രീയത്തിന് മാത്രമാണ്. എന്നെ സംബന്ധിച്ചെടത്തോളം അന്നും ഇന്നും ആത്യന്തികമായി രാഷ്ട്രീയം തന്നെയാണ് നിലപാടുകള്‍ എടുക്കുന്നതിനുള്ള മാനദണ്ഡം. വൈകാരികമായ സമീപനം പലപ്പോഴും രാഷ്ട്രീയമായ കൃത്യതകളെ ചതിക്കുന്നതയാണ് കണ്ടു വരുന്നത്. എപ്പോഴും നിയതമായ കളത്തില്‍ തന്നെ ചവുട്ടി നിന്ന് രാഷ്ട്രീയകൃത്യത പാലിക്കുന്നതിനു സാധിക്കുമെന്നോ അത് മാത്രമാണ് ശരിയായ സമീപനമെന്നോ അല്ല. ശ്രമിക്കേണ്ടത് വിപുലമായ രാഷ്ട്രീയസഖ്യങ്ങളെ രൂപപ്പെടുത്താനും നില നിര്ത്താനുമാണ് എന്നതാണ് എന്‍റെ സമീപനം. സിവില്‍ സമൂഹത്തിലെ രാഷ്ട്രീയമുന്നണി തിരഞ്ഞെടുപ്പുകൾ ജയിക്കാനുള്ളതല്ല . കാതലായ മാറ്റങ്ങള്‍ ഉണ്ടാക്കാനുള്ള വിശാലമായ ചേരിയാണത്.

സ്ത്രീകള്‍ക്ക് അനുകൂലമായ നിരവധി നിയമ നിര്‍മ്മാണങ്ങള്‍ ഉണ്ടായത് ഇന്ത്യയില്‍ ഫെമിന്സിറ്റ് പ്രസ്ഥാനം ശക്തിപ്പെട്ടതിനു ശേഷം മാത്രമാണ്. ജാതിപരമായ പ്രശ്നങ്ങളില്‍ കര്‍ശന നിയമ നിര്‍മ്മാണങ്ങള്‍ ഉണ്ടായത് ദളിത്‌ പ്രസ്ഥാനം സംഘടിത സിവില്‍ സമൂഹരാഷ്ട്രീയത്തിലേക്ക് നീങ്ങിയതിനു ശേഷമാണ്. ശക്തമായ പരിസ്ഥിതി നിയമങ്ങള്‍ ഉണ്ടായതും, വമ്പന്‍ ട്രേഡ് യൂണിയനുകളെ പോലും അടിയറവു പറയിപ്പിക്കുന്ന രീതിയില്‍ പൊതു സമൂഹത്തില്‍ പരിസ്ഥിതി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ട് അഭിപ്രായ രൂപീകരണം സാധ്യമായതും പരിസ്ഥിതിരാഷ്ട്രീയം പ്രചരിച്ചതോടെയാണ്‌. ഒരു രാഷ്ട്രീയപാര്‍ട്ടിയും മുന്‍കൈ എടുത്തിട്ടായിരിക്കില്ല ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് അനുകൂലമായ നിയമനിര്‍മ്മാണങ്ങള്‍ ഇനി ഉണ്ടാകുവാന്‍ പോകുന്നത്. തെരഞ്ഞടുപ്പ് രാഷ്ട്രീയത്തിന് ഉപരിയായി നടക്കുന്ന ഇത്തരം വിപുലമായ ആശയ സമരങ്ങളിലൂടെയാണ് ജനാധിപത്യം ശക്തിപ്പെടുന്നതും പൌരത്വത്തിന്റെ പ്രശ്നം നിരന്തരം ഉന്നയിക്കപ്പെടുന്നതും.

അത്തരം ഒരു പൊതു നിലപാടുള്ളതിനാല്‍ ഏഷ്യയിലെ ഇത്തരം വംശീയ  വിദ്വേഷങ്ങളെ ഒരു പരിധി വരെ അവഗണിക്കുക എന്നതായിരുന്നു എന്റെ സമീപനം. യൂറോ-യൂ.എസ് വര്‍ണ്ണവിവേചനത്തിനെതിരെ ഒരുമിക്കേണ്ടവര്‍ക്കിടയിലെ ഈ ചെറിയ പിണക്കങ്ങളെ എന്തിനു കാര്യമാക്കുന്നു എന്ന് ചിന്തിച്ചു നില്‍ക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് ഹരീന്ദര്‍ വീരയ്യയുടെ മരണം സംഭവിക്കുന്നതും അവരുടെ വെള്ളക്കാരനായ ഭര്‍ത്താവ് ഹോങ്ങ്കോങ്ങിലെ ഭരണകൂടത്തിനും തദ്ദേശ വാസികള്‍ക്കുമെതിരെ ഗുരുതരമായ വര്‍ണ്ണ വിവേചണം ആരോപിക്കുന്നതും. ജാക്വിസ്സിന്‍റെ ലേഖനം പല തലത്തില്‍ വായിക്കാവുന്നതായിരുന്നു. ജാക്വിസ് മാര്‍ട്ടിന്റെ പ്രധാന ആരോപണം  ഹോങ്ങ്കോങ്ങിലെ വംശ വെറി വെള്ളക്കാരൊഴികെയുള്ള ന്യൂനപക്ഷങ്ങളോടാണ് എന്നതായിരുന്നു. മൂന്നു ലക്ഷം വരുന്ന ഫിലിപ്പിനാ വീട്ടു ജോലിക്കാര്‍, ഇന്ത്യക്കാര്‍, ആഫ്രിക്കക്കാര്‍, നേപ്പാളികള്‍, പാക്കിസ്ഥാനികള്‍ തുടങ്ങിയവരോടൊക്കെ ആണു ഹോങ്ങ്കോങ്ങുകാര്‍ വിവേചനം കാട്ടുന്നതെന്നും തങ്ങളെ ചൂഷണം ചെയ്യുകയും അടക്കി ഭരിക്കുകയും ചെയ്ത വെള്ളക്കാരോട് അവര്‍ക്ക് യാതൊരു വിദ്വേഷവുമില്ലെന്നുമായിരുന്നു ജാക്വിസ് എഴുതിയത്. എന്നാല്‍ ഇത്തരമൊരു വംശീയ സ്വഭാവം ഹോങ്ങ്കോങ്ങിനു നല്‍കുന്നതില്‍ ബ്രിട്ടീഷ് ഭരണം വഹിച്ച പങ്കിനെ കുറിച്ച് അദ്ദേഹം മിണ്ടുന്നതേയില്ല.

ഇത് ഹോങ്ങ്കോങ്ങിന്റെ ഒറ്റപ്പെട്ട സ്ഥിതിയല്ല. എഷ്യയിലുടനീളം കൊളോണിയല്‍ ഭരണത്തിന്റെ ബാക്കിപത്രമായി പരസ്പര വിദ്വേഷത്തിന്റെ, അപരനിന്ദയുടെ, അവിശ്വാസത്തിന്റെ, പുച്ഛത്തിന്റെ, ഭീതിയുടെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. പോസ്റ്റ്‌ കൊളോണിയല്‍ ഏഷ്യ, പഴയ യൂറോപ്പ് കൊടിയ പരസ്പര വൈരത്തിന്റെ വിത്ത് പാകി മുളപ്പിച്ചു വളര്‍ത്തിയാണ് ഉപേക്ഷിച്ചത്. നവ കൊളോണിയലിസത്തിന്റെ സാംസ്കാരിക അടിത്തറ യൂറോപ്യന്‍ അധീശത്വത്തിന്റെ മാത്രം സംഭാവനയായ ഏഷ്യയുടെ ഈ കെട്ടടങ്ങാത്ത പരസ്പര വംശീയസ്പര്‍ദ്ധയാണ്.

യൂറോപ്പിലെ ഏഷ്യാ വിരുദ്ധതയും ഏഷ്യയിലെ വംശീയസ്പര്‍ദ്ധയും പ്രതിനിധാനം ചെയ്യുന്നത് തികച്ചും വ്യത്യസ്തമായ രണ്ടു ആഗോള രാഷ്ട്രീയത്തെയാണ്. ഒന്ന് പഴയ കൊളോണിയല്‍ മേധാവിത്തത്തിന്റെ തുടര്‍ച്ചയാണ്. എഷ്യയിലേത് ആ മേധാവിത്തം സൃഷിടിച്ച ചരിത്രപരമായ അന്യഥാത്വത്തിന്റെ ബഹിര്‍സ്ഫുരണമാണ്. ഈ വ്യത്യാസം പ്രധാനമാണ് എന്ന് ഞാന്‍ കരുതുന്നു. ‘ഏഷ്യന്‍ നൂറ്റാണ്ട്’ എന്ന് വിശേഷിപ്പിക്കപെടുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കടുത്ത സാംസ്കാരിക നിസ്സഹായതകളുടെ യാതനകളാണ് ഏഷ്യന്‍ രാജ്യങ്ങളിലെ ഇന്ത്യക്കാരും ദക്ഷിണേഷ്യന്‍ വംശജര്‍ പൊതുവെയും നേരിടുന്നത് എന്ന വസ്തുത മറച്ചു വയ്ക്കാന്‍ കഴിയില്ല.  ഇത് ഒരിക്കലും ഇന്ത്യയുടെ മാത്രം കഥയല്ല. ശ്രീലങ്ക മുതല്‍ പാകിസ്ഥാൻ വരെയുള്ള തെക്കനേഷ്യന്‍ രാജ്യങ്ങളിലെ കൊളോണിയല്‍ കുടിയേറ്റക്കാര്‍ മറ്റ് ഏഷ്യന്‍ നഗരങ്ങളില്‍ അനുഭവിക്കുന്ന നിത്യ ജീവിതത്തിന്റെ ദുഷ്കര യാഥാർത്ഥ്യമാണ്.

കരീബിയന്‍ ദ്വീപുകളില്‍ എന്നത് പോലെ ധീരമായി ഏഷ്യന്‍ രാജ്യങ്ങളിലെ കുടിയേറ്റ ഇന്ത്യക്കാരുടെ പിന്‍തലമുറകളില്‍ നിന്ന് സാസ്കാരിക പ്രതിനിധാനത്തിന്റെ ശബ്ദങ്ങള്‍ ഇനിയും ഉച്ചത്തില്‍ കേട്ട് തുടങ്ങിയിട്ടില്ല. മലേഷ്യയിലെ ദീപക് കുമാരന്‍ മേനന്റെ സിനിമ പ്രവര്‍ത്തനത്തെ കുറിച്ച് ഞാന്‍ കഴിഞ്ഞ ലക്കത്തില്‍ എഴുതിയിരുന്നു. ഹോങ്ങ്കോങ്ങിലാവട്ടെ, ഈ അടുത്ത കാലത്താണ് ഇന്ത്യന്‍ എഴുത്തുകാര്‍ എന്നൊക്കെ പറഞ്ഞു തുടങ്ങുന്നത് തന്നെ. എടുത്തു പറയത്തക്ക സംഭാവനകളൊന്നും അവരുടേതായി ഉണ്ടായിട്ടില്ല. ‘The Long Walk Home’ (2009) ‘The Taj Conspiracy’ (2012) തുടങ്ങിയ നോവലുകള്‍ പ്രസിദ്ധീകരിച്ച മന്‍റീത് സോധി സോമേശ്വര്‍, ‘Karmic Blues’(2005) ‘The Silent Monument’ (2012) തുടങ്ങിയ നോവലുകള്‍ എഴുതിയ ശോഭ നിഹലാനി എന്നിങ്ങനെ വിരലില്‍ എണ്ണാവുന്ന ഇന്ത്യന്‍ എഴുത്തുകാരേ ഹോങ്ങ്കോങ്ങില്‍ നിന്ന് ഉണ്ടായിട്ടുള്ളു. ഇതൊക്കെ സാഹിത്യത്തിന്റെ വലിയ ധര്‍മ്മങ്ങള്‍ ഈട്ടെടുക്കുന്ന രചനകളല്ല. ഞാന്‍ ഷാനറുകളുടെ വക്താവല്ല. എങ്കിലും ഒന്നോ രണ്ടോ യുവഎഴുത്തുകാരുടെ ചെറിയ ക്രൈം ത്രില്ലറുകളുടെ അടിസ്ഥാനത്തില്‍ ഹോങ്ങ്കോങ്ങിലെ ‘ഇന്ത്യന്‍ സാഹിത്യം’ വിലയിരുത്തുവാന്‍ സാധ്യമല്ലെന്ന് പറയാന്‍ ഞാന്‍ ഉത്തരാധുനികതയോട്  മുഴുവന്‍ ഖേദം രേഖപ്പെടുത്തേണ്ടണ്ടതില്ല. ഇത് തന്നെയും വളരെ സമീപകാലത്തെ സംഭവവികാസമാണ്. ഇന്ത്യന്‍ രചനകള്‍ യൂറോപ്പിലെയും അമേരിക്കയിലെയും മണ്ണില്‍ ശക്തി പ്രാപിക്കുകയും വളരുകയും ചെയ്യുന്നുന്ടെങ്കിലും  അതിനു സമാനമായ ഒരു പ്രവണത ഏഷ്യയിലെ ഇന്ത്യന്‍ ഡയസ്പൊറയില്‍ ദൃശ്യമല്ല. അസ്തിത്വത്തിന്റെ രാഷ്ട്രീയം ഈ രണ്ടു ഭൂഖണ്ഡങ്ങളിലും തികച്ചും വ്യത്യസ്തങ്ങളാണ് എന്നതാണ് ഇതിന്റെ കാരണം. യൂറോപ്പിനെ നമുക്ക് അവരുടെ സാമൂഹികമായ കുറ്റബോധം കൊണ്ട് കുറച്ചെങ്കിലും നേരിടാം. അവര്‍ നമ്മെ കൊണ്ട് പോയി ചാടിച്ച ഹോങ്ങ്കോങ്ങിലും വെസ്റ്റ് ഇന്‍ഡീസ്സിലും സിംഗപ്പൂരിലുമൊക്കെ കൊളോണിയല്‍ യജമാനന്മാര്‍ പൊയ്ക്കഴിഞ്ഞ ചരിത്രത്തിന്റെ പുതിയ വേദിയില്‍ ന്യൂനപക്ഷമായ ഇന്ത്യന്‍ വംശജര്‍ സൂക്ഷ്മവും സ്ഥൂലവുമായ വംശവെറികളുടെ പശ്ചാത്തലത്തില്‍ പൌരത്വത്തിന്റെ കുഴക്കുന്ന പദപ്രശ്നത്തിനു ഉത്തരം കാണാന്‍ അറിയാതെ, സ്വന്തം വേദനകളുടെ പ്രതിനിധാനത്തിനു ഭാഷയില്ലാതെ, സാഹിത്യമില്ലാതെ പകച്ചു നില്‍ക്കുകയാണ്.

 

Comments

comments